അഞ്ച് വര്‍ഷം നീണ്ട പിണക്കം, ഷാരൂഖ് പരസ്യമായി മാപ്പ് പറഞ്ഞിട്ടും വഴങ്ങാത്ത സല്‍മാന്‍

ഷാരൂഖ് ഖാന്‍- സല്‍മാന്‍ ഖാന്‍ (PTI)
ഷാരൂഖ് ഖാന്‍- സല്‍മാന്‍ ഖാന്‍ (PTI)

ചങ്ങാത്തത്തിന്റെ ഉദാത്ത മാതൃകയാണ് സല്‍മാന്‍ ഖാന്‍- ഷാരൂഖ് ഖാന്‍ എന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ദ്വയം. ബോളിവുഡ് കണ്ട എക്കാലത്തെയും വലിയ ശീതസമരത്തിലെ നായകന്മാരും ഇവര്‍ തന്നെ. അഞ്ചു വര്‍ഷത്തോളം പരസ്പരം സംസാരിക്കാതിരുന്നിട്ടുണ്ട് ഈ ഉറ്റചങ്ങാതിമാര്‍.

തൊണ്ണൂറുകളുടെ തുടക്കം മുതല്‍ക്ക് ഖാന്മാരുടെ ചങ്ങാത്തം ആരംഭിക്കുന്നു. 'കരണ്‍ അര്‍ജുന്‍' എന്ന ഹിറ്റ് സിനിമയില്‍ സഹോദരങ്ങളായി ഇരുവരും അഭിനയിച്ചിരുന്നു. 1992-ലെ വമ്പന്‍ ഹിറ്റുകളിലൊന്നായ ചിത്രം ഈയടുത്ത് റീ റിലീസ് ചെയ്തിരുന്നു. കരണ്‍ ജോഹറിന്റെ ആദ്യ ചിത്രമായ 'കുച്ച് കുച്ച് ഹോത്താ ഹെ'യിലും ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 

തൊണ്ണൂറുകളുടെ അവസാനത്തോടെ ഇരുവരും സൂപ്പര്‍സ്റ്റാറുകളായി മാറിയിരുന്നു. പിന്നീടങ്ങോട്ട് അവര്‍ ഒരുമിച്ച് ഒരു സിനിമയില്‍ മുഴുനീള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടില്ല. 2002-ല്‍ സല്‍മാന്‍ നായകനായ 'ഹര്‍ ദില്‍ ജോ പ്യാര്‍ കരേഗ'യില്‍ അതിഥിയായി ഷാരൂഖ്എത്തി. അതേ വര്‍ഷം ഷാരൂഖ് ചിത്രമായ 'ഹം തുമാരെ ഹേ സന'ത്തില്‍ സല്‍മാനും അതിഥിയായി.  

ഫോട്ടോ: PTI

വലിയ മാറ്റങ്ങളാണ് ബോളിവുഡിനുണ്ടായത്. കമേഴ്സ്യല്‍ ഇന്‍ഡസ്ട്രിയായി മാറിയ ബോളിവുഡില്‍ മത്സരങ്ങള്‍ വര്‍ധിച്ചു. സല്‍മാന്‍-ഷാരൂഖ് ആരാധകര്‍ ഇരു ചേരിയിലായി. കൂടുതല്‍ ഹിറ്റുകള്‍, കൂടുതല്‍ കളക്ഷന്‍ ആര്‍ക്കാണ്, ആരാണ് വലിയ സ്റ്റാര്‍ എന്ന ചര്‍ച്ചകള്‍ പതിവായി. അതിനോടൊന്നും ഇരുവരും പ്രതികരിച്ചില്ല. 

2008-ല്‍ അന്ന് സല്‍മാന്റെ കാമുകിയായിരുന്ന കത്രീന കൈഫിന്റെ ബര്‍ത് ഡേ പാര്‍ട്ടിയില്‍ വെച്ച് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. എന്തായിരുന്നു കാരണമെന്ന് വ്യക്തമല്ല. എന്തായാലും അതിനുശേഷം സല്‍മാനും ഷാരൂഖും ഒരു വേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാതെയായി. അവരുടെ സൗഹൃദം ഇടിഞ്ഞെന്നും പിണക്കത്തിലാണെന്നും ടാബ്ലോയിഡുകള്‍ മത്സരിച്ചെഴുതി. ഇരുവരുടെയും സുഹൃത്തുക്കളും പിണക്കത്തെ സാക്ഷ്യപ്പെടുത്തി. പലരും മധ്യസ്ഥചര്‍ച്ചകള്‍ നടത്തിയെന്നും രണ്ട് ഖാന്മാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും വാര്‍ത്തകള്‍ വന്നു.

ആദ്യം മാപ്പ് പറഞ്ഞത് ഷാരുഖാണ്. കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ വന്ന ഷാരൂഖ് നാഷണല്‍ ടിവിയില്‍ പൊതുസമക്ഷം സല്‍മാനോട് മാപ്പ് പറഞ്ഞു. ''സല്‍മാന്‍ എന്നോട് പിണക്കത്തിലാണെങ്കില്‍ അത് എന്റെ തെറ്റാണ്. സല്‍മാന്‍ പൂര്‍ണമായും ശരിയാണ്. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്, അക്കൂട്ടത്തില്‍ സല്‍മാന്‍ ഉണ്ടെന്ന് എനിക്കുറപ്പാണ്, എന്നോട് എന്തെങ്കിലും പരിഭവം ഉണ്ടെങ്കില്‍ അത് എന്റെ  പിഴവ് കൊണ്ടുതന്നെയാണ്. അതിന് ഞാന്‍ മാപ്പുപറയുന്നു. ഒരു ഫോണ്‍ കോളിലൂടെ മാപ്പ് പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതൊക്കെ പഠിച്ചെടുക്കാനുള്ള പ്രായവും എനിക്ക് കഴിഞ്ഞുപോയിരിക്കുന്നു. ''

''എന്റെ വീട്ടിലേക്ക് അഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളൂ. മാപ്പ് പറയുന്നവര്‍ വീട്ടില്‍ വന്നു പറയട്ടെ, ടിവിയില്‍ പറഞ്ഞിട്ടെന്ത് കാര്യം,'' എന്നായിരുന്നു സല്‍മാന്റെ മറുപടി. 

അഞ്ച് വര്‍ഷം നീണ്ടുനിന്ന പിണക്കം അവസാനിക്കുന്നത് ഒരു ഈദ് പാര്‍ട്ടിയില്‍ വെച്ചാണ്. രാഷ്ട്രീയനേതാവായ ബാബ സിദ്ദിഖിയുടെ പാര്‍ട്ടിയില്‍ ഷാരൂഖ് ഇരുന്നത് സല്‍മാന്റെ പിതാവ് സലിം ഖാനൊപ്പം. സല്‍മാന്‍ വന്നപ്പോള്‍ ഷാരൂഖ് എഴുന്നേല്‍ക്കുകയും ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു. അതൊരു മഞ്ഞുരുകലായി. സുഹൃത്തുക്കള്‍ എല്ലാം മറന്ന് വീണ്ടും അടുത്ത്. സല്‍മാനും ഷാരൂഖും കെട്ടിപ്പിടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

(PTI)

അവിടുന്നങ്ങോട്ട് സല്‍മാനും ഷാരൂഖും ഒരുപാട് ടെലിവിഷന്‍ പരിപാടികളില്‍ ഒരുമിച്ചെത്തി. അവാര്‍ഡ് വേദികളില്‍ അവര്‍ അടുത്തടുത്തിരുന്ന് തമാശ പറയുന്നത് സ്ഥിരം കാഴ്ചയായി. അന്യോന്യം നല്ല വാക്കുകള്‍ കൊണ്ട് മൂടാനും ഇരുവരും മത്സരിച്ചു. 

കപില്‍ ശര്‍മ ഷോയില്‍ സല്‍മാന്‍ ഖാന്‍ വന്ന പ്രത്യേക എപ്പിസോഡ്. 'ഞാനൊരു ചെറിയ കലാകാരനാണ്' എന്ന് ഒരു ആരാധകന്‍ സ്വയം പരിചയപ്പെടുത്തി. 'ഒരു കലാകാരനും ചെറിയവനല്ല, ഷാരൂഖ് ഖാന്‍ സാബിന്റെ ഡയലോഗ് ഓര്‍മയില്ലേ' എന്നായി സല്‍മാന്‍.  'എനിക്ക്  ഭായിയെ  മാത്രമേ അറിയൂ. വേറെ ആരെയും അറിയില്ല. ഹിന്ദുസ്ഥാനിനു ഒറ്റ ഭായിയെ ഉള്ളൂ' എന്ന് ആരാധകന്‍. പക്ഷേ, 'ഷാരൂഖ് എന്റെ ഭായി ആണെ'ന്ന് സല്‍മാന്‍. 'എന്റെ ഭായി നിന്റെയും ഭായിയാണ് എന്നോര്‍ക്കണം' എന്നാണ് സല്‍മാന്‍ ആരാധകനോട് പറഞ്ഞത്. 

യാതൊരു സിനിമാപശ്ചാത്തലവുമില്ലാതെ മുംബൈയിലെത്തിയ കാലം ഓര്‍ത്തെടുക്കവേ സല്‍മാനും കുടുംബവും തന്നോട് കാട്ടിയ സ്‌നേഹത്തെക്കുറിച്ച് ഷാരൂഖ് വാചാലനായി. ''കണ്ടാല്‍ പറയില്ലെങ്കിലും സല്‍മാന്‍ തന്നെക്കാള്‍ ഒന്നര വയസ്സിനു ചെറുതാണെന്ന് പറഞ്ഞുകൊണ്ടാണ് ഷാരൂഖ് തുടങ്ങിയത്. ഇളവയവനെങ്കിലും ഒരു ചേട്ടന്റെ കരുതലോടെയാണ് സല്‍മാനും കുടുംബവും എന്നെ പരിഗണിച്ചത്. എത്രയോ വട്ടം അവര്‍ എന്നെ ഊട്ടിയിട്ടുണ്ട്.''

2023-ല്‍ ആരാധകര്‍ ഇരുവരെയും വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ചു കണ്ടു. ഷാരൂഖിന്റെ 'പത്താനി'ല്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തി. സല്‍മാന്‍ ചിത്രമായ 'ടൈഗര്‍ 3'യില്‍ ഷാരൂഖും കാമിയോ റോള്‍ അവതരിപ്പിച്ചു. 'ടൈഗര്‍ vs പത്താന്‍' എന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ വമ്പന്‍ ബജറ്റിലാണ് തയ്യാറാക്കപ്പെടുന്നത്. 2025-ല്‍ ഖാന്‍ ദ്വയത്തിന്റെ കുതിപ്പിനുമുന്നില്‍ തിയേറ്ററുകള്‍ നിറയുമെന്നുറപ്പ്. 


 

Content Highlights: the salman-shahrukh bond