പ്രശ്നങ്ങൾ പലത്, എന്നാൽ പരിഹാരം സെക്സ് മാത്രം! എന്താണ് ‘ഗ്ലൂയിങ്’?

പ്രണയബന്ധങ്ങളിൽ പുതിയൊരു ട്രെൻഡായി ചർച്ചയാകുകയാണ് 'ഗ്ലൂയിങ്' (Glueing). വൈകാരികമായ അടുപ്പവും പരസ്പര ധാരണയും കുറഞ്ഞുവരുമ്പോഴും ശാരീരികബന്ധം മാത്രം ആശ്രയിച്ച് ബന്ധം മുന്നോട്ടുകൊണ്ടുപോകുന്ന അവസ്ഥയാണിത്. ചിലപ്പോൾ തകർച്ചയിലേക്ക് നീങ്ങുന്ന ബന്ധത്തിൽനിന്ന് പുറത്തുകടക്കാൻ കഴിയാത്ത സാഹചര്യത്തിലേക്കും ഇത് നയിക്കാം. ഗ്ലൂയിങ്ങിനെപ്പറ്റിയുള്ള ചില വിദഗ്ധരുടെ അഭിപ്രായങ്ങൾ ഇങ്ങനെയാണ്;
എന്താണ് ഗ്ലൂയിങ്?
പങ്കാളികൾ തമ്മിലുള്ള തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാതെ, ലൈംഗികബന്ധത്തിലൂടെ വീണ്ടും അടുപ്പം കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഗ്ലൂയിങ്ങിന്റെ പ്രധാന സവിശേഷത. ശാരീരികമായ അടുപ്പം മാത്രമല്ല, ആശയവിനിമയം, വിശ്വാസം, വൈകാരികമായ പിന്തുണ എന്നിവയും ആരോഗ്യകരമായ ബന്ധത്തിന് ആവശ്യമാണ്. എന്നാൽ ശാരീരികബന്ധം മാത്രമാണ് പങ്കാളികളെ ചേർത്തുനിർത്തുന്നതെങ്കിൽ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
ശാരീരികബന്ധത്തിലേർപ്പെടുമ്പോൾ തലച്ചോറിൽ ഓക്‌സിടോസിൻ, ഡോപമിൻ തുടങ്ങിയ രാസവസ്തുക്കൾ പുറത്തുവരുന്നു. ഇവ അടുപ്പവും സന്തോഷവും ബന്ധത്തോടുള്ള ആകർഷണവും വർധിപ്പിക്കാം. ഇതുമൂലം ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടെങ്കിലും പങ്കാളിയുമായി ശക്തമായ അടുപ്പം അനുഭവപ്പെടാം. എന്നാൽ ഈ അടുപ്പം മാത്രം ബന്ധം ആരോഗ്യകരമാണെന്നതിന്റെ തെളിവല്ല.
ഗ്ലൂയിങ്ങിന്റെ ലക്ഷണങ്ങൾ
തർക്കങ്ങൾക്കുശേഷം പ്രശ്‌നങ്ങൾ സംസാരിച്ചുതീർക്കുന്നതിനുപകരം ശാരീരികബന്ധത്തിലൂടെ എല്ലാം പഴയപടിയാക്കാൻ ശ്രമിക്കുക, പരസ്പരമുള്ള പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞിട്ടും ശാരീരികമായ ആകർഷണം കാരണം ബന്ധത്തിൽ തുടരുക, ശാരീരികബന്ധം കുറയുമ്പോൾ ബന്ധത്തെക്കുറിച്ച് അരക്ഷിതാവസ്ഥ തോന്നുക തുടങ്ങിയവ ഇതിന്റെ സൂചനകളാകാം.
പങ്കാളിയോടൊപ്പം ശാരീരികബന്ധമില്ലാത്ത സമയങ്ങളിലും സന്തോഷത്തോടെ സമയം ചെലവഴിക്കാൻ കഴിയുന്നുണ്ടോ? തുറന്നുപറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പോലും സംസാരിക്കാനാകുന്നുണ്ടോ? പരസ്പരം മനസ്സിലാക്കാനും വൈകാരികമായി പിന്തുണയ്ക്കാനും കഴിയുന്നുണ്ടോ? ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് ബന്ധത്തിന്റെ സ്വഭാവം തിരിച്ചറിയാൻ സഹായിക്കും.
ഗ്ലൂയിങ് എല്ലായ്‌പ്പോഴും മോശമാണോ?
ആരോഗ്യകരമായ ദീർഘകാല ബന്ധത്തിൽ ശാരീരികമായ അടുപ്പവും സ്‌നേഹവും ശക്തിപ്പെടുത്തും. എന്നാൽ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെ മറച്ചുവയ്ക്കാനും തകർച്ചയിലേക്ക് നീങ്ങുന്ന ബന്ധം നിലനിർത്താനും ഇത് ഉപയോഗിക്കുമ്പോഴാണ് ആശങ്ക വേണ്ടത്.
ശാരീരികമായ അടുപ്പത്തിനപ്പുറം ഒരുമിച്ച് സമയം ചെലവഴിക്കുക, തുറന്നുപറയുക, അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുക, പ്രയാസകരമായ സമയങ്ങളിൽ പരസ്പരം പിന്തുണയ്ക്കുക എന്നിവയ്ക്കും ബന്ധത്തിൽ പ്രാധാന്യം നൽകണം. ശാരീരികമായ ആകർഷണം നിലനിൽക്കുന്നതുകൊണ്ടുമാത്രം ഒരു ബന്ധം ആരോഗ്യകരമാകണമെന്നില്ല. വൈകാരികമായ അടുപ്പവും വിശ്വാസവും പരസ്പരധാരണയും അതിന് ആവശ്യമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi