ആ കെട്ടിടം ഉയർന്നാലേ വിവാഹം കഴിക്കൂവെന്ന് വിശാൽ; വിവാഹതീയതിയിൽ നിശ്ചയം നടത്തി താരങ്ങൾ

തമിഴ് നടൻ വിശാലിന്റെയും നടി സായ് ധൻസികയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വിശാലിന്റെ വീട്ടിൽവെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിശാലിന്റെ 47-ാം ജന്മദിനമാണ് വിവാഹനിശ്ചയത്തിനായി താരങ്ങൾ തിരഞ്ഞെടുത്തത്.
വിശാൽ തന്റെ സോഷ്യൽമീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. പൂമാലകൾ കഴുത്തിലിട്ടുനിൽക്കുന്നതും മോതിരം കൈമാറുന്നതുമായ ചിത്രങ്ങളാണ് വിശാൽ പോസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 29-നായിരിക്കും വിവാഹമെന്നാണ് നേരത്തെ ഇരുവരും പറഞ്ഞത്. എന്നാൽ നടികർ സംഘത്തിന് സ്വന്തമായൊരു കെട്ടിടം എന്ന വിശാലിന്റെ സ്വപ്‌നം കാരണം വിവാഹം നീട്ടിവെക്കാൻ തീരുമാനിച്ചു. നടികർ സംഘത്തിന് സ്വന്തമായി കെട്ടിടം ഉയരുമ്പോഴേ തന്റെ വിവാഹം നടക്കൂവെന്നാണ് നേരത്തെ വിശാൽ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നത്.
ഈ വർഷം മെയ് മാസത്തിൽ ധൻസികയുടെ പുതിയചിത്രം 'യോഗി ദാ'യുടെ ഓഡിയോ-ട്രെയിലർ ലോഞ്ചിനിടെയാണ്, തങ്ങൾ പ്രണയത്തിലാണെന്ന കാര്യം ഇരുവരും തുറന്നുപറഞ്ഞത്. ''15 വർഷമായി ഞങ്ങൾക്ക് പരസ്പരം അറിയാം. കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം എന്നോട് ബഹുമാനം കാണിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഒരു പ്രയാസകരമായ സമയത്ത്, അദ്ദേഹം എന്റെ വീട്ടിൽ വന്ന് കുറേനേരം സംസാരിച്ചു. മറ്റൊരു നായകനും ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ആ പ്രവൃത്തി എന്നെ വല്ലാതെ ആകർഷിച്ചു'', ധൻസിക അന്ന് പറഞ്ഞു.
''വളരെ നല്ലൊരു വ്യക്തിയാണ് ധൻസിക. ദൈവം ഏറ്റവും നല്ല കാര്യം അവസാനത്തേക്ക് മാറ്റിവെക്കുന്നുവെന്നല്ലേ പറയാറുള്ളത്. അങ്ങനെ ദൈവം എനിക്കുവേണ്ടി മാറ്റിവെച്ചതാണ് ധൻസികയെ എന്നാണ് ഞാൻ വിശ്വസിക്കുന്നത്'', വിശാൽ പറഞ്ഞതിങ്ങനെ. വിവാഹത്തിനുശേഷവും ധൻസിക അഭിനയം തുടരുമെന്നുകൂടി വിശാൽ പറഞ്ഞുവെച്ചു. ''ധൻസികയ്ക്ക് കഴിവുണ്ട്. അത് നിർത്തിവെക്കാൻ പറ്റില്ല. അവളെന്റെ ആത്മപങ്കാളിയാണ്.''
35-കാരിയായ ധൻസിക 2006-ലാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ മലയാളം സിനിമ 'സോളോ'യിൽ ധൻസികയായിരുന്നു നായിക. കബാലി, അറവാൻ, പരദേസി തുടങ്ങിയ സിനിമകളിലൂടെ അവർ പ്രശസ്തയായി. പല പ്രശ്‌നങ്ങളിലൂടെയാണ് ധൻസികയുടെ കരിയർ മുന്നോട്ടുപോയത്.
സംവിധായകനും നടനുമായ ടി.രാജേന്ദർ ഒരുവേദിയിൽവെച്ച് അവരെ അപമാനിച്ചതാണ് അതിലേറ്റവും വിവാദമായ സംഭവം. 'വഴിത്തിരു' എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള പത്രസമ്മേളനത്തിലാണത് നടന്നത്. തന്നോട് നന്ദി പറഞ്ഞില്ലെന്ന് പറഞ്ഞ്, രാജേന്ദർ ധൻസികയോട് ക്ഷുഭിതനായി. ''രജനീകാന്തിനൊപ്പം കബാലിയിൽ അഭിനയിച്ചശേഷം ധൻസിക ഈ ടി.രാജേന്ദറിനെ മറന്നു. അതുകൊണ്ടാണ് എന്റെ പേരുപോലും പറയാൻ മറന്നത്. ഇത് ഈ ലോകത്തിന്റെ രീതിയാണ്. നീയൊരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര്, എപ്പോൾ, എന്തായി തീരുമെന്ന് പറയാനാകില്ല'',അന്ന് രാജേന്ദർ പൊട്ടിത്തെറിച്ചു.
ധൻസിക ഉടനെ അതേ വേദിയിൽവെച്ച് മാപ്പുപറഞ്ഞെങ്കിലും, അതൊക്കെ രാജേന്ദർ തള്ളിക്കളഞ്ഞു. ''മര്യാദ ചോദിച്ചുവാങ്ങാൻ കഴിയില്ല. അത് എന്താണെന്ന് ഞാൻ പഠിപ്പിച്ചുതരാം''. ഈ വാക്കുകൾ കേട്ടതോടെ ധൻസികയുടെ കണ്ണുനിറഞ്ഞു. ധൻസികയെ അപമാനിക്കുന്നതു കണ്ടിട്ടും വേറെയാരും തന്നെ അതിലിടപെടാൻ തയ്യാറായില്ല.
സഹതാരങ്ങൾ മൗനം പാലിച്ചത് അവരെ തളർത്തി. നിറകണ്ണുകളോടെയായിരുന്നു ധൻസിക വേദിയിൽനിന്ന് ഇറങ്ങിപ്പോയത്. അന്ന് ധൻസികയെ പിന്തുണച്ചുകൊണ്ട് വിശാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. 'ധൻസിക മാപ്പുപറഞ്ഞിട്ടും അവരെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റം അപലപനീയമാണ്', എന്നാണ് വിശാൽ കുറിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: tamil actor Vishal and actress Sai Dhanshika are engaged! The couple celebrated with a private ceremony