ഭാര്യ ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരിക്കുമ്പോൾ, ശത്രുഘ്നൻ സിൻഹ റീനയെ വിവാഹം ചെയ്യണമെന്ന് സഹോദരൻ പറഞ്ഞു

ശത്രുഘ്നൻ സിൻഹ | PTI
ശത്രുഘ്നൻ സിൻഹ | PTI

മുതിർന്ന നടൻ ശത്രുഘ്നൻ സിൻഹ നടി റീന റോയിയുമായി ദീർഘകാലം പ്രണയത്തിലായിരുന്നു. തൻ്റെ ജീവചരിത്രത്തിൽ ഈ പ്രക്ഷുബ്ധമായ കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. പൂനം സിൻഹയുമായുള്ള വിവാഹം, റീനയുമായുള്ള പ്രണയം, സ്വന്തം കുടുംബത്തിൽ നിന്ന് നേരിടേണ്ടിവന്ന കടുത്ത സമ്മർദ്ദം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയെല്ലാം പുസ്തകത്തിലൂടെ അദ്ദേഹം മനസ്സുതുറന്നിരുന്നു.

പൂനത്തെ വിവാഹം കഴിച്ചശേഷമാണ് റീന റോയിയുമായുള്ള ശത്രുഘ്നന്റെ പ്രണയം തുടങ്ങുന്നത്. വൈകാരികവും സങ്കീർണവുമായിരുന്നു ഈ ബന്ധമെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. സഹോദരൻ റാം ഈ വിഷയത്തിൽ ഇടപെട്ടത് ശത്രുഘ്നന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു.

സംഭവമിങ്ങനെ, ഒരിക്കൽ റാം അദ്ദേഹത്തെ റീന റോയിയുടെ വീട്ടിലേക്ക് വിളിപ്പിച്ചു. റീനയെ, അവിടെ വെച്ച്, അപ്പോൾ തന്നെ വിവാഹം കഴിക്കണമെന്ന് ശത്രുഘ്നനോട് ആവശ്യപ്പെടുകയും ചെയ്തു. പൂനം സിൻഹ ഇരട്ടക്കുട്ടികളായ ലവിനെയും കുശിനെയും ഗർഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു അത്.

ധർമേന്ദ്ര ആദ്യ ഭാര്യ പ്രകാശ് കൗറിനെ വിവാഹമോചനം ചെയ്യാതെയാണ് ഹേമ മാലിനിയെ വിവാഹം കഴിച്ചിരുന്നത്. ഇത് മാതൃകയാക്കി ശത്രുഘ്നൻ സിൻഹയും റീനയെ വിവാഹം കഴിക്കണമെന്നായിരുന്നു റാമിന്റെ തീരുമാനം. റാം ഒരു വാശിക്കാരനായിരുന്നു, ഒരിക്കൽ വാക്ക് കൊടുത്താൽ അത് പാലിക്കണമെന്ന് നിർബന്ധവുമുണ്ടായിരുന്നു. ശത്രുഘ്നനുമായുള്ള വിവാഹം നടത്താമെന്ന് റാം റീനയ്ക്ക് വാക്ക് കൊടുത്തിരുന്നുവത്രേ. റീനയെ വിവാഹം കഴിച്ചില്ലെങ്കിൽ, ഈ ബന്ധം പരസ്യമാക്കുമെന്ന് വരെ റാം മുന്നറിയിപ്പ് നൽകി.

ഈ ബന്ധം മുഴുവൻ വിശദീകരിച്ച് റാം ഒരു കത്ത് എഴുതിയതോടെ സ്ഥിതി കൂടുതൽ വഷളായി. സിൻഹ കുടുംബത്തിലെ അംഗങ്ങളെ മാത്രമല്ല, ശത്രുഘ്നൻ സിൻഹയുടെ അടുത്ത സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ആ കത്ത്. "... അതിനാൽ, അവൻ റീനയെ വിവാഹം കഴിക്കണം" എന്ന പ്രഖ്യാപനത്തോടെയാണ് കത്ത് അവസാനിപ്പിച്ചത്. കത്ത് ശത്രുഘ്നന്റെ സെക്രട്ടറി പവൻ കുമാറിന്റെ കൈകളിലെത്തി, അദ്ദേഹം പെട്ടെന്ന് തന്നെ ഇടപെട്ടതോടെ പ്രശ്നങ്ങൾ വലിയ ബഹളമില്ലാതെ പരിഹരിക്കുകയായിരുന്നു.

ഇതിനിടെ, റീന തൻ്റെ സന്ദേശം ശത്രുഘ്നന് കൈമാറാൻ ആവശ്യപ്പെട്ട ഒരു സംഭവത്തെപ്പറ്റി നിർമാതാവ് പഹ്‌ലജ് നിഹലാനിയും പറഞ്ഞിട്ടുണ്ട്. "നിങ്ങളുടെ സുഹൃത്തിനോട് ഒരു തീരുമാനമെടുക്കാൻ പറയൂ. എനിക്കൊരു ഉത്തരം തന്നാൽ, ഞാൻ അടുത്ത സിനിമ അവനോടൊപ്പം ചെയ്യാം. അല്ലെങ്കിൽ, അതൊരു 'ഇല്ല' ആയിരിക്കും. അവൻ എന്നെ വിവാഹം കഴിച്ചില്ലെങ്കിൽ, ഞാൻ എട്ട് ദിവസത്തിനുള്ളിൽ വിവാഹിതയാകാൻ തീരുമാനിച്ചു."- ഇതായിരുന്നു റീനയുടെ ഉറച്ച നിലപാട്. അനിശ്ചിതത്വത്തിൽ തുടരാൻ റീന തയ്യാറായിരുന്നില്ല. ശത്രുഘ്നനേയും റീനയേയും പുതിയ ചിത്രത്തിനായി വീണ്ടും ഒരുമിപ്പിക്കാൻ ശ്രമിച്ചെങ്കിലും റീന അത് നിരസിക്കുകയായിരുന്നു.

അതേസമയം, തന്റെ ജീവിതത്തിൽ വന്നുപോയ പല പെൺകുട്ടികളെക്കുറിച്ചും പുസ്തകത്തിൽ പരാമർശിച്ചിട്ടില്ലെന്ന് ശത്രുഘ്നൻ വ്യക്തമാക്കിയിട്ടുണ്ട്. അവർ വിവാഹിതരായി, കുട്ടികളുമായി കഴിയുകയാണ്. അവരെ തിരിച്ചറിയുന്നത് ശരിയായ കാര്യമല്ലെന്നും. റീന റോയ് പിന്നീട് പാക് ക്രിക്കറ്റ് താരം മൊഹ്‌സിൻ ഖാനെ വിവാഹം കഴിച്ചു. സനം ഖാൻ ആണ് മകൾ. ഇരുവരും പിന്നീട് വേർപിരിഞ്ഞു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the dramatic story of Shatrughan Sinha`s brother, Ram, demanding he marry Reena Roy while Poonam was pregnant. A family ultimatum and a shocking revelation.