ഓണം മൂഡ് ഓണാക്കാൻ ഓണക്കോടിയിൽ സ്റ്റൈൽ ചെയ്യാം

ജിസ്മ വിമൽ /instagram
ജിസ്മ വിമൽ /instagram

പൂക്കളവും സദ്യവട്ടങ്ങളും മാത്രമല്ല, നിറപ്പകിട്ടുള്ള ഓണക്കോടിയുമുണ്ടെങ്കിലേ മലയാളികള്‍ക്ക് ഓണം മൂഡ് ഓണ്‍ ആവൂ. ഓണത്തിന് എന്തുടുക്കും എന്നാലോചിച്ച് തലപുണ്ണാക്കേണ്ട... ഓണപ്പുടവകള്‍ ഭംഗിയാക്കാന്‍ ഈ ടിപ്‌സുകള്‍ സഹായിക്കും.

ഉത്രാടപ്പൂനിലാവ്
ഒന്നാം ഓണത്തിന് ട്രഡീഷണല്‍- മോഡേണ്‍ ഫ്യൂഷന്‍ ഡ്രസ്സുകള്‍ ആവട്ടെ.

  • സ്‌കേര്‍ട്ട്-ടോപ്പ്, ഇന്‍ഡോ-വെസ്‌റ്റേണ്‍ ലുക്ക് നല്‍കുന്ന ഷറാര, ഗറാര പോലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം.
  • ഗോള്‍ഡന്‍, സില്‍വര്‍, കോപ്പര്‍ കസവ് ബോര്‍ഡറുകളുള്ള ഓഫ് വൈറ്റ് തുണിത്തരങ്ങളിലുള്ള വസ്ത്രങ്ങള്‍ എന്നും പുതുമയോടെ നിലനില്‍ക്കുന്നവയാണ്. ഈ തുണിത്തരങ്ങളിലുള്ള സ്‌കേര്‍ട്ട്, ഷറാര, ഗറാര എന്നിവയ്‌ക്കൊപ്പം പേസ്റ്റല്‍ നിറങ്ങള്‍, ഫ്‌ളോറല്‍ ഡിസൈനുകള്‍ കടും നിറങ്ങള്‍ എന്നിവയിലുള്ള ടോപ്പുകള്‍ ഇടുന്ന രീതിയുമുണ്ട്.
  • കോപ്പര്‍ കസവ് വസ്ത്രത്തിനൊപ്പം ഫ്‌ളോറല്‍ ഡിസൈനിലുള്ള ദുപ്പട്ട, സില്‍വര്‍ കസവിലുള്ള ബ്ലൗസിനൊപ്പം ഡിജിറ്റല്‍ പ്രിന്റ്‌സുള്ള പാന്റ്‌സ്, ഗോള്‍ഡന്‍ ലൂറെക്‌സ് പാന്റ്‌സിനൊപ്പം സിംപിള്‍ ഓഫ് വൈറ്റ് കുര്‍ത്ത എന്നിവയെല്ലാം ട്രഡീഷണല്‍ ലുക്ക് നല്‍കുന്ന മോഡേണ്‍ ഡിസൈനുകളാണ്.
  • ബോര്‍ഡറുകളില്‍ സറി, ഫ്‌ളോറല്‍ ത്രെഡ് എംബ്രൊയ്ഡറി പോലുള്ള മോട്ടീഫ്‌സ് വരുന്ന തുണിത്തരങ്ങള്‍ വ്യത്യസ്ത പാറ്റേണുകളിലുള്ള വസ്ത്രങ്ങള്‍ക്ക് ഉപയോഗിക്കാനാവും. ഈ ബോര്‍ഡറുകള്‍ പലാസോയുടെ താഴെയും, കുര്‍ത്തയുടെ സ്ലീവുകളിലും, അനാര്‍ക്കലിയുടെ യോക്ക് പോര്‍ഷനിലും ഉപയോഗിക്കാം.
  • ഡിജിറ്റല്‍ പ്രിന്റുകള്‍ ഇപ്പോള്‍ ട്രെന്‍ഡിങാണ്. കേരളത്തിന്റെ സംസ്‌കാരം, ജീവിതരീതി, ഭൂപ്രകൃതി എന്നിവയില്‍നിന്നെല്ലാം ആശയങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തനിമ ഉണര്‍ത്തുന്ന ഡിജിറ്റല്‍ പ്രിന്റിലുള്ള തുണിത്തരങ്ങള്‍ വിപണിയിലുണ്ട്.
  • ഡിജിറ്റല്‍ പ്രിന്റിന് മുകളില്‍ അപ്ലിക്ക് വര്‍ക്ക്, ത്രെഡ് എംബ്രോയിഡറി ചെയ്തവയുമുണ്ട്. ഡിജിറ്റല്‍ പ്രിന്റ് തുണികള്‍ക്ക് അധികം വര്‍ക്കുകളുടെ ആവശ്യമില്ല. പ്രിന്റ് തന്നെയാണ് അതിന്റെ ഹൈലൈറ്റ്.
പ്രതീകാത്മക ചിത്രം
  • അപ്ലിക്ക് വര്‍ക്ക് മാത്രമുള്ള വസ്ത്രങ്ങളും ജനപ്രിയമാണ്. സ്ലീവിലോ, യോക്കിലോ, ദുപ്പട്ടയുടെ അറ്റത്തോ ചെറിയ ഡിസൈനുകള്‍ ചേര്‍ക്കാം.
  • സാധാരണ കണ്ടുവരുന്ന സ്‌കേര്‍ട്ട്-ടോപ്പ് പാറ്റേണുകളില്‍നിന്നും വ്യത്യസ്തമാക്കാന്‍ ബ്ലൗസില്‍ മാറ്റങ്ങള്‍ വരുത്താം. സില്‍ക്ക് സ്‌കേര്‍ട്ടിനൊപ്പം കോര്‍സെറ്റ്, പെപ്‌ലം, കഠോരി പോലുള്ള ബ്ലൗസുകള്‍ നന്നായി ചേരും. ദുപ്പട്ട ഇടേണ്ട.
  • സ്‌കേര്‍ട്ടുകള്‍ക്കും പാവാടകള്‍ക്കും ഒരു ഇന്‍ഡോ-വെസ്റ്റേണ്‍ ലുക്ക് നല്‍കുന്നവയാണ് ജാക്കറ്റ് ബ്ലൗസുകള്‍. കസവ് മോട്ടിഫുകളോ എംബ്രോയ്ഡറിയോ ചെയ്ത ക്രോപ്പ്ഡ് അല്ലെങ്കില്‍ ലോങ്‌ലൈന്‍ ജാക്കറ്റുകള്‍ തിരഞ്ഞെടുക്കാം.
  • ഇന്‍ഡോ വെസ്‌റ്റേണ്‍ ലുക്കില്‍ ഒരുങ്ങാന്‍ കസവ് മോട്ടീഫ്‌സ് വരുന്ന ഷറാര ഡിസൈന്‍ ചെയ്യാം. കസവ് ബോര്‍ഡര്‍ വരുന്ന ഷോര്‍ട്ട് ടോപ്പും ഫ്‌ളോയി ആയ, പാവാടപോലെ തോന്നിക്കുന്ന ഷരാര പാന്റ്‌സും സ്‌റ്റൈലിഷും സിംപിളുമാണ്.

  • ഷോര്‍ട്ട് കുര്‍ത്ത ഷരാരയും നല്ല ഓപ്ഷനാണ്. കുര്‍ത്തയുടെ ഇറക്കം ഇടുപ്പുവരെയോ അല്ലെങ്കില്‍ തുടയുടെ പകുതിവരെയോ മതി. കുര്‍ത്തയുടെ താഴെയും സ്ലീവിന്റെ അറ്റത്തും സറി വര്‍ക്കുകളോ കസവ് ബോര്‍ഡറോ ചേര്‍ക്കാം. വീതിയുള്ള കസവ് ബോര്‍ഡറുകള്‍ നല്‍കുന്നതാണ് ഷറാരയ്ക്ക് കൂടുതല്‍ ഭംഗി.

  • ഓണത്തിന് ഗരാരയ്‌ക്കൊപ്പം ക്രോപ്പ് ടോപ്പ് ഡിസൈന്‍ ചെയ്യാം. ശരീരത്തോട് ചേര്‍ന്നുനില്‍ക്കുന്ന, ഫിറ്റ് ആയ ക്രോപ്പ് ടോപ്പും ഒരുപാട് ഫ്‌ളെയറുകളുള്ള ഗറാരയും.
  • ക്രോപ്പ് ടോപ്പിന് പഫ് സ്ലീവ്‌സോ അല്ലെങ്കില്‍ സ്ലീവ്‌ലെസ് ആയോ ഡിസൈന്‍ ചെയ്യാം. ഗറാരയുടെ ഭംഗി അതിന് നല്‍കുന്ന ഫ്‌ളെയറിനനുസരിച്ചിരിക്കും. ഗരാരയുടെ താഴെ വീതിയുള്ള കസവ് ബോര്‍ഡര്‍ വെക്കാം. നെക്ക് ലൈനിലും സ്ലീവിന്റെ അറ്റത്തും നേര്‍ത്ത കസവ് പൈപ്പിങ് നല്‍കി ഹൈലൈറ്റ് ചെയ്യാം.

ഓണം പൊൻതിരുവോണം

തിരുവോണത്തിന് മലയാളത്തനിമ ഉണര്‍ത്തുന്ന കസവു സാരി മതി.

  • ഗോള്‍ഡന്‍, സില്‍വര്‍ തുടങ്ങി വ്യത്യസ്ത നിറങ്ങളില്‍ ബോര്‍ഡറുകളുള്ളതോ അല്ലെങ്കില്‍ ഹാന്‍ഡ് പെയിന്റഡ്, എംബ്രൊയ്ഡറി, അപ്ലീക് വര്‍ക്ക്... തുടങ്ങി മോട്ടീഫ്‌സ് വരുന്നതോ ആയ സാരികളോ സെറ്റ് മുണ്ടോ തിരഞ്ഞെടുക്കാം.
  • സാരി സിംപിളോ ഹെവിയോ ആകട്ടെ സാരിയുടെ ഭംഗി പൂര്‍ണമാകുന്നത് ശരിയായ കോമ്പിനേഷനിലുള്ള ബ്ലൗസുംകൂടി ചേരുമ്പോഴാണ്. ബ്ലൗസിന് നല്‍കുന്ന ചെറിയ മാറ്റങ്ങളോ ബ്ലൗസിന് തിരഞ്ഞെടുക്കുന്ന മെറ്റീരിയലോ പോലും സാരിയുടെ മൊത്തം അഴകിനെ മാറ്റിമറിക്കും.
പ്രതീകാത്മക ചിത്രം
  • ബ്ലൗസിന് സാധാരണ തിരഞ്ഞെടുക്കുന്ന നിറങ്ങളില്‍ നിന്നും വ്യത്യസ്തമായി അധികം കണ്ടുവരാത്ത നിറങ്ങള്‍ പരീക്ഷിക്കാം. അത് പുതുമ നല്‍കുകയും ഒപ്പം മോഡേണ്‍ ആയി തോന്നിക്കുകയും ചെയ്യും. ഉദാഹരണത്തിന്, സില്‍വര്‍ കസവ് ബോര്‍ഡര്‍ സാരിക്കൊപ്പം ധരിക്കാനുള്ള ബ്ലൗസിന് പറ്റിയ പുതിയ നിറങ്ങള്‍ നോക്കാം.
  • സില്‍വര്‍ ബോര്‍ഡറുമായി നന്നായി ചേര്‍ന്നുപോകുന്ന നിറമാണ് ലാവണ്ടര്‍. ഒപ്പം സില്‍വര്‍ നിറത്തിലുള്ള ഓക്‌സിഡൈസ്ഡ് ജുവല്ലറികള്‍കൂടി ധരിക്കുമ്പോള്‍ മൊത്തം ലുക്ക് എടുത്തുനില്‍ക്കുന്നതായി കാണാം.
  • അതിനുപുറമെ സില്‍വര്‍ നിറവുമായി നന്നായി ഇണങ്ങുന്നവയാണ് ടീല്‍ ബ്ലൂ, പീക്കോക്ക് ബ്ലൂ എന്നീ നിറങ്ങള്‍. റെഡ്, ബ്ലൂ, ഗ്രീന്‍, ഓറഞ്ച്, പിങ്ക്... എന്നിങ്ങനെ സാധാരണ കണ്ടുവരുന്ന റോയല്‍ ജുവല്‍ കളര്‍ ടോണുകളില്‍ നിന്ന് മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിറങ്ങളാണിത്.
  • ബോള്‍ഡ് സ്‌റ്റേറ്റ്‌മെന്റ് ലുക്ക് നല്‍കുന്ന മറ്റൊരു നിറമാണ് നിയോണ്‍ ഗ്രീന്‍. പ്ലെയിന്‍ ആയ ബ്ലൗസ് ആണെങ്കിലും ധാരാളം ഡീറ്റെയിലിങ്ങുകളുള്ള ബ്ലൗസ് ആണെങ്കിലും ഈ നിറം ഭംഗിയായിരിക്കും.
  • മറ്റൊരു ഓപ്ഷനാണ് ഒനിയന്‍ പിങ്ക്. തീവ്രതകൂടിയ നിറങ്ങളല്ലാതെ കണ്ണിന് കുളിര്‍മയേകുന്ന ലുക്ക് ആണ് വേണ്ടതെങ്കില്‍ ഒനിയന്‍ പിങ്ക് തിരഞ്ഞെടുക്കാം.
  • ഗോള്‍ഡന്‍ കസവ് ബോര്‍ഡറുള്ള സാരിയുടെ ബ്ലൗസുകള്‍ക്ക് യോജിച്ച നിറങ്ങളില്‍ ഒന്നാണ് കാപ്പി. കോഫീ ബ്രൗണോ, ചോക്കലേറ്റ് ബ്രൗണോ തിരഞ്ഞെടുക്കാം. കൂടാതെ ഗോള്‍ഡന്‍ നിറത്തിലുള്ള ജുവല്ലറികളുമായും ഈ നിറം ചേരും.
  • ഓറഞ്ച്, ഇഷ്ടിക നിറം എന്നിവയാണ് അടുത്ത ഓപ്ഷനുകള്‍. ഇരുനിറമുള്ളവര്‍ക്ക് ഈ നിറം നന്നായി ചേരും.
  • റാണി പിങ്കാണ് മറ്റൊരു നിറം. കൂടാതെ പ്ലം പഴത്തിന്റെ നിറത്തിലുള്ള ബ്ലൗസും കസവുസാരിയുമായി യോജിക്കും.
  • കടുംനിറത്തിലുള്ള ബ്ലൗസുകളില്‍നിന്നും വ്യത്യസ്തമായി ബ്ലൗസ് വേണമെങ്കില്‍ മസ്റ്റാര്‍ഡ് യെല്ലോ തിരഞ്ഞെടുക്കാം.
  • സാരിക്ക് സാധാരണ കാണുന്ന ബ്ലൗസ് പാറ്റേണുകളില്‍നിന്ന് വ്യത്യസ്തമാക്കാന്‍ പറ്റിയ ചില ബ്ലൗസ് പാറ്റേണുകളാണ് പെപ്‌ലം ബ്ലൗസ്, കോര്‍സെറ്റ് ബ്ലൗസ്, കഠോരി കട്ട് ബ്ലൗസ് എന്നിവ.
  • അര ഭാഗത്തുനിന്നും വിടര്‍ന്ന് വരുന്ന പാറ്റേണാണ് പെപ്‌ലം ബ്ലൗസിന്റേത്. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്നതും സ്‌റ്റൈലിഷുമായ പാറ്റേണാണ് കോര്‍സെറ്റ് ബ്ലൗസ്. ഒരുകാലത്തെ ട്രെന്‍ഡായിരുന്ന കഠോരി ബ്ലൗസുകള്‍ വീണ്ടും വന്നിട്ടുണ്ട്. ബസ്റ്റ് ഏരിയയ്ക്ക് കൃത്യമായ ഷേയ്പ്പ് നല്‍കുന്ന ഈ ബ്ലൗസ് പാറ്റേണ്‍ ക്ലാസിക്കും ട്രെന്‍ഡിയുമാണ്.
  • ബ്ലൗസിന് തിരഞ്ഞെടുക്കുന്ന തുണിത്തരങ്ങളിലും വേണം പുതുമ. സില്‍ക്കും കോട്ടണും ബ്രൊക്കേഡും മാത്രമല്ല, ചെട്ടിനാട് ചെക്ക്‌സ്, ഹാന്‍ഡ്ലൂം സ്ട്രൈപ്പുകള്‍, സുങ്ഗുടി കോട്ടണ്‍, ഇക്കത്ത്, പെന്‍ കലങ്കാരി, അജ്‌റഖ്, ചന്ദേരി, ബനാറസി, തുടങ്ങിയവയെല്ലാം കസവുസാരിക്ക് അനുയോജ്യമാണ്.
  • ബ്ലൗസിന്റെ സ്ലീവുകള്‍ക്കും പ്രാധാന്യമുണ്ട്. സാരിയുടെ ബോര്‍ഡറിന്റെ ഭംഗി എടുത്തു കാണിക്കുന്നവയാണ് ഫുള്‍ സ്ലീവ് ബ്ലൗസുകള്‍. കോള്‍ഡ് ഷോള്‍ഡര്‍ പാറ്റേണിലുള്ള സ്ലീവും മോഡേണ്‍ ലുക്ക് നല്‍കുന്നവയാണ്. ചെറുതോ വലുതോ ആയ പഫ് സ്ലീവുകളുടെ ട്രെന്‍ഡും അവസാനിച്ചിട്ടില്ല.
  • രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള തുണിത്തരങ്ങള്‍ ചേര്‍ത്ത് സ്ലീവ് ഡിസൈന്‍ ചെയ്യുന്നതും കൂടുതല്‍ ആകര്‍ഷകമാക്കും.
  • ഒരു വശത്ത് ബോര്‍ഡറുള്ള മള്‍, ചന്ദേരി, ലൂറെക്‌സ്, കോട്ടണ്‍ തുണിത്തരങ്ങളും ഇപ്പോള്‍ വിപണിയിലുണ്ട്.

പൂവേപൊലി പൂപ്പൊലി

അവിട്ടത്തിനും ചതയത്തിനും സിംപിളായതും എന്നാല്‍ ഓണം വൈബില്‍ ഒത്തുപോകുന്നതുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം.

പ്രതീകാത്മക ചിത്രം
  • ഫാഷന്‍ രംഗത്തെ താരങ്ങളാണ് കോ-ഓര്‍ഡ് സെറ്റുകള്‍. ഐവറി കസവ് തുണികളിലോ, ഫ്‌ളോറല്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പ്രിന്റുകളിലോ കോര്‍ഡ്‌സെറ്റ് ഡിസൈന്‍ ചെയ്യാം.
  • ലോങ് കുര്‍ത്തയും സ്ലിം പാന്റ്സും മറ്റൊരു ഓപ്ഷനാണ്. മുട്ടിന് താഴെ ഇറക്കംവരുന്ന സ്‌ട്രെയിറ്റ് അല്ലെങ്കില്‍ എ-ലൈന്‍ കട്ടില്‍ വരുന്ന ലോങ് കുര്‍ത്ത ഭംഗിയായിരിക്കും. ഹെം പോര്‍ഷനിലും സ്ലീവ്‌സിന്റെ അറ്റത്തും കസവ് ബോര്‍ഡര്‍ നല്‍കാം. സ്ലിം പാന്റ്‌സില്‍, കണങ്കാലിനോട് ചേര്‍ന്ന് ഒരു നേര്‍ത്ത കസവ് പിടിപ്പിക്കാം.
  • ഒരുപാട് ഫ്‌ളെയറുകള്‍ വരുന്ന ഐവറി ഷേയ്ഡിലുള്ള അനാര്‍ക്കലികളും അണിയാം.
  • ടുലിപ് പാന്റ്‌സും കുര്‍ത്തയും സ്‌റ്റൈലിഷും സിംപിളുമായ ഓപ്ഷനാണ്. മുന്‍വശത്ത് ഡ്രേപ്പ് ചെയ്ത റാപ്പോടു കൂടിയതാണ് ടുലിപ് പാന്റ്‌സ്. ഈ ഡ്രേപ്പിന്റെ അരികുകളില്‍ കസവ് ബോര്‍ഡര്‍ വെച്ച് ആകര്‍ഷകമാക്കാം. കുര്‍ത്ത ഒന്നുകില്‍ ഷോര്‍ട്ട് ആയതോ ഹൈ സ്ലിറ്റ് ആയതോ നല്‍കാം. സ്ലിറ്റിന്റെ വശങ്ങളിലും സ്ലീവുകളിലും കസവ് പിടിപ്പിക്കാം.
  • ഓരോ സ്‌റ്റൈലുകളിലുള്ള വസ്ത്രങ്ങളും കസവ് ബോര്‍ഡറുകളുള്ള പ്ലെയിന്‍ ഐവറി തുണിയിലോ, ഫ്‌ളോറല്‍ ബോര്‍ഡറുള്ള തുണികളിലോ, ഡിജിറ്റല്‍ പ്രിന്റുകളിലോ തയ്യാറാക്കാം.
  • സിംപിളായ വസ്ത്രത്തെപ്പോലും യോജിച്ച ആക്‌സസറികള്‍ കൊണ്ട് മനോഹരമാക്കാം. ഗോള്‍ഡ് ഇമിറ്റേഷന്‍ ജുവല്ലറികളാണ് ഏറ്റവും നല്ല ഓപ്ഷന്‍.
  • ലോട്ടസ്, എലിഫന്റ് പോലുള്ള ഡിസൈനുകളുള്ള മിനിമല്‍ നെക്ലേസുകള്‍ സിംപിളും സ്‌റ്റൈലിഷുമാണ്. ഒപ്പം ബോള്‍ഡ് സ്റ്റേറ്റ്‌മെന്റിനായി ചെവിയില്‍ ബുഗഡിയും ഇയര്‍ കഫുകളും ധരിക്കാം. ടെംപിള്‍ ഡിസൈനുകളുള്ള ആന്റീക് സ്റ്റേറ്റ്‌മെന്റ് കടകവളകളും അണിയാം.

കടപ്പാട്
പൂജ രണദേവ്
origin bridal studio

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: get inspired with onam outfit ideas, from traditional kasavu sarees to modern Indo-western fusion styles. Tips for skirts, tops, shararas, and more!