പെണ്ണുന്മാദങ്ങള്‍ക്ക് രതിയാണ് മരുന്ന്. അതില്ലാതെ വരുമ്പോള്‍ പൊട്ടിച്ചിതറുന്നവർ-ഇന്ദുമേനോൻ എഴുതുന്നു

.
.

എന്റെ സ്വവര്‍ഗാനുരാഗം...

പലപ്പോഴും ഞാനിതു പറഞ്ഞിട്ടുണ്ട്. ലോകം ക്വിയര്‍ മനുഷ്യരെ ശരിയായി അംഗീകരിയ്ക്കുന്നതുവരെ പറഞ്ഞുകൊണ്ടേയിരിക്കേണ്ടിവരികയും ചെയ്യും. 18 വയസ്സിലാണ് ഞാന്‍ ഒരു ലെസ്ബിയന്‍ പശു എന്നു പറയുന്ന കഥ എഴുതുന്നത്. ഹൈസ്‌കൂളിലെ രണ്ടു ചേച്ചിമാരോടും കോളേജ് ഹോസ്റ്റലിലെ ലെസ്ബിയന്‍ പങ്കാളികളായ പെണ്‍കുട്ടികളോടുമെല്ലാം എനിക്ക് തോന്നിയ ഭയവും അകല്‍ച്ചയും. കുറ്റകരമായ കടുത്ത ഹോമോഫോബിയ... ഒരുവശത്ത്... 

പരീക്ഷയ്ക്ക് ആ ചേച്ചി തൊട്ടടുത്ത് വന്നു ഇരുന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അസ്വസ്ഥത എന്നെ ചൂഴ്ന്നു. അവര്‍ തൊട്ടാല്‍ എനിക്കു  പൊള്ളുമോ എന്ന ഭയം പടര്‍ന്നു. ഹോമോഫോബിയ എന്ന മനസ്സിന്റെ ജീര്‍ണതയായിരുന്നു അത് എന്നെനിക്ക് മനസ്സിലായിരുന്നില്ല. എന്റെ ഗ്രാമത്തിന്റെയും എന്റെ സ്‌കൂളിന്റെയും എന്റെ ചുറ്റുപാടിന്റെയും സ്വാഭാവിക ബോധമായിരുന്ന ഹോമോഫോബിയ എന്നിലേക്ക് പകര്‍ന്നു വരിക എന്നതും സ്വാഭാവികമായ ഒരു സംഗതിയായിരുന്നു. അറപ്പോടെ, വെറുപ്പോടെ, അവഗണനയോടെ ആ രണ്ട് ചേച്ചിമാരെയും പലപ്പോഴും ഒളികണ്ണിട്ടു നോക്കി. അവര്‍ ചിരിച്ചപ്പോള്‍ മുഖമുയര്‍ത്താതെ നടന്നുപോയി. പിന്നീട് ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ എന്റെ അടുക്കല്‍വന്ന് പരീക്ഷയെഴുതിയ മറ്റൊരുവള്‍ ഒരു ഭയത്തോടെ ഹൃദയമിടിപ്പോടെ ചുറ്റും നോക്കുന്നതു കാണ്‍കെ എന്റെ ഹൃദയം വേദനിച്ചു.
ചിന്തിക്കുകയും വായിക്കുകയും ചെയ്യുന്ന, രാഷ്ട്രീയപൂര്‍ണ്ണ വളര്‍ച്ചയെത്തിയെന്നു ഊറ്റം കൊള്ളാന്‍ തുടിയ്ക്കുന്ന ബുദ്ധിയും യുക്തിയും കൈമുതലായുള്ള വളര്‍ന്ന നരവംശശാസ്ത്ര ബോധമുള്ള ജീവിയായി ഞാന്‍ പരിണമിയ്ക്കുന്ന സമയമായിരുന്നുവത്.

നാട്ടിലെ സ്വാഭാവികമായ ഫോബിയ എത്രമാത്രം നീചമായ ഒന്നണെന്ന് ഞാന്‍ കുറ്റബോധത്തോടെ തലകുമ്പിട്ടു. വിമത ലൈംഗികത എന്തെന്ന് അറിയാനോ അതിന്റെ രാഷ്ട്രീയം അറിയാനോ ഒന്നും ഗൂഗിളോ മുതിര്‍ന്ന മനുഷ്യരോ  നമ്മേ സഹായിക്കാനില്ലാത്ത കാലമായിരുന്നു അത്.

സ്‌കൂളിലെ ആ ചേച്ചിയേ (സ്മിതയോ, അനിതയോ പേരറിയില്ല), ഡിഗ്രി കാലഘട്ടത്തില്‍ ഒരിക്കല്‍ ബസ്സില്‍വെച്ചു കണ്ടു. ഒരു ചെറിയ കുട്ടിയെ മടിയില്‍ വെച്ച് അലസമായ നോട്ടത്തോടെ പുറത്തേക്കു നോക്കിയിരിയ്ക്കുന്നു.. പാറിപ്പറന്നു ഭൃംഗമണക്കുന്ന കോലന്‍ മുടിയഴക്. വിളറിയ കവിളുകള്‍. അവരെ ഞാന്‍ പിന്നെയും നോക്കി. അവര്‍ക്ക് അത്ര നിസ്സംഗതയുണ്ടോ? അവളുടെ കാമുകിയെ അവളുപേക്ഷിച്ചോ? അതോ അവളെ ഉപേക്ഷിച്ചോ? അവള്‍ക്കൊപ്പം ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. പട്ടാളക്കട്ടില്‍ മുടി വെട്ടിയ ഒരാള്‍. അതിനേക്കാള്‍ അപ്പുറത്ത് നിസ്സംഗമായിരുന്നു അയാളുടെ മുഖം. കുഞ്ഞ് കരഞ്ഞപ്പോള്‍ അലസമായി ബ്ലൗസ് തുറന്ന് അതേ നിസ്സംഗതയില്‍ മുലക്കണ്ണ് വായില്‍ തിരുകി. പുരുഷന്മാര്‍ അവളെ തുറിച്ചു നോക്കി. അവള്‍ക്കൊരു കൂസലുമില്ലായിരുന്നു. അലസമായ ഭാവത്തോടെ പുറത്തെ വയല്‍ക്കാഴ്ചകള്‍ കണ്ടിരുന്നു. അവളുടെ കുഞ്ഞിന്റെ വായില്‍ നിന്നും മുലക്കണ്ണ് പുറത്തേയ്ക്ക് പാലൊപ്പം വഴുതി.

അപ്പോഴാണാവള്‍ ഞാന്‍ അവരെ നോക്കുന്നത് കണ്ടത്. അവര്‍ ലജ്ജയോടെ സാരി പിടിച്ച് നെഞ്ചു മറച്ചു കളഞ്ഞു. പെണ്ണിനെ പ്രേമിയ്ക്കുന്ന പെണ്ണുടല്‍ കാണ്‍കെ കാമമുണരുന്ന പെണ്ണു നോക്കെ നാണിയ്ക്കുന്ന ഒരുവള്‍ ഇപോഴും ആ മെലിഞ്ഞ പെണ്‍കുടിയിലുണ്ടെന്ന അറിവ് എന്നെ അമ്പരപ്പിച്ചു. അതെന്തെന്ന് മനസ്സിലാക്കാനുള്ള പൂര്‍ണ്ണതയില്‍ ഞാന്‍ എത്തിയിരുന്നു. അങ്ങനെ പലര്‍. അവര്‍ക്കുവേണ്ടി ഞാന്‍ കഥയ്ക്ക് ഒരു പേരു നല്‍കി. 'ഒരു ലെസ്ബിയന്‍ പശു'.

ഞാനൊരു സ്വവര്‍ഗാനുരാഗിയാണെന്നും എനിക്ക് കുഴപ്പമാണെന്നും ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകള്‍ പറഞ്ഞു രസിച്ചു. ഞാനാകട്ടെ എന്നോട് പ്രേമമെന്നു പറഞ്ഞ ഒരു ആണ്‍കുട്ടിയോടുള്ള രഹസ്യാനുരാഗത്തിലായിരുന്നു അപ്പോള്‍. പെണ്‍കുട്ടികള്‍ എനിയ്ക്ക് അനുരാഗികളാകുന്നതെങ്ങനെയെന്നു ഓര്‍ത്തോര്‍ത്തു നോക്കിയിടും ഊഹിക്കാന്‍ പോലും കഴിഞ്ഞില്ല. സ്വവരഗാനുരാഗ ലക്ഷണങ്ങള്‍ എനിക്കില്ലായിരുന്നു. കഥയെഴുത്തിന്റെ പേരില്‍ കുശുകുശുപ്പുകള്‍ കേട്ടപ്പോള്‍ത്തന്നെ ഞാന്‍ അസ്വസ്ഥയായി. കുടുംബക്കാരുടെ മുന്നിലെല്ലാം ചെറുതായി അപമാനിതമാകുന്നതുപോലെയൊക്കെ തോന്നി. ക്വിയര്‍ വ്യക്തിയാകുക എന്നത് എത്രമാത്രം സംഘര്‍ഷപൂരിതമായ ഒന്നായിരിയ്ക്കുമെന്ന് എനിയ്ക്ക് തൊട്ടറിയാനായി. കാലംകഴികെ അത്തരം പല സംഘര്‍ഷങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വന്നു. സ്വത്വം പുറത്തുവിടാൻ (കമിങ്ങ് ഔട്ടിനായി) സഹായം തേടിയവരും സ്വത്വം മറച്ചു പങ്കാളിയെ വഞ്ചിക്കുന്നവരും പങ്കാളിയുടെ സ്വത്വം തിരിച്ചറിഞ്ഞു കരഞ്ഞുലഞ്ഞവരുമായ അനേകരെ നേരിട്ടുകണ്ടു അറിഞ്ഞു.

ഒരു ജിയോ ബേബിയന്‍ സ്വവര്‍ഗാനുരാഗ പരീക്ഷണം

കാതല്‍ എന്ന സിനിമയെപ്പറ്റി കേട്ടപ്പോള്‍ ഇതിപ്പോ എത്രാമത്തെ കാതലാണ് സിനിമയില്‍ ഒരേ പേരുമായി വരുന്നതെന്ന് ഞാന്‍ വെറുതെയെങ്കിലും ചിന്തിച്ചു. സന്ധ്യയുടെ കാതല്‍ സിനിമ ഓര്‍മവന്നു. മമ്മൂട്ടിയുടെയും ജ്യോതികയുടെയും വിവാഹസമയത്ത് ഫോട്ടോകൂടി കണ്ടപ്പോള്‍ ദമ്പതിമാരുടെ പ്രേമിച്ചു കൂട്ടിയ കാതല്‍ എന്ന് തെറ്റിദ്ധരിച്ചു. ''ഇതൊരു ഹോമോ സെക്ഷ്വലായ മധ്യവയസ്‌കന്റെ കഥ പറയുന്ന സിനിമയാണ്''

കാതല്‍ എന്നാല്‍ തമിഴര്‍ക്ക് പ്രേമം, ഇഷ്ടം, പ്രണയം, സ്‌നേഹം എന്നാണ്. എന്നാല്‍ കാതലിന് കേന്ദ്രമായത്, ഉള്‍ക്കാമ്പ്, കാമ്പ്, സത്ത്, മരക്കാമ്പ് എന്നെല്ലാമും അര്‍ത്ഥമുണ്ട്.. സംവിധായകന്‍ ജിയോ ബേബി കാതല്‍ എന്നതിന്  ദി കോര്‍ എന്നുകൂടി കൊടുത്തതിനാല്‍ ഉള്‍ക്കാമ്പ് എന്ന് ഈ സിനിമയുടെ പേരു വായിക്കാം. അകക്കാമ്പ് എന്നും വായിക്കാം... ഹൃദയം എന്നും വായിക്കാം... വായിച്ചു വായിച്ചു കണ്ടു കണ്ടുവരികേ നമുക്ക് മനസ്സിലാകും സംവിധായകന്‍ കാണിക്കുവാന്‍ ശ്രമിക്കുന്നത് മനുഷ്യഹൃദയത്തിലെയും ദാമ്പത്യത്തിലെയും സമൂഹത്തിന്റെയും ആ ഇരുണ്ട ഉള്‍ക്കാമ്പിനെ തന്നെയാണ് എന്ന്. 

പേര്‍സോണയുടെ മനോഹരമായ മുഖംമൂടികള്‍ എല്ലാം മാറ്റിവെച്ച് പൊയ് മുഖങ്ങളെല്ലാം അഴിച്ചു കളഞ്ഞു.. മുഖത്ത് തേച്ച നാറുന്ന ചായങ്ങള്‍ കഴുകിയുലര്‍ത്തി പച്ചയ്ക്ക് നഗ്‌നരായി അവനവന്‍ ഉള്ളില്‍ നില്‍ക്കുന്ന മനുഷ്യര്‍. 
അവന് തീ പിടിക്കുന്നുണ്ട്.
അവന് വേവുന്നുണ്ട്. 
ഭൂമിയുടെ അകക്കാമ്പ് പോലെ അവന്റെ ഉള്ളില്‍ ലാവ ഉരുകി തിളച്ച് പടരുന്നുണ്ട്.
പുറത്തെ കോശങ്ങളിലേയ്ക്ക് വെന്തു തീര്‍ന്ന അകത്തിന്റെ നിസ്സഹായത തെളിയുന്നുണ്ട്.
എന്നാല്‍ പുറത്ത് അവന്‍ ശാന്തനാണ്. മറ്റെല്ലാ മനുഷ്യരെയും പോലെ സമാധാനത്തിലും സമൂഹത്തിന്റെ എഴുതിവയ്ക്കപ്പെട്ട നിയമങ്ങളിലും അതിശാന്തതയോടെ പിന്‍പറ്റി നടക്കുന്ന സാധാരണക്കാരനായ മനുഷ്യനാണ്. അച്ഛനായും മകനായും ഭര്‍ത്താവായും സഹോദരനായും നേതാവായും ഓഫീസ്സറായും ഡ്രൈവറായും അനിതര സാധാരണമായ സമാധാനം അണിഞ്ഞുകൊണ്ട് അവര്‍ നടക്കുന്നുണ്ട്...

മൂന്ന് മനുഷ്യരുടെ ഹൃദയവ്യഥകളിലൂടെയാണ് കഥയുടെ സഞ്ചാരം.
മാത്യു ദേവസി
ഓമന ഫിലിപ്പ്
തങ്കന്‍

പുരുഷാനുരാഗിയായ ഭര്‍ത്താവ് 

സഹകരണ ബാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്ത മാത്യു ദേവസി. പുരോഗമന രാഷ്ട്രീയക്കാരനായ മനുഷ്യന്‍. ഇടതനായിരിയ്ക്കുമ്പോള്‍ തന്നെ പള്ളിയ്ക്ക് സ്വീകാര്യന്‍. മതവും രാഷ്ട്രീയവും ഒന്നിച്ചു കുഴച്ചെടുത്ത സൂത്രക്കാരന്‍. സുമുഖന്‍, സുന്ദരന്‍, ഡിപ്ലോമറ്റിക്. ഏതു പെണ്ണും ഈ 60 വയസ്സിലും നോക്കിപ്പോകുന്ന ഉടലടയാള ഗര്‍വ്വുകളും പൗരുഷവും.

ഭാര്യ ഓമന ഫിലിപ്പ്. മകള്‍ 19 വയസ്സായ ഫെമി. പണക്കാരനും ജന്മിയും പ്രമുഖനുമായ എന്നാല്‍ തൊഴിലാളിപക്ഷ രാഷ്ട്രീയത്തിന് ഒപ്പം നിലയുറപ്പിച്ച മാത്യു ദേവസ്സി, ഭാര്യയുടെ കൂടെ സമ്മതത്തോടെ പഞ്ചായത്ത് ബൈ ഇലക്ഷന് മത്സരിക്കുവാന്‍ തുടങ്ങുന്നിടത്താണ് കഥ ആരംഭിക്കുന്നത്. 

പരമ്പരാഗത രീതിയില്‍ പള്ളിയുമായും പട്ടക്കാരുമായും ചേര്‍ന്ന് നിന്ന്, മലയോര കുടിയേറ്റ ഗ്രാമങ്ങളിലെ മനുഷ്യരുടെ വലതഭിനിവേശങ്ങളില്‍ ഒട്ടിനിന്ന എതിര്‍പക്ഷക്കാരായിരുന്നു ആ ഗ്രാമപഞ്ചായത്ത് ഭരിച്ചിരുന്നത് എന്ന് വ്യക്തമാണ്. തങ്ങള്‍ക്ക് പഞ്ചായത്ത് തിരിച്ചു പിടിക്കണം എന്ന് തൊഴിലാളി പാര്‍ട്ടി ആഗ്രഹിച്ചത് കൊണ്ടാണ് സര്‍വ സമ്മതനായ മാത്യു ദേവസിയെ ഇലക്ഷന് നിര്‍ത്തുന്നത്. കാരണം മറഞ്ഞിരിയ്ക്കുന്ന ദ്വന്ദകാതല്‍ തന്നെ.

രാഷ്ട്രീയം + ക്രിസ്തുമതം
പുരുഷന്‍ + കുണ്ടന്‍
ഭാര്യാനുരാഗം + സ്വവര്‍ഗാനുരാഗം
മുതലാളി+ തൊഴിലാളി ബോധം 

ഇങ്ങനെ ദ്വന്ദങ്ങളാല്‍ മുമ്പോട്ടു നീങ്ങുന്ന അതിവിചിത്ര ജീവിതമാണ് മാത്യൂവിന്റേത്. പാര്‍ട്ടിയോപ്പീസ്സില്‍ എത്തുമ്പോള്‍ വിശ്വാസി കാതലില്‍ ഒളിയ്ക്കുന്നു. അമ്പുയാത്ര പോകുമ്പോള്‍ സഖാവ് കാതലില്‍ മറയുന്നു. ഓമനയ്‌ക്കൊപ്പം ജീവിയ്ക്കുമ്പോള്‍ ഭാര്യയെ സ്‌നേഹിക്കുന്ന ശ്രദ്ധിയ്ക്കുന്ന ഒരു ഭര്‍ത്താവായി പരിണമിയ്ക്കുന്നു. തങ്കനൊപ്പം റബ്ബര്‍ തോട്ടങ്ങളില്‍ അയാളൊരു പുരുഷാനുരാഗിയായി പരിണമിയ്ക്കുന്നു. കാതലില്‍ മറ്റൊരു സ്വത്വത്തെ ഒളിപാര്‍പ്പിച്ചിരിയ്ക്കയാണ് മാത്യൂസ്സ്.

പുറമേ നിന്ന് നോക്കുമ്പോള്‍ ആര്‍ക്കും അസൂയ തോന്നുന്ന ജീവിതമാണ് മാത്യു ദേവസിയുടേത്. ഭംഗിയുള്ള ഭാര്യ, ഇട്ടുമൂടാനുള്ള വമ്പന്‍സ്വത്ത്, ഓമന മകള്‍, നാട്ടുകാരുടെ മൊത്തം കണ്ണിലുണ്ണി. നേതാവാകാന്‍ കച്ചകെട്ടി നില്‍ക്കുന്ന ആള്‍. കഥ മാറുന്നത് രണ്ടു മാസങ്ങള്‍ക്ക് മുമ്പ് മാത്യുവിനെ പോലും അറിയിക്കാതെ ഭാര്യ ഓമന കുടുംബ കോടതിയില്‍ കൊടുത്ത വിവാഹമോചനത്തിന്റെ കടലാസ്സുകള്‍ എതിര്‍കക്ഷിക്കാര്‍ പുറത്തുവിടുന്നതോടുകൂടിയാണ്. വിവാഹമോചനത്തിന്റെ കാരണമായി ഓമന പറയുന്നത് തന്റെ ഭര്‍ത്താവിന്റെ അവിഹിതബന്ധമാണ്. അതും സ്ത്രീയുമായല്ല, തങ്കന്‍ എന്ന പുരുഷനുമായി  ഉണ്ടായ ദിവ്യാനുരാഗം.

താലിക്കൊപ്പം കൊന്ത-വെന്തിങ്ങ പോലെയുള്ള എന്തോ ഒന്ന് ഓമന ധരിച്ചിരിക്കുന്നതായി സിനിമയിലുടനീളം നമുക്ക് കാണാം. പരമ്പരാഗത ക്രിസ്തീയ കുടുംബത്തിനകത്ത് വിശ്വാസിയായ ഒരു സ്ത്രീയുടെ എല്ലാ ലക്ഷണങ്ങളും ഓമനയ്ക്കുണ്ട്.  എന്നാല്‍ തന്റെ ലൈംഗിക ചോദനകള്‍ക്കുതകാത്ത ഭര്‍ത്താവിനോട് പൊറുക്കാന്‍ അവള്‍ക്കാവുന്നില്ല. അവളുടെ ഉള്‍ക്കാമ്പില്‍ നിന്നും തന്റേടിയും കുലടയുമായ ഒരു സ്ത്രീ പതിയെ തല പൊക്കുന്നു. 

ഭര്‍ത്താവിന്റെ അവിഹിതം ഒരു സ്ത്രീയ്ക്ക് എത്രമാത്രം വേദനാകരമായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. എന്നാല്‍ അതിനെല്ലാം അപ്പുറത്ത് അവിഹിതം ഒരു പരപുരുഷനുമായി ആണ് എന്നു വരികില്‍, അതൊരു സ്വവര്‍ഗ അനുരാഗം ആണ് എന്ന് വരികില്‍ സ്ത്രീ എന്ന രീതിയിലുള്ള അതിന്റെ വേദന പെണ്മയ്ക്കു നേരെയുള്ള ഒരു അവമതിയായി ഓമന ഓരോരോ ഘട്ടങ്ങളിലായി വെളിപ്പെടുത്തുന്നുണ്ട്.

ഹാപ്പിലി മാരീഡ്

ഹാപ്പിലി മാരീഡ് എന്ന അതിഗംഭീരമായ ഓക്‌സീമോറണ്‍ പോലെ തന്നെയാണവരുടെ ജീവിതവും... ഇണയെന്ന രീതിയില്‍ പരസ്പരം ഇരയായി മാറിയ രണ്ടു പേര്‍. ഉള്ളില്‍ പരസ്പരം സ്‌നേഹമുള്ളവരാണ് ഇരുപേരും എന്ന് വ്യക്തമാണ്. 

''എനിക്കു മാത്രമല്ല മാത്യുവിനും വേണ്ടേ ഒരു ജീവിതം?'' എന്ന് ഓമന തുറന്നു തന്നെ ചോദിക്കുന്നുണ്ട്. മാത്യുവിന് വേണ്ടി അവള്‍ വോട്ടു പിടിക്കുവാന്‍ പോകുന്നുണ്ട്. മാത്യുവിന്റെ സ്വഭാവത്തിലെ ഗുണങ്ങളെക്കുറിച്ച് അവള്‍ക്ക് തെല്ലും സംശയവുമില്ല. മകളോടും തന്റെ അച്ഛനമ്മമാരോടും മാത്യുവിന്റെ സ്വര്‍ഗ്ഗാനുരാഗത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും മാത്യുവിനോട് അവള്‍ അത് കോപത്തിലോ മറ്റോ വിളിച്ചു പറഞ്ഞിട്ടില്ല. ഒരു സ്പര്‍ദ്ധയിലും മാത്യുവിനെതിരായ ആയുധമായത് മാറ്റിയിട്ടില്ല. മാത്യുവിനെ ഉപേക്ഷിച്ചു പോയിട്ടുമില്ല.

വായന കൊണ്ട് കെട്ടുപോയവളാണ് ഓമന എന്ന് ഇടയ്‌ക്കെപ്പോഴോ ഓമനയുടെ സഹോദരന്‍ വന്ന് പഴി പറയുന്നുണ്ട്. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്യാന്‍ ആകാതെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ട മാത്യുവിനെ വിവാഹം ചെയ്തിട്ട് ഭര്‍ത്താവിനെ കിട്ടിയില്ല പക്ഷേ എനിക്ക് എന്റെ അപ്പനെക്കാളും നല്ല ഒരു അപ്പച്ചനെ കിട്ടിയെന്ന് ഓമന വിശ്വസിച്ചു. ഭാര്യയല്ലാതെ തന്നെ ആ വീട്ടില്‍ ഭാര്യയായ് അഭിനയിച്ചും മരുമകളായും അമ്മയായും ജീവിക്കുകയാണ് ഓമന. 

20 വര്‍ഷത്തിനുള്ളില്‍ നാല് തവണ മാത്രമാണ് തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതില്‍ താന്‍ തന്റെ കുഞ്ഞിനെ ചോദിച്ചു വാങ്ങിയതാണ് എന്നും അവള്‍ കോടതിയില്‍ തുറന്നു പറയുന്നു. ആ നിമിഷം മാത്യുവിന് വേണ്ടി വാദിച്ചുകൊണ്ടിരിക്കുന്ന വക്കീലിന്റെ മുഖത്ത് അടിയേറ്റത് പോലെയുള്ള ഒരു ഭാവം നമുക്ക് ദര്‍ശിക്കാനാകും. പുറത്തിറങ്ങി ''സ്വന്തം വക്കീലിനോട് എങ്കിലും സത്യം പറഞ്ഞു കൂടെ?'' എന്ന് ആ സ്ത്രീ മാത്യുവിനോട് ചോദിക്കുന്നുണ്ട്.

സ്വവര്‍ഗാനുരാഗിയായിരിയ്ക്കുക എന്നത് ഒരു രോഗമാണെന്ന് വിശ്വസിച്ച 80-കളിലും 90-കളിലും രണ്ടായിരങ്ങളിലും നിന്ന്, സ്വവര്‍ഗ അനുരാഗം ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റകൃത്യമാണ് എന്ന് ഇന്ത്യന്‍ നിയമം വിശ്വസിച്ചിടങ്ങളില്‍ നിന്നും, അതൊരു സ്വാഭാവിക പ്രകൃതി മാത്രമാണെന്ന് അംഗീകരിക്കപ്പെടേണ്ടതാണ് എന്ന് നിയമവും സമൂഹവും സംസാരിച്ചു തുടങ്ങിയ രണ്ടായിരത്തിന്റെ ഒടുവില്‍  മാത്രമാണ് ഓമനയ്ക്ക് ഇത് പുറത്ത് പറയാന്‍ ആകുന്നതും കോടതിയില്‍ കൊണ്ടുപോയി കേസ് കൊടുക്കാന്‍ ആകുന്നതും. മാത്യുവോ അയാളുടെ അനുരാഗമോ ക്രൈം അല്ലയെന്ന അവബോധം അവള്‍ക്കുണ്ട്.

ഓമനാനുഭവങ്ങള്‍

അഡ്രസ്സ് ചെയ്യപ്പെടാത്ത ലൈംഗിക ചോദനയും അടക്കി വെച്ച ലിബിഡോയും സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്ന ശാരീരിക പ്രശനങ്ങള്‍ ഏറെയാണ്. ലിബിഡോ സ്ത്രീകളെ നിസ്സഹായയാക്കും. കുടുംബത്തിനു പുറത്തേയ്ക്കു പോയി ഒരു പ്രേമത്തിലോ വിഹിതമല്ലാത്ത ബന്ധത്തിലോ ഉള്‍പ്പെടാത്ത സ്ത്രീകള്‍ക്ക് ഉറപ്പായും രോഗങ്ങള്‍ പൊടിപ്പൊടിച്ചുണ്ടാകും. 1800 കളില്‍ ഹിസ്റ്റീരിയ ബാധിച്ച പെണ്ണുങ്ങള്‍ക്കും മാനസികോന്മാദിനികളായവര്‍ക്കും ചെന്നിക്കുത്തു മാറാത്ത വിധവകള്‍ക്കുമെല്ലാം മെഡിക്കല്‍ വൈബ്രേറ്റര്‍ ഉപയോഗിച്ചു ഡോക്ടര്‍ ചികിത്സിച്ച കഥകള്‍ നമുക്കറിയാം. അതായത് കാലകാലങ്ങളായി പെണ്ണുന്മാദങ്ങള്‍ക്ക്, ഹിസ്റ്റീരിയകള്‍ക്ക് രതിയാണ് മരുന്ന്. അതില്ലാതെ വരുമ്പോള്‍ അവര്‍ പൊട്ടിച്ചിതറുന്നു. വഴക്കാളികളുമുന്മാദിനികളും ആകുന്നു.

ഉന്മാദമോ തലവേദനയോ ഹിസ്റ്റീരിയയോ ഒന്നുമില്ലാതെ ഓമനയെ അതിശാന്തയായാണ് സംവിധായകന്‍ സൃഷ്ടിച്ചത് എന്നത് ഒരു പോരായ്മയായി തോന്നി. അത്തരം സ്ത്രീകളെ ഞാന്‍ കണ്ടിട്ടേയില്ല. രതി നിഷേധിക്കപ്പെടവര്‍ക്ക് ഒരേ മുഖമാണ്. ഓമനയ്ക്ക് പക്ഷെ അതു പ്രകടമേയല്ല.

എന്നാല്‍ പുതിയ ഒരു പുരുഷനെ കാണുമ്പോള്‍ അവള്‍ക്കുണ്ടാകുന്ന ആകാംക്ഷയും ആകുലതയും കണ്ണുകളില്‍ ഉണ്ടാകുന്ന കാമത്തിളക്കവും ഏറ്റവും ഭംഗിയായി തന്നെ സംവിധായകന്‍ അവസാന രംഗങ്ങളില്‍ സൃഷ്ടിക്കുന്നുമുണ്ട്. തനിക്ക് രതി നിഷേധിച്ചത് ക്രൂരതയാണെന്ന് ഓമന പരസ്യമായി തന്നെ പറയുന്നു. അതിനെക്കുറിച്ച് ലജ്ജയില്ലാതെ അച്ഛനോടും അമ്മയോടും സംസാരിക്കുന്ന ഓമന, ശാരീരികമായും മാനസികമായും വൈകാരികമായും കൂള്‍ അഥവാ ശാന്തയാണ് എന്നത് ചിത്രത്തിലെ ഒരു പ്രധാന പോരായ്മയാണ്. ഓമനയ്ക്കുണ്ടാക്കിക്കൂടെ ഒരവിഹിതം എന്ന ചോദ്യം ഉണ്ടാകാന്‍ പാടില്ലെന്നു സംവിധായകനു നിര്‍ബന്ധമുള്ളതു പോലെ തോന്നി. എന്നാല്‍ ഇത്തരത്തിലുള്ള ലോജിക്കല്‍ പോരായ്മകള്‍ ഒന്നും തന്നെ പടത്തിന്റെ ഉള്‍ക്കാമ്പിനെ ബാധിക്കുന്നില്ല.

ദേവസ്സി എന്ന സദാചാരക്കള്ളന്‍

ഒരു കള്ളനെപ്പോലെ പമ്മിയും പതുങ്ങിയും നിസ്സഹായതയും നിഷ്‌കളങ്കതയും അഭിനയിച്ചും തന്റെ സ്വാഭാവിക ചോദനയെ മറച്ചു വയ്ക്കുവാന്‍ മാത്യു ദേവസി ശ്രമിക്കുന്നുണ്ട്. 20 വര്‍ഷത്തോളം അതിലയാള്‍ വിജയിക്കുന്നുമുണ്ട്. ബാങ്കില്‍ നിന്നും പിരിയുമ്പോള്‍ 60 വയസ്സ് എങ്കില്‍ 40 വയസ്സു വരെ മാത്യൂ അവിവാഹിതനായിരിയ്ക്കണം. അപ്പോഴും സ്വത്വം രഹസ്യമാക്കിത്തന്നെ വെച്ചു. എന്നാല്‍ പണിക്കര്‍മാമനെന്നു ഞങ്ങള്‍ പൊന്നാരിച്ചു വിളിച്ച ആര്‍ എസ് പണിയ്ക്കരുടെ ദേവസ്സിയെന്ന കഥാപാത്രമാണ് ശരിയായ സദാചാരക്കള്ളന്‍.

കമിങ് ഔട്ട് നടത്തുവാന്‍ അയാള്‍ ശ്രമിച്ചപ്പോള്‍ കല്യാണം കഴിച്ചാല്‍ ഇതെല്ലാം മാറും എന്ന് വിശ്വസിച്ചത് അയാളെ വിശ്വസിപ്പിച്ചത് അയാളുടെ സ്വന്തം അച്ഛനാണ്. വിവാഹം കഴിഞ്ഞാല്‍ എല്ലാം മാറിക്കോളുമെന്ന് അയാള്‍ കരുതി. ഹെറ്റെറോ സെക്ഷ്വൽ ആയ ഒരാള്‍ക്ക് ഹോമോസെക്ഷ്വാലിറ്റിയെന്നാല്‍, ഗേ എന്നാല്‍ സ്ത്രീയുടെ പ്രേമത്തിനും കാമത്തിനും മുമ്പില്‍ അവസാനിയ്ക്കുന്ന ഒരു കേവല ഭ്രാന്തായി മാത്രമേ മനസ്സിലാകാനാകൂ. 

ഒടുവില്‍ സമൂഹത്തിന്റെ മുന്നില്‍ മകളുടെയും നാട്ടുകാരുടെയും മുന്നില്‍ തന്റെ സ്വത്വത്തെ മറച്ചുവെച്ച് മറ്റൊരാളായി 20 വര്‍ഷം ജീവിച്ചതിനുശേഷം ആ സംഘര്‍ഷം മുഴുവന്‍ അനുഭവിച്ചതിനുശേഷം വെളിപ്പെടാന്‍ ആഗ്രഹിക്കാതെ നില്‍ക്കുന്ന ഒരു ഘട്ടത്തില്‍ മകന്റെ ആഗ്രഹം മനസ്സിലാക്കി മരുമകളോട് കെഞ്ചുകയും പിന്നീട് മനം മാറി അതേ മകനെ ഒറ്റുകൊടുകയും ചെയ്യുന്നു. 

സ്വത്വം പുറത്ത് വിടുവാനുള്ള അഥവാ കമിങ് ഔട്ടിനുള്ള ഒരു കാലത്ത് മാത്യു ദേവസി നിസ്സഹായനാണ്. പിന്നീടുള്ള ജീവിതത്തിലുമതെ, പിരിവിലുമതെ..


അതിനന്മയുടെ പ്രസരം

മനുഷ്യരുടെ നന്മയുടെ കഥയാണ് കാതല്‍ മുന്നോട്ടുവയ്ക്കുന്നത്. സ്വവര്‍ഗ അനുരാഗിയായിട്ടും അപ്പനുവേണ്ടി വിവാഹം ചെയ്യുകയും ഭാര്യക്ക് കുഞ്ഞിനെ ഉണ്ടാക്കി നല്‍കുകയും ഭാര്യയെ പ്രാണനെ പോലെ സ്‌നേഹിക്കുകയും ചെയ്യുന്ന നിസ്സഹായനായ മാത്യു. പല സ്വവര്‍ഗ അനുരാഗികളായ വ്യക്തികളും തങ്ങളുടെ വിമത ലൈംഗികതയുടെ പേരില്‍ ഇഷ്ടമില്ലാത്ത പങ്കാളിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് എത്രയോ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ മാത്യുവാകട്ടെ ശാന്തനും സാത്വികനുമാണ്. മാത്യുവിന്റെ ഓമനയാകട്ടെ, കുടുംബത്തിന് വേണ്ടി ഉള്ളിലെ നന്മകൊണ്ട് മാത്രം ശാന്തയായി ജീവിക്കുന്ന ഒരുവളാണ്.

മാത്യുവിന്റെ പിതാവ് സാക്ഷാല്‍ ദേവസി 20 വര്‍ഷങ്ങള്‍ക്കിപ്പുറം മകനുവേണ്ടി മരുമകളോട് പറഞ്ഞുകരയുകയും മരുമകളുടെ ഇടപെടല്‍ കൊണ്ട് തന്നെ താന്‍ ഇത്ര കാലവും ചെയ്തതും തീരുമാനിച്ചതും തെറ്റാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഒരു പടികൂടി കടന്ന് മരുമകള്‍ക്ക് വേണ്ടി അയാള്‍ നിലകൊള്ളുന്നു. ഒരു പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബത്തിലെ കാരണവരില്‍ നിന്നും ഇത്രക്ക് പുരോഗമനം നമുക്ക് ഒരിക്കലുംകാണാന്‍ കഴിയുകയില്ല.

മകള്‍ ആയ ഫെമി അച്ഛന്റെ സ്വവര്‍ഗ അനുരാഗത്തെ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സങ്കടംകൊണ്ടാണ് താന്‍ നിശബ്ദയായി പോയത് എന്ന് അവള്‍ നന്മയോടെയും അലിവോടെയും ഏറ്റുപറയുന്നുണ്ട്

രാഷ്ട്രീയ പക്ഷങ്ങളുടെ ലൈംഗികതയോടുള്ള/ സെക്ഷ്വാലിറ്റിയോടുള്ള പുതിയ കാഴ്ചപ്പാട് ഈ സിനിമയില്‍ ഉടനീളം വ്യക്തമാണ് പോസിറ്റീവ് ആയും നെഗറ്റീവ് ആയും അതിനെ സിനിമ വായിക്കുന്നുണ്ട്. പുതിയകാലത്ത് പുരോഗമനം പാര്‍ട്ടിക്ക് ഒരുതരം ഫാഷനാണ് എന്ന് ദ്യോതിപ്പിക്കുന്ന നിലയില്‍ സ്ഥാനാര്‍ത്ഥി സ്വര്‍ഗാനുരാഗിയായിരിക്കട്ടെ എന്ന് സംഭാഷണങ്ങള്‍ കേള്‍ക്കാം. സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ ഒന്നാണ് ലൈംഗിക ചോയ്‌സ് എന്ന നിലപാട് പാര്‍ട്ടി നേതൃത്വവും ജില്ലാ ഘടകവും ഒരുപോലെ നന്മയോട് സ്വീകരിക്കുന്നുണ്ട്. വിമര്‍ശകരായ അണികളുമതെ.

സ്ഥാനാര്‍ത്ഥിയുടെ സെക്ഷ്വാലിറ്റി അല്ല അയാളോടുള്ള തങ്ങളുടെ വിശ്വാസം എന്ന് ''പാലം പൊളിഞ്ഞു കിടക്കുന്നു, ഗ്രാമത്തില്‍ വികസനം ആവശ്യമാണ്'' എന്നു തുറന്നു പറയുന്ന നാട്ടുകാര്‍ നന്മയുടെ വല്ലാത്ത അപ്പോസ്തലന്മാരാണ്. ഓമനയുടെ സഹോദരന്‍ ആദ്യമൊക്കെ എതിര്‍ക്കുന്നുണ്ടെങ്കിലും പിന്നീട് ഓമനക്കൊപ്പം നില്‍ക്കുവാന്‍ തീരുമാനിക്കുന്നു.

തങ്കന്റെ സഹോദരിയും തങ്കന് അനുകൂലമായ ഒരു നിലപാടാണ് എടുക്കുന്നത്. രണ്ട് ദിവസത്തിന് അപ്പുറം മകനെ സ്വവര്‍ഗ അനുരാഗിയായ ചേട്ടന്റെ അരികിലേക്ക് പറഞ്ഞുവിടും എന്ന് പറയാനുള്ള ആര്‍ജ്ജവം അവള്‍ കാണിക്കുന്നുണ്ട്. സ്വവര്‍ഗ അനുരാഗത്തോടുള്ളഭയമില്ലായ്മയോ നന്മയോ സഹോദരന്റെ മേലുള്ള വിശ്വാസമോ എന്താണ് അവളെക്കൊണ്ട് അങ്ങനെ പറയിക്കുന്നതെന്ന് പ്രേക്ഷകന്‍ സംശയിക്കും.

ദാമ്പത്യത്തിനകത്തുള്ള അന്തര്‍സംഘര്‍ഷങ്ങള്‍ ഇത്രമേല്‍ ഭംഗിയായി അവതരിപ്പിക്കുമ്പോഴും അതിന്റെ സംഘര്‍ഷവും സമ്മര്‍ദ്ദവും പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുമ്പോഴും യഥാര്‍ത്ഥമായ സ്വവര്‍ഗ അനുരാഗി മധ്യവയസ്സില്‍ 19 വയസ്സ് പ്രായമുള്ള മകള്‍ ഇരിക്കെ സ്വയം വെളിപ്പെടുമ്പോള്‍ സമൂഹം ഇത്രമേല്‍ നന്മയോടെ അയാളെ സ്വീകരിക്കുകയില്ല. വളരെ കുറച്ചു മാത്രമാണ് ഒരു ഹോമോസെക്ഷ്വലായ പുരുഷന്റെ തിക്താനുഭവത്തെ ഈ സിനിമ വെളിപ്പെടുത്തുന്നത്.

പുരുഷരസം സ്ത്രീരസം

മമ്മൂട്ടിയുടെ ശരീര ഭാഷയെയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും സ്‌ക്രീന്‍ പ്രസന്‍സിനെ കുറിച്ചും ആരും ഒന്നും പറയേണ്ടതില്ല. ജനാഫ്രെസ് എന്ന കൊടിയ കാമുകനെപ്പോലെ അല്ലെങ്കില്‍ ഒരു ഗന്ധര്‍വ്വനെ പോലെ മലയാളി സമൂഹത്തില്‍ അദ്ദേഹം അതിസുന്ദരമായ ഒരു ഫ്രെയിം ആയി മാറിയിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു!

പൗരുഷം എന്നു പറയുന്ന മുഴുവന്‍ ഭാവങ്ങളും ഒരു കുലപുരുഷനെ പോലെ ഏറിയ അതി അഭിനയ ശരീരം. പുരുഷ രസത്തിന്റെ ഉന്മത്തഭാവം. പുരുഷന്‍ എന്നാല്‍ എന്ത് എന്ന് ലോകവും മലയാളികളും സങ്കല്‍പ്പിച്ചു വെച്ച ഒരു രൂപത്തിലും ഭാവത്തിലും ഉള്ള ഒരു മനുഷ്യന്‍ സ്വവര്‍ഗ അനുരാഗം എന്ന -പൊതുസമൂഹം പൗരുഷരാഹിത്യം എന്ന് വിധിയെഴുതിയ- ഒരു ലൈംഗികതയുടെ മുഖമുള്ള മനുഷ്യനാവുവാന്‍ തീരുമാനിച്ചുവെന്നത് ചെറിയ കാര്യമല്ല.

മത വിശ്വാസങ്ങളും ജാതിവിശ്വാസങ്ങളും പെട്രിയാര്‍ക്കല്‍ പൊതുസമൂഹവും തള്ളിപ്പറയുന്ന മനുഷ്യരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുക എന്നത് ശരിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അഭിനേതാവ് ആയിട്ടാണെങ്കിലും സംവിധായകന്‍ ആയിട്ടാണെങ്കിലും അതിലെ ഒരു ടെക്‌നീഷ്യന്‍ ആയിട്ടാണെങ്കിലും ആ സിനിമയുടെ ഒരു കാണിയായിട്ടാണ് എങ്കിലും സമൂഹം ആക്രമിക്കുകയും കൊല്ലുകയും വേട്ടയാടുകയും ചെയ്ത മനുഷ്യര്‍ക്കൊപ്പം നില്‍ക്കുക എന്നത് ശരിയുടെ രാഷ്ട്രീയം തന്നെയാണ്.

മമ്മൂട്ടിയുടെ സൗന്ദര്യവും പൗരുഷവും അഭിനയഗാംഭീര്യവും തിരഞ്ഞെടുപ്പുകളിലെ ഗംഭീരമായ വ്യത്യസ്തതയും മലയാളി സമൂഹത്തിന് പുതുമയൊന്നുമല്ല. ശിവനായോ ഉടല്‍കൊണ്ടു പാര്‍വ്വതിയായോ മാറാനുള്ള അപൂര്‍വ്വസിദ്ധിയെക്കുറിച്ച് മമ്മൂട്ടിയെന്ന അഭിനയമനുഷ്യനെക്കുറിച്ച് പറയേണ്ടതില്ല.
ഒറ്റയ്‌ക്കൊരു കാമുകനായി ഇരട്ടക്കട്ടിലില്‍ അയാളുടെ ഏകാന്തത അവനെ കാത്തുകിടക്കുന്നു.

കാതല്‍ സുധി

എടുത്തു പറയേണ്ടത് മമ്മൂട്ടിയുടെ സ്വവര്‍ഗ അനുരാഗ പങ്കാളിയായി അഭിനയിച്ച തങ്കന്‍ എന്ന കഥാപാത്രത്തെക്കുറിച്ചും അഭിനേതാവിനെ കുറിച്ചുമാണ്. സ്വവര്‍ഗ അനുരാഗത്തെ പോസിറ്റീവായും നെഗറ്റീവ് ആയും അഡ്രസ്സ് ചെയ്തുകൊണ്ടുള്ള അസംഖ്യം സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം സിനിമകള്‍ക്കൊക്കെ തന്നെയും ലൈംഗികതയുടേതായ ഒരു സ്ഫുരണമെങ്കിലും ഉള്ളതായും നമ്മള്‍ കണ്ടിട്ടുണ്ട്. എ സര്‍ട്ടിഫിക്കറ്റിലേക്ക് നീളുന്ന രതി ചിത്രീകരണങ്ങള്‍ ആ സിനിമയിലൊക്കെ ഉണ്ടായിട്ടുണ്ട്. 

ഫയര്‍, വോട്ടര്‍, അലിഗഡ് തുടങ്ങി മലയാളത്തില്‍ വന്നിട്ടുള്ള പല സിനിമകളിലും അത്തരം ഒരു ദൃശ്യമെങ്കിലും കാണാം. പങ്കാളിയോടുള്ള അഭിനിവേശം പ്രദര്‍ശിപ്പിക്കുന്ന രംഗങ്ങള്‍ ഈ സിനിമയിലെല്ലാം നിശബ്ദമായി മാത്രമേ കാണാനാകൂ...

നിശബ്ദതയാണ് കാതലിന്റെ കാമഭാഷ...

സുധിയെന്ന മനുഷ്യന്‍ തങ്കനായി മാറി തങ്കനെന്ന കാമുകനായി മാറി ഒളിഞ്ഞു തെളിഞ്ഞു വരുന്നതെല്ലാം നിസ്സഹായതയുടെ പ്രത്യേക മുഖത്തോടെയാണ് പ്രേക്ഷകരിലെത്തുന്നത്. തങ്കന്‍ മാത്യൂവിനെ സ്പര്‍ശിയ്ക്കുന്ന ആ രംഗം ഒന്നെയുള്ളു സിനിമയില്‍. അവര്‍ രണ്ടുപേരും ശരീരം കൊണ്ട് സ്പര്‍ശിക്കുന്നു. പരസ്പരം സ്പര്‍ശിച്ചോയെന്നു പോലും അറിയാതെ ജനസഞ്ചയത്തെ ഭയന്നിരുവരും  വേര്‍പെടുന്നു. ഒരു കൊടും മഴയത്ത് കടയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോകുന്നതാണാ രംഗം. ആ ദൃശ്യത്തില്‍ രണ്ടുപേര്‍ക്കും പരസ്പരം എന്തെങ്കിലും അഭിനിവേശം ഉള്ളതായി പ്രേക്ഷകനു പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുകയില്ല. സ്പര്‍ശത്തില്‍ പോലും പരസ്പരം അപരിചിതരായി ഇരിയ്ക്കുക എന്ന മാത്യൂവിന്റെ ചോയ്‌സാണതെന്നു വ്യക്തമാണു താനും. മാത്യുവുമായുള്ള തന്റെ ബന്ധം സൂചിപ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ദൃശ്യം, ഫോണ്‍ ചെയ്യാന്‍ ശ്രമിച്ച ശേഷം ഫോണ്‍കോള്‍ കട്ട് ചെയ്യുന്നതാണ്. മറ്റൊന്ന് വോട്ട് ചെയ്തതിനുശേഷം നടന്നുപോകുന്നതും കാറിന്റെ റിയര്‍വ്യൂ മിററിലൂടെ പ്രണയിയുടെ ശരീരത്തെ പൂര്‍ണ്ണകായമായി കാണുന്നതുമാണ് 'Objects are closer than they appear.' എന്ന് പറയുന്ന ഒരു റിയര്‍വ്യൂ കണ്ണാടി സന്ദേശം അതിനകത്ത് ഒളിഞ്ഞു നില്‍പ്പുണ്ട്. 

ഗൂഡമായി തങ്കന്‍ തന്റെ ആഹ്ലാദം പ്രകടിപ്പിക്കുന്നു. താനിത്രനാളും കണ്ട കാഴ്ചപോലെയല്ല താന്‍ കണ്ണാടിയില്‍ കണ്ടതിനേക്കാളും അരികിലാണ് തന്റെ പ്രേമമെന്നു പ്രത്യക്ഷമായി സൂചിപ്പിക്കുന്നു. എന്നാല്‍ അതിനേക്കാളെല്ലാം തീവ്രമായ രീതിയില്‍ തന്റെ സ്വവര്‍ഗ അനുരാഗത്തെ വെളിപ്പെടുത്തുന്ന ഒരു രംഗം കൂടി ഈ സിനിമയിലുണ്ട് വീടിന്റെ മതിലില്‍ കല്ലുകൊണ്ട് കുണ്ടന്‍ എന്ന് എഴുതിവെച്ചത് നമുക്ക് കാണാം. എന്റെ നാട്ടില്‍ കുണ്ടന്‍ എന്ന് പറഞ്ഞാല്‍ ബാലകനായ ഒരു കുട്ടി എന്നുമാത്രം അല്ലെങ്കില്‍ ചെറുപ്പക്കാരന്‍ ബാല്യക്കാരന്‍ എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ. എന്നാല്‍ തെക്കോട്ട് തെക്കോട്ടേക്ക് പോകുമ്പോഴേക്കും ആ പദത്തിന് സ്വവര്‍ഗാനുരാഗിയെന്ന നിലയില്‍ അപമാനിക്കപ്പെടേണ്ട അശ്ലീലകരമായ ഒരു പദമായി മാറും.

തങ്കന്റെ കറുത്ത ചുമരില്‍ കല്ലുകൊണ്ടു കോറിയത് അപമാനത്തിന്റെ അക്ഷരങ്ങളാണ്. കേവല കുണ്ടന്‍ എന്ന അവമതി. സൂക്ഷിച്ചു നോക്കിയാല്‍ മാത്രം നമുക്ക് കാണാം എങ്കിലും ഒരു പെട്രോഗ്‌ളിഫി പോലെ അത് സമൂഹത്തിന്റെ വെറുപ്പിന്റെ അക്ഷരങ്ങളായി അടയാളപ്പെട്ട് തന്നെ കിടക്കുന്നു. അതിനുമുകളില്‍, ആത്മവിശ്വാസത്തോടെ തലയുയര്‍ത്തിക്കൊണ്ടു തന്നെ എന്റെ കുണ്ടന്‍ എന്ന് തങ്കന്‍ പ്രഖ്യാപിക്കുകയാണ്. തന്റെ പങ്കാളിയായ മാത്യുവിന്റെ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു ഇലക്ഷന്‍ പ്രചരണ ചിത്രം പശ തേച്ച് അയാള്‍ ഒട്ടിക്കുകയാണ്.

അത് ഒരു സ്റ്റേറ്റ്‌മെന്റ് ആണ്. ഒരുതരം പ്രഖ്യാപനം അല്ലെങ്കില്‍ ഒരുതരം കമിങ്ഔട്ട്. ഈ സിനിമയിലെ ഏറ്റവും നിസ്സഹായകനായ കഥാപാത്രവും ശക്തനായകഥാപാത്രവും തങ്കനാണ്. അയാള്‍ക്ക് ഭാര്യയില്ല. മക്കളില്ല. സ്വവര്‍ഗ അനുരാഗത്തിന്റെ പേരില്‍ സുശക്തമായ നിലപാട് എടുക്കുന്ന പല ആളുകളില്‍ ഒരുവന്‍ മാത്രം.

ദൈന്യതയുടെ കാതല്‍
സ്വവര്‍ഗ അനുരാഗത്തിന് നമ്മുടെ സമൂഹത്തിന് അകത്ത് പലതരത്തിലുള്ള പ്രശ്‌നങ്ങളെ മുന്നോട്ടുവെക്കാന്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ എന്റെ സകല ചോദനയും ലിബിഡോയെയും അടക്കിപ്പിടിച്ച് ഈ വീട്ടിനുള്ളില്‍ നിസ്സഹായയായി കഴിയുന്നു. ഞാന്‍ എന്റെ കുഞ്ഞിനെ ചോദിച്ചു വാങ്ങുന്നു. എന്നുള്ള ഓമനയുടെ തുറന്നുപറച്ചില്‍ ആണ്. സെക്ഷനില്‍ അല്ലാത്ത ഒരു പങ്കാളിയില്‍ നിന്നും അത് ആവശ്യപ്പെടുന്നത് അവള്‍ക്ക് സ്വയവും സമൂഹത്തിന് അവളോടും തോന്നുന്ന തരം പുച്ഛം കൂടി ചേര്‍ന്നതാണ്. അത് യഥാര്‍ത്ഥത്തില്‍ ദൈന്യതയില്‍ അമര്‍ന്ന ഒന്നാണ്.

ഒരു ജീവി എന്ന നിലയില്‍ ദാമ്പത്യത്തിനകത്ത് ജീവിച്ചിരുന്നിട്ടും ഇണചേരല്‍ നിഷേധിക്കപ്പെടുന്നത് പ്രാഥമികമായ ഭക്ഷണവും വെള്ളവും നിഷേധിക്കുന്നത് പോലെ തന്നെയുള്ള ക്രൂരതയാണ്. സ്വവര്‍ഗ അനുരാഗികളായ വ്യക്തികള്‍ കുടുംബത്തിന്റെ മുന്നിലും നാട്ടുകാരുടെ മുന്നിലും തങ്ങളുടെ മുഖം നന്നാക്കാനോ നല്ലത് നല്ല പേര് സൂക്ഷിക്കുവാനോ വേണ്ടി ബലിയാക്കപ്പെടുന്ന അവരുടെ വിവാഹ ബന്ധത്തിലെ പങ്കാളികളാണ് യഥാര്‍ത്ഥത്തില്‍ നിസ്സഹായര്‍. ഒരു തെറ്റും ചെയ്യാതെ അവര്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സമൂഹത്തിന്റെ പാട്രിയാര്‍ക്കല്‍ അവബോധം രതി നിഷേധിച്ച പുരുഷനെ ജീവിതാന്ത്യംവരെ കെട്ടിപ്പിടിക്കാനും രതി നിഷേധിച്ച സ്ത്രീയെ കൊന്നുകളയാനും ഉപേക്ഷിക്കാനും വേണ്ടി പാകപ്പെട്ടതാണ് എന്നതാണ് കൗതുകകരം. ഇരുപുറത്തും സ്ത്രീകള്‍ തന്നെ യഥാര്‍ത്ഥ ഇരകള്‍.

പലരും തങ്ങളുടെ രക്ഷയ്ക്ക് വേണ്ടി മറ്റൊരാളെ ബലി കൊടുക്കുമ്പോള്‍ ചില മനുഷ്യരെങ്കിലും കൃത്യമായ ചിന്തയോടും തീരുമാനത്തോടും വിവാഹം ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തു കാണാറുണ്ട്. അവര്‍ കമിങ് ഔട്ട് നടത്തിയാലും ശരി ഇല്ലെങ്കിലും ശരി അവര്‍ തങ്ങളുടെ ജീവിതവുമായി തങ്ങള്‍ക്ക് താല്പര്യമില്ലാത്ത എതിര്‍ലിംഗത്തില്‍ ഉള്‍പ്പെട്ട പങ്കാളിയെ സ്വീകരിക്കുവാന്‍ തയ്യാറല്ല.

അതിനവര്‍ കൊടുക്കേണ്ട ഏറ്റവും വലിയ വില ഏകാന്തതയാണ്. വളരെയധികം നിസ്സഹായമായ ജീവിതാവസ്ഥയും അശരണതയും ഇതിന്റെ ഭാഗമായിത്തന്നെ അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നു

''മാത്യുവിനു ഇതുമൂലം എന്താണ് തങ്കാ നഷ്ടപ്പെടാന്‍ ഉള്ളത്'' എന്ന ഒരു ചോദ്യം ബാറില്‍ വച്ച് തങ്കന്റെ സുഹൃത്ത് ചോദിക്കുന്നുണ്ട്. ''മാത്യുവിന്റെ അപ്പന്‍ 10 തലമുറയ്ക്ക് ഇരുന്നു തിന്നാനുള്ള വണ്ണം സമ്പാദിച്ചിട്ടുണ്ട്'' എന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ അതുമാത്രമല്ല തങ്ക മാത്യൂവും തമ്മിലുള്ള വ്യത്യാസം.

ഇക്കാലമത്രയും ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നിട്ടില്ല മാത്യുവിന്. പ്രിവിലേജ്ഡ് ആയ ഗേ പാര്‍ട്ട്‌നെര്‍ ആണൂ മാത്യൂ. അയാള്‍ക്ക് ഭാര്യയുണ്ട് കുട്ടികളുണ്ട്.അച്ഛനുണ്ട്. സുഹൃത്തുക്കള്‍ ആയ സഖാക്കന്മാരുണ്ട്. ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ആഹ്ലാദങ്ങളും നന്നായി അറിഞ്ഞവനാണ് മാത്യു. അയാള്‍ക്ക് വേണമെന്നു തോന്നിയാല്‍ ഹെറ്റ്രോസെക്ഷ്വല്‍ ആകാനും കുഞ്ഞിനെ ഉല്പാദിപ്പിക്കുവാനും ഉള്ള അവസരം കൂടിയുണ്ട്.

എന്നാല്‍ തങ്കനോ? ഇത്രമേല്‍ നിസ്സഹായനായ ഒരു ജീവിയെ നമുക്ക് കാണുവാന്‍ സാധിക്കുകയില്ല. മമ്മൂട്ടിയുടെ ആകാരസൗഷ്ഠമോ സൗന്ദര്യമോ ഉയരമോ ഒന്നുമില്ലാത്ത സുധി ബാലുശ്ശേരി എന്ന ഒരു നടന്റെ

അഭിനയമികവ് ജിയോ ബേബി കണ്ടെടുത്തു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സുധി ബാലുശ്ശേരിയെ എവിടെയോ കൊണ്ടുപോയി കൊന്നു കളഞ്ഞ ശേഷം കാതല്‍ സുധിയെ പ്രേക്ഷകനു കൊടുത്തു.

കരിയറിന്റെ തുടക്കകാലഘട്ടം മുതല്‍ തന്നെയുള്ള സുധി എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും നടനെയും എനിക്ക് അറിയാം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ഇരുന്നുകൊണ്ട് കലാകാരന്‍ ആയിരിക്കുക എന്നതും അതും സിനിമാക്കാരന്‍ ആയിരിക്കുക എന്നതും എത്രത്തോളം പ്രശ്‌നം നിറഞ്ഞതാണ് എന്നും എനിക്കറിയാം. ഇപ്പോള്‍ അതിനേക്കാള്‍ ഒക്കെ കുഴപ്പം പിടിച്ച സ്വവര്‍ഗ അനുരാഗിയായി സ്‌ക്രീനില്‍ തകര്‍ത്ത് ആടുക എന്നുള്ളത് ഏതൊക്കെ ഏമാന്മാരെ ചൊടിപ്പിക്കുമെന്ന് കണ്ടുതന്നെ അറിയണം. 

കാരണം അശരണനായ സ്വവര്‍ഗ അനുരാഗ പങ്കാളിയായി സ്‌ക്രീനില്‍ മമ്മൂട്ടിക്കൊപ്പം തന്നെ നിറഞ്ഞു നില്‍ക്കുകയാണ് സുധി എന്ന നടന്റെ അഭിനയ ശരീരം. ആകാരമോ സൗഷ്ഠവമോ സൗന്ദര്യമോ യൗവനമോ തുടു നിറമോ അല്ല സ്‌ക്രീന്‍ പ്രസന്‍സിന്റെ കാതല്‍ എന്ന് സുധി നമ്മളോട് പറയുന്നുണ്ട്. ജ്യോതികയ്ക്കുമൊക്കെ എത്രയോ മീതെ മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ  സുധി വളര്‍ന്നു നില്‍ക്കുന്ന ആഹ്‌ളാദ കാഴ്ച. 

ഇതുവരെ സുധി അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നെല്ലാം വിഭിന്നമായി വ്യത്യസ്തമായ ഒരു മേക്കപ്പും ചുണ്ടിന് മീതെയുള്ള മീശയുടെയോ മേല്‍ചുണ്ടിന്റെയോ മറ്റോ പ്രത്യേക തരം ഒരുങ്ങലും സുധിയുടെ ദൈന്യതയെ ഇരട്ടിപ്പിച്ചതായി കാണാം.

നന്മ പലരീതിയില്‍ ഈ സിനിമയില്‍ കയറി വരുന്നുണ്ട് എന്നു പറഞ്ഞുവല്ലോ എങ്കിലും തന്റെ ഭര്‍ത്താവിന്റെ പങ്കാളിയായ സുധിയോട് പോലും അനുതാപപൂര്‍വ്വം ഇടപെടുന്ന ഓമനയാണ് പ്രത്യക്ഷത്തില്‍ ഇതിലെ മഹത്വമേറിയ കഥാപാത്രം എന്ന് നമുക്ക് തോന്നാം. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ തങ്കന്‍ എന്ന കഥാപാത്രമാണ്. കാരണം അയാള്‍ തന്റെ പ്രേമത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന നിസ്സഹായനായ ഒരുവനാണ്. അയാള്‍ തന്റെ പ്രേമത്തില്‍ അചഞ്ചലനും അതിന്റെ സത്യത്തില്‍ വിശ്വസിയ്ക്കുന്നവനുമാണ്. അയാള്‍ തന്റെ നിലനില്‍പ്പിനുവേണ്ടി വിവാഹം കഴിക്കുകയോ സന്തതികളെ ഉത്പാദിപ്പിക്കുകയോ തന്റെ ജനിതകത്തിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്തുകയും ചെയ്യുന്നില്ല, മാത്യുവിനെപ്പോലെ. നിസ്വാര്‍ത്ഥനാണെന്നു വ്യക്തം.

അയാള്‍ തന്റെ മുഖത്തിന്റെ സുഭദ്രതയ്ക്കുവേണ്ടി ഒരു പങ്കാളിയെ ഇരയാക്കുന്നില്ല. പങ്കാളി എന്ന നിലയില്‍ സ്വയം ഇരയാക്കപ്പെട്ടിരിക്കുകയാണ്. ജീവിതകാലം മുതല്‍ ഒരു കുറ്റകൃത്യം ചെയ്യുന്നു എന്ന സമൂഹബോധത്തോടും നിയമബോധത്തോടെ കൂടി അയാള്‍ തന്റെ പ്രേമം തുടരുന്നു. ഇരുട്ടില്‍, ഏകാന്തതയില്‍, അശരണതയില്‍, ധൈര്യതയും നിസ്സഹായതയും ഒരുപോലെ. അയാള്‍ മാത്യുവിന്റെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ പോലും ധൈര്യപ്പെടുന്നില്ല. 

ഈ കടുത്ത ഏകാന്തതയിലും പങ്കാളിയോടുള്ള വിശ്വസ്തതയോടെ ഒരു സ്ത്രീയെ അറിഞ്ഞുകൊണ്ട് വിവാഹത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് തന്റെ മുഖം മിനുക്കാതിരിക്കുവാനുള്ള ക്വീര്‍ വ്യക്തികള്‍ക്കുള്ള മഹോന്നത മാതൃകയാകുന്നു തങ്കന്‍. എല്ലാ ഏകാന്തതകളും തന്റേതായി മാത്രം വെച്ചുകൊണ്ട് തങ്കന്‍ ഏറ്റവും അലിവുള്ള ഒരു കഥാപാത്രമായ മാറുന്നു.

സ്വവര്‍ഗ അനുരാഗം എന്ന പ്രമേയം സിനിമയാക്കുക ഈ കാലഘട്ടത്തില്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. മമ്മൂട്ടിയെ പോലെയുള്ള ഒരു നടന്‍ അതിലേക്ക് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ മതസ്ഥാപനങ്ങളും യാഥാസ്ഥിതികരും ഹോമോഫോബിയക്കാരും എതിര്‍ത്തു നില്‍ക്കുവാന്‍ ബുദ്ധിമുട്ടും.

എന്നാല്‍ സുധിയെപ്പോലെയുള്ള ഒരു പുതുമുഖ നടനും സംബന്ധിച്ചടുത്തോളമോ? ഇത്തരമൊരു കഥാപാത്രം ചെയ്യുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളും മുഖമില്ലാത്ത ഫേക്ക് പ്രൊഫൈലുകളും അയാളെ മോബ് ലിഞ്ചിങ്ങ് ചെയ്യാനുള്ള അനന്തസാധ്യത നിലനില്‍ക്കെ തന്നെയാണ്.

മലയാളസിനിമ സുധിയെപ്പോലുള്ള മികച്ച നടന്മാരുടെ അഭിനയ ശേഷിയെയും സിനിമയോടുള്ള പാഷനേയും ഏത് കഥാപാത്രവും സ്വീകരിക്കുവാനുള്ള ധൈര്യത്തെയും കഠിനാധ്വാനത്തെയും തിരിച്ചറിഞ്ഞേ മതിയാവു...

ആ നായ്ക്കുറുക്കനില്‍ വന്നു തങ്കനോട് 'ആ അളിയാ' എന്ന ഭാവത്തില്‍ ഇളിച്ചേച്ചുപോയ കൂള്‍ ചങ്ങായിയുടെ രാഷ്ട്രീയ കൃത്യതയ്ക്കിരിയ്ക്കടെ കുതിരപ്പവന്‍!

ജയ് ബേബി ജയ്

Content Highlights: homosexuality, geo baby, indu menon, mammootty. kathal the core