ആ സ്‌കൂളില്‍വെച്ചാണ് സിദ്ധാര്‍ഥ് എന്നെ പ്രൊപ്പോസ് ചെയ്തത്':അദിതിയും സിദ്ധാര്‍ഥും വിവാഹിതരായി

അഭിനേതാക്കളായ സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി. അദിതി വിവാഹച്ചടങ്ങിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു, 'നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും'.
ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. 2021-ല്‍ തെലുഗുസിനിമയായ 'മഹാസമുദ്ര'ത്തില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ വര്‍ഷം മാര്‍ച്ച് 28-ന് മോതിരം ധരിച്ച തങ്ങളുടെ ചിത്രത്തോടൊപ്പം, എന്‍ഗേജ്‌മെന്റ് കഴിഞ്ഞതായി അവര്‍ കുറിച്ചു. ഹൈദരാബാദിലെ ഹൈദരികുടുംബത്തിലെ അംഗമാണ് അദിതി. എഞ്ചിനീയറായ എഹ്‌സാന്‍ ഹൈദരിയുടെയും സംഗീതജ്ഞ വിദ്യാ റാവുവിന്റെയും മകള്‍.
സിദ്ധാര്‍ഥ് തന്നെ പ്രൊപ്പോസ് ചെയ്തതെങ്ങനെയെന്ന് അദിതി മുമ്പ് തുറന്നുപറഞ്ഞിരുന്നു. അദിതിയുടെ മുത്തശ്ശി സ്ഥാപിച്ച ഒരു സ്‌കൂളില്‍വെച്ചാണ് സിദ്ധാര്‍ഥ് അദിതിയെ പ്രൊപ്പോസ് ചെയ്യുന്നത്. ''ഞാന്‍ മുത്തശ്ശിയുമായി ഏറെ അടുപ്പത്തിലാണെന്ന് സിദ്ധാര്‍ഥിന് അറിയാമായിരുന്നു. മുത്തശ്ശി കുറേക്കാലം മുമ്പ് മരിച്ചു. എങ്കിലും അവര്‍ സ്ഥാപിച്ച പ്രശസ്തമായ ഒരു സ്‌കൂളുണ്ട് ഹൈദരാബാദില്‍. ഒരുദിവസം ആ സ്‌കൂള്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് സിദ്ധാര്‍ഥ് എന്നോട് പറഞ്ഞു. അവിടെത്തിയപ്പോള്‍ സിദ്ധാര്‍ഥ് എന്റെ മുന്നില്‍ മുട്ടുകുത്തിനിന്നു. എന്നിട്ട് 'അദു' എന്ന് വിളിച്ചുകൊണ്ട് വിവാഹാഭ്യര്‍ഥന നടത്തി''.
ആ സ്‌കൂളിലെ, അദിതിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലത്തുവെച്ചായിരുന്നു സിദ്ധാര്‍ഥ് വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞത്. ''നഴ്‌സറി സെക്ഷന് താഴെയുള്ള ഫ്‌ളോര്‍. എന്റെ കുട്ടിക്കാലത്ത് കൂടുതല്‍ സമയവും ചെലവഴിച്ചത് അവിടെയായിരുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലത്ത് വെച്ച്, മുത്തശ്ശിയുടെ അനുഗ്രഹത്തോടെ വിവാഹാഭ്യര്‍ഥന നടത്തണമെന്നായിരുന്നു സിദ്ധാര്‍ഥിന്റെ ആഗ്രഹം''.
തങ്ങള്‍ ആദ്യമായി കണ്ടതിനെക്കുറിച്ചും അദിതി ഓര്‍ത്തെടുത്തതിങ്ങനെ. ''ഹലോ ബ്യൂട്ടിഫുള്‍ ഗേള്‍ എന്ന് വിളിച്ചാണ് സിദ്ധാര്‍ഥ് അടുത്തേക്ക് വന്നത്''.
ആ പ്രണയം തന്നെ എങ്ങനെ മാറ്റിയെന്ന് സിദ്ധാര്‍ഥും ഒരിക്കല്‍ പറഞ്ഞു, ''എല്ലാ കുറ്റങ്ങളും കുറവുകളും അറിഞ്ഞുകൊണ്ട് ഒരാള്‍ നമ്മളെ പ്രണയിക്കുക എന്ന് പറയുന്നത് ഭാഗ്യമാണ്. അങ്ങനെയൊരു പ്രണയം കിട്ടിയെന്നതില്‍ തികച്ചും സന്തോഷവാനാണ് ഞാന്‍''.
Content Highlights: wedding of aditi rao hydari and siddharth