ഓണക്കാലത്തെ പായസപരീക്ഷണങ്ങൾ പുത്തനാവട്ടെ, വെറൈറ്റി പായസ റെസിപ്പികൾ

മധുരങ്ങൾ കേവലം വിഭവമല്ല, ഓർമ്മകളും കുടുംബാനുഭവങ്ങളും പങ്കുവെക്കാനുള്ള ഒരു അവസരവുമാണ്. പ്രിയപ്പെട്ടവരുടെ മനസ്സിലേക്ക് ചേക്കേറാൻ പുത്തൻ പായസങ്ങൾ ഇതാ..
കപ്പ പായസം
കപ്പ- 500 ഗ്രാം
പനംചക്കര- 750 ഗ്രാം
നെയ്യ്- 60 മില്ലി
ഉപ്പ്- ആവശ്യത്തിന്
തേങ്ങ- രണ്ടെണ്ണം
കിസ്മിസ്- 20 ഗ്രാം
അണ്ടിപ്പരിപ്പ്- 30 ഗ്രാം
ഏലയ്ക്കപ്പൊടി- 5 ഗ്രാം
ഈന്തപ്പഴം- (വേണമെങ്കില്‍)
തയ്യാറാക്കുന്ന വിധം:
കപ്പ പുഴുങ്ങി വെള്ളം വാര്‍ത്തുകളയുക. ഒന്നരത്തേങ്ങയുടെ ഒന്നാംപാലും രണ്ടാംപാലുമെടുക്കുക. അരത്തേങ്ങ ചിരവിയുമെടുക്കാം. ശര്‍ക്കര വെള്ളത്തില്‍ അലിയിച്ച് സിറപ്പുണ്ടാക്കി മാറ്റിവയ്ക്കാം. വേവിച്ചരിഞ്ഞെടുത്ത കപ്പ നെയ്യില്‍ വഴറ്റുക. തേങ്ങയുടെ രണ്ടാംപാല്‍ ഒഴിച്ച് നന്നായി ഇളക്കിയശേഷം ശര്‍ക്കര സിറപ്പ് ഒഴിക്കാം. അരിഞ്ഞുവെച്ച ഈന്തപ്പഴവും ചേര്‍ക്കാം. ശേഷം തീ കുറച്ച് ഒന്നാംപാല്‍ ഒഴിച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി തീയണയ്ക്കാം. പാനില്‍ നെയ്യ് ചൂടാക്കി അതിലേക്ക് തേങ്ങ ചിരവിയത്, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവയിട്ട് വറുത്തുകോരി പായസത്തിന് മുകളില്‍ തൂവാം. ശേഷം ചൂടോടെ വിളമ്പാം.
മാമ്പഴപ്പായസം
മാമ്പഴം- 500 ഗ്രാം
ശര്‍ക്കര- 250 ഗ്രാം
നെയ്യ്- 50 മില്ലി
തേങ്ങ- രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം:
മാങ്ങ കഷ്ണങ്ങളായി അരിയണം. ശര്‍ക്കര വെള്ളത്തില്‍ ലയിപ്പിച്ച് പാനിയുണ്ടാക്കുക. പാനില്‍ നെയ്യ് ചൂടാക്കി മാങ്ങ അതില്‍ ചേര്‍ത്ത് വഴറ്റുക. ശര്‍ക്കര പാനി ഇതിലേക്കൊഴിക്കാം. തീ കുറച്ചുവെച്ച് തേങ്ങാപ്പാല്‍ ഒഴിക്കാം.
പൈനാപ്പിള്‍ പായസം
കൈതച്ചക്ക- 500 ഗ്രാം
പഞ്ചസാര- 250 ഗ്രാം
തേങ്ങ- രണ്ടെണ്ണം
ചൗവ്വരി (ആവശ്യമെങ്കില്‍)- 50 ഗ്രാം
വറുത്ത അണ്ടിപ്പരിപ്പ്- 30 ഗ്രാം
തയ്യാറാക്കുന്ന വിധം:
കൈതച്ചക്ക ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം. തേങ്ങ പിഴിഞ്ഞ് പാലെടുത്തുവെക്കണം. പൈനാപ്പിള്‍ വെള്ളത്തില്‍ വേവിച്ച് ഉടച്ചെടുക്കുക. ചൗവ്വരി വേവിച്ചെടുത്ത് മാറ്റിവെക്കുക. പാന്‍ ചൂടാക്കി നെയ്യ്, പൈനാപ്പിള്‍, ചൗവ്വരി, പഞ്ചസാര, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്തിളക്കി ചെറുതീയില്‍ വേവിക്കുക. പാകമായശേഷം അണ്ടിപ്പരിപ്പ് ചേര്‍ത്ത് അലങ്കരിക്കാം. ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം.
പപ്പായ പായസം
പപ്പായ- രണ്ട്
ശര്‍ക്കര- ഒരു കിലോഗ്രാം
നെയ്യ്- 50 മില്ലി
അണ്ടിപ്പരിപ്പ്- പത്തെണ്ണം
തേങ്ങ- മൂന്നെണ്ണം
തയ്യാറാക്കുന്ന വിധം:
പപ്പായ ഉടച്ചെടുക്കുക. ഒരു പാനില്‍ ശര്‍ക്കരയും നെയ്യും ഒപ്പം പപ്പായയും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക. പായസപ്പരുവമായില്‍ തീയണച്ച് കശുവണ്ടി വിതറി അലങ്കരിക്കാം. .
കുമ്പളങ്ങ പായസം
കുമ്പളങ്ങ- 1 കിലോഗ്രാം
പഞ്ചസാര- 500 ഗ്രാം
ചൗവ്വരി- 50 ഗ്രാം
പാല്‍- 1.5 ലിറ്റര്‍
തയ്യാറാക്കുന്ന വിധം:
കുമ്പളങ്ങ അരിഞ്ഞെടുത്തതും ചൗവ്വരിയും വെവ്വേറെ തിളപ്പിക്കുക. ശേഷം കുമ്പളങ്ങയില്‍നിന്ന് വെള്ളം മുഴുവനായും വാര്‍ത്തുകളയുക. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അതിലേക്ക് കുമ്പളങ്ങയിട്ട് നന്നായി വഴറ്റാം. ശേഷം പാലും പഞ്ചസാരയും ചേര്‍ക്കണം. ആവശ്യമുള്ള കട്ടിയാകും വരെ ഇളക്കിക്കൊണ്ടിരിക്കുക. വേവിച്ച ചൗവ്വരിയുംകൂടി ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: celebrate onam with traditional kerala payasam recipes. Learn to make variety payasams