പൊട്ടിക്കരഞ്ഞ് പലാഷ്, ആശുപത്രിയിലായത് സമ്മർദ്ദത്തിൽ, ആദ്യം തീരുമാനിച്ചത് മകനെന്ന് അമ്മ, യുവതിയുടെ ചാറ്റുകളും വിവാദത്തിൽ

രാജ്യം ഉറ്റുനോക്കിയ, ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീതസംവിധായകൻ പലാഷ് മുച്ചലിന്റെയും വിവാഹത്തിന്റെ അവസാനനിമിഷ തയ്യാറെടുപ്പുകൾ വരെ പൂർത്തിയാക്കിയിരുന്നു. എന്നാൽ, ഞായറാഴ്ച വൈകീട്ട് സ്മൃതിയുടെ ജന്മനാടായ സാംഗ്ലിയിൽ വെച്ച് ചടങ്ങുകൾക്ക് മണിക്കൂറുകൾക്ക് മുൻപ് വിവാഹം പെട്ടെന്ന് മാറ്റിവെച്ചു. ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്.
വെള്ളിയാഴ്ചയാണ് വിവാഹാഘോഷങ്ങൾ തുടങ്ങിയത്. ശനിയാഴ്ച ഒരു റിസോർട്ടിൽ വെച്ച് സംഗീതും ഹൽദിയും നടന്നു. വധൂവരന്മാർ വേദിയിൽ ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുഴുവനായും, വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ചടങ്ങിനെത്തി. ഞായറാഴ്ച ഉച്ചയോടെ വിവാഹവേദിയിൽ വെച്ച് സ്മൃതിയുടെ പിതാവിന്റെ ആരോഗ്യനില മേശമായെന്നും വിവാഹം മാറ്റിവെച്ചെന്നുമുള്ള വാർത്തകൾ വന്നു.
ഞായറാഴ്ച വൈകീട്ട് സ്മൃതിയുടെ മാനേജർ, തുഹിൻ മിശ്ര, മാധ്യമങ്ങളെ കണ്ടു. “ശ്രീ ശ്രീനിവാസ മന്ദാന പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. ഞങ്ങൾ ആംബുലൻസ് വിളിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണ്. സ്മൃതിക്ക് അച്ഛനോട് വളരെ അടുപ്പമുള്ളതുകൊണ്ട്, അച്ഛന് ഭേദമാകുന്നതുവരെ വിവാഹം അനിശ്ചിതമായി മാറ്റിവെക്കാൻ സ്മൃതി തീരുമാനിച്ചു.”-എന്നറിയിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരം തന്നെ പലാഷും കുടുംബവും മുംബൈയിലേക്ക് മടങ്ങി. അവിടെവെച്ച്, ക്ഷീണവും മാനസിക സമ്മർദ്ദവും കാരണം അദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹം മാറ്റിവെച്ചതിന് ശേഷം പലാഷ് 'നാലു മണിക്കൂറോളം കരഞ്ഞെന്നും' മാനസിക പിരിമുറുക്കം കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഞായറാഴ്ച രാത്രി പലാഷിന്റെ അമ്മ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞിരുന്നു. “പലാഷിന് സ്മൃതിയുടെ അച്ഛനോട് അതിയായ അടുപ്പമുണ്ട്. സ്മൃതിക്ക് അദ്ദേഹത്തോടുള്ളതിനേക്കാൾ അടുപ്പമാണ് അവർ തമ്മിൽ. അദ്ദേഹത്തിന് അസുഖം വന്നപ്പോൾ, സുഖമാവും വരെ വിവാഹം നടത്തേണ്ടെന്ന് സ്മൃതിക്ക് മുമ്പേ തീരുമാനിച്ചത് പലാഷ് ആയിരുന്നു”- പലാഷിന്റെ അമ്മ അമിത മുച്ചൽ പറഞ്ഞു.
പലാഷിന്റെ സഹോദരി, പലക് മുച്ചലും സ്മൃതിയുടെ അച്ഛന്റെ ആരോഗ്യനില മോശമായതുകാരണം സ്മൃതിയുടെയും പലാഷിന്റെയും വിവാഹം നിർത്തിവെച്ചിരിക്കുകയാണെന്ന് അറിയിച്ചു.
ചിത്രങ്ങൾ നീക്കി സ്മൃതിയും സഹതാരങ്ങളും
തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്മൃതി മന്ദാന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് വിവാഹനിശ്ചയത്തിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെയും എല്ലാ ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തു. ചടങ്ങുകളിൽ നിന്നുള്ള വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന ഉറ്റസുഹൃത്ത് ജെമീമ റോഡ്രിഗസ് ഉൾപ്പെടെയുള്ള സഹതാരങ്ങളും അത്തരം ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തു.
ഇതിനിടെയാണ് പലാഷുമായി നടത്തിയ സംഭാഷണത്തിന്റേതെന്ന പേരിൽ ഒരു യുവതി ചാറ്റുകൾ പുറത്തുവിടുന്നത്. ചാറ്റുകൾ പ്രകാരം പലാഷ് യുവതിയെ ബീച്ചിലേക്കും സ്പായിലേക്കും ക്ഷണിക്കുന്നുണ്ട്. സ്മൃതിയുമായുള്ളത് ലോങ് ഡിസ്റ്റൻഡ് ബന്ധമാണെന്നും പറയുന്നുണ്ട്. അതേസമയം, വിവാഹം മാറ്റിവെച്ചതിനെക്കുറിച്ച് സ്മൃതിയോ പലാഷോ നേരിട്ടു ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Cricketer Smriti Mandhana and composer Palash Muchhal`s grand wedding was postponed hours before the ceremony. Learn the timeline of events, including Smriti`s father`s hospitalization and Palash`s stress.