മകൾ മരിച്ചശേഷം വിജയ് ചെരിപ്പ് പൂർണമായും ഒഴിവാക്കി; ധരിക്കുന്നത് ഒരേയൊരു വാച്ചും

നടനും സംഗീതജ്ഞനും ഫിലിംമേക്കറുമായ വിജയ് ആന്റണിയുടെ പുതിയ ചിത്രമാണ് 'അപ്പ കുട്ടി' (Appa Kutty). വിജയ് ആന്റണിക്കൊപ്പം പ്രീതി അസ്രാനി, ബഗവതി പെരുമാൾ എന്നിവരും ചിത്രത്തിലുണ്ട്. ഒരച്ഛനും മകളും തമ്മിലുള്ള മനോഹരമായ ബന്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമയും ഇളയമകൾ ലാറയും പങ്കെടുത്തിരുന്നു.
മൂന്നുവർഷം മുമ്പ് തങ്ങളുടെ മൂത്ത മകൾ മീരയുടെ മരണം കുടുംബത്തിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഫാത്തിമ ഈ ചടങ്ങിൽ തുറന്നുസംസാരിച്ചു. പ്രത്യേക ചടങ്ങുകൾക്ക് ഒഴികെ മറ്റൊരിക്കലും വിജയ് ചെരുപ്പ് ധരിക്കാത്തതിന്റെ കാരണവും ഫാത്തിമ വ്യക്തമാക്കി. മകളുടെ ഓർമ്മയ്ക്കായി അവളുടെ പഴയ വാച്ച് ഇപ്പോഴും വിജയ് ഉപയോഗിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
2023-ൽ തങ്ങളുടെ മകൾ മീരയുടെ മരണശേഷം, സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും താൻ പങ്കെടുത്തിരുന്നില്ലെന്ന് ഫാത്തിമ പറഞ്ഞു. തുടർന്ന് വിജയ് ചെരിപ്പ് ധരിക്കുന്നത് ഉപേക്ഷിച്ചതിനെക്കുറിച്ച് സംസാരിക്കവെ അവർ ഇങ്ങനെ പറഞ്ഞു, ''ലണ്ടൻ, യുഎസ് തുടങ്ങിയ പലയിടങ്ങളിൽ നിന്നായി വർഷങ്ങളായി ഞങ്ങൾ മീരയ്ക്കായി ധാരാളം ചെരുപ്പുകളും ഷൂസുകളും വാങ്ങിയിരുന്നു. ഞങ്ങളുടെ വീട്ടിലെ ഒരു മുറി മുഴുവൻ അവ നിറഞ്ഞിരിക്കുകയാണ്. അവൾ മരിച്ചശേഷം ഇതുകണ്ടതിന് ശേഷമാണ് വിജയ് ആന്റണി ചെരിപ്പിടേണ്ടെന്ന് തീരുമാനിച്ചത്. ഇപ്പോൾ വിദേശത്ത് നടക്കുന്ന ചില സംഗീത പരിപാടികളിൽ പങ്കെടുക്കുമ്പോൾ മാത്രമാണ് അദ്ദേഹം ഷൂസ് ധരിക്കുന്നത്''.
വിലകൂടിയ പല വാച്ചുകളും കൈവശമുണ്ടെങ്കിലും, മീരയുടെ മരണശേഷം ആന്റണി എല്ലാ ദിവസവും ഒരേ വാച്ച് തന്നെയാണ് ധരിക്കുന്നതെന്ന് ഫാത്തിമ വെളിപ്പെടുത്തി. വിജയ് എല്ലാ ദിവസവും ധരിക്കുന്ന വാച്ച് മീരയുടേതായിരുന്നു. അവസാനമായി മീര ധരിച്ചതും ആ വാച്ച് തന്നെ. ''അവൾ മരിച്ചശേഷമാണ് ആ വാച്ച് അദ്ദേഹം ധരിക്കാൻ തുടങ്ങിയത്. അന്നുമുതൽ അദ്ദേഹം അത് അഴിച്ചുമാറ്റിയിട്ടില്ല'', അവർ പറഞ്ഞു.
2023 സെപ്റ്റംബർ 19-നാണ് ചെന്നൈയിലുള്ള വീട്ടിൽ വെച്ച് 16 വയസ്സുകാരിയായ മീരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം വിജയ് സോഷ്യൽമീഡിയയിൽ ഇങ്ങനെ കുറിച്ചു, ''എന്റെ മകൾ മീര വളരെ സ്നേഹനിധിയും ധീരയുമാണ്. ജാതി, മതം, പണം, അസൂയ, വേദന, ദാരിദ്ര്യം, പ്രതികാരം എന്നിവയൊന്നുമില്ലാത്ത, കൂടുതൽ മെച്ചപ്പെട്ടതും സമാധാനപൂർണ്ണവുമായ ഒരിടത്തേക്ക് അവൾ പോയിരിക്കുന്നു. അവൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നുണ്ട്. അവളോടൊപ്പം ഞാനും മരിച്ചുപോയിരിക്കുന്നു. ഇപ്പോൾ ഞാൻ അവളോടൊപ്പമാണ് സമയം ചെലവഴിക്കുന്നത്. ഇനി മുതൽ അവളുടെ പേരിൽ ഞാൻ ചെയ്യുന്ന ഓരോ നല്ല കാര്യവും, അവളിലൂടെത്തന്നെയായിരിക്കും ആരംഭിക്കുക''.
സൗണ്ട് എൻജിനീയറായിട്ടാണ് വിജയ് കരിയർ തുടങ്ങിയത്. 'സുക്രൻ' എന്ന സിനിമയിലൂടെ സംഗീതസംവിധാനവും തുടങ്ങി. സലിം, പിച്ചൈക്കാരൻ, നാൻ, സെയ്താൻ, തമിഴരസൻ, ഹിറ്റ്ലർ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച പ്രധാനചിത്രങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Antony stopped wearing shoes except for special events after his eldest daughter Meera's passing in 2023., He wears the same watch that belonged to his late daughter Meera every day., Wife Fathima shared these emotional details during the promotional events of his new film 'Appa Kutty'.