വാതിലുകളില്‍ മുട്ടാതിരിക്കാനാവാത്തവര്‍ വായിക്കുക വെര്‍ജീനിയയെ

എന്തെങ്കിലും എഴുതണമെങ്കില്‍ സ്ത്രീയ്ക്ക് സ്വന്തമായി ഒരു മുറിയും പണവും വേണ്ടതുണ്ട്... എന്ന് പറഞ്ഞത് വെര്‍ജീനിയ വൂള്‍ഫ് ആണ്. കേംബ്രിജ് സര്‍വകലാശാലയില്‍ 1928-ല്‍ അവര്‍ നടത്തിയ പ്രഭാഷണത്തില്‍ ആയിരുന്നു ഈ പരാമര്‍ശം. അതേ പ്രഭാഷണത്തിന്റെ വിപുലീകൃത രൂപം പിന്നീട് എ റൂം ഓഫ് വണ്‍സ് ഓണ്‍ എന്ന പേരില്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. ആറ് അധ്യായങ്ങളുള്ള ആ പുസ്തകവും അതിന്റെ ഇതിവൃത്തവും ലോകമെമ്പാടും പടര്‍ന്നു തുടങ്ങിയ ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു.
അടച്ചുറപ്പുള്ള മുറിക്കുള്ളിലും സ്ത്രീയെ അരക്ഷിതരാക്കുന്ന വാതില്‍പ്പുറമുട്ടുകള്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാലത്തും വെര്‍ജീനിയ വൂള്‍ഫ് വീണ്ടും വീണ്ടും വായിക്കപ്പെടുന്നു. എന്തെങ്കിലും എഴുതാന്‍ മാത്രമല്ല, സ്വതന്ത്രയായി ജീവിക്കാനും സ്വകാര്യത തന്റെ അവകാശമാണെന്നുറപ്പിക്കാനും സത്രീയ്ക്ക് സ്വന്തമായി ഒരു മുറി വേണ്ടതുണ്ട്. ഇഷ്ടമുള്ളപ്പോള്‍ തുറക്കാനും ഇഷ്ടക്കേട് തോന്നുമ്പോള്‍ കൊട്ടിയടയ്ക്കാനും സ്വന്തമായി ഒരു മുറി. മുട്ടിയാല്‍ തുറക്കപ്പെടുന്നതോ മുട്ടാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതോ അല്ല എല്ലാ വാതിലുകളുമെന്ന പാഠം ഇനിയും പഠിച്ചിട്ടില്ലാത്ത ആണധികാര സമൂഹം വായിക്കേണ്ടതുണ്ട് വെര്‍ജീനിയ വൂള്‍ഫിനെ.
സന്ദേഹിയുടെ ദര്‍ശനങ്ങള്‍
നിയതമായതിനെയൊക്കെ വെല്ലുവിളിക്കുന്ന, തിരുത്തുന്ന പ്രകൃതമായിരുന്നു വെര്‍ജീനിയയുടേത്. ആ ജീവിതത്തിന്റെ അടരുകളില്‍ തുടച്ചുമാറ്റാനാകാത്ത പാടപോലെ കഠിനവിഷാദവും മരണാസക്തിയും ജീവിതവിരക്തിയും ഉറഞ്ഞുകിടന്നു. രണ്ട് ലോകയുദ്ധങ്ങള്‍ക്കിടയിലുള്ള കലുഷിതകാലത്താണ് അവര്‍ ജീവിച്ചത്. യുദ്ധക്കെടുതികളുടെയും അതിന് ഇന്ധനമേകുന്ന അസമത്വങ്ങളുടെയും ദുരിതകാലത്ത് സ്ത്രീയ്ക്ക് അനുകൂലമായ വിധത്തിലേക്ക് വ്യവസ്ഥിതിയെ പുനര്‍നിര്‍വചിക്കാന്‍ അവര്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. വിഷാദിയും സന്ദേഹിയുമെങ്കിലും കാലത്തിന് കടപുഴക്കാനാവാത്ത ജീവിതദര്‍നങ്ങളുടെ ഉടമയായിരുന്നു വെര്‍ജീനിയ.
വിഷാദത്തിന്റെ മുകുളങ്ങള്‍
സമ്പന്നകുടുംബത്തിലായിരുന്നു വെര്‍ജീനിയയുടെ ജനനം. ലണ്ടനിലെ ഹൈഡ് പാര്‍ക്ക് ഗേറ്റ് നമ്പര്‍ 22... അതായിരുന്നു അവരുടെ വീട്. ലെസ്ലി സ്റ്റീഫന്റെയും ജൂലിയയുടെയും മകള്‍. കല, സാംസ്‌കാരിക, സാഹിത്യരംഗങ്ങളുമായി ബന്ധമുള്ളവരായിരുന്നു മാതാപിതാക്കള്‍. ചരിത്രത്തെയും സാഹിത്യത്തെയും അടുത്തറിഞ്ഞ ബാല്യം. സര്‍ഗാത്മകമായ ആ ബാല്യകാലം അവരില്‍ വിഷാദത്തിന്റെ മുകുളങ്ങളെയും നട്ടുവളര്‍ത്തി.
അര്‍ദ്ധസഹോദരനില്‍ നിന്നുണ്ടായ ലൈംഗിക അതിക്രമവും സഹോദരങ്ങളുടെയും അമ്മയുടെയും മരണവും അവരുടെ വെളിച്ചം നിറഞ്ഞ ജീവിതത്തില്‍ ഇരുട്ടാഴ്ത്തി. ദു:ഖത്തിലേക്ക് മാത്രം വഴിനടത്തിയ സങ്കീര്‍ണമായ പ്രണയബന്ധങ്ങള്‍ അവരുടെ വിഷാദത്തെ ഭാരിച്ചതാക്കി.
ബ്ലൂംസ്‌ബെറിയിലെ ജീവിതം
ലണ്ടനിലെ ബ്ലൂംസ്‌ബെറി പ്രവിശ്യയിലെ താമസമാണ് അവരുടെ പില്‍ക്കാല ജീവിതത്തെ മാറ്റിമറിച്ചത്. ഇ.എം.ഫോസ്റ്റര്‍, റോജര്‍ ഫ്രൈ, ക്ലൈവ് ബെല്‍, ലിയനാഡ് വൂള്‍ഫ് എന്നിവര്‍ക്കൊപ്പം അവര്‍ ബ്ലൂംസ്‌ബെറി സാഹിത്യസംഘത്തില്‍ അംഗമായി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ആധുനികതയുടെ പിറവിക്ക് അത് കാരണമായി. ബോധധാരാ സമ്പ്രദായം ഉള്‍പ്പെടെയുള്ള ആഖ്യാനരീതികളെ വെര്‍ജീനിയ വൂള്‍ഫ് സാഹിത്യത്തിന് പരിചയപ്പെടുത്തി.
എട്ടുനോവലുകളും ഒട്ടേറെ ചെറുകഥകളും പ്രബന്ധങ്ങളും അടങ്ങുന്ന അക്ഷരജീവിതം. ബ്ലൂംസ്‌ബെറി ഗ്രൂപ്പിലെ അംഗവും രാഷ്ട്രീയ പ്രവര്‍ത്തകനും സൈദ്ധാന്തികനും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ ലിയനാഡ് വൂള്‍ഫുമായുള്ള വിവാഹമാണ് വെര്‍ജീനിയയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ അധ്യായം.
ലിയനാഡിനൊപ്പം
തിളച്ചുമറിയുന്ന ഓളങ്ങളുള്ള തടാകം പോലെയായിരുന്നു എല്ലാക്കാലത്തും വെര്‍ജീനിയയുടെ ജീവിതം. അവര്‍ പ്രണയവും പ്രണയനഷ്ടവും തീവ്രതയിലറിഞ്ഞു. ഉന്മാദവും നിരാശകളും ഇടവിട്ടുപെയ്യുന്ന മഴ പോലെ അവരെ തേടിവന്നുകൊണ്ടിരുന്നു. ഇതിനൊക്കെയിടയിലും നങ്കൂരം പോലെ അവരെ ആ രണ്ടുപേര്‍ ജീവിതത്തില്‍ ഉറപ്പിച്ചുനിര്‍ത്തി. പങ്കാളിയായ ലിയനാഡ് വൂള്‍ഫും കൂട്ടുകാരിയായ വിറ്റ സാക്ക്‌വില്ലയും. വിറ്റയുമായുള്ള അത്യന്തം കാല്പനികമായ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് വെര്‍ജീനിയ ഒര്‍ലന്‍ഡോ എന്ന വിഖ്യാതകൃതി എഴുതിയത്.
വിവാഹിതരായിരുന്നു അവരിരുവരും. സൗഹൃദത്തിനപ്പുറം അനുരാഗത്തിന്റെ ലക്ഷണങ്ങളിലേക്ക് അവര്‍ക്കിടയിലെ ബന്ധം വളര്‍ന്നു. ഉള്ളിലെ സ്‌നേഹം കത്തുകളിലൂടെ അവര്‍ പരസ്പരം പങ്കുവച്ചുകൊണ്ടിരുന്നു. സദാചാരസംഹിതകളിലുറച്ച ബ്രിട്ടീഷ് സമൂഹത്തിന് മുന്നില്‍ അവര്‍ തങ്ങളുടെ ബന്ധത്തെ സുതാര്യമായി തുറന്നുവച്ചു. വിറ്റയുമായുള്ള ബന്ധം വെര്‍ജീനിയയുടെ വിവാഹജീവിതത്തെ ബാധിച്ചതേയില്ല. വെര്‍ജീനിയയുടെ ജീവിതത്തില്‍ വിറ്റയുടെ സ്ഥാനം എന്തെന്നതിനെപ്പറ്റി ലിയനാഡിന് ഉറച്ച ബോധ്യം ഉണ്ടായിരുന്നു. ആ ബന്ധത്തില്‍ നിന്ന് വെര്‍ജീനിയയ്ക്ക് കിട്ടുന്ന ആനന്ദത്തെ ലിയനാഡ് ഒരിക്കലും അപകടമായി കണ്ടില്ല. ലിയനാഡ് വെര്‍ജിനീയയ്ക്ക് എക്കാലവും സ്വാസ്ഥ്യത്തിന്റെ താവളമായിരുന്നു. ഏറ്റവും സുതാര്യയായിരിക്കാനുതകുന്ന ഒരിടം. മുന്‍വിധികളില്ലാതെ അവരിരുവരും ഒന്നിച്ചുള്ള ജീവിതം ആസ്വദിച്ചു. മനസ്സിന്റെ വിഹ്വലതകളില്‍ തികഞ്ഞ അനുതാപത്തോടെ ലിയനാഡ് വെര്‍ജീനിയയ്‌ക്കൊപ്പം നിന്നു. അയാളായിരുന്നു അവരുടെ കൃതികളുടെ ആദ്യ വായനക്കാരന്‍.
രോഗകാലത്തെ നോവല്‍
ലിയനാഡുമായുള്ള വിവാഹശേഷമാണ് വെര്‍ജീനിയ ആദ്യ നോവലായ 'വോയേജ് ഔട്ട്' എഴുതി പൂര്‍ത്തിയാക്കുന്നത്. നോവല്‍ പൂര്‍ത്തിയായതും തീവ്രമായ മാനസികാസ്വാസ്ഥ്യത്തിലേക്ക് അവര്‍ കൂപ്പുകുത്തി. ഇനിയെന്ത് ചെയ്യും എനുള്ള വിഹ്വലതകളില്‍ അവര്‍ മുങ്ങിത്താണു. മനോരോഗം മൂര്‍ച്ഛിച്ച് അവര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ കിടപ്പിലായി. അവര്‍ ലിയനാഡിന് തുടര്‍ച്ചയായി കത്തുകളെഴുതി. രോഗം ഭേദമായി മടങ്ങിയെത്തിയ വെര്‍ജീനിയയെ സമ്മാനങ്ങളുമായി നിറഞ്ഞ സ്‌നേഹത്തോടെ ലിയനാഡ് വരവേറ്റു.
ഹോഗാര്‍ത് പ്രസ്സ് എന്ന പേരില്‍ സ്വന്തമായി ഒരു പ്രസാധകശാല തുടങ്ങാനുള്ള തീരുമാനം അവരെടുക്കുന്നതും ഈ ഘട്ടത്തിലാണ് എന്നാല്‍ ആദ്യ നോവലിന്റെ പ്രസിദ്ധീകരണത്തിന് തൊട്ടുമുമ്പ് വെര്‍ജീനിയയുടെ മാനസികാരോഗ്യം വീണ്ടും തകരാറിലായി. അവര്‍ വീണ്ടും ആശുപത്രിയിലായി. ചികിത്സയുടെയും പിടച്ചിലുകളുടെയും ആ നാളുകളില്‍ ആദ്യ നോവല്‍ വെര്‍ജീനിയയ്ക്ക് സാഹിത്യലോകത്ത് മുന്‍നിരയില്‍ ഇരിപ്പിടമൊരുക്കി.
എഴുത്തിന്റെ തിരമാലകള്‍
ഹോഗാര്‍ത് പ്രസ്സില്‍ നിന്ന് വെര്‍ജീനിയയുടെയും ലിയനാഡിന്റെയും ചെറുകഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ജേക്കബ്‌സ് റൂം എന്ന നോവലിലൂടെ വെര്‍ജീനിയയുടെ പ്രശസ്തി ഉയര്‍ന്നു. ഇതില്‍പ്പരം മികച്ചതെഴുതാന്‍ ഇനി വെര്‍ജീനിയയ്ക്ക് ആവില്ല എന്നായി നിരൂപകര്‍. അത് വാശിയായെടുത്ത് വെര്‍ജീനിയ എഴുത്ത് തുടര്‍ന്നു. 'ദി കോമണ്‍ റീഡര്‍' എന്ന പ്രബന്ധ സമാഹാരവും 'മിസിസ് ഡാലോവേ' എന്ന നോവലും പ്രസിദ്ധീകരിച്ചു. 'ടു ദ ലൈറ്റ് ഹൗസ്' എന്ന നോവല്‍ പിന്നാലെ വന്നു. അതും വലിയ വിജയമായി. ഒര്‍ലാന്‍ഡോയും ദി വേവ്‌സും അവരെ ഇതിഹാസതുല്യയാക്കി. അതിനിടെ കേംബ്രിജില്‍ അവര്‍ നടത്തിയ പ്രഭാഷണമാണ് 'എ റൂം ഓഫ് വണ്‍സ് ഓണ്‍' എന്ന പേരില്‍ ഗ്രന്ഥമായി പിന്നീട് പുറത്തിറങ്ങിയത്.
രാകിയെടുത്ത വാക്കുകള്‍
വെര്‍ജീനിയയുടെ പേനത്തുമ്പില്‍ പിറന്നുവീണപ്പോഴൊക്കെയും അക്ഷരങ്ങള്‍ക്ക് മൂര്‍ച്ചകൂടി. അവര്‍ അടുക്കിവച്ച വാക്കുകള്‍ പലപ്പോഴും വ്യവസ്ഥിതിയെ തിരുത്തി. എഴുത്തിന്റെ ഉന്മത്തകാലത്ത് പലയിടങ്ങളിലായി വെര്‍ജീനിയ അടയാളപ്പെടുത്തിയ ചില വാചകങ്ങള്‍ ഇതാ...
- ഒരു സ്ത്രീ പുരുഷനെ പറ്റി ചിന്തിച്ചു തുടങ്ങും വരെ ആരും അവളുടെ ചിന്തകളെ തടയുകില്ല.
- മറ്റുള്ളവരുടെ കണ്ണുകള്‍ നമ്മുടെ തടവറകളാണ്, അവരുടെ ചിന്തകള്‍ നമുക്കുള്ള കൂടുകളും.
- തിടുക്കം പിടിക്കേണ്ടതില്ല. എരിഞ്ഞു കത്തേണ്ടതുമില്ല. മറ്റൊരാളായിത്തീരാതെ നിങ്ങള്‍ നിങ്ങളായി തുടരൂ...
- ചില മിഥ്യാബോധങ്ങളെ ഒഴിവാക്കി മറ്റുചിലതിന് ഇടം കൊടുക്കലാണ് വളര്‍ച്ച.
- സന്തോഷത്തിനും സങ്കടത്തിനും ഇടയിലുള്ള നേര്‍ത്ത വാളിനോളം കട്ടികുറഞ്ഞതായി മറ്റൊന്നും ഈ ലോകത്തിലില്ല.
- എനിക്ക് വേരുകളുണ്ട്, എങ്കിലും ഞാന്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
- പുരുഷന് സ്ത്രീയിലുള്ളത്ര താത്പര്യം എന്തുകൊണ്ടാണ് സ്ത്രീയ്ക്ക് തിരിച്ചില്ലാത്തത്.
- ചരിത്രത്തിനെപ്പോഴും സ്ത്രീ അദൃശ്യയായിരുന്നു...
അവസാനത്തെ ഗദ്യം
വ്യത്യസ്തവും സുശക്തവുമായ ചിന്തകൊണ്ടും അവയ്ക്ക് രൂപം നല്‍കിയ അക്ഷരങ്ങളാലും ലോകത്ത് സ്ത്രീപക്ഷ മാറ്റങ്ങള്‍ സാധ്യമാക്കിയ പ്രതിഭ എന്ന് വിശേഷിപ്പിക്കാം വെര്‍ജീനിയ വൂള്‍ഫിനെ. അവരുടെ അവസാന ഗദ്യം ഒരു ആത്മഹത്യാ കുറിപ്പായിരുന്നു. അസമത്വത്തിനെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു വെര്‍ജീനിയ വൂള്‍ഫ്. പക്ഷേ, ജീവിതവും മനസ്സും തമ്മിലുള്ള നിരന്തര യുദ്ധത്തില്‍ അവരുടെ ചെറുത്തുനില്‍പ്പ് ഹ്രസ്വമായിരുന്നു. ജീവിതം തോറ്റു. മനസ് ജയിച്ചു. തോറ്റുപോയ ഒന്നിലേറെ ആത്മഹത്യാ ശ്രമങ്ങള്‍ക്കൊടുവില്‍ അവര്‍ തന്റെ ജീവിതപങ്കാളിക്ക് ഒരു കുറിപ്പ് എഴുതിവച്ചു.
അവസാനവരിയും എഴുതി പൂര്‍ത്തിയാക്കി അയാള്‍ക്കായി ആ കടലാസ് അവര്‍ അവരുടെ മനോഹരമായ നദീതീരവസതിയിലെ മേശവലിപ്പുകളിലൊന്നില്‍ വച്ചു. ആ നീളന്‍ മേല്‍ക്കുപ്പായമണിഞ്ഞ് പുറത്തിറങ്ങി. അതിന്റെ കീശകളില്‍ നദിയുടെ ചലനത്താല്‍ മിനുസമാക്കപ്പെട്ട കല്ലുകളില്‍ ചിലത് തിരുകി. പിന്നെ ഓസ് നദിയുടെ ആഴത്തിലേക്ക് ഊളിയിട്ടു. പദ്ധതി വിജയിച്ചു. കീശയിലെ കല്ലുകള്‍ അവരെ തിരിച്ചു കയറാനാകാത്ത ആഴത്തിലേക്ക് ആഴ്ത്തി.
ലിയനാഡിന് ഒരു കത്ത്
പ്രിയപ്പെട്ടവന്,
എനിക്ക് വീണ്ടും മനസ്സിന്റെ നിയന്ത്രണം നഷ്ടമാകുകയാണ്. കടന്നുപോയ മോശം നാളുകളിലേക്ക് മടങ്ങിപ്പോകുക നമുക്കെളുപ്പമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത്തവണ എനിക്ക് അതിജീവിക്കാനാവില്ല. ഞാന്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നു. ഒന്നിലും മനസ്സുറപ്പിക്കാനാവുന്നില്ല. അതുകൊണ്ട് ഏറ്റവും അനുയോജ്യമായ കാര്യം ഞാന്‍ ചെയ്യുന്നു. സാധ്യമായ എല്ലാ സന്തോഷങ്ങളും നിങ്ങള്‍ എനിക്ക് തന്നു. ഒരാളുടെ ജീവിതത്തില്‍ മറ്റൊരാള്‍ക്ക് നടത്താവുന്ന സ്‌നേഹത്തിന്റേതായ ശുഭകരമായ എല്ലാ ഇടപെടലുകളും നിങ്ങളില്‍ നിന്നുണ്ടായി. ഈ ഭയാനകമായ രോഗത്തിന്റെ പിടിയില്‍ അകപ്പെടുന്നതിന് മുമ്പുവരെ രണ്ട് പേര്‍ക്ക് ഒരുമിച്ച് സാധ്യമാകുന്ന എല്ലാ സന്തോഷങ്ങളും നമ്മള്‍ ഒന്നിച്ചറിഞ്ഞു. ഇനി പോരാടാന്‍ എനിക്കാവില്ല. ഞാന്‍ നിങ്ങളുടെ ജീവിതം നശിപ്പിക്കുകയാണെന്ന് എനിക്കറിയാം. ഞാനില്ലാതെയും നിങ്ങളുടെ ജീവിതം മുന്നോട്ട് പോകും. ഈ കുറിപ്പുപോലും പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിയുന്നില്ല. എനിക്കൊന്നും വായിക്കാനുമാകുന്നില്ല. എന്റെ എല്ലാ സന്തോഷങ്ങള്‍ക്കും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നുമാത്രം പറയട്ടെ. കനിവും സ്‌നേഹവും നിങ്ങളെനിക്ക് ആവോളം നല്‍കി. അതെല്ലാവര്‍ക്കും അറിയാവുന്നതുമാണ്. നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ രക്ഷിക്കാനാകുമായിരുന്നില്ല. നിങ്ങളുടെ നന്മയൊഴികെ മറ്റെല്ലാം എന്നില്‍ നിന്ന് ഇല്ലാതായിരിക്കുന്നു. ഇനിയും നിങ്ങളുടെ ജീവിതം നശിപ്പിക്കാന്‍ എനിക്കാവില്ല. നമ്മെപ്പോലെ സന്തോഷമറിഞ്ഞ മറ്റു രണ്ടുപേര്‍ ഈ ലോകത്തുണ്ടാകില്ല എന്നെനിക്ക് ഉറപ്പാണ്...
ഇതായിരുന്നു വെര്‍ജീനിയ വൂള്‍ഫിന്റെ അവസാന വരികള്‍.
എല്‍മരച്ചുവട്ടില്‍
നദിയില്‍ നിന്ന് അവരുടെ ശരീരം കണ്ടെത്താന്‍ ദിവസങ്ങളെടുത്തു. മാനസികമായ പതനങ്ങളില്‍ നിന്ന് പലകുറി തിരികെപ്പോന്നവളാണ്. നദിയില്‍ നിന്നും അവള്‍ ഉയിര്‍ത്തേക്കാമെന്നു കരുതി ലിയനാഡ് വൂള്‍ഫ് അത്രതന്നെ ദിവസങ്ങള്‍ ആ നദീതീരത്ത് കാത്തിരുന്നു. പക്ഷേ, മണ്ണിലേക്ക് ലയിക്കാന്‍ പാകത്തിന് ഓസ് നദി ആ ശരീരത്തെ പാകപ്പെടുത്തി അയാള്‍ക്ക് മടക്കിക്കൊടുത്തു. വിഭാര്യനായിത്തീര്‍ന്ന ലിയനാഡ് സസെക്‌സിലെ റോഡ്‌മെല്ലില്‍ അവരൊന്നിച്ചു കഴിഞ്ഞ വീടിന്റെ പൂന്തോട്ടത്തില്‍ വലിയ ചില്ലകളുള്ള എല്‍മരത്തിന്റെ തണലില്‍ തന്റെ പ്രിയപ്പെട്ടവള്‍ക്ക് നിത്യ നിദ്രയ്ക്കുള്ള ഇടമൊരുക്കി.
ലോകസാഹിത്യത്തില്‍ ആധുനികതയ്ക്ക് വിത്തുപാകിയ പെണ്‍കരങ്ങള്‍ നിശ്ചലമായി. പില്‍ക്കാലത്ത് സാഹിത്യത്തില്‍ സൃഷ്ടിക്കാനിടയുണ്ടായിരുന്ന പുതുഭാവുകത്വത്തിന്റെ തുടര്‍ച്ചയെന്നോണം ആ എല്‍മരം പിന്നെയും പലകുറി പൂത്തു. ഓരോ ഋതുചക്രത്തിലും ആ പൂക്കള്‍ക്ക് പുതുഗന്ധമായിരുന്നെന്ന് സാഹിത്യത്തിലെ കാല്പനികവാദികള്‍ ഇന്നും കരുതിപ്പോരുന്നു.
Content Highlights: virginia woolf life and relations