ഹോട്ടല്‍ മെനുവില്‍ 'ദീപിക പദുക്കോണ്‍', എന്നാല്‍ അത് തന്നെ ഓര്‍ഡര്‍ ചെയ്യാമെന്ന്‌ രണ്‍വീര്‍ സിങ്‌

ദീപിക പദുക്കോണ്‍, കടപ്പാട്-AFP
ദീപിക പദുക്കോണ്‍, കടപ്പാട്-AFP

അങ്ങ് അമേരിക്കയിലെ ടെക്സസിലും പിന്നെ ലണ്ടനിലും ദീപിക പദുക്കോണിന് ആരാധകരേറെയാണ്. ബോളിവുഡ് അഭിനേത്രി ദീപികയ്ക്കല്ല, 'ദീപിക പദുക്കോണ്‍' എന്ന ദോശയ്ക്ക്. പുത്തന്‍ വിഭവങ്ങള്‍ക്ക് അഭിനേതാക്കളുടെ പേരിടുന്നത് പുതിയ കാര്യമല്ല. ബോളിവുഡില്‍ ഒട്ടുമല്ല. ബോളിവുഡ് നടിമാരുടെ പേരില്‍ അറിയപ്പെടുന്ന ചില വിഭവങ്ങള്‍ പരിചയപ്പെടാം.

തമാശ പോസ്റ്റുകള്‍ കൊണ്ട് ഇന്‍സ്റ്റഗ്രാമിനെ ചിരിപ്പിക്കാറുണ്ട് നടന്‍ രണ്‍വീര്‍ സിങ്ങ്. നടിയും ഭാര്യയുമായ ദീപികയുടെ പേരില്‍ അമേരിക്കയില്‍ ഒരു വിഭവം പിറന്നതിന്റെ സന്തോഷവും അഭിമാനവും രണ്‍വീര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ടെക്‌സസിലെ ഹോട്ടലിന്റെ മെനുകാര്‍ഡിന്റെ ഫോട്ടോയോടൊപ്പമായിരുന്നു പോസ്റ്റ്. 'ഞാന്‍ അതുതന്നെ കഴിച്ചോളാം' എന്ന രണ്‍വീര്‍ സിങ്ങിന്റെ അടിക്കുറിപ്പ് ആരാധകരെ ഏറെ ചിരിപ്പിച്ചു.    

കടപ്പാട്-AFP

ബോളിവുഡിലെ മുന്‍നിര നായികമാരുടെ നിരയില്‍ നിന്നും അതിര്‍ത്തികള്‍ക്കപ്പുറം വളര്‍ന്ന് അമേരിക്കയിലും വിജയക്കൊടി നാട്ടിയ പ്രിയങ്ക ചോപ്ര. 2000-ലെ മിസ് വേള്‍ഡ് പട്ടം സ്വന്തമാക്കിയ ഈ ഗ്ലോബല്‍ സ്റ്റാറിന്റെ പേരില്‍ ഒരു മില്‍ക്ക്‌ഷേക്കുണ്ട്. വാനില ഐസ്‌ക്രീം, പഴം, ബദാം, കാരമല്‍ സോസ്, കൊറിയന്‍ ഔഷധമായ ജിന്‍സെങ് എന്നിവയാണ് 'പിഗ്ഗി ചോപ്സ്' (പ്രിയങ്ക ചോപ്രയെ സുഹൃത്തുക്കള്‍ വിളിക്കുന്ന ഓമനപ്പേര്) എന്ന മില്‍ക്ക്‌ഷേക്കിന്റെ ചേരുവകള്‍. 

ഡല്‍ഹിയിലെ ഒരു ഇറ്റാലിയന്‍ റസ്റ്റോറന്റില്‍ ഒരു സൈസ് സീറോ പിസ കിട്ടും. 'കരീന കപൂര്‍ സൈസ് സീറോ പിസ'യെന്നാണതിന്റെ മുഴുവന്‍ പേര്. 2008-ല്‍ 'ടഷന്‍' എന്ന സിനിമയിലൂടെ കരീനയാണ് ഇന്ത്യയില്‍ സൈസ് സീറോ തരംഗം കൊണ്ടുവന്നത്. കൊഴുപ്പില്ലാത്ത കരീനയുടെ ആകാരവടിവ് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സൈസ് സീറോ ട്രെന്‍ഡ് യുവാക്കള്‍ക്കിടയില്‍  അനാരോഗ്യകരമായ ഡയറ്റ് രീതികള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഒട്ടേറെ വിമര്‍ശനങ്ങളുമുണ്ടായിരുന്നു.

കടപ്പാട്-AP

ബംഗാളിലെ കാലിംപോങ്ങില്‍ ഷൂട്ടിങ്ങിനെത്തിയതായിരുന്നു കരീന. ഷൂട്ടിങ്ങിനിടെ കിട്ടിയ ഇടവേളയില്‍ കരീന അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഇറ്റാലിയന്‍ ഡെസേര്‍ട്ടായ റ്റിറാമിസു ഓര്‍ഡര്‍ ചെയ്തു. ഇത്രയും നല്ല റ്റിറാമിസു ജീവിതത്തില്‍ കഴിച്ചിട്ടില്ലെന്നും അതിശയകരമായ രുചിയാണ് ഹോട്ടല്‍ വിളമ്പിയതെന്നും കരീന പിനീട് പറഞ്ഞു. അതോടെ ഹോട്ടല്‍ അധികൃതര്‍ അവരുടെ മെനു തിരുത്തി. അന്നുമുതല്‍ 'കരീന റ്റിറാമിസു' ആണ് ഹോട്ടല്‍ അതിഥികള്‍ക്ക് വിളമ്പുന്നത്. 

പ്രിസര്‍വേറ്റിവുകളോ കൃത്രിമ മധുരമോ ചേര്‍ക്കാത്ത ഒരു മാംഗോ-ബ്ലൂബെറി കേക്കിന്റെ പേരാണ് 'സോനം സ്പെഷ്യല്‍'. കേക്കിനുള്ളില്‍ ഓട്‌സും പഴവര്‍ഗങ്ങളും കൊണ്ട് നിറയ്ക്കും. നടി സോനം കപൂറിന്റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തിലാണ് മുംബയിലെ ഒരു പ്രശസ്ത ബേക്കിങ് ഹൗസ് കേക്കിന് സോനത്തിന്റെ പേര് നല്‍കിയത്.  

നടി ഹുമ ഖുറേഷിയുടെ പേരില്‍ ഇറ്റലിയിലെ ഒരു റെസ്റ്റോറന്റ് പ്രത്യേക സാലഡ് തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും കുറച്ച് എണ്ണ ഉപയോഗിച്ചുകൊണ്ടുള്ള ഈ സാലഡ് താരത്തിന് ഏറെ ഇഷ്ടമാണ് പോലും. നടി മല്ലിക ഷെറാവത്തിന്റെ പേരില്‍ അമേരിക്കയിലുണ്ട് ഒരു  മില്‍ക്ക്‌ഷേക്ക്. ബോളിവുഡിലെ പല നടന്‍മാരുടെ പേരിലും തീന്മേശയില്‍ വിഭവങ്ങള്‍ എത്താറുണ്ട്.  


 

Content Highlights: bollywood actresses with food items named after them