ഈജിപ്തിന്റെ നിഗൂഢതകള്‍ വിട്ടൊഴിയാത്തതുപോലെ-ബീനാ കണ്ണന്‍ എഴുതുന്നു

ക്ലിയോപാട്രയെപ്പോലെ സൗന്ദര്യവും സാമര്‍ഥ്യവും കരുത്തുംകൊണ്ട് ലോകം കീഴടക്കിയ മറ്റൊരു പെണ്ണില്ല. ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രശസ്തമായ പ്രണയകഥയിലെ നായിക. അവളെപ്പോലെ വിസ്മയിപ്പിക്കുന്നതും നിഗൂഢതകള്‍ നിറഞ്ഞതുമാണ് അവളുടെ നഗരവും. ഫറവോന്മാരുടെ നാടായ ഈജിപ്തിലേക്ക് ഒരു യാത്ര ആസൂത്രണംചെയ്തു തുടങ്ങിയിട്ട് നാള് കുറേയായി. പിന്നീടൊരിക്കലാവാമെന്ന് കരുതി എത്രയോ തവണ അത് മാറ്റിവെച്ചു. മാത്രമല്ല, ചൂടുകാലാവസ്ഥയും യുദ്ധവുമൊക്കെ ആ യാത്രയ്ക്ക് തടസ്സമായിനിന്നു. ഈജിപ്ത് മനസ്സില്‍നിന്നൊഴിഞ്ഞില്ല.
ഒടുവില്‍ ക്ലിയോപാട്രയുടെ മണ്ണ് എന്നെ വിളിച്ചു. നവംബര്‍ മുതല്‍ ഏപ്രില്‍വരെയാണ് ഈജിപ്ത് സന്ദര്‍ശനത്തിന് പറ്റിയ സമയം. അതുകൊണ്ടുതന്നെ, അല്പം റിസ്‌കെടുത്താണെങ്കിലും യാത്ര ഡിസംബറിലേക്ക് പ്ലാന്‍ ചെയ്തു. ഒന്‍പത് പകലും എട്ട് രാത്രിയുമടങ്ങുന്ന യാത്രയ്ക്ക് രണ്ടുമൂന്നുമാസം മുന്‍പുതന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മകന്‍ വിഷ്ണുവിനെയും ഒപ്പം കൂട്ടി. ട്രാവല്‍ ബാഗില്‍ ബീനാ കണ്ണന്‍ കൊട്യൂറിന്റെ ഏറ്റവും പുതിയ പിക്‌സല്‍ ഡിസൈന്‍ കളക്ഷനുകള്‍തന്നെ കരുതി. നെടുമ്പാശ്ശേരിയില്‍നിന്ന് ദോഹയിലേക്കും അവിടന്ന് അലക്‌സാന്‍ഡ്രിയയിലേക്കുമായി, രണ്ട് എയര്‍ലൈനിലായിരുന്നു യാത്ര. രാത്രി എച്ച്.ബി.ഇ. എയര്‍പോര്‍ട്ടിലെത്തിയ ശേഷം നേരേ ഹോട്ടല്‍ അലക്‌സാന്‍ഡ്രിയയിലേക്ക്. മെഡിറ്ററേനിയന്‍ കടലില്‍ നിന്നുള്ള നനുത്ത കാറ്റില്‍ ഉള്ളമൊന്ന് തണുത്തു. തീരം തൊടാതെയോടുന്ന തിരകളെ നോക്കി ബാല്‍ക്കണിയില്‍ കുറച്ച് നേരമിരുന്നു. അലക്‌സാന്‍ഡ്രിയ കരുതിവെച്ച കാഴ്ചകളെന്തെന്ന് ഓര്‍ത്തുകിടന്ന് മയങ്ങിപ്പോയതറിഞ്ഞില്ല.
ക്ലിയോപാട്രയുടെ നാട്
മൂന്ന് രാത്രിയും രണ്ട് പകലുമാണ് അലക്‌സാന്‍ഡ്രിയയ്ക്കായി മാറ്റിവെച്ചത്. ക്ലിയോപാട്രയുടെ നാട്. ഏറ്റവും പ്രശസ്തമായ പൗരാണികനഗരമാണ് അലക്‌സാന്‍ഡ്രിയ. ഈജിപ്തിന്റെ തലസ്ഥാനങ്ങളിലൊന്നായിരുന്നു ഇവിടം. വെയില്‍ കനക്കുന്നതിനുമുന്‍പുതന്നെ നഗരം ചുറ്റാനിറങ്ങി. നേരേ കോം എല്‍ ഷൊഖാഫ(kom el shoqafa)യിലെ 'കാറ്റകൂമ്പ്സ്' (ശവകുടീരങ്ങള്‍) കാണാനായി പുറപ്പെട്ടു. അലക്‌സാന്‍ഡ്രിയയിലെ ഒരു പ്രധാന കാഴ്ചയാണിത്. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ച ഈ പുരാതനനഗരത്തില്‍ പഴയ റോമന്‍ ചക്രവര്‍ത്തിമാരുടെയും മറ്റ് രാജവംശങ്ങളില്‍നിന്നുള്ള പ്രമുഖരുടെയും മൃതദേഹങ്ങളടക്കിയ അറകള്‍ കാണാം. തട്ടുതട്ടുകളായി കരിങ്കല്ലുകള്‍കൊണ്ട് നിര്‍മിച്ച അറകളില്‍ മൃതശരീരങ്ങള്‍ അടക്കംചെയ്തിരിക്കുന്നു. ചില അറകളില്‍ ഒരു കുടുംബത്തിലുള്ളവരുടെ മമ്മികള്‍ ഒന്നിച്ച് കൂട്ടിയിട്ടതുപോലെ കാണാം. ഓരോ മമ്മിയും ഓരോ ചരിത്രകഥയായി മാറുന്നയിടം.
പൊടിമണല്‍ക്കാറ്റ് പറത്തിക്കൊണ്ട് വണ്ടി അടുത്ത ലക്ഷ്യസ്ഥാനത്തെത്തി. പോംപിയെന്ന ചക്രവര്‍ത്തിയുടെ കൊട്ടാരാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നയിടമായിരുന്നു അത്. തൊട്ടടുത്തായി ഒരു കൂറ്റന്‍ ശിലാസ്തംഭം; പോംപീസ് പില്ലര്‍. ഇരുവശങ്ങളിലും സ്ഫിങ്സ് പ്രതിമയോടുകൂടിയ സ്മാരകവും കാണാം. നട്ടുച്ചവെയിലില്‍ ശിലാസ്തംഭങ്ങള്‍ മിന്നിത്തിളങ്ങി. ഒരുനിമിഷം തമിഴ്നാട്ടിലെ കോവിലുകളിലെ കല്‍ത്തൂണുകളില്‍ ഓര്‍മകള്‍ ഉടക്കിനിന്നു. കുംഭകോണം, ചിദംബരം, വെല്ലൂര്‍, കാഞ്ചീപുരം... അച്ഛനൊപ്പം എത്രയെത്ര യാത്രകള്‍. ത്യാഗരാജക്ഷേത്രം, ബൃഹദീശ്വരക്ഷേത്രം തുടങ്ങി തമിഴ്നാട്ടിലെ എല്ലാ അമ്പലങ്ങളോടും എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. ആ ക്ഷേത്രങ്ങളുടെ ആര്‍ക്കിടെക്ചറിനോടും ആര്‍ട്ടിനോടും വലിയ ഇമ്പമാണ്. അത്തരം പൗരാണികമായ ചില ഏടുകള്‍ എന്റെ രക്തത്തിലുണ്ട്. ഉള്ളിലുറങ്ങിക്കിടക്കുന്ന ആ വാസനകളെ ഇവിടത്തെ കാഴ്ചകളോരോന്നും ഉണര്‍ത്തിവിട്ടു. മനസ്സ് ഇവിടങ്ങളില്‍ കുരുങ്ങിക്കിടക്കുന്നതുപോലെ തോന്നി.
റോമന്‍ ആംഫിതിയേറ്ററും അതിനോട് ചേര്‍ന്നുകിടക്കുന്ന പഴയൊരു കൊട്ടാരവുമായിരുന്നു അടുത്ത ലക്ഷ്യം. റോമന്‍ ആംഫിതിയേറ്ററിന് നടുവിലുള്ള കല്ലില്‍ നിന്നുകൊണ്ട് ഉച്ചത്തില്‍ കൂവി. ഒരായിരംപേര്‍ കോറസ് പാടിയതുപോലെ മാറ്റൊലികൊണ്ടു. ഒരു പ്രത്യേക സ്ഥാനത്ത് നില്‍ക്കുമ്പോള്‍മാത്രമേ ശബ്ദം പ്രതിധ്വനിക്കുകയുള്ളൂ. പഴയകാലത്തിന്റെ ജീവന്‍ തുടിക്കുന്ന അദ്ഭുതമായിരുന്നു ആ കല്ല്. അവിടെ നില്‍ക്കുമ്പോള്‍ അറബ് വേഷമണിഞ്ഞ കുറച്ച് സ്‌കൂള്‍വിദ്യാര്‍ഥികള്‍ വന്ന് പരിചയപ്പെട്ടു. അവര്‍ കെട്ടിപ്പിടിക്കുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. വൈകീട്ട് അഞ്ചുമണിയാവുമ്പോഴേക്കും അലക്‌സാന്‍ഡ്രിയയുടെ മുഖം മാറി. ഇരുട്ട് വീണുതുടങ്ങി. രാത്രിസഞ്ചാരം അസാധ്യമാണെന്ന് ഗൈഡ് ഓര്‍മ്മപ്പെടുത്തി.
തെരുവുകളില്‍ മോഷണവും പിടിച്ചുപറിയുമുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഹോട്ടല്‍ അലക്‌സാന്‍ഡ്രിയയിലെ ഭക്ഷണ മെനു വൈവിധ്യം നിറഞ്ഞതായിരുന്നു. സാമ്പാര്‍സാദത്തിന്റെ രുചിയുള്ള ഈജിപ്തിന്റെ നാടന്‍ഭക്ഷണമായ 'ഫൗള്‍' ഏറെയിഷ്ടപ്പെട്ടു. രാജ്മ ബീന്‍ കടഞ്ഞതാണ് അതില്‍ പ്രധാനം. വഴുതനങ്ങ, സവാള നുറുക്കിയത്, മല്ലിയില നുറുക്കിയത്, മല്ലിപ്പൊടി, മുളകുപൊടി എന്നിവയെല്ലാം ചേര്‍ത്തുള്ള ഒരു വിഭവം. ആ ഹോട്ടലില്‍ എല്ലാ നേരവും ഈ വിഭവം മെനുവിലുണ്ടാവും.
പിറ്റേന്ന് 'റോയല്‍ ജൂവലറി മ്യൂസിയം ആന്‍ഡ് ലൈബ്രറി' സന്ദര്‍ശിച്ചു. ആ ലൈബ്രറിയില്‍ കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തി. ഏഴാംക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍മുതല്‍ കോളേജ് വിദ്യാര്‍ഥികള്‍വരെ അവിടെ വായനയില്‍ മുഴുകിയിരിക്കുകയാണ്. തൊട്ടടുത്തദിവസം കയ്റോയിലേക്ക് യാത്ര തിരിച്ചു.
ഫറവോമാരുടെ കയ്‌റോ
അറബ് രാജ്യങ്ങളിലെ ഏറ്റവും വലിയ നഗരമായാണ് കയ്റോ അറിയപ്പെടുന്നത്. അലക്‌സാന്‍ഡ്രിയയില്‍ നിന്ന് കയ്റോയിലേക്ക് എത്തിച്ചേരാന്‍ ഏകദേശം നാല് മണിക്കൂറിലേറെ സമയമെടുത്തു. അതിനിടയില്‍ യാത്രാപ്ലാനിങ്ങില്‍ ചില മാറ്റങ്ങള്‍ വരുത്തി. ലിസ്റ്റില്‍ ലക്‌സറും അസ്വാനും കൂടി ചേര്‍ത്ത് അവിടേക്കുള്ള യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു.
വരണ്ടുണങ്ങിയ പ്രദേശങ്ങളിലൂടെയുള്ള യാത്ര ബിഹാര്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ പ്രദേശങ്ങളെ ഓര്‍മിപ്പിച്ചു. സാരികള്‍ തേടിയുള്ള യാത്രകളില്‍ കണ്ടതുപോലെയുള്ള ചിലയിടങ്ങള്‍. വഴിയില്‍ കടകള്‍പോലും കാണുന്നില്ല. പഴക്കംചെന്നതാണെങ്കിലും വിശ്രമമുറികള്‍ കണ്ടപ്പോള്‍ നേരിയ ആശ്വാസം തോന്നി. അന്നത്തെ കാലത്ത് അത് പണിതുവെച്ചിട്ടുണ്ടെങ്കില്‍ അദ്ഭുതം തന്നെയല്ലേ. ആ നാടിന്റെ ചരിത്രവും സംസ്‌കാരവും അവിടെ ഓരോ മുക്കിലും മൂലയിലും കണ്ടു. ഹോട്ടലിലെത്തി നന്നായി വിശ്രമിച്ചു. പിറ്റേന്ന് ഗിസ പിരമിഡ് കാണാനുള്ള ആവേശത്തിലായിരുന്നു.
ഈജിപ്ത് എന്നാല്‍ പിരമിഡുകളാണല്ലോ. അവിടത്തെ ചക്രവര്‍ത്തിമാരായ ഫറവോമാരുടെ ശവക്കല്ലറകളാണ് പിരമിഡുകള്‍. ഫറവോയ്ക്ക് പ്രിയപ്പെട്ട സാമഗ്രികളും ഇവിടെ സൂക്ഷിക്കുന്നുണ്ട്. നൂറ്റിയമ്പതടി താഴെക്ക് ഇറങ്ങിച്ചെന്നാലേ കല്ലറകള്‍ കാണാന്‍ സാധിക്കുകയുള്ളൂ. രണ്ടടി വീതിയുള്ള വഴിയിലൂടെ കുനിഞ്ഞ് ഇറങ്ങണം. ഏകദേശം ഇരുപത് മിനിറ്റോളം നടക്കണം. വോക്കിങ് ഷൂ ഇട്ടാല്‍ നല്ലത്. പടിയിറങ്ങി താഴേക്ക് പോകുംതോറും ചൂട് കൂടിക്കൂടി വന്നു. ഏറ്റവും താഴെ ഒഴിഞ്ഞുകിടക്കുന്ന പ്രാര്‍ഥനാമുറിയാണ്. അവിടെയിരുന്ന് ധ്യാനിക്കുന്നവരുണ്ട്. അതിലേ കടന്നുപോകുമ്പോള്‍ ചിലരെങ്കിലും സ്വന്തം പൂര്‍വികരെ ഓര്‍ക്കാതിരിക്കില്ല. പലരും പാതിവഴി വരെ വന്ന് തിരിച്ചുകയറി. എനിക്ക് പക്ഷേ, മുന്നോട്ട് പോയേ പറ്റൂ. പിരമിഡിനുള്ളിലെ കാഴ്ചകള്‍ കണ്ട് തിരികെ വേര്‍പിരിയാനാവാതെ കെട്ടുപിണഞ്ഞുകിടക്കുന്ന കല്‍ത്തട്ടുകളെ തൊട്ടുതഴുകിക്കൊണ്ട് പുറത്തേക്കിറങ്ങി.
ഗിസയിലെ സിംഹത്തിന്റെ ഉടലും രാജകീയ ശിരോവസ്ത്രം അണിഞ്ഞ മനുഷ്യന്റെ ശിരസ്സുമുള്ള ഗ്രേറ്റ് സ്ഫിന്‍ക്‌സ് ആരെയും ആകര്‍ഷിക്കുന്നതാണ്. ചുണ്ണാമ്പുകല്ലില്‍ തീര്‍ത്ത ഈ ശില്പം ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും വലുതുമായ ശില്പങ്ങളിലൊന്നാണ്.
കയ്റോയിലെ മ്യൂസിയത്തില്‍ ഈജിപ്ത് ഭരിച്ചിരുന്ന രാജാക്കന്മാരുടെയും രാജ്ഞിമാരുടെയുമൊക്കെ മമ്മികളുണ്ട്. ഉയരം കുറഞ്ഞവരും കൂടിയവരും ഇരുണ്ടനിറത്തിലുള്ളവരുമായ ചക്രവര്‍ത്തിമാരും പുരുഷനെപ്പോലെ വേഷംകെട്ടിയ രാജ്ഞിമാരും... അങ്ങനെ പലതരത്തിലുള്ള മമ്മികള്‍. യുദ്ധങ്ങളിലും മറ്റും കൊല്ലപ്പെട്ട ചിലരുടെ അസ്ഥിയും ശരീരവും ജീര്‍ണാവസ്ഥയിലായിട്ടുണ്ട്. ആയുധങ്ങള്‍ ശരീരത്തിലൂടെ തുളഞ്ഞുകയറി മുറിവേറ്റ ചിലര്‍ ചരിത്രത്തിന്റെ വെറും അവശേഷിപ്പുകളായി അവിടെ കിടക്കുന്നു. അവരുടെ ആയുധങ്ങളും ആഭരണങ്ങളുമെല്ലാം അവിടെ സുരക്ഷിതമാണ്. ഓരോ കാഴ്ചയിലും കൗതുകം നിറഞ്ഞു. അവരെ അറിയാന്‍ മനസ്സ് കൂടുതല്‍ തിടുക്കപ്പെട്ടു. ചരിത്രം ഇഷ്ടമല്ലാതിരുന്നിട്ടും ആ കഥകള്‍ എന്നെ അവിടത്തന്നെ പിടിച്ചിരുത്തി. കൂടുതല്‍ വായിച്ചു. ചരിത്രവും സംസ്‌കാരവും കൂട്ടിയിണക്കിക്കൊണ്ട് സാമ്പത്തികനേട്ടമുണ്ടാക്കുന്ന ഭരണാധികാരികളുടെ മിടുക്കിനെപ്പറ്റിയും ആലോചിക്കാതിരുന്നില്ല.
കയ്റോനഗരം രാത്രിയിലും സജീവമാണ്. തെരുവിലൂടെ രാത്രി ഇറങ്ങിനടക്കുന്നതും ഒരു രസം തന്നെ. സൗത്ത് ഇന്ത്യന്‍ രുചിയോട് കിടപിടിക്കുന്ന വിഭവമായിരുന്നു കയ്റോ കാത്തുവെച്ചത്. പരിപ്പും തക്കാളിയും ഗാര്‍ലിക് സോസും ലെമണ്‍സോസുമെല്ലാം മിക്‌സ് ചെയ്തുള്ള ബിസ്മില്ലാ ബാത്തുപോലുള്ള ഒരു ഐറ്റം. ഒപ്പം പക്കാവടപോലൊരു സാധനവും. സോസും കൂട്ടി ഇഷ്ടത്തിനനുസരിച്ച് കഴിക്കാം. ആ രുചികളില്‍ കയ്റോയിലെ രാത്രി അലിഞ്ഞുതീര്‍ന്നു.
ലക്‌സറും അസ്വാനും
ലോകത്തിലെ ഏറ്റവും നീളമേറിയ നൈല്‍നദിയിലൂടെയുള്ള ക്രൂയിസ് യാത്ര അങ്ങേയറ്റം ചെലവേറിയതാണ്. മാത്രമല്ല, ഏഴുദിവസം വെറുതേ നഷ്ടപ്പെടുത്താനും താത്പര്യമില്ലാതിരുന്നതുകൊണ്ട് ലക്‌സറിലേക്ക് യാത്ര വഴിതിരിച്ചുവിട്ടു. യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്നതുകൊണ്ട് പലയിടങ്ങളും സന്ദര്‍ശിക്കുന്നതിന് പരിമിതിയുണ്ടായിരുന്നു. നൈല്‍നദിയുടെ പടിഞ്ഞാറന്‍ തീരക്കാഴ്ചകളിലൊന്നാണ് വാലി ഓഫ് ദ കിങ്സ്. രാജാക്കന്മാരുടെ കല്ലറകള്‍ സ്ഥിതിചെയ്യുന്ന ഇടമാണിത്. ഏകദേശം 62 ശവകുടീരങ്ങളും കല്ലറകളും ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്. അക്കൂട്ടത്തില്‍ പതിനാലോ പതിനഞ്ചോ എണ്ണം കാണാന്‍ സാധിച്ചു. അക്കൂട്ടത്തില്‍ തുത്തന്‍ഖാമന്റെ ശവക്കല്ലറയുമുണ്ട്. ചുവരുകളില്‍ മഞ്ഞയും പച്ചയും നിറം തെളിയുമ്പോള്‍ പ്രത്യേക ചന്തം തോന്നും. നോണ്‍ ആര്‍ട്ടിഫിഷ്യല്‍ മെറ്റീരിയല്‍കൊണ്ട് പെയിന്റുചെയ്തതാണത്.
പുരാതന ഈജിപ്തിലെ, പുരുഷവേഷം കെട്ടിയ ചക്രവര്‍ത്തിനിയായ ഹത്ഷെപ്സുത്തിനെ ആരാധിക്കുന്നയിടമാണ് ഹത്ഷെപ്സുത്ത് ടെമ്പിള്‍. ഇവിടെ പക്ഷിമൃഗാദികള്‍ക്കെല്ലാം ദൈവരൂപമാണ്. ഈഗിള്‍ ഗോഡസ്, സ്‌നേക് ഗോഡ്, ഫാല്‍ക്കണ്‍ ഗോഡ്... ദൈവത്തിന്റെ സുരക്ഷിതവലയത്തിനുള്ളിലാണ് അവരുടെ ഭൂമി എന്നാണ് വിശ്വാസം. നൈലിന്റെ കിഴക്കന്‍ തീരത്തായാണ് കാര്‍ണക് ക്ഷേത്രം. ഈജിപ്തില്‍ ഗിസ പിരമിഡുകള്‍ക്കുശേഷം ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ് കാര്‍ണക് ക്ഷേത്രം.
ലക്‌സറില്‍നിന്ന് പിറ്റേന്ന് രാവിലത്തെ ഫ്‌ളൈറ്റില്‍ നേരേ അസ്വാനിലേക്ക്. ഒരുമണിക്കൂര്‍ യാത്ര. ഫൈലാ ടെമ്പിള്‍, ടെമ്പിള്‍ ഓഫ് ഐസിസ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം ഷോപ്പിങ്ങിനിറങ്ങി. വളരെ കുറഞ്ഞ സമയം മാത്രമുള്ളതിനാല്‍ രണ്ടോ മൂന്നോ സാധനങ്ങള്‍ മാത്രം വാങ്ങിപ്പോന്നു. വിലപേശിയാലേ കാര്യമുള്ളൂ. പറ്റിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പെര്‍ഫ്യൂം കടകള്‍ അവിടെ വ്യാപകമാണ്. അവരുടെ വാചകമടിയില്‍ വീണാല്‍ പോക്കറ്റ് കാലിയാവുമെന്നുറപ്പ്.
പ്രാചീനകാലത്ത് എഴുതാനുപയോഗിച്ചിരുന്ന കട്ടിയുള്ള കടലാസുകളായ പാപ്പിറസ് മരുമകള്‍ക്കായി വാങ്ങി. അവള്‍ നന്നായി വരയ്ക്കും. പാപ്പിറസ് ചെടിയുടെ തണ്ടില്‍നിന്നാണ് കടലാസ് നിര്‍മിക്കുന്നത്. പാപ്പിറസ് കടലാസുകളില്‍ ചെയ്ത പെയിന്റിങ്ങുകള്‍ മനോഹരമായ കാഴ്ചകളാണ്. കൂട്ടത്തില്‍ വീട്ടിലേക്കായി ഒരു പെയിന്റിങ്ങും വാങ്ങി. കൃഷിയും ശില്പനിര്‍മാണങ്ങളുമൊക്കെയായി നാടും നാട്ടാരും അവരുടെ ലോകത്താണ്. മറ്റുള്ളവരെക്കുറിച്ചും പുറത്തുനടക്കുന്ന ഒന്നിനെപ്പറ്റിയും അവര്‍ ചിന്തിക്കുന്നതേയില്ല. ശാന്തമായ പ്രദേശം, എങ്കിലും നിഗൂഢതകള്‍ വിട്ടൊഴിയാത്തതുപോലെ... ഇനിയും മരുഭൂമിയിലെ മണ്ണുനീക്കി ഈജിപ്തിന്റെ വിസ്മയകഥകളെത്ര പുറത്തുവരാനിരിക്കുന്നു!
Content Highlights: Indian businesswoman and ceo of seematti textiles beena kannan's travelogue