മാങ്ങ അവിയൽ മുതൽ ചീര അവിയൽ വരെ; സദ്യയിലെ കേമൻ

അവിയൽ / മാതൃഭൂമി ആർക്കൈവ്‌സ്‌
അവിയൽ / മാതൃഭൂമി ആർക്കൈവ്‌സ്‌

ധാരാളം പച്ചക്കറികൾ ചേർന്ന, പോഷകങ്ങൾ ഏറെയുള്ള കറി. നാരും പ്രോട്ടീനും ധാതുക്കളുമെല്ലാം ഒറ്റയടിക്ക് കിട്ടും അവിയൽ കഴിച്ചാൽ. കേരളത്തിൽ തന്നെ അവിയലുകൾ പലതരത്തിലാണ്. ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് അവിയൽ തയ്യാറാക്കുന്നത്. അവിയലിലെ ചേരുവകളുടെ കാര്യത്തിലും വേവിന്റെ കാര്യത്തിലുമെല്ലാം ഈ മാറ്റങ്ങൾ കാണാം. ചിലയിടത്ത് തൈര് ചേർക്കും, തൈര് ചേർക്കാതെയും അവിയൽ ഉണ്ടാക്കും. തൈരിനുപകരം മാങ്ങയോ പുളിയോ ചേർത്തും അവിയൽ തയ്യാറാക്കുന്നു. പച്ചക്കറി അവിയൽ മുതൽ മീനവിയൽ വരെയുണ്ട്.

അവിയൽ
ഏത്തയ്ക്ക- മൂന്ന് എണ്ണം
അമരപ്പയർ- അഞ്ച്‌ എണ്ണം
പടവലം - ഒന്ന് (ചെറുത്)
ഉരുളക്കിഴങ്ങ്- ഒന്ന്
ചേന- ചെറിയ കഷണം
മത്തൻ- ചെറിയ കഷണം
കാരറ്റ്- ഒന്ന്
തേങ്ങ - അരക്കപ്പ്
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
ജീരകം -കാൽ ടീസ്പൂൺ
വെളുത്തുളളി- മൂന്ന് അല്ലി
പച്ചമുളക്- രണ്ടെണ്ണം

പച്ചക്കറികളെല്ലാം തൊലികളഞ്ഞ് കഴുകി ചെറുകഷണങ്ങളായി മുറിക്കുക. ശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് കഷണങ്ങൾ അതിലേക്കിട്ട് അടുപ്പിലേക്ക് വെക്കാം. വെളളം തിളയ്ക്കുമ്പോൾ ഉപ്പ് ചേർക്കാം. കഷ്ണം വെന്ത ശേഷം തേങ്ങയും മഞ്ഞൾപ്പൊടിയും ജീരകവും വെളുത്തുള്ളിയും പച്ചമുളകും അരച്ചെടുത്ത് അതിലേക്ക് ചേർത്തിളക്കി വാങ്ങിവയ്ക്കാം. മറ്റൊരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് കടുകും ചെറിയുള്ളിയും ഉണക്കമുളകും കറിവേപ്പിലയും വറുത്തെടുത്ത് അവിയലിൽ താളിച്ച് ഉപയോഗിക്കാം.

പച്ചമാങ്ങ അവിയൽ
പച്ചമാങ്ങ തൊലികളഞ്ഞത്- രണ്ട്‌ എണ്ണം
വെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി- ആവശ്യത്തിന്
തേങ്ങ ചിരകിയത്- ഒരു മുറി
പച്ചമുളക്- അഞ്ച് എണ്ണം
വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ
കറിവേപ്പില- രണ്ട് തണ്ട്

മാങ്ങ രണ്ടിഞ്ച് നീളത്തിൽ അധികം കട്ടിയില്ലാതെ മുറിക്കുക. ഇത് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും അല്പം വെള്ളവും തൂവി കുഴയാതെ വേവിക്കുക. അതിലേക്ക് തേങ്ങയും പച്ചമുളകും ചതച്ചത് ചേർത്തിളക്കി ചൂടാവുമ്പോൾ വെളിച്ചെണ്ണ, കറിവേപ്പില എന്നീ ചേരുവകൾ ചേർത്തിളക്കി അടച്ചുവെയ്ക്കാം.

ചീര അവിയൽ
ചുവന്ന ചീര- ഒന്നര കപ്പ്
കാരറ്റ് നുറുക്കിയത്- കാൽ കപ്പ്
മുരിങ്ങക്കായ നുറുക്കിയത്- കാൽ കപ്പ്
ബീൻസ് നുറുക്കിയത്- കാൽ കപ്പ്
പച്ചമാങ്ങ- 100 ഗ്രാം
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
വെളിച്ചെണ്ണ- അര ടീസ്പൂൺ
ഉപ്പ്- പാകത്തിന്
തൈര്- 50 മില്ലി

അരപ്പിന്
തേങ്ങ ചിരകിയത്- അര കപ്പ്
പച്ചമുളക്- മൂന്ന്‌ എണ്ണം
ജീരകം- കാൽ ടീസ്പൂൺ

തേങ്ങ, പച്ചമുളക്, ജീരകം എന്നിവ അരച്ചെടുക്കുക. വലിയ ചട്ടിയിൽ ചീരയും മാങ്ങയും ഒഴിച്ചുള്ള പച്ചക്കറികൾ വെള്ളം, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് ഇടത്തരം ചൂടിൽ വേവിക്കുക. പച്ചക്കറികൾ അൽപം വേവുമ്പോൾ മാങ്ങാ കഷണങ്ങൾ ചേർത്ത് മൃദുവാകുന്നതുവരെ മൂന്നു മുതൽ അഞ്ച് മിനിറ്റ് വരെ മൂടിവെച്ച് വീണ്ടും വേവിക്കുക. ആവശ്യമെങ്കിൽ രണ്ട് ടേബിൾസ്പൂൺ വെള്ളം തളിക്കാം. മാങ്ങാ കഷണങ്ങൾ ഉടയാതെ നോക്കണം. അരിഞ്ഞ ചുവന്ന ചീരയിലകൾ ചേർത്തിളക്കി മൃദുവാകുന്നത് വരെ വഴറ്റുക. തീ ഓഫ് ചെയ്ത് വെളിച്ചെണ്ണ ചേർത്ത് വീണ്ടും നന്നായിളക്കുക. അരച്ചുവെച്ച തേങ്ങ മിശ്രിതം, തൈര്, ഉപ്പ് എന്നിവ ചേർത്തിളക്കി ചൂടോടെ വിളമ്പാം.

ചക്ക അവിയൽ
ചക്കക്കുരു തൊലികളഞ്ഞ് അരിഞ്ഞത്- അരക്കപ്പ്
പച്ചമാങ്ങ നീളത്തിൽ മുറിച്ചത്- ഒന്നിന്റെ പകുതി
ചക്കച്ചുള നീളത്തിൽ മുറിച്ചത്- 20 എണ്ണം
പച്ചമുളക്- നാല് എണ്ണം
ചുവന്നുള്ളി- മൂന്ന് എണ്ണം
തേങ്ങ ചിരവിയത്- അരമുറി
മഞ്ഞൾപൊടി- അര ടീസ്പൂൺ
ജീരകം- കാൽ ടീസ്പൂൺ
മുളകുപൊടി- കാൽ ടീസ്പൂൺ
വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്

ചട്ടിയിൽ ചക്കച്ചുള, കുരു എന്നിവ മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, കുറച്ചുവെള്ളം എന്നിവ ചേർത്ത് വേവിക്കുക. വെന്തുകഴിയുമ്പോൾ അതിലേക്ക് മാങ്ങയും ചേർത്ത് വേവിക്കുക. തേങ്ങ ചിരവിയത്, ചുവന്നുള്ളി, ജീരകം, പച്ചമുളക് എന്നിവ അരച്ചെടുക്കുക. ഇത് വേവിച്ച കൂട്ടിലേക്ക് ചേർത്ത് ചെറുതീയിൽ ഇളക്കി അല്പനേരം കൂടി വേവിക്കുക. ശേഷം പച്ചവെളിച്ചെണ്ണ തൂവി, കറിവേപ്പിലയുമിടുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Learn to make Avial, a traditional Kerala curry with mixed vegetables, coconut and yogurt. Different variations with raw mango and spinach