അത്തച്ചമയത്തിന്റെ തിരക്കിൽ മലയാളികൾ; ഓണത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു

ഫോട്ടോ: ഗിരീഷ് കുമാര്‍ സി.ആര്‍
ഫോട്ടോ: ഗിരീഷ് കുമാര്‍ സി.ആര്‍

ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ മറ്റൊരോണക്കാലം. മലയാളിക്കരയുടെ മഹോത്സവത്തിന് തിരിതെളിയുകയാണ്. അത്തച്ചമയവും പുലികളിയും സദ്യയും ഓണപ്പൂക്കളവുമെല്ലാം തിരുവോണ നിലാവിന് അഴകേകും. അത്തം മുതല്‍ പത്തുനാള്‍ കയ്യും മെയ്യും മറന്ന് ഓണാഘോഷം പൊടിപൊടിക്കും. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. അത്തം മുതലാണ് പൂക്കളമിടുന്നത്.

പിന്നീടുള്ള ദിവസങ്ങളിൽ തുമ്പ, തുളസി, തെച്ചി, തൊട്ടാവാടി, മുക്കുറ്റി ഇലകള്‍, ഫലങ്ങള്‍ തുടങ്ങി പ്രകൃതിയിലെ എല്ലാം പൂക്കളങ്ങളില്‍ സ്ഥാനം പിടിക്കും. നാട്ടിന്‍പുറങ്ങളിലെ വൈവിധ്യമാര്‍ന്ന പൂക്കളാല്‍ തീര്‍ത്ത അത്തപൂക്കളങ്ങള്‍ക്ക് എന്തൊരു ഭംഗിയാണ്. അത്തം മുതല്‍ ഓണം വരെ നാട്ടിലെ കുട്ടിപ്പട്ടാളങ്ങള്‍ക്ക് വിശ്രമമില്ല. കാടും മലയും കുന്നും കയറി വര്‍ണശബളമായ പൂക്കള്‍ പറിച്ച് പൂക്കൊട്ടയിലാക്കും. രാവിലെ എഴുന്നേറ്റ് പൂവുകള്‍ പറിച്ച് കൊണ്ടുവന്ന് തലേന്ന് ശേഖരിച്ചവയും ചേര്‍ത്ത് പൂക്കളമൊരുക്കി സ്‌കൂളുകളിലെത്തും കുരുന്നുകള്‍. പിറ്റേന്നിടാനുളള പൂക്കളുമായിട്ടായിരിക്കും വൈകീട്ട് വീട്ടിലേക്കുളള മടക്കം. പൂക്കളം തയ്യാറാക്കുന്നതിനും ചില രീതികളുണ്ട്. അത് ഓരോ നാട്ടിലും വ്യത്യസ്തവുമാണ്.

എ.ഐ നിർമിതചിത്രം

അത്തം ഒന്നിന് ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍, മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. മൂന്നാം ദിവസം മുതല്‍ നിറങ്ങളുളള പൂക്കള്‍ ഇടും. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം ദിവസം ആകുമ്പോള്‍ പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. 

അങ്ങനെ മാവേലി തമ്പുരാനെ വരവേല്‍ക്കാനായി മലയാളക്കര ഒന്നടങ്കം ഒരുങ്ങിക്കഴിഞ്ഞു. അത്തച്ചമയത്തിന്റെയും ഉത്രാടപ്പാച്ചിലിന്റെയും ഒരുക്കത്തിലാണ് ലോകമെമ്പാടുമുളള മലയാളികള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Celebrate Onam, Kerala`s vibrant festival. How to make pookalam, witness the beauty of pookalam, traditional feasts, and cultural performances.