നെറുകയിൽ സിന്ദൂരം തൊട്ടുകൊടുക്കാൻ സുലക്ഷണ ആവശ്യപ്പെട്ടു; താൻ അധികകാലം ജീവിക്കില്ലെന്ന് അറിയുന്ന സഞ്ജീവ് അത് നിരസിച്ചു

സഞ്ജീവ് കുമാർ, സുലക്ഷണ പണ്ഡിറ്റ്‌
സഞ്ജീവ് കുമാർ, സുലക്ഷണ പണ്ഡിറ്റ്‌

1970-കളിലെയും 80-കളിലെയും സൂപ്പർതാരങ്ങളിലൊരാളായിരുന്നു സഞ്ജീവ് കുമാർ. രണ്ടുതവണ മികച്ച അഭിനേതാവിനുള്ള ദേശീയപുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദസ്തക്, കോശിഷ്, ത്രിഷൂൽ, നയാ ദിൻ നയി രാത്, മഞ്ചാലി, പതി പത്‌നി ഓർ വോ, അങ്കൂർ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനസിനിമകൾ.

അദ്ദേഹത്തിന് ഹേമമാലിനിയോടുള്ള പ്രണയം സിനിമാമേഖലയിൽ എല്ലാവർക്കുമറിയുന്ന കാര്യമായിരുന്നു. ഹേമയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി അവരുടെ വീട്ടിൽ പോയി എല്ലാവരെയും കാണുകയും ചെയ്തു. പക്ഷേ അവർക്കതിനോട് താത്പര്യമുണ്ടായിരുന്നില്ല. 'ഷോലെ'യുടെ സെറ്റിൽവെച്ച് ഹേമയോട് വിവാഹാഭ്യർഥന നടത്തി. പക്ഷേ, അപ്പോഴേക്കും ധർമേന്ദ്രയും ഹേമയും പ്രണയത്തിലായിരുന്നു.

പിന്നീടൊരിക്കലും സഞ്ജീവ് കുമാർ വിവാഹം കഴിച്ചില്ല. പക്ഷേ അദ്ദേഹത്തെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചൊരാളുണ്ടായിരുന്നു ബോളിവുഡിൽ, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്. സുലക്ഷണയ്ക്ക് സഞ്ജീവിനോട് ഭ്രാന്തമായ പ്രണയമായിരുന്നു.

1975-ൽ 'ഉൽജൻ' എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ചാണ് അവരാദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ഹേമമാലിനിയുമായുള്ള വിവാഹം നടക്കാത്ത വിഷമത്തിലായിരുന്നു സഞ്ജീവ്. അദ്ദേഹം തന്റെ വിഷമങ്ങളെല്ലാം പങ്കുവെച്ചിരുന്നത് സുലക്ഷണയോടായിരുന്നു. തന്റെ സമയം മുഴുവൻ അവർ സഞ്ജീവ് കുമാറിനായി മാറ്റിവെച്ചു.

പതുക്കെ സുലക്ഷണയ്ക്ക് സഞ്ജീവിനോട് പ്രണയം തോന്നി. എന്നെങ്കിലുമൊരിക്കൽ തന്നെ മനസ്സിലാക്കുമെന്നും തിരിച്ചു പ്രണയിക്കുമെന്നും അവർ കരുതി. എന്നാൽ, സഞ്ജീവ് വിഷമങ്ങൾ മറക്കാനായി മദ്യപാനത്തിലേക്ക് തിരിഞ്ഞു. അതിനിടയിൽ ഒരു ഹൃദയാഘാതമുണ്ടായി. അന്ന് അമേരിക്കയിൽവെച്ച് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ, സുലക്ഷണ അദ്ദേഹത്തെയും കൂട്ടി ഒരമ്പലത്തിലേക്ക് പോയി. അവിടെവെച്ച് തന്റെ പ്രണയം തുറന്നുപറഞ്ഞു, വിവാഹാഭ്യർഥന നടത്തി, നെറുകയിൽ സിന്ദൂരം തൊട്ടുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം അത് നിരസിച്ചു. താൻ അധികകാലം ജീവിക്കില്ലെന്ന് മനസ്സിലാക്കിയാണ് സഞ്ജീവ് അത് നിരസിച്ചതെന്നും പറയപ്പെടുന്നു.

സഞ്ജീവ് ഏകാകിയായൊരു മനുഷ്യനാണെന്ന് സുലക്ഷണയ്ക്ക് മനസ്സിലായി. മാത്രമല്ല, അദ്ദേഹത്തോട് തോന്നിയതുപോലെയുളള വൈകാരിക അടുപ്പം മറ്റൊരാളോടും തോന്നുകയും ചെയ്തില്ല. അതോടെ വിവാഹമേ വേണ്ടെന്ന് സുലക്ഷണയും തീരുമാനിച്ചു. പക്ഷേ സഞ്ജീവിനൊപ്പം തന്നെ അവർ നിന്നു.

അധികം വൈകാതെ മറ്റൊരു ഹൃദയാഘാതം സഞ്ജീവിനെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇത് സുലക്ഷണയെ വല്ലാതെ തകർത്തുകളഞ്ഞു. അവർ വിഷാദത്തിൽ മുങ്ങി, അങ്ങനെ പൊതുജീവിതത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്തു. ചികിത്സയും മറ്റുമായി കുറേനാൾ. അതിൽനിന്നൊക്കെ കരകയറിയശേഷം ഒരിക്കൽ അവർ പറഞ്ഞതിങ്ങനെ, ''ദു:ഖം അടക്കാനാവാതെ ജീവിക്കുകയായിരുന്നു ഞാനന്ന്. ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നു. അദ്ദേഹത്തെ പ്രണയിച്ചതുപോലെ മറ്റൊരാളെയും ഞാൻ പ്രണയിച്ചിട്ടില്ല''. സഞ്ജീവില്ലെന്ന് അറിഞ്ഞശേഷവും അവർ അവിവാഹിതയായി തുടർന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Explore the poignant story of Sulakshana Pandit`s deep love for superstar Sanjeev Kumar and his heartbreaking rejection