യുദ്ധക്കളങ്ങൾ, സ്മാരകങ്ങൾ, യുദ്ധ സെമിത്തേരികൾ..എന്താണ് ബാറ്റിൽഫീൽഡ് ടൂറിസം?

പ്രതീകാത്മക ചിത്രം / എഐ
പ്രതീകാത്മക ചിത്രം / എഐ

മരണം, ദുരിതം, ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പതിവിലും വ്യത്യസ്തമായിരിക്കും. ഇരുപതാംനൂറ്റാണ്ടുമുതൽ ഇത്തരം ചില യാത്രകൾ ആളുകളെ കൂടുതൽ ആകർഷിക്കുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു പുതിയ വിനോദസഞ്ചാര രൂപമാണ് ബാറ്റിൽഫീൽഡ് ടൂറിസം.
യുദ്ധഭൂമി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി 'രണഭൂമി ദർശൻ' പദ്ധതിയിലൂടെ സിക്കിമിലെ ചോ ലാ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ് സിക്കിം ഗവൺമെന്റ്. 2017-ലെ സംഘർഷഭരിതമായ സൈനിക ഏറ്റുമുട്ടലിന്റെ പേരിൽ അറിയപ്പെടുന്നതും ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നിവയ്ക്കിടയിലുള്ള തന്ത്രപ്രധാനമായ സംഗമസ്ഥാനവുമായ ദോക്ലാമിന് സമീപമുള്ള പ്രദേശത്തേക്കുള്ള പ്രവേശനവും ഉൾപ്പെടുത്തിയുളളതാണീ പദ്ധതി.

എന്താണ് ബാറ്റിൽഫീൽഡ് ടൂറിസം?
യുദ്ധ ടൂറിസത്തിന്റെ ഒരു ഉപവിഭാഗമാണ് ബാറ്റിൽഫീൽഡ് ടൂറിസം. കഴിഞ്ഞുപോയ യുദ്ധങ്ങളുടെ ചരിത്രം, പൈതൃകം, വൈകാരികമായ ഓർമ്മകൾ എന്നിവയുമായി ഇടപഴകുന്നതിനായി യുദ്ധക്കളങ്ങൾ, സ്മാരകങ്ങൾ, യുദ്ധ സെമിത്തേരികൾ, മ്യൂസിയങ്ങൾ തുടങ്ങിയ ചരിത്രപരമായ സൈനിക പോരാട്ടങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നതിനെയാണ് ബാറ്റിൽഫീൽഡ് ടൂറിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യക്കാർ മുമ്പത്തേക്കാളേറെ യാത്ര ചെയ്യുന്നതിനാൽ ഈ വിനോദസഞ്ചാര രീതി ഇന്ത്യയിലും പ്രചാരം നേടുന്നുണ്ട്.

സാമ്രാജ്യങ്ങളുടെ പുരാതന യുദ്ധക്കളങ്ങൾ മുതൽ സമീപകാല സൈനിക ഏറ്റുമുട്ടലുകൾ വരെ, ഇന്ത്യയുടെ സമ്പന്നവും സങ്കീർണ്ണവുമായ ചരിത്രം അതിന്റെ തന്ത്രപരമായ പോരാട്ടങ്ങളെക്കുറിച്ച് ജിജ്ഞാസയുള്ളവർക്ക് ഒരു നിധിശേഖരം തന്നെ നൽകുന്നു. ഈ സ്ഥലങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് സൈനിക സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും അവിടെ രക്തസാക്ഷിത്വം വഹിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും സാധിക്കും. അതുകൂടാതെ ചരിത്രത്തെക്കുറിച്ച് പഠിക്കാനും സംഘർഷങ്ങൾ രൂപപ്പെടുത്തിയ സ്ഥലങ്ങളിലെ അന്തരീക്ഷം അനുഭവിച്ചറിയാനും ബാറ്റിൽഫീൽഡ് ടൂറിസം അവസരം നൽകുന്നു.

ആഗോളതലത്തിൽ യുദ്ധഭൂമി ടൂറിസം ഒരു പുതിയ ആശയമല്ല. രണ്ടാം ലോകമഹായുദ്ധത്തിലെ പ്രശസ്തമായ ഡി-ഡേ ലാൻഡിങ്ങുകളുടെ സ്ഥലമായ നോർമാണ്ടിയിലേക്ക് ദശലക്ഷക്കണക്കിന് സന്ദർശകർ ഇപ്പോഴും ഒഴുകിയെത്തുന്നുണ്ട്. ജർമ്മനിയിൽ, ബെർലിൻ മതിലിന്റെ ഭാഗങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ശീതയുദ്ധ കാലത്തെ വിഭജനം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർ ഇവിടവും സന്ദർശിക്കാറുണ്ട്. ചിലർ ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും സന്ദർശിക്കുന്നത് സ്മാരകങ്ങൾ കാണാൻ വേണ്ടി മാത്രമല്ല, ആണവയുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള കടുത്ത പാഠങ്ങൾ ഉൾക്കൊള്ളാനുമാണ്. പിന്നെ ഉത്തര കൊറിയക്കും ദക്ഷിണ കൊറിയക്കും ഇടയിലുള്ള ഡിഎംഇസെഡും (സൈനികരഹിത മേഖല) സന്ദർശകരെ ആകർഷിക്കുന്നു. സാങ്കേതികമായി ഇപ്പോഴും ഒരു സജീവ യുദ്ധമേഖലയായ ഇത് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

യുദ്ധഭൂമി ടൂറിസം 'ഡാർക്ക് ടൂറിസ'ത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ചും ദൂരത്തുള്ളതോ മുമ്പ് നിയന്ത്രിതമായിരുന്നതോ ആയ സൈനിക സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യങ്ങൾ ഗൈഡുകളെയും അടിസ്ഥാന സൗകര്യങ്ങളെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും വികസിപ്പിച്ചെടുത്തതോടെ ഇതിന് കുറച്ചുകൂടി പ്രചാരമേറി. യുദ്ധക്കള വിനോദസഞ്ചാരത്തിലൂടെ ഭൂതകാലത്തെ, മികച്ച രീതിയിൽ പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. ഭാവി തലമുറകൾക്ക് അർഥം നൽകാനും സമാധാനത്തിന്റെയും സുരക്ഷയുടെയും പേരിൽ നടത്തിയ ത്യാഗത്തെക്കുറിച്ചറിയാനും  ഇത്തരം സ്ഥലങ്ങൾ സഹായിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: discover india`s war history through battlefield tourism. explore sites like cho la in sikkim & learn about past conflicts.