തൃപ്തി ലൈംഗികജീവിതത്തില്‍ മാത്രം ബാധകമായ ഒന്നല്ല

#ആര്‍.രാജശ്രീ
വര-ബാലകൃഷ്ണന്‍ ഉള്ള്യേരി
വര-ബാലകൃഷ്ണന്‍ ഉള്ള്യേരി

ഈ പംക്തി തുടങ്ങുന്ന കാലത്ത് ഒരു സുഹൃത്ത് പ്രകടിപ്പിച്ച സംശയം ഞാന്‍ പങ്കുവെച്ചിരുന്നല്ലോ. അത് ഏകദേശം ഇങ്ങനെയായിരുന്നു: ''നിന്റെ കാലത്ത് ഇങ്ങനെയൊക്കെയായിരുന്നിരിക്കാം. പക്ഷേ, പുതിയ പെണ്‍കുട്ടികള്‍ മിടുക്കികളാണ്. അവര്‍ക്ക് ലക്ഷ്യബോധമുണ്ട്, ജീവിതത്തെ നേരിടാനുമറിയാം. അപ്പോള്‍, ആല്‍ച്ചുവട്ടിലിരുന്ന് ഉപദേശം നല്‍കുന്ന മട്ടിലുള്ള ഒരു പംക്തികൊണ്ട് എന്തുചെയ്യാനാണ്?''
അത്തരത്തിലുള്ള ഉപദേശം നല്‍കല്‍ എന്റെ ഉദ്ദേശ്യമേയല്ലെന്ന് ആവര്‍ത്തിക്കുന്നു. പുതിയ പെണ്‍തലമുറയുടെ ലക്ഷ്യബോധത്തെക്കുറിച്ചും ധൈര്യത്തെക്കുറിച്ചും വിശ്വാസവുമുണ്ട്. പക്ഷേ, അടുത്തകാലത്ത് ആത്മഹത്യചെയ്യുകയും കൊല്ലപ്പെടുകയും ചെയ്ത നാലഞ്ചു പെണ്‍കുട്ടികളുടെ വിവരങ്ങളിലേക്ക് വെറുതേ ഒന്നു പോയി നോക്കി. അവരില്‍ പത്തൊമ്പതുവയസ്സുകാരിയായ വിദ്യാര്‍ഥിനി മുതല്‍ അഭിഭാഷക വരെയുണ്ട്. മുലകുടിമാറാത്ത കുഞ്ഞിനെപ്പോലും ഉപേക്ഷിച്ച് മരണംവരിച്ച യുവ അഭിഭാഷക അവരുടെ ഡയറിയില്‍ ഭര്‍ത്താവിനെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പുകള്‍ കാണാനിടയായി. താനനുഭവിച്ച നിന്ദ്യമായ അവഹേളനങ്ങളും പീഡനങ്ങളും അതില്‍ അവള്‍ എണ്ണമിട്ടെഴുതിയിരുന്നു. താനും തന്റെ അമ്മയും വേശ്യകളാണെന്നു പറയുന്ന പുരുഷനൊപ്പമാണ് അവള്‍ ജീവിച്ചിരുന്നത്. എന്നിട്ടും, ഭര്‍ത്താവിന് ആണ്‍കുഞ്ഞ് മതിയെന്നുള്ളതിനാല്‍, തന്റെ വയറ്റിലുള്ളത് പെണ്‍കുഞ്ഞാവല്ലേ എന്നവള്‍ പ്രാര്‍ഥിക്കുമായിരുന്നത്രേ. 2022 എന്നു വര്‍ഷം കാണിക്കുന്ന കലണ്ടറിനു താഴെയിരുന്ന് അവളുടെ വീട്ടുകാര്‍ തങ്ങളുടെ കുട്ടി അനുഭവിച്ച പ്രയാസങ്ങള്‍ എണ്ണിപ്പറയുന്നതും കണ്ടു. 


തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെ നിരന്തരം പോയിക്കണ്ട് കാലില്‍ വീഴുമായിരുന്നത്രേ മറ്റൊരു പെണ്‍കുട്ടി. ജാതിയുടെ പേരില്‍ തനിക്ക് അയിത്തം കല്പിക്കുന്ന ഭര്‍തൃവീട്ടില്‍ അയാള്‍ക്കൊപ്പം ജീവിക്കുകയെന്നതായിരുന്നു അവളുടെ സ്വപ്‌നം. തന്റെ ശമ്പളം മുഴുവന്‍ തരാം, തന്നെ ഉപേക്ഷിക്കരുത് എന്നു യാചിക്കുമായിരുന്നു അവള്‍ എന്ന് വീട്ടുകാര്‍ പറയുന്നു. 


പ്രൊഫഷണല്‍ ബിരുദത്തിന്റെ പടിവാതില്‍ക്കലെത്തിനില്‍ക്കവെ വിവാഹജീവിതത്തിലേക്കു കടക്കേണ്ടിവന്ന് ദുരന്തമായി മാറിയ മറ്റൊരു പെണ്‍കുട്ടിയുടെ കഥ ഏറെ കോളിളക്കമുണ്ടാക്കിയതാണ്. ഈ പെണ്‍കുട്ടികളൊന്നും വിദൂരഭൂതകാലത്തിലല്ലല്ലോ ജീവിച്ചിരുന്നത് എന്നോര്‍ക്കുമ്പോള്‍ സുഹൃത്തിന്റെ ആശങ്ക അസ്ഥാനത്താണെന്നു തോന്നുന്നു. അത്തരത്തില്‍ ജീവിതത്തില്‍നിന്നു കൊഴിഞ്ഞുപോകുന്ന പെണ്‍കുട്ടികളെക്കുറിച്ച് തുടര്‍ച്ചയായി സംസാരിക്കേണ്ടതുണ്ട്. അവരുടെ മഹാസങ്കടങ്ങള്‍ രക്ഷിതാക്കള്‍ക്ക് നിസ്സാരമായിത്തോന്നുന്നതെന്തുകൊണ്ടാവും? ഇനി, അവര്‍ ഇടപെടാമെന്നുവച്ചാലും അതു വേണ്ടെന്ന് ചില പെണ്‍കുട്ടികളെങ്കിലും പറയാന്‍ കാരണമെന്താവും? സ്‌നേഹത്തെക്കുറിച്ച്, കടമകളെക്കുറിച്ച് അത്രമാത്രം തെറ്റിദ്ധാരണകളോടെയാണ് അവരീ ലോകത്ത് പുലര്‍ന്നിരുന്നതെന്നാണ് അതിനര്‍ഥം. അവകാശങ്ങളെക്കുറിച്ച് അവര്‍ മനഃപൂര്‍വം മറന്നുകളയും.


ചേര്‍ത്തലയില്‍ പുതുതായി കണ്ടെത്തിയ വീട് ആദ്യത്തെതിനെക്കാള്‍ പുതിയതായിരുന്നു. മികച്ചതായിരുന്നുവെന്ന് പറഞ്ഞുകൂടാ. അതിന്റെ ഒരേയൊരു അറ്റാച്ച്ഡ് ബാത്ത്റൂമില്‍ കുളിക്കുന്ന ഭാഗത്തുനിന്ന് ടോയ്ലറ്റിലേക്കു പോകാന്‍ ഇരുവശവും കൈപ്പിടികളില്ലാത്ത ഉയര്‍ന്ന നാലു പടവുകള്‍ കയറണമായിരുന്നു. ഇന്ത്യന്‍ ടോയ്ലറ്റാണ്. ആറുമാസം ഗര്‍ഭിണിയായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഓരോതവണയും അതൊരു സാഹസപ്രവൃത്തിയായിരുന്നു. ടോയ്ലറ്റിലിരിക്കുമ്പോള്‍ പലതവണയും തലകറങ്ങി. താഴെ വീണുപോകുമെന്ന ഭയത്തോടെ തറയില്‍ കൈകുത്തിയാണിരിക്കുക. വീടുകാണാന്‍ വന്നപ്പോള്‍ ആ പ്രയാസം മനസ്സിലാക്കാതിരുന്നതെന്തെന്ന് ഞാന്‍ ഭര്‍ത്താവിനോടും സുഹൃത്തിനോടും ചോദിച്ചു. ആ ഏരിയയില്‍ ആ വാടകയ്ക്ക് ആ വീടേ കിട്ടുള്ളൂ എന്നു മറുപടി കിട്ടി. 


അയല്‍പക്കമില്ലാത്ത വീടായിരുന്നു അത്. ഇതേ അച്ചില്‍ പണിത രണ്ടെണ്ണം ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്നു. മതില്‍ക്കെട്ടില്ല. സന്ധ്യയോടെ തെരുവുനായ്ക്കള്‍ പരിസരം കൈയടക്കും. മഴപെയ്താല്‍ നാലുമുറ്റത്തും കണങ്കാല്‍വരെ വെള്ളം നില്‍ക്കും. സത്യത്തില്‍ എനിക്ക് വീട് ഇഷ്ടമായില്ല. പക്ഷേ, ഒരുഘട്ടത്തിലും അതു ഞാന്‍ തുറന്നുപറഞ്ഞില്ല എന്നോര്‍ക്കുന്നു. ഞാനും ഭര്‍ത്താവും ഒരേ തൊഴില്‍ ചെയ്യുന്നവരാണ്. ഒരേപോലെ ശമ്പളം കിട്ടുന്നവരാണ്. പിന്നെയും എന്തുകൊണ്ടാണ്, എനിക്ക് ഇതിലും മികച്ച ഒരു വീടാണു വേണ്ടതെന്നുപറയാന്‍ എനിക്ക് സാധിക്കാതിരുന്നത്? 


വീട്ടുപകരണങ്ങള്‍ വാങ്ങേണ്ടിയിരുന്നു. നല്ല സാധനങ്ങളൊക്കെ പുതുതായി നിര്‍മിച്ച വീട്ടില്‍ മതി. അവിടെ താമസിക്കുന്നുണ്ടോ ഇല്ലയോ എന്നത് പ്രശ്‌നമല്ല. വാടകവീടായതിനാല്‍ ഏറ്റവും വിലകുറഞ്ഞ വീട്ടുപകരണങ്ങള്‍ മാത്രം മതിയെന്ന തീരുമാനത്തെയും എതിര്‍ക്കാന്‍ എനിക്ക് സാധിച്ചില്ല. ഫലം, ചാരിയാല്‍ മറിഞ്ഞുവീഴുന്ന പ്ലാസ്റ്റിക് ഡൈനിങ് ടേബിളും രണ്ടാഴ്ചകൊണ്ട് വക്കൊടിഞ്ഞുപോയ പാത്രങ്ങളും. തുണികള്‍ വെയ്ക്കാന്‍ അലമാര വാങ്ങുന്നത് പാഴ്ച്ചെലവാണെന്നതുകൊണ്ട്, അതുണ്ടായില്ല. മിക്‌സിയില്ലാത്തതിനാല്‍ തേങ്ങ അരയ്‌ക്കേണ്ട എന്നു തീരുമാനിച്ചു. ഭാഗ്യത്തിന് ഗ്യാസടുപ്പുണ്ട്. മറ്റു സൗകര്യങ്ങളൊക്കെ കുഞ്ഞ് ജനിച്ചുകഴിഞ്ഞ് നോക്കാം. ഇതൊക്കെ താത്കാലികമാണ്, താത്കാലികം മാത്രം. താത്കാലിക ജീവിതം-ഞങ്ങളുടെ ജീവിതത്തിന് ഞാനിട്ട പേര് അതായിരുന്നു. സത്യത്തില്‍ വലിയ പിഴവാണത്. വളരെക്കുറച്ചു നിമിഷങ്ങള്‍ മതി, നമുക്ക് തുടര്‍ജീവിതത്തെ, പങ്കാളിയെ, വിലയിരുത്താന്‍. വിശേഷിച്ച് ദാമ്പത്യത്തില്‍. കുറച്ചുനേരമായാല്‍പ്പോലും ചില സന്ദര്‍ഭങ്ങളില്‍ തൃപ്തി പ്രധാനമാണ്. തൃപ്തി ലൈംഗികജീവിതത്തില്‍ മാത്രം ബാധകമായ ഒന്നല്ല. അത് പരസ്പരമുള്ള ചില മനസ്സിലാക്കലുകള്‍ കൊണ്ടുമാത്രം സാധിക്കുന്നതാണ്. അവിടെയുണ്ടാകുന്ന പാളിച്ചകള്‍ ദീര്‍ഘകാലം, ഒരുപക്ഷേ എല്ലാക്കാലവും ജീവിതത്തെ അടിപ്പെടുത്തിക്കളയും.


അനീറ്റയുടെ ജീവിതത്തില്‍നിന്ന് ഒരുദാഹരണം പറയാം. ലക്ഷണമൊത്ത അമ്മായിയമ്മപ്പോരിനെ അതിജീവിച്ചവളായാണ് അവള്‍ അറിയപ്പെട്ടിരുന്നത്. ഭര്‍ത്താവും കുട്ടികളുമുണ്ട്. ആഴ്ചയിലൊരിക്കലേ ഭര്‍ത്താവ് വീട്ടില്‍ വരൂ. ദാമ്പത്യത്തിന്റെ ആദ്യകാലത്തുതന്നെ സംഘര്‍ഷങ്ങള്‍ തുടങ്ങി. മരുമകള്‍ മകന് യോജിച്ചവളല്ല എന്നതായിരുന്നു അമ്മായിയമ്മയുടെ പ്രശ്‌നം. വഴക്കിന്റെ സമയത്ത് അവളുടെ ഭര്‍ത്താവുണ്ടെങ്കില്‍ അയാള്‍ സമ്പൂര്‍ണമൗനമാചരിക്കും. അമ്മ-ഭാര്യ സംഘര്‍ഷത്തിന്റെ കാര്യത്തില്‍ അതാണ് തന്റെ നിലപാടെന്ന് അയാള്‍ പ്രഖ്യാപിച്ചിരുന്നത്രേ. ആരുടെയും ഭാഗത്തു നില്‍ക്കില്ല. 


പറഞ്ഞത്രയും സ്വര്‍ണവും പണവും നല്‍കാന്‍ അനീറ്റയുടെ വീട്ടുകാര്‍ക്ക് സാധിച്ചിരുന്നില്ല. എങ്കിലും അക്കാര്യംകൊണ്ട് അവളെ ഉപേക്ഷിക്കുന്നത് നാണക്കേടാണെന്ന തോന്നല്‍ കാരണം ഭര്‍തൃവീട്ടുകാര്‍ മറ്റൊരു വഴി കണ്ടെത്തി. രണ്ടാമത്തെ ഗര്‍ഭകാലത്ത് സ്‌കൂളില്‍ അവളെ കൊണ്ടുവന്നാക്കിയിരുന്നതും കൂട്ടിക്കൊണ്ടുപോയിരുന്നതും അനീറ്റയുടെ ഭര്‍ത്താവിന്റെ കസിനായിരുന്നു. അവര്‍ തമ്മില്‍ അടുപ്പമുണ്ടെന്നും രണ്ടാമത്തെ കുട്ടി അയാളുടെതാണെന്നും അമ്മായിയമ്മ ആരോപിച്ചു. ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ അത്തരമൊരാരോപണം വന്നിട്ടും അയാള്‍ മൗനം തുടര്‍ന്നു. ഇത്തവണ അനീറ്റയ്ക്ക് അത് സഹിക്കാനായില്ല. അതിനെത്തുടര്‍ന്ന് വലിയ വഴക്കുണ്ടായി. മൂത്ത കുട്ടിയുമായി അവള്‍ സ്വന്തം വീട്ടിലേക്കുപോയി. പ്രസവം കഴിഞ്ഞിട്ട് കുഞ്ഞിനെക്കാണാന്‍ ഭര്‍ത്താവോ വീട്ടുകാരോ എത്തിയില്ല. മര്‍ച്ചന്റ് നേവിയില്‍ സഹോദരന് ജോലികിട്ടിയതോടെ സാമ്പത്തികനില മെച്ചപ്പെട്ട അനീറ്റയുടെ കുടുംബം അവളുടെ സ്ത്രീധനക്കുടിശ്ശിക തീര്‍ത്തതോടെ അവള്‍ക്ക് ഭര്‍തൃവീട്ടില്‍ പുനഃപ്രവേശനം സാധ്യമായി.

തിരിച്ചെത്തിയ അനീറ്റ കുറച്ചുകൂടി ശക്തയായിരുന്നു. ആരോടും തനിക്ക് സ്‌നേഹമോ കടപ്പാടോ ഇല്ലെന്നും മക്കളുടെ ഭാവിയെക്കരുതി താന്‍ ആ വീട്ടില്‍ തുടരുകയാണെന്നും അവള്‍ പറഞ്ഞു. മക്കളുടെ കാര്യങ്ങള്‍ മാത്രമേ അവള്‍ ശ്രദ്ധിച്ചിരുന്നുള്ളൂ, അതിനാവശ്യമായ വീട്ടുകാര്യങ്ങളും. നല്ല അധ്യാപികയായിരുന്നു. രണ്ട് ചുമതലകളും കൂടി കഴുത വലിക്കുന്നതുപോലെ വലിച്ച് ഉത്തമയാവാന്‍ ശ്രമിച്ചില്ല. താന്‍ സ്വന്തം വീട്ടിലായിരുന്നപ്പോള്‍ എങ്ങനെയാണോ ഇവിടത്തെ കാര്യങ്ങള്‍ നടന്നത്, അങ്ങനെതന്നെ തുടര്‍ന്നാല്‍മതിയെന്ന് പറഞ്ഞു. ഉപദേശിക്കാനെത്തിയവരോട് സഹകരിച്ചില്ല. എന്തെല്ലാം സഹിക്കേണ്ടിവന്നവളായാലും ഒരു മരുമകള്‍ അങ്ങനെ പെരുമാറുന്നത് അസ്വാഭാവികമാണല്ലോ. കുടുംബതാത്പര്യത്തിന് അത് നിരക്കുന്നതല്ല! എന്തായാലും സാക്ഷാല്‍ ഭര്‍ത്താവുതന്നെ രംഗത്തെത്തി, ഭാര്യയെ ഉപദേശിക്കാന്‍ ശ്രമിച്ചു. അതിന് താന്‍ കൊടുത്ത മറുപടിയാണ് താനുച്ചരിച്ച ഏറ്റവും അന്തസ്സുള്ള വാക്കുകളെന്ന് അവള്‍ പറഞ്ഞു.


''ഷാജീ, എനിക്കൊരു ജീവന്മരണപ്രശ്‌നമുണ്ടായപ്പോള്‍, എന്റെ അന്തസ്സ് മുറിഞ്ഞപ്പോള്‍, എന്റെ കൂടെ നിന്നയാളല്ല നിങ്ങള്‍. ഒരു വാക്ക് മിണ്ടിയ ആളല്ല. അങ്ങനെയുള്ള നിങ്ങള്‍ക്ക് എന്നെ ഉപദേശിക്കാനോ എന്നില്‍നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കാനോ അര്‍ഹതയില്ല.''
അതുപറയുമ്പോള്‍ അഭിമാനംകൊണ്ട് അനീറ്റയുടെ മുഖം തിളങ്ങുകയും കൈത്തണ്ടയിലെ രോമങ്ങള്‍ എഴുന്നുനില്‍ക്കുകയും ചെയ്യുമായിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം സ്വന്തം വീടിനടുത്ത് പത്തുസെന്റ് സ്ഥലം വാങ്ങി അവള്‍ വീടുപണിതു. അങ്ങോട്ടു താമസം മാറി. അയഞ്ഞ ദാമ്പത്യം തുടരുകയും ചെയ്തു. കൂടുതല്‍ ഭാരങ്ങള്‍ തലയിലെടുക്കാതെ ജീവിക്കാനാണ് അവള്‍ ഇഷ്ടപ്പെട്ടത്. അതും ഒരു തിരഞ്ഞെടുപ്പാണ്. നിരന്തരസമരങ്ങള്‍ വേണ്ടിവരാത്തവരും ഇഷ്ടപ്പെടാത്തവരുമുണ്ട്. അവര്‍ക്കുകൂടിയുള്ളതാണ് ഈ ലോകം.
 

Content Highlights: writer r.rajasree's column