അന്ന് മുഹമ്മദ് റഫി പറഞ്ഞു, ഇനി ഒരിക്കലും ലതാ മങ്കേഷ്‌കറിനൊപ്പം പാടില്ല; വർഷങ്ങൾ നീണ്ട പിണക്കം

മുഹമ്മദ് റഫിക്കൊപ്പം ലതാ മങ്കേഷ്‌കര്‍ കൂടി ചേര്‍ന്നപ്പോള്‍ ആരാധകര്‍ക്ക് ലഭിച്ചത് കുറേ മനോഹരമായ ഗാനങ്ങളാണ്. ഇരുവരും കൂടി 400-ലേറെ പാട്ടുകള്‍ പാടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ലതയും റഫിയും ഒരുമിച്ചപ്പോള്‍ അതൊരു മാജിക് തന്നെയായി. മനോഹരമായ ഒരു സൗഹൃദമായിരുന്നു അവര്‍ തമ്മിലുണ്ടായിരുന്നത്. രണ്ടുപേര്‍ക്കും നിന്നുതിരിയാന്‍ പറ്റാത്ത തിരക്കും. ഒരിക്കല്‍ അന്നത്തെ കാലം ലത വിശേഷിപ്പിച്ചതിങ്ങനെ, ''ഒരു സ്റ്റുഡിയോയിലെ റെക്കോഡിങ് കഴിഞ്ഞാലുടന്‍, ഞങ്ങള്‍ അടുത്ത സ്റ്റുഡിയോയിലേക്ക് പോകും. മിക്കവാറും ഭക്ഷണം പോലും കഴിക്കാന്‍ സമയമുണ്ടാവില്ല''.
ജില്‍മില്‍ സിതാരോം കാ (ജീവന്‍ മൃത്യു), തേരി ബിന്ദിയാ രേ (അഭിമാന്‍), വാദാ കര്‍ലേ സാജ്‌നാ (ഹാഥ് കി സഫായ്), കിത്‌നാ പ്യാരാ വാദാ ഹേ (കാരവന്‍) തുടങ്ങി എത്രയോ മനോഹരഗാനങ്ങള്‍.
എന്നാല്‍, ഒരു പ്രശ്‌നത്തെച്ചൊല്ലി ഇരുവരും രണ്ടുചേരിയിലായി. മിണ്ടാന്‍ പോലും മടിച്ചുനിന്ന കുറേ നാളുകള്‍. 1963 മുതല്‍ 1967 വരെ റഫി-ലത പാട്ടുകളൊന്നും പുറത്തുവന്നില്ല. തങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ നേര്‍ത്ത ചരടുകള്‍ പോലും അവര്‍ മുറിച്ചുമാറ്റി.
ആ സംഭവമിങ്ങനെ. 1960-കളിലാണ്. അക്കാലത്ത് ഗായകര്‍ക്ക് അവരുടെ പാട്ടിനുള്ള റോയല്‍റ്റിയൊന്നും കിട്ടിയിരുന്നില്ല. സിനിമയില്‍ പാടുമ്പോഴുള്ള പ്രതിഫലം മാത്രം. ആ പാട്ടിനുള്ള റോയല്‍റ്റിയെല്ലാം മ്യൂസിക് കമ്പനികള്‍ക്കും. ഇതിനെതിരെ ലത ശബ്ദമുയര്‍ത്തി. ഗായകര്‍ക്കും റോയല്‍റ്റി വേണമെന്ന ലതയുടെ ആവശ്യത്തിന്, കിഷോര്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പല ഗായകരും പിന്തുണ നല്‍കി.
പക്ഷേ, മുഹമ്മദ് റഫി ഇതിനെതിരെ നിന്നു. സംഗീതമെന്നാല്‍ വളരെ പവിത്രമാണെന്നും, അതിന് ഇങ്ങനെ കണക്കുപറയേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ദൈവം അനുഗ്രഹിച്ചവരാണ് ഗായകരെന്നും അതില്‍നിന്ന് പണമുണ്ടാക്കാന്‍ താനാഗ്രഹിച്ചിട്ടില്ലെന്നും കൂടി റഫി പറഞ്ഞു. അതോടെ സംഗീതമേഖല രണ്ടായി പിരിഞ്ഞതുപോലെയായി. ഇതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന രീതിയില്‍. ആശ ഭോസ്ലേ തന്റെ സഹോദരിക്ക് എതിരായി, മുഹമ്മദ് റഫിക്കൊപ്പം നിന്നു. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാവരും ചേര്‍ന്ന് യോഗങ്ങള്‍ ചേര്‍ന്നു. അതില്‍വെച്ച് റഫി തന്റെ ഭാഗമെല്ലാം വിശദീകരിച്ചു. ഇനി താന്‍ ലതയ്‌ക്കൊപ്പം പാടില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു. ലതയും ഇതുതന്നെ പറഞ്ഞു.
പ്രശ്‌നം ഏറ്റവും കുഴക്കിയത് സംഗീതസംവിധായകരെയും മറ്റ് സിനിമാക്കാരെയുമാണ്. റഫിയും ലതയും ഡ്യുവറ്റ് പാടാതെങ്ങനെ ശരിയാവും? പലരും ഈ പ്രശ്‌നത്തിലിടപെട്ടു. പരിഹരിക്കാന്‍ കഴിഞ്ഞില്ല. അതോടെ റഫിക്കൊപ്പം പാടാന്‍ പുതിയ പല ഗായികമാരുമെത്തി. ലതയുടെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദമാണ് സംഗീതസംവിധായകര്‍ നോക്കിയിരുന്നത്. 1963 മുതല്‍ 1967 വരെയുള്ള വര്‍ഷങ്ങളില്‍ അവരൊരുമിച്ച് പാടിയതേയില്ല.
ഒടുവില്‍ എസ്.ബി.ബര്‍മന്റെ ശ്രമം കൊണ്ടാണ് അവര്‍ വീണ്ടും ഒരുമിച്ചത്. 1967-ല്‍ ഒരു സ്‌റ്റേജില്‍വെച്ച് ഇരുവരും വീണ്ടും ഒരുമിച്ചുപാടി. വീണ്ടും റഫിയും ലതയും സിനിമകളില്‍ യുഗ്മഗാനങ്ങള്‍ പാടി, ആരാധകരെ കോരിത്തരിപ്പിച്ചു.
Content Highlights: the friendship between lata and rafi