'നല്ല കുടുംബത്തിലെ ചെറുപ്പക്കാർ മകളെ വിവാഹം കഴിക്കില്ലെന്ന് ജഡ്ജി അച്ഛന് മുന്നറിയിപ്പ് നൽകി'

മുൻ മിസ് യൂണിവേഴ്സും നടിയുമായ സുസ്മിത സെൻ തന്റെ ജീവിതത്തിലുടനീളം ധീരമായ തീരുമാനങ്ങളെടുത്ത വ്യക്തിയാണ്. 21-ാം വയസ്സിലാണ് ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ അവർ തീരുമാനിക്കുന്നത്. അതും വലിയ നിയമപോരാട്ടങ്ങൾക്കു തയ്യാറായിക്കൊണ്ട്. ആദ്യമകൾ റെനീയെ വീട്ടിലേക്ക് കൊണ്ടുവരാൻ നീണ്ട നിയമപോരാട്ടമാണവർ നടത്തിയത്. കോടതിയിൽ തൻ്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കാനും പിന്തുണയ്ക്കാനുമായി അച്ഛൻ തൻ്റെ സ്വത്തുക്കളെല്ലാം ദത്തുപുത്രിയുടെ പേരിൽ എഴുതിനൽകാൻ തയ്യാറായെന്ന് സുസ്മിത പറയുന്നു.
“നിയമപോരാട്ടം തുടങ്ങിയപ്പോൾ, മകൾ എന്റെ താത്കാലിക സംരക്ഷണത്തിലായിരുന്നു. എന്നാൽ, കുടുംബ കോടതി എനിക്ക് അനുകൂലമായി വിധി പറഞ്ഞില്ലെങ്കിൽ അവർ കുട്ടിയെ തിരികെ കൊണ്ടുപോകുമോ എന്ന പേടിയിലാണ് ഞാൻ ജീവിച്ചത്. അപ്പോഴേക്കും മകളെന്നെ 'അമ്മ'യെന്ന് വിളിച്ചു തുടങ്ങിയിരുന്നു.
കോടതിവിധി അനുകൂലമായില്ലെങ്കിൽ മറ്റൊരു പദ്ധതിയും ഞാൻ തയ്യാറാക്കിയിരുന്നു. വിചാരണസമയത്ത് ഞാനത് അച്ഛനോടു പറഞ്ഞു, ‘കാർ സ്റ്റാർട്ട് ചെയ്ത് നിർത്തണം, എന്നിട്ട് മകളെയും കൊണ്ട് ഓടി രക്ഷപ്പെടണം‘. 'അത് കുറച്ച് കടന്ന കൈ ആയിപ്പോകും. നമ്മൾ അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ല.' എന്നദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ എൻ്റെ കുഞ്ഞിനെ എന്നിൽ നിന്ന് അകറ്റാൻ അവർക്ക് കഴിയില്ലെന്ന് ഞാനുറപ്പിച്ചു.“
സുസ്മിതയുടെ ആഗ്രഹത്തിന് അച്ഛൻ നൽകിയത് വലിയ പിന്തുണയായിരുന്നു. “അച്ഛനെയോർത്ത് ഞാനൊരുപാട് അഭിമാനിക്കുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അച്ഛനോ അച്ഛൻ്റെ സ്ഥാനത്തുള്ള ഒരാളോ ആവശ്യമായ ഒരു രാജ്യത്ത് എനിക്ക് എൻ്റെ കുട്ടികളെ ലഭിച്ചത് അദ്ദേഹം കാരണമാണ്. എൻ്റെ കുഞ്ഞിനെ പിന്തുണയ്ക്കാനുള്ള സാമ്പത്തിക ശേഷി കാണിക്കണമെന്നും അതിനായി അദ്ദേഹത്തിൻ്റെ സ്വത്തിൻ്റെ പകുതി എഴുതി നൽകണമെന്നും കോടതി പറഞ്ഞു.
എൻ്റെ അച്ഛൻ കോടതിൽ പറഞ്ഞതിങ്ങനെയാണ്, ‘ഞാനൊരു വലിയ പണക്കാരനല്ല, എൻ്റെ സ്വത്തിൻ്റെ പകുതി എടുത്താൽ അത് ഒന്നുമുണ്ടാകില്ല. എനിക്കുള്ളതെല്ലാം ഒരു നിബന്ധനയുമില്ലാതെ അവളുടെ പേരിൽ എഴുതി നൽകാനാണ് ഞാൻ വന്നിരിക്കുന്നത്.‘”
ജഡ്ജിയപ്പോൾ സുസ്മിതയുടെ അച്ഛന് മുന്നറിയിപ്പും നൽകി. “നല്ല കുടുംബത്തിലുള്ള ഒരു ചെറുപ്പക്കാരനും എന്നെ വിവാഹം കഴിക്കാൻ തയ്യാറാകില്ലെന്നാണ് ജഡ്ജി എൻ്റെ അച്ഛന് നൽകിയ മുന്നറിയിപ്പ്. എന്നാൽ, മറ്റൊരാളുടെ ഭാര്യയാകാൻ വേണ്ടി മാത്രമല്ല ഞാൻ അവളെ വളർത്തിയതെന്ന് അദ്ദേഹം മറുപടി നൽകി. അങ്ങനെ അവർ കുഞ്ഞിനെ തരാൻ അനുമതി നൽകി, അതൊരു വഴിത്തിരിവായിരുന്നു.” രണ്ടാമത്തെ മകൾ അലീഷ സെന്നിനെ ദത്തെടുക്കുന്നത് വളരെ എളുപ്പമായിരുന്നുവെന്നും നടി സമ്മതിച്ചു.
വിവാഹത്തെപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടാണ് നടിക്കുള്ളത്. വിവാഹമെന്നാൽ തനിക്കത് ഒരു കൂട്ടാണെന്ന് സുസ്മിത പറയുന്നു. അത് തനിക്കുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ ഒരു കടലാസ് കഷണത്തിൻ്റെ ആവശ്യമില്ലെന്നും. ‘‘ഒരു സ്ത്രീ എന്ന നിലയിൽ, ഞാൻ ഇതിനകം രണ്ട് പെൺമക്കളെ തനിച്ചാണ് വളർത്തിയത്, അതുകൊണ്ട് അതിന് എനിക്കൊരു പുരുഷൻ്റെ ആവശ്യമില്ല. എൻ്റെ വജ്രങ്ങൾക്കോ വീടുകൾക്കോ സ്വത്തുക്കൾക്കോ എനിക്കൊരു പുരുഷനെ ആവശ്യമില്ല. അതെല്ലാം ഞാൻ ഒറ്റയ്ക്ക് നേടിയെടുത്തതാണെ‘‘ന്നും സുസ്മിത പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sushmita Sen`s father proved his unwavering support for her adoption by offering his assets, facing a judge`s warning about finding a groom for his daughter.