ലോണാവാലയില്‍ സഹ്യാദ്രിമലനിരകളുടെ മുകള്‍ത്തട്ടിലുള്ള ഭാജാ ഗുഹകളിലേക്ക്...

ബുദ്ധജ്ഞാനത്തിന്റെ മഹാഗോപുരമായ കാര്‍ള ഗുഹകളില്‍നിന്ന് അധികമകലെയല്ലാത്ത മലഞ്ചെരിവിലെ ഭാജാ വിഹാരത്തിലേക്കായിരുന്നു യാത്ര. പുണെയിലെ ലോണാവാലയില്‍നിന്ന് കഷ്ടിച്ച് 11 കിലോമീറ്റര്‍ അകലെയുള്ള പര്‍വതമുകളിലാണ് കാര്‍ള ഗുഹകള്‍. ക്രിസ്തുവിനും മുന്‍പേ ബുദ്ധഭിക്ഷുക്കള്‍ ഈ മലനിരകളിലെല്ലാം വിഹാരം പണിതുയര്‍ത്തി. ബുദ്ധപഥത്തിലൂന്നിയുള്ള ജീവിതക്രമത്തിനായി നിര്‍മിച്ച ഗുഹകളുടെ അവശേഷിപ്പുകള്‍ ഈ മലഞ്ചെരിവുകളിലുടനീളം കാണാം. ബുദ്ധസംസ്‌കാരമെന്നത് ധര്‍മപദത്തിലൂന്നിയ ജീവിതക്രമമായിരുന്നല്ലോ. അഹിംസയുടെ മന്ത്രമുയരുന്നത് കരുണകൊണ്ടാണ്.
കരുണ പ്രകൃതിയുടെ കണ്ണില്‍ വിടരുന്ന ആനന്ദത്തിന്റെ സ്വപ്‌നസാഗരവുമാണ്. ദുഃഖവും വേദനയും നിറഞ്ഞ മനുഷ്യജീവിതങ്ങളുടെ ആത്മസംഘര്‍ഷത്തെ ബുദ്ധന്‍ എങ്ങനെ മറികടന്നുവെന്ന് ചിന്തിക്കുമ്പോള്‍ തിച്ച് നാത് ഹാന്റെ THE OLD PATH WHITE CLOUDS (പഴയപാത വെളുത്ത മേഘങ്ങള്‍) എന്ന പുസ്തകം ഓര്‍മ്മയില്‍ നിറഞ്ഞു. അതിലെ 'നിങ്ങളാരെങ്കിലും എന്റെ അമ്മയെ കണ്ടുവോ' എന്ന അധ്യായം ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
കഥ ഇങ്ങനെയാണ്: ഐരാവതീനദിക്കരയിലെ പ്രശാന്തസുന്ദരമായ കാടുകളില്‍ വിശ്രമിച്ചശേഷം ബുദ്ധനും സംഘവും കോസലരാജധാനിയായ ശ്രാവസ്തിയിലെത്തിച്ചേരുന്നു. അതിനോടകം ബുദ്ധന്റെ പ്രഭാഷണങ്ങള്‍ കോസലത്തെയാകെ പിടിച്ചുനിര്‍ത്തുന്നതായിരുന്നു. ബുദ്ധന്‍ സംസാരിക്കുന്നതുകേട്ട് അവരില്‍ പലര്‍ക്കും പൊടുന്നനെ തങ്ങളുടെ ഹൃദയങ്ങള്‍ പ്രകാശഭരിതമാകുന്നതായി തോന്നി. മറ്റുചിലരാകട്ടെ തങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന നല്ലൊരു പ്രതിയോഗിയെയാണ് അദ്ദേഹത്തില്‍ കണ്ടത്. കോസലാധിപനായ പസേനദി മഹാരാജാവിന്റെ പത്‌നി മല്ലികാരാജ്ഞിയും ജേതാരാജകുമാരനും ബുദ്ധന്റെ പ്രഭാഷണം കേട്ടതോടെ തങ്ങളുടെ ഹൃദയം തുറന്നതായി തോന്നി. അവര്‍ രണ്ടുപേരും അദ്ദേഹത്തിന്റെ ഗൃഹസ്ഥശിഷ്യരാകാനാഗ്രഹിച്ചു; എന്നാല്‍, ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. ആദ്യം മഹാരാജാവിന്റെ അംഗീകാരം തേടാന്‍ അവര്‍ വിചാരിച്ചു.
അങ്ങനെയിരിക്കെ ശ്രാവസ്തിയിലെ ഒരു അപരാഹ്നത്തില്‍ ദുഃഖവും നിരാശയുമുള്ള ഒരു യുവാവിനെ ബുദ്ധന്‍ സ്വീകരിച്ചു. തന്റെ ഏകമകന്‍ നഷ്ടപ്പെട്ട വിഷമത്തിലായിരുന്നു അയാള്‍. ബുദ്ധന്‍ അയാളോടായി പറഞ്ഞു: 'സ്‌നേഹത്തില്‍ ദുരിതപ്പെടലുണ്ട്'. വൈകാതെ പസേനദിരാജാവിന്റെ ചെവിയിലും ഈ വാര്‍ത്തയെത്തി. മഹാരാജാവ് രാജ്ഞിയോടു ചോദിച്ചു: ''ബുദ്ധന്‍ പറയുന്നതനുസരിച്ച്, നിങ്ങള്‍ എത്ര സ്‌നേഹിക്കുന്നുവോ അത്രയും കൂടുതല്‍ ദുഃഖിക്കുമെന്നാണ്. എങ്ങനെയാണ് സ്‌നേഹം ദുഃഖമായി മാറുന്നത് എന്നത് അയാള്‍തന്നെ വിവരിക്കേണ്ടിയിരിക്കുന്നു.'' രാജ്ഞി ചിന്താകുലയായി.
വൈകാതെ രാജ്ഞി ഇക്കാര്യത്തെക്കുറിച്ചാരായാന്‍ തന്റെ സുഹൃത്തിനെ ബുദ്ധന്റെയടുക്കലേക്ക് പറഞ്ഞയച്ചു. അയാളോടായി ബുദ്ധന്‍ പറഞ്ഞു: ''ഈയിടെ ശ്രാവസ്തിയില്‍ ഒരു സ്ത്രീക്ക് തന്റെ അമ്മയെ നഷ്ടപ്പെട്ടു. തെരുവുകളിലൂടെ അലഞ്ഞ് അവര്‍ ഓരോരുത്തരോടുമായി ചോദിച്ചു: നിങ്ങളാരെങ്കിലും എന്റെ അമ്മയെ കണ്ടുവോ?'രണ്ട് പ്രണയികള്‍ ഒരുമിച്ച് ആത്മഹത്യചെയ്തതും ഞാന്‍ കേട്ടു. കാരണം, ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവളെ മറ്റൊരാളെ വിവാഹംചെയ്യാന്‍ നിര്‍ബന്ധിച്ചു. സ്‌നേഹം ദുഃഖകാരണമാണെന്ന് ഈ രണ്ടുകഥകളും തെളിയിക്കുന്നു.'
അധികം വൈകാതെ ഒരു വിശ്രമവേളയില്‍ രാജ്ഞി രാജാവിനോട് ചോദിച്ചു: അങ്ങ് നമ്മുടെ പുത്രിയായ രാജകുമാരിയെ സ്‌നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നില്ലേ?'തീര്‍ച്ചയായും ഉണ്ട്,'രാജ്ഞിയുടെ ചോദ്യത്തില്‍ അദ്ഭുതപ്പെട്ട് രാജാവ് പറഞ്ഞു. എന്തെങ്കിലും നിര്‍ഭാഗ്യം അവള്‍ക്കുണ്ടായാല്‍ അങ്ങ് സഹിക്കുമോ?'രാജാവ് അമ്പരന്നു. സ്‌നേഹത്തിലാണ് ദുഃഖത്തിന്റെ വിത്തുകള്‍ കിടക്കുന്നതെന്ന് പൊടുന്നനെ അദ്ദേഹം വ്യക്തമായി കണ്ടു. തന്റെ സ്വാസ്ഥ്യബോധം നഷ്ടപ്പെടുന്നതില്‍ അദ്ദേഹം വ്യഥിതനായി. ബുദ്ധന്റെ വാക്കുകളിലടങ്ങിയ ക്രൂരസത്യം രാജാവിനെ അസ്വസ്ഥനാക്കി. അദ്ദേഹം പറഞ്ഞു: ഒരു സന്ദര്‍ഭം കിട്ടിയാലുടന്‍ ഈ ഗൗതമസന്ന്യാസിയെ ഞാന്‍ സന്ദര്‍ശിക്കുന്നുണ്ട്.
സായാഹ്നമായിട്ടും ഗ്രീഷ്മത്തിലെ കത്തിയാളുന്ന വെയിലിന് ശമനമുണ്ടായിരുന്നില്ല. മലമുകളിലേക്ക് നീളുന്ന കല്‍പ്പടവുകള്‍ താണ്ടി ഞങ്ങള്‍ ഭാജാ വിഹാരത്തിലേക്ക് നടന്നു. ദൂരെ മൂന്നുഭാഗത്തും സഹ്യാദ്രിമലനിരകള്‍. മലമുകള്‍താണ്ടിയെത്തുമ്പോള്‍ വലിയൊരു പാറതുരന്നുള്ള ഇരുപത്തിരണ്ട് ഗുഹകളുടെ വിഹാരം- ഭാജാ കേവ്‌സ്. വിഹാരത്തിലുടനീളം ചെറിയ ചെറിയ അറകള്‍ കാണാം. അക്കാലത്ത് ബുദ്ധഭിക്ഷുക്കള്‍ ഏകാന്തധ്യാനത്തിനായി തിരഞ്ഞെടുത്തത് ഈ അറകളായിരുന്നു.
ബി.സി. രണ്ടാം നൂറ്റാണ്ടിലാണ് ഈ വിഹാരം പണിതതെന്നാണ് കരുതപ്പെടുന്നത്. അറബിക്കടലില്‍നിന്ന് കിഴക്കോട്ടു സഞ്ചരിച്ച് ഡെക്കാന്‍ പീഠഭൂമിയിലേക്ക് നീളുന്ന പുരാതന വ്യാപാരപാത ഇതുവഴിയേ ആയിരുന്നുവെന്നും പഠനങ്ങളുണ്ട്. ഭാജാ വിഹാരത്തിന്റെ ചുവരുകളില്‍ നിരവധി ലിഖിതങ്ങള്‍ ഇപ്പോഴും ഒളിമങ്ങാതെയുണ്ട്. സമീപത്തുള്ള കാര്‍ള വിഹാരത്തിലെ വാസ്തുവിദ്യതന്നെയാണ് ഇവിടെയും കാണാനാവുക.
ഭാജാ വിഹാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ചൈത്യഗൃഹം. പാറതുരന്നുണ്ടാക്കിയ വലിയൊരു ഇടനാഴി കടന്നെത്തിയാല്‍ ചൈത്യഗൃഹമെന്ന വിശാലമായ ഗുഹയിലെത്താം. ചൈത്യഗൃഹത്തിലും ഒരു ബുദ്ധസ്തൂപം സ്ഥാപിച്ചിട്ടുണ്ട്. വിഹാരത്തിന്റെ കല്‍ച്ചുവരുകളില്‍ സുന്ദരമായ ശില്പങ്ങള്‍ സഞ്ചാരികളെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും. ബുദ്ധിസത്തിലെ ഹീനയാനവിഭാഗക്കാരാണ് ഭാജാ കേവ്‌സ് നിര്‍മിച്ചതെന്നാണ് പറയപ്പെടുന്നത്. 300 വര്‍ഷം വേണ്ടിവന്നുവത്രേ ഈ ഗുഹകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍.
അക്കാലത്ത് ഇരുപത്തിരണ്ട് ഗുഹകള്‍ സ്ഥാപിച്ചുവെങ്കിലും പലതിനും കാലാന്തരത്തില്‍ ശോഷണം സംഭവിച്ചിട്ടുണ്ട്. ഭാജാ വിഹാരത്തിലെ ഗുഹകളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്: ചൈത്യങ്ങളും (പ്രാര്‍ഥനാഹാള്‍) വിഹാരങ്ങളും (സന്ന്യാസിഗുഹകള്‍). പാറക്കൂട്ടങ്ങള്‍ തുരന്നുനിര്‍മിച്ച ഗുഹാസമുച്ചയത്തിലെ 12, 14 ഗുഹകള്‍ മാത്രമാണ് പ്രാര്‍ഥനാഹാള്‍. ബാക്കിയുള്ളവയെല്ലാം ബുദ്ധഭിക്ഷുക്കളുടെ ധ്യാനത്തിനായുള്ള ഗുഹകളാണ്. ഇതില്‍ 12-ാമത്തെ ഗുഹയാണ് ഭാജാ കേവ്സിലെ ചൈത്യഗൃഹം.
വിഹാരത്തിലൂടെ സാവധാനം നടന്നു. പല ഗുഹകള്‍ക്കുള്ളിലും കട്ടപിടിച്ച ഇരുട്ടായിരുന്നു. ചെഞ്ചുവപ്പായിമാറി അസ്തമയസൂര്യന്‍ സഹ്യാദ്രിമലനിരകളുടെ പടിഞ്ഞാറേ ചക്രവാളത്തില്‍ താഴ്ന്നുതുടങ്ങി. ഭാജാ വിഹാരത്തിലെ ഏതോ ഗുഹയിലെ കിളിവാതിലിലൂടെയുള്ള അസ്തമയക്കാഴ്ച മറക്കാനാകില്ല.
ബുദ്ധവിഹാരങ്ങള്‍ അങ്ങനെയാണ്, അത് വല്ലാത്തൊരു ശാന്തിനല്‍കുന്നു. സാഞ്ചി ബുദ്ധവിഹാരത്തിലെ അസ്തമയക്കാഴ്ചയില്‍ സ്വയമലിഞ്ഞിരുന്നുപോയ കാലം ഓര്‍ത്തുപോയി. ഭാജാ വിഹാരത്തോട് വിടപറയാന്‍ സമയമായിരിക്കുന്നു. ഇപ്പോള്‍, ഗ്രീഷ്മത്തിലെ ഉഷ്ണരാശി അകന്നുപോയിരിക്കുന്നു. ഇളംതെന്നല്‍ പോലുള്ള നേര്‍ത്തൊരു കാറ്റുവന്നു തഴുകുന്നു. മനസ്സ് ശാന്തമായിരിക്കുന്നു. താഴ്‌വാരത്തെ പാതകളിലേക്ക് നീളുന്ന പടവുകളിലൂടെ ഞങ്ങള്‍ സാവധാനം തിരിച്ചിറങ്ങി.
Content Highlights: Bhaja Caves, located in Mumbai - Pune expressway