‘ആ യാത്ര വിവാഹത്തിലെത്തിച്ചു’; 23 വർഷത്തെ പ്രണയശേഷം വിവാഹിതരായി ഈ താരങ്ങൾ

ആശ്ലേഷ സാവന്ത്, സന്ദീപ് ബസ്വാന
ആശ്ലേഷ സാവന്ത്, സന്ദീപ് ബസ്വാന

23 വർഷത്തെ പ്രണയത്തിനും ഡേറ്റിങ്ങിനും ശേഷം വിവാഹിതരായി ടെലിവിഷൻ താരങ്ങളായ ആശ്ലേഷ സാവന്തും സന്ദീപ് ബസ്വാനയും. വൃന്ദാവനിലെ ചന്ദ്രോദയ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. ''ഇക്കഴിഞ്ഞ ഏപ്രിലിൽ ആശ്ലേഷയും ഞാനും വൃന്ദാവനിലെ രാധാകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു. ആ യാത്രയാണ് 23 വർഷങ്ങൾക്കുശേഷം വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തിച്ചത്.

'ക്യോംകി സാസ് ഭീ കഭി ബഹു ഥി' എന്ന സീരിയലിലൂടെയാണ് ആശ്ലേഷ അഭിനയത്തിലേക്ക് കടക്കുന്നത്. 2002-ൽ ആ സെറ്റിൽവെച്ചാണ് സന്ദീപ് ബസ്വാനയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ''അവളുടെ വീട് സെറ്റിൽനിന്ന് ഒരുപാട് അകലത്തിലായിരുന്നു. അതുകൊണ്ട് ചില രാത്രികളിൽ അവളെന്റെ വീട്ടിൽ നിൽക്കുമായിരുന്നു. ദിവസങ്ങൾ ഒടുവിൽ മാസങ്ങളായി. ഒരുമിച്ചുള്ളപ്പോൾ ഞങ്ങൾ സന്തുഷ്ടരാണെന്നും തിരിച്ചറിഞ്ഞു''. അപ്പോഴും ഒരു ബന്ധത്തിൽ അകപ്പെടാനുള്ള പ്രായമായിട്ടില്ലെന്ന ചിന്തയായിരുന്നു സന്ദീപിന്.

''കുറച്ചുമാസങ്ങൾ ലിവ്-ഇൻ റിലേഷനിൽ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ഭയം തോന്നി, ബ്രേക്ക് അപ്പ് ആവണമെന്നും ആഗ്രഹിച്ചു. പക്ഷേ ആശ്ലേഷ അതിന്റെ പോസിറ്റീവ് വശത്തെക്കുറിച്ചാണ് ചിന്തിച്ചത്. കാര്യങ്ങളൊന്നും നമ്മൾ വിചാരിച്ച രീതിയിൽ നടന്നില്ലെങ്കിൽ, നമുക്ക് പിരിഞ്ഞുപോവാനുള്ള ഓപ്ഷനുണ്ടെന്ന് അവൾ ഓർമപ്പെടുത്തി. പതുക്കെ ഞങ്ങളുടെ ബന്ധം ദൃഢമായി''.

വിവാഹം കഴിക്കണമെന്ന് തോന്നിയിട്ടില്ലെന്നാണ് ഇതുവരെ ഇരുവരും പറഞ്ഞിരുന്നത്. ''മോശമായ വിവാഹബന്ധങ്ങളും വ്യാജബന്ധങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അവിടെ രണ്ടുപേർ ഒരുമിച്ച് താമസിക്കുന്നതിൽ അർത്ഥമില്ല. അതിനാൽ, തുടക്കം മുതൽ തന്നെ, പരസ്പരമുള്ള സ്‌നേഹവും സന്തോഷവും ഇല്ലാതാവുന്നതുവരെ ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അല്ലെങ്കിൽ, നല്ല വ്യക്തികളായി ഞങ്ങൾ വളരുകയില്ല. 'ഞാൻ നിന്നെ എന്നേക്കും സ്‌നേഹിക്കും' എന്നോ 'യുഗാന്ത്യം വരെ ഞാൻ നിനക്കൊപ്പം ഉണ്ടാകും' എന്നോ ഞാൻ അവളോട് പറഞ്ഞിട്ടില്ല, അവൾ എന്നോടും പറഞ്ഞിട്ടില്ല. പക്ഷേ ഞങ്ങൾക്കിടയിൽ സ്‌നേഹം ഉണ്ടാകുന്നതുവരെ ഞങ്ങൾ ഒരുമിച്ചായിരിക്കും'', ഒരിക്കൽ സന്ദീപ് പറഞ്ഞതിങ്ങനെ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: After 23 years of love and dating, TV actors Ashlesha Sawant and Sandeep Baswana have finally tied the knot in Vrindavan