‘വീണ്ടും വേദനിക്കാതിരിക്കാൻ ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി, ചില ഓർമ്മകൾ മറികടക്കുക പ്രയാസമാണ്’

വിവേക് ഒബ്‌റോയ്
വിവേക് ഒബ്‌റോയ്

സൽമാൻ ഖാനും വിവേക് ഒബ്‌റോയിയുമായുള്ള ശത്രുത ഒരുകാലത്ത് ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. സൽമാനുമായി വേർപിരിഞ്ഞശേഷം ഐശ്വര്യ റായ് വിവേകുമായി പ്രണയത്തിലായതാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം. 2003-ൽ പ്രശ്‌നങ്ങൾ രൂക്ഷമാവുകയും സൽമാൻ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും വിവേക് പറഞ്ഞിരുന്നു. അടുത്തിടെ പ്രഖർ ഗുപ്തയുമായി നടത്തിയ സംഭാഷണത്തിൽ, സൽമാൻ-ഐശ്വര്യ വിവാദത്തെക്കുറിച്ച് വിവേക് ഒബ്‌റോയ് സംസാരിച്ചിരുന്നു.

“ജീവിതത്തിൽ വളരെയധികം വികാരഭരിതനായ, സെൻസിറ്റീവ് ആയ ഒരാളാണ് ഞാൻ. ഹൃദയത്തകർച്ചയെ ഭയന്ന് ജീവിക്കാൻ എനിക്ക് താല്പര്യമില്ല, കാരണം ആ അവസ്ഥയിലൂടെ ഞാൻ കടന്നുപോയതാണ്. അത് വളരെ ഭയാനകവും  ഒറ്റപ്പെട്ടതുമായ ഒരു ജീവിതമാണ്. ഞാൻ ബന്ധങ്ങളെയും കുടുംബത്തെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു സാധാരണ മനുഷ്യനാണ്” അദ്ദേഹം പറഞ്ഞു.

വൈകാരികമായ വേദനകളെ താൻ എങ്ങനെയാണ് അതിജീവിച്ചത് എന്ന് പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ആ ഹൃദയത്തകർച്ചയ്ക്ക് ശേഷം വീണ്ടും വേദനിക്കാതിരിക്കാൻ ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി. അത് എന്നെ തീർത്തും ഏകാന്തനാക്കി. മനുഷ്യർ എന്ന നിലയിൽ നമ്മൾ ഇങ്ങനെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോകാറുണ്ട്. പക്ഷേ അത് എന്റെ ശരിക്കുള്ള സ്വഭാവമല്ല. എന്റെ സ്വഭാവത്തിന് വിരുദ്ധമായ രീതിയിലാണ് അന്ന് ഞാൻ ജീവിച്ചിരുന്നത്. വെള്ളത്തിന് പുറത്തെ മീനിനെപ്പോലെ എനിക്ക് തോന്നി. സ്നേഹിക്കാനും അത് അനുഭവിക്കാനുമായി നിങ്ങൾ വീണ്ടും മനസ്സ് തുറക്കേണ്ടതുണ്ട്.”

വിവേകുമായി പിരിഞ്ഞശേഷം ഐശ്വര്യ റായ് അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ബെംഗളൂരു സ്വദേശിയും സാമൂഹ്യ പ്രവർത്തകയുമായ പ്രിയങ്ക ആൽവയെ വിവേകും വിവാഹം ചെയ്തു.

“വിചിത്രമായ കാര്യം എന്തെന്നാൽ, നമുക്ക് ഒരു പ്രശ്നം വരുമ്പോൾ അത് വളരെ വലുതാണെന്ന് തോന്നും. എന്റെ കുട്ടികളുടെ പ്രശ്നങ്ങൾ കാണുമ്പോൾ എനിക്ക് ചിരി വരാറുണ്ട്, കാരണം എനിക്കതൊരു പ്രശ്നമേയല്ല. അതുപോലെ ദൈവം നമ്മുടെ പ്രശ്നങ്ങൾ കാണുമ്പോൾ ചിന്തിക്കുന്നുണ്ടാകും, ‘മകനേ, ഇതൊരു ചെറിയ കാര്യമാണ്, ഞാൻ നിന്നെ കൂടുതൽ ശക്തനാക്കും’ എന്ന്. ആ തിരിച്ചറിവ് പിന്നീട് മാത്രമേ നമുക്കുണ്ടാകൂ. തിരിഞ്ഞു നോക്കുമ്പോൾ പണ്ട് ചെയ്ത കാര്യങ്ങൾ പക്വതയില്ലാത്തതായി തോന്നും. അന്ന് നടത്തിയ പ്രതികരണങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ തമാശയായാണ് തോന്നുന്നത്” വിവേക് പറഞ്ഞു.

എങ്കിലും, കാലം കടന്നുപോയാലും ചില ഓർമ്മകൾ മറികടക്കുക പ്രയാസമാണെന്നും അമ്മയുടെ കണ്ണിലെ കണ്ണുനീരും അച്ഛന്റെ മുഖത്തെ ആശങ്കയും കാണുന്നതാണ് ജീവിതത്തിൽ മറികടക്കാൻ ഏറ്റവും പ്രയാസമുള്ള കാര്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vivek Oberoi opens up about his past feud with Salman Khan, his relationship with Aishwarya Rai, and overcoming heartbreak. Learn how he found strength and love again.