പ്രേതബാധ;ജനങ്ങൾ ഗ്രാമം ഉപേക്ഷിച്ചു, റെയിൽവേ ട്രാക്കുകളിലെ അരുംകൊലകൾ, പരാജയപ്പെട്ട പോലീസ്

#ജോളി ജോണ്‍
ബെനെഗ്രാം, വര- ഉള്ള്യേരിക്കാരൻ
ബെനെഗ്രാം, വര- ഉള്ള്യേരിക്കാരൻ

ഹൗറയില്‍നിന്ന് കുല്‍ട്ടീയിലേക്കുള്ള തീവണ്ടിയില്‍ ഇരിക്കുമ്പോള്‍ മനസ്സുനിറയെ സന്ദേഹമായിരുന്നു. ഒരു സംഭാഷണമധ്യേ, ആരോ പറഞ്ഞുകേട്ട 'ഭൂത്ഗാവി'നെ തേടിയിറങ്ങിയതാണ് ഞാന്‍. വര്‍ഷങ്ങളായി കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ എനിക്ക് 'ഭൂതഗ്രാമം' എന്ന പേരുകേട്ടപ്പോള്‍ത്തന്നെ കൗതുകം തോന്നി. പ്രേതാത്മാക്കള്‍ വിഹരിക്കുന്ന ഗ്രാമമായിരിക്കുമോ അത്? അല്ലെങ്കില്‍ എങ്ങനെയായിരിക്കാം അത്തരമൊരു പേര് വന്നത്? ആഴ്ചകളോളം ആ ഗ്രാമത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവില്‍ പശ്ചിം ബര്‍ധമാന്‍ ജില്ലയിലെ അസന്‍സോളിന് സമീപത്തുള്ള ബെനെഗ്രാം ആണ് 'ഭൂതഗ്രാമം' എന്നപേരില്‍ അറിയപ്പെടുന്നതെന്ന് മനസ്സിലാക്കി. ബെനെഗ്രാം അഥവാ ബെനെഗാവ് എന്ന ഈ ഗ്രാമത്തിന് സമീപമുള്ള റെയില്‍വേസ്റ്റേഷന്‍ കുല്‍ട്ടീയാണെന്ന് അറിഞ്ഞു. അപരിചിതമായൊരു ഭൂപ്രദേശത്തേക്ക് തനിയെ യാത്രചെയ്യുന്നത് ഉചിതമല്ലാത്തതിനാല്‍ ഒരു സുഹൃത്തുമൊന്നിച്ചാണ് യാത്രപുറപ്പെട്ടത്. 

ഹൗറയില്‍നിന്ന് നാലുമണിക്കൂര്‍നീണ്ട തീവണ്ടിയാത്രയ്‌ക്കൊടുവില്‍ കുല്‍ട്ടീയിലിറങ്ങി. സ്റ്റേഷന്റെ പുറത്തിറങ്ങിയ ഞങ്ങള്‍ പലരോടും ഭൂതഗ്രാമത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ പ്രായംചെന്ന ഒരാള്‍ സഹായത്തിനെത്തി. കുല്‍ട്ടീയില്‍നിന്ന് ഏതാണ്ട് അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബെനെഗാവില്‍ എത്താമെന്ന് അയാള്‍ പറഞ്ഞു. ''സൂക്ഷിക്കണം, അവിടെ പിശാചുക്കള്‍ ഉണ്ട്'' -നന്ദിപറഞ്ഞ് പോകാനൊരുങ്ങുന്ന ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും.

Content Highlights: a trip to the bhoothgram aka benegram in bengal

Continue reading