സംരംഭക, ടീച്ചർ, തയ്യല്‍ക്കാരി..മകന്‍റെ രോഗം ശരണ്യയെ ഇതെല്ലാമാക്കി

'അന്ന് ഞാന്‍ ഏഴ്മാസം ഗര്‍ഭിണിയാണ്. ഫോണ്‍ ബെല്ല് കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.പെട്ടെന്നുണ്ടായ ബ്ലീഡിങ്ങാണ് എന്നെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലെത്തിച്ചത്. കുഞ്ഞിനെ പുറത്തെടുക്കാതെ നിര്‍വാഹമുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നു രണ്ടാമത്തെ മകന്‍ അഭിരാമിന്റെ ജനനം. മാസം തികയാതെ പിറന്ന കുഞ്ഞിന്റെ പ്രശ്‌നങ്ങളൊന്നും ആദ്യമുണ്ടായിരുന്നില്ല അവന്. ഏഴ്മാസമുള്ളപ്പോള്‍ വന്ന അപസ്മാരം എല്ലാം തെറ്റിച്ചു. പുറമേ യാതൊരു കുഴപ്പവുമില്ലാത്ത കുഞ്ഞ്. എന്നാല്‍ എന്ത് കാര്യങ്ങള്‍ ചെയ്യണമെങ്കിലും അവന് സഹായം വേണം.' infantile spasms എന്ന ഡെവലപ്‌മെന്റ് ഡിസോര്‍ഡര്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ പിറവം സ്വദേശിനി ശരണ്യക്കുമുമ്പില്‍ ഇരുട്ടുമാത്രമായിരുന്നു. എന്നാല്‍ അങ്ങനെ തളരാന്‍ ശരണ്യ തയ്യാറായില്ല. മകനെ ചേര്‍ത്തു പിടിച്ചു. സംരംഭകയായും ടീച്ചറായും തയ്യല്‍ക്കാരിയായും... എന്തു പ്രതിബന്ധം വന്നാലും ജീവിതം മുന്നോട്ടു തന്നെയെന്ന് ഉറപ്പിച്ചു. ഗൃഹലക്ഷ്മിയുടെ മിസിസ് കേരള വേദിയില്‍ ശരണ്യ മനസ്സു തുറന്നു.
ദുരിതക്കയത്തില്‍ നിന്ന്
ബി.എഡ് കഴിഞ്ഞ് ജോലിക്കുപോയി. മൂത്ത മകന്‍ കാര്‍ത്തിക് ജനിച്ചതിനുശേഷവും ജോലിക്ക് പോയിരുന്നു. എന്നാല്‍ അഭിരാം മാസം തികയാതെ പിറന്നതിനാല്‍ പ്രത്യേക ശ്രദ്ധ ആവശ്യമായിരുന്നു. തുടക്കത്തില്‍ അവന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അണുബാധ പേടിച്ച് കുഞ്ഞിനെ പുറത്തു കൊണ്ടുപോകുകയോ ആരെയും കാണിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.ഏഴ് വയസ്സായെങ്കിലും അവന് എല്ലാക്കാര്യങ്ങളും ചെയ്യാന്‍ ഒരാളുടെ സഹായം വേണം. ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. അവന്റെ ഈ അവസ്ഥയില്‍ എനിക്ക് പുറത്തുപോയി ജോലിചെയ്യാന്‍ കഴിയുമായിരുന്നില്ല. അങ്ങനെയാണ് സംരംഭത്തിലേക്കിറങ്ങുന്നത്. വീട്ടില്‍ മുപ്പത് കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ട്. തുണി തയ്ച്ചുകൊടുക്കാറുണ്ട്... ഇതൊക്കെയാണ് ആദ്യം ചെയ്തിരുന്നത്. ഭര്‍ത്താവ് ഹരീഷ്‌കുമാര്‍ വില്ലേജ് എക്സ്റ്റഷന്‍ ഓഫീസറാണ്. മൂത്തമകന്‍ കാര്‍ത്തിക്, ആറാം ക്ലാസ്സിലാണ്.
ആ വിഷുക്കാലത്ത്
ഒരു വിഷുക്കാലത്ത്, ബന്ധുവായ സുനില്‍ വിഷുക്കണിയൊരുക്കുന്ന ഉടയാട വാങ്ങി കൊണ്ടുവന്നത് കണ്ടു. ഇതുപോലൊന്ന് ഉണ്ടാക്കി നോക്കാന്‍ പറഞ്ഞതും ആ ചേട്ടനാണ്. കടയില്‍ നിന്നും കുറച്ചു സാധനങ്ങള്‍ വാങ്ങി. ഉടയാട ഉണ്ടാക്കി. അത് ഫേസ് ബുക്കിലിട്ടു. ഒരുപാട് പേര്‍ക്ക് ഇഷ്ടമായി. പരിചയമുള്ളവര്‍ വാങ്ങി. ആദ്യം 3000 രൂപയുടെ വില്പന നടന്നു. സംഗതി വിജയിക്കുമെന്നു തോന്നിയപ്പോള്‍ 'അഭിരാമം ക്രാഫ്റ്റ് വര്‍ക്ക്' എന്ന പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്്റ്റാഗ്രാമിലും പേജ് തുടങ്ങി. ഇപ്പോള്‍ മൂന്നുവര്‍ഷമായി. ഒന്‍പതു മുതല്‍ പതിനാറ് ഇഞ്ച് വരെ വലുപ്പത്തില്‍ ഏത് നിറത്തിലും ഉടയാടകള്‍ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നുണ്ട്. പൂജാമുറി, വിവാഹതാലം, വിഷുക്കണി ഒരുക്കുന്ന തിരുവുടയാട തുടങ്ങി വിവിധതരം ഉടയാടകളാണ് വിപണിയിലെത്തിക്കുന്നത്. ക്ഷേത്രക്കാരും ഇവന്റ് മാനേജ്‌മെന്റകാരും എന്നെ സമീപിക്കാറുണ്ട്. വീട്ടിലിരുന്നു തന്നെ ചെയ്യാന്‍ കഴിയുന്നതിനാല്‍ മകന്റെ കാര്യം കൂടി ശ്രദ്ധിക്കാന്‍ കഴിയും.
ശുഭപ്രതീക്ഷയില്‍
ഫേസ്ബുക്കില്‍ ഗൃഹലക്ഷ്മിയുടെ മിസിസ് കേരള പരസ്യം കണ്ട് ഭര്‍ത്താവ് ഹരീഷ്‌കുമാറാണ് പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. എന്തായാലും പോയി നോക്കാം എന്നു തോന്നി. ആദ്യമായാണ് ഇത്തരമൊരു സ്‌റ്റേജില്‍. ഒരുപാട് സന്തോഷം തോന്നി. മേക്കപ്പൊന്നും അധികം ചെയ്യുന്ന ആളായിരുന്നില്ല ഞാന്‍. ഞാന്‍ ഇത്തരം ഷോകളില്‍ പങ്കെടുക്കുമ്പോള്‍ ആര്‍ക്കെങ്കിലും ഒരു പ്രചോദനമാകുന്നെങ്കില്‍ ആകട്ടെ എന്നു കരുതി. ജീവിതത്തെ പോസിറ്റീവായി കണ്ട് മുന്നോട്ടു പോകുക എന്നതാണ് എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്. അല്ലാതെ കഴിയില്ലല്ലോ, ജീവിതം മുന്നോട്ടു തന്നെയല്ലേ...
Content Highlights: mrs kerala contestant opens up about life