വിജയ്‌യും മകനും തമ്മിലുള്ള അകൽച്ച മാറിയോ? ചർച്ചയായി ഫോട്ടോ

സി.ജോസഫ് വിജയ്, ജേസൺ സഞ്ജയ് | Instagram
സി.ജോസഫ് വിജയ്, ജേസൺ സഞ്ജയ് | Instagram

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് (C. Joseph Vijay) ഇന്ന് 52-ാം പിറന്നാൾ. മുഖ്യമന്ത്രിയായ ശേഷമുള്ള 'ദളപതി'യുടെ ആദ്യ പിറന്നാളിന്റെ ആഘോഷങ്ങളിലാണ് ആരാധകർ. എന്തായിരിക്കും ജനങ്ങൾക്കായി അദ്ദേഹം നൽകുന്ന പിറന്നാൾസമ്മാനം എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

അതിനിടെ ഭാര്യ സംഗീതയുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും ഇരുവരും വീണ്ടും ഒരുമിച്ചുവെന്നും നേരത്തെ സ്ഥിരീകരിക്കാത്ത വാർത്തകളുണ്ടായിരുന്നു. വിജയ്‌യുടെ അമ്മ ശോഭയാണ് പ്രശ്‌നത്തിലിടപെട്ടതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ആരാധകർ ആവേശത്തോടെയാണ് ഇതേറ്റെടുത്തത്. മുഖ്യമന്ത്രിയുടെ പിറന്നാൾദിനത്തിൽ ഇരുവരും ഒരുമിച്ച വാർത്ത പുറത്തുവിടുമെന്നും അവർ അവകാശപ്പെട്ടു.

അതിനിടെ വിജയ്‌യും മകനും സിനിമാസംവിധായകനുമായ ജേസൺ സഞ്ജയ്‌യും ഒരുമിച്ചുള്ളൊരു ചിത്രവും വൈറലായിരുന്നു. മുഖ്യമന്ത്രി വേഷത്തിലുള്ള വിജയ്‌ക്കൊപ്പം ജേസൺ ഇരിക്കുന്ന ചിത്രമാണത്. 'Meet my Daddy' എന്നായിരുന്നു അതിന്റെ ക്യാപ്ഷൻ.

നേരത്തെ വിജയ്‌യുടെ ഇനീഷ്യൽ തന്റെ പേരിൽനിന്ന് ജേസൺ എടുത്തുമാറ്റിയെന്നത് വാർത്തയായിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങളിൽ, ജേസൺ അമ്മയ്‌ക്കൊപ്പമുള്ള നിലപാടാണ് എടുത്തതെന്നും പറയപ്പെട്ടു. ആ റിപ്പോർട്ടുകൾക്കിടെയാണ് ഇരുവരുടെയും ചിത്രം പുറത്തുവന്നത്. ചിത്രത്തിന്റെ ആധികാരികതയെപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇത് എഐ ചിത്രമാണോ എന്നാണ് പലരും ചോദിക്കുന്നത്.

'സിഗ്മ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജേസൺ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നേരത്തെ സിനിമയുടെ ടീസറും പാട്ടും അണിയറപ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ അത് സ്വീകരിച്ചത്. ജൂലായ് 31-നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: C. Joseph Vijay celebrates his 52nd birthday as the Chief Minister of Tamil Nadu., Viral photo with son Jason Sanjay sparks rumours of family reconciliation