സ്മൃതി മന്ദാനയുടെ വിവാഹം വൈകാതെ നടക്കും, സ്ഥിരീകരിച്ച് പലാഷിന്റെ അമ്മ

ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും പലാഷ് മുച്ഛലിന്റെയും വിവാഹം മാറ്റിവെച്ചത് വലിയ ചർച്ചാവിഷയമായിരുന്നു. സ്മൃതിയുടെ അച്ഛന്റെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വിവാഹം മാറ്റുകയാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, പ്രതിശ്രുത വരൻ പലാഷിനെ ചുറ്റിപ്പറ്റിയും അഭ്യൂഹങ്ങൾ വന്നു. പലാഷുമായുള്ള സ്വകാര്യചാറ്റ് ഒരു യുവതി പുറത്തുവിട്ടതായിരുന്നു കാരണം. തുടർന്ന് വിവാഹം റദ്ദാക്കുമോ എന്ന തരത്തിലും ഊഹാപോഹങ്ങളുണ്ടായി.
ഇപ്പോഴിതാ പലാഷിന്റെ അമ്മ അമിത മുച്ഛൽ വിവാഹം നടക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസുമായുള്ള സംഭാഷണത്തിൽ, ഈ സാഹചര്യം സ്മൃതിയെയും പലാഷിനെയും ഒരുപോലെ ആഴത്തിൽ വേദനിപ്പിച്ചുവെന്ന് അമ്മ സമ്മതിച്ചു. അപ്രതീക്ഷിതമായ ആരോഗ്യ പ്രതിസന്ധിയും വിവാഹ ദിവസത്തെ വൈകാരിക ആഘാതവും എല്ലാവർക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു എന്നവർ പറഞ്ഞു.
“പലാഷ് തന്റെ വധുവിനൊപ്പം വീട്ടിലേക്ക് വരുന്നത് സ്വപ്നം കണ്ടിരുന്നു. ഞാൻ ഒരു പ്രത്യേക സ്വീകരണം പോലും ഒരുക്കിയിരുന്നു. എല്ലാം ശരിയാകും, വിവാഹം വളരെ പെട്ടന്ന് നടക്കും,” ശുഭാപ്തിവിശ്വാസത്തിൽ അവർ പറഞ്ഞു.
തുടർച്ചയായുണ്ടായ ആരോഗ്യപരമായ അടിയന്തരസാഹചര്യങ്ങളാലാണ് വിവാഹം മാറ്റിയതെന്നും അമിത വ്യക്തമാക്കി. വൈകാരികവും ശാരീരികവുമായ ആഘാതത്തിൽ നിന്ന് ഇരു കുടുംബങ്ങളും കരകയറിക്കഴിഞ്ഞാൽ, ആഘോഷങ്ങൾ പദ്ധതിയിട്ടതുപോലെ പുനരാരംഭിക്കുമെന്നും അവർ പറഞ്ഞു. എല്ലാം ഉടൻ തന്നെ ശരിയാകുമെന്നും.
അതേസമയം, സ്മൃതിക്ക് ക്രിക്കറ്റ് ലോകത്ത് നിന്നുള്ള പിന്തുണയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഇന്ത്യൻ ടീം ബാറ്റർ ജെമീമ റോഡ്രിഗസ് ഈ സമയത്ത് സ്മൃതിയോടൊപ്പം നിൽക്കുന്നതിനായി വിമൻസ് ബിഗ് ബാഷ് ലീഗിൽ (WBBL) നിന്ന് പിന്മാറിയതായി റിപ്പോർട്ടുകളുണ്ട്.
സാംഗ്ലിയിൽ വെച്ചായിരുന്നു സ്മൃതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. അതേസമയം, പുതിയ തീയതിയോ മറ്റു വിവരങ്ങളോ ഇരു കുടുംബങ്ങളും പ്രഖ്യാപിച്ചിട്ടില്ല. സ്മൃതി തന്റെ അക്കൗണ്ടുകളിൽ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും നീക്കം ചെയ്തിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Uncertainty surrounds Smriti Mandhana`s wedding to Palash Muchhal after her father`s heart attack. Groom`s mother offers an update, assuring fans the wedding will happen soon.