ഫ്ലൈറ്റ് യാത്രയിൽ ഒഴിവാക്കേണ്ട സാധനങ്ങൾ എന്തെല്ലാം? മുൻകൂട്ടി അറിഞ്ഞില്ലെങ്കിൽ പിടിവീഴും

മെൽബണിലേക്കുള്ള ഫ്ലൈറ്റ് യാത്രയിൽ മുല്ലപ്പൂ കെെവശം വച്ചതിന് നടി നവ്യ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ലഭിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിരുന്നു. ഇത്തരത്തിൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിരോധിത വസ്തുക്കൾ പിടിച്ചെടുക്കുകയും പിഴയീടാക്കുകയും ചെയ്യുന്ന സംഭവങ്ങൾ അനവധിയാണ്.
നിയമലംഘനം മൂലം യാത്ര മുടങ്ങുകയോ വൈകുകയോ ചെയ്യാറുമുണ്ട്. ഒഴിവാക്കേണ്ട സാധനങ്ങളെക്കുറിച്ച് മുൻകൂട്ടി ധാരണയുണ്ടെങ്കിൽ അവസാന മിനുട്ടിലെ ഈ ആശയക്കുഴപ്പങ്ങളും പിരിമുറുക്കങ്ങളും ഒഴിവാക്കാം.
ഒഴിവാക്കേണ്ടവ
ചെക്ക് ഇൻ ലഗേജിൽ നിന്ന് ഒഴിവാക്കേണ്ടവ
തീപ്പെട്ടി,ലാപ്‌ടോപ്പ്, ഫുട്‌ബോൾ, ഇലക്ട്രിക് ടൂത്ത് ബ്രഷ്, കർപ്പൂരം, ഉണങ്ങിയ തേങ്ങ, പാർട്ടി പോപ്പർ, ചാർജറുകൾ, പവർ ബാങ്കുകൾ ലൈറ്ററുകൾ, ടോർച്ച് ലൈറ്ററുകൾ, റീഫിൽ ചെയ്യാവുന്നവ, ഡിസ്‌പോസിബിൾ എന്നിവ ഉൾപ്പടെ നിരോധനത്തിന്റെ പരിധിയിൽ വരും.
ക്യാബിൻ ബാഗേജിലെ ഒഴിവാക്കേണ്ടവ
മൂർച്ചയുള്ള വസ്തുക്കളും ഉപകരണങ്ങളും,100 മില്ലിയിൽ കൂടുതലുള്ള ദ്രാവകങ്ങൾ, 160വാട്ട്‌സ് മണിക്കൂറിൽ കൂടുതലുള്ള പവർ ബാങ്കുകൾ, ഫിറ്റ്‌നസ് ഗിയർ, സ്‌പ്രേകൾ, തീപ്പെട്ടി,ലൈറ്ററുകൾ എന്നിവ അനുവദനീയമല്ല. സുരക്ഷാ പരിശോധനാ കേന്ദ്രത്തിൽ നിന്ന് തന്നെ ഇവ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്.
ഇന്ത്യ വിട്ടുകഴിഞ്ഞാല്‍, നിയമത്തില്‍ വ്യത്യാസമുണ്ട്.
അമേരിക്കയില്‍ ഡിസ്‌പോസിബിള്‍ അല്ലെങ്കില്‍ കാലിയായ സിപ്പോ ലൈറ്ററുകള്‍ ചെക്ക് ഇന്‍ ലഗേജില്‍ അനുവദനീയമാണ്, കൂടാതെ ഇലക്ട്രോണിക് പുകവലി ഉപകരണങ്ങള്‍ ക്യാബിന്‍ ലഗേജില്‍ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കാനുമാകും. എന്നാല്‍ ഇന്ധനമുള്ള ലൈറ്ററുകള്‍ക്ക് നിരോധനമുണ്ട്.
യൂറോപ്പില്‍ സാധാരണയായി, ചെറിയ ലൈറ്ററുകള്‍ അനുവദനീയമാണ്, എന്നാല്‍ ടോര്‍ച്ച് ലൈറ്ററുകളും ഇന്ധനമോ ലിഥിയം ബാറ്ററിയോ ഉള്ള സിപ്പോ ലൈറ്ററുകളും നിരോധിച്ചിരിക്കുന്നു.വേപ്പിങ് ലഗേജില്‍ കൊണ്ടുപോകാമെങ്കിലും വിമാനത്തില്‍ ഉപയോഗിക്കാന്‍ പാടില്ല.
മിഡില്‍ ഈസ്റ്റിൽ എമിറേറ്റ്‌സ് ക്യാബിന്‍ ലഗേജില്‍ ലൈറ്റര്‍ അനുവദിക്കുമെങ്കിലും ചെക്ക് ഇന്‍ ബാഗേജുകളില്‍ സൂക്ഷിച്ചാല്‍ പിടിച്ചെടുക്കുന്നതായിരിക്കും.
അതായത് വിദേശത്ത് അനുവദനീയമായ പലതും ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിരോധിതമാണ്. മാത്രമല്ല, ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമം, 2019 പ്രകാരം ഇന്ത്യയിൽ വേപ്പിങുകളും ഇ-സിഗരറ്റുകളും നിരോധിച്ചിട്ടുണ്ട്. ചെക്ക് ഇൻ, ക്യാബിൻ ബാഗേജുകളിലും ഇവയ്ക്ക് വിലക്കുണ്ട്. ഇത്തരം നിയമലംഘനം ധനനഷ്ടം, സമയനഷ്ടം എന്നിവയ്ക്ക് കാരണമായേക്കാം. ഇനി ശ്രദ്ധാപൂർവ്വം യാത്രയ്ക്ക് തയ്യാറായിക്കൊള്ളൂ…
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn about banned items in Indian airport luggage to avoid fines & travel disruptions.