'ഹേമമാലിനിയുമായും നൂതനുമായും സഞ്ജീവ് കുമാറിന് ബന്ധമുണ്ടായിരുന്നു, അദ്ദേഹം വിവാഹം കഴിക്കാത്തതിനു കാരണം ആ തോന്നൽ'

ഹേമമാലിനി, സഞ്ജീവ് കുമാർ, നൂതൻ / IMDb
ഹേമമാലിനി, സഞ്ജീവ് കുമാർ, നൂതൻ / IMDb

'ഷോലെ', 'അങ്കൂര്‍', 'സീത ഔര്‍ ഗീത' തുടങ്ങിയ സിനിമകള്‍ ചെയ്ത നടനാണ് സഞ്ജീവ് കുമാര്‍. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ജീവിതത്തില്‍ നിന്ന് വളരെവേഗം വിടവാങ്ങുകയും ചെയ്തു. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതം, വിവാഹം കഴിക്കാതിരിക്കാനുള്ള തീരുമാനം, ചില നടിമാരുമായുള്ള ബന്ധം എന്നിവയെല്ലാം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

ഹേമ മാലിനിയുമായും നൂതനുമായും സഞ്ജീവ് കുമാറിനുണ്ടായിരുന്ന ബന്ധം സത്യമാണെന്നും എന്നാല്‍ അതിനുശേഷമുള്ള മറ്റ് കിംവദന്തികള്‍ ഏകപക്ഷീയമായിരുന്നു എന്നും വെളിപ്പെടുത്തുകയാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹനീഫ് സവേരി. സുലക്ഷണ പണ്ഡിറ്റ് അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് താല്‍പ്പര്യമില്ലായിരുന്നു.

വിവാഹം കഴിക്കാന്‍ അവര്‍ അദ്ദേഹത്തെ ക്ഷേത്രത്തില്‍ കൊണ്ടുപോയി. പക്ഷേ അദ്ദേഹം ഇല്ല എന്ന് പറഞ്ഞു. കാരണം താന്‍ അധികകാലം ജീവിക്കില്ല, അതിനാല്‍ ഒരാളുടെ ജീവിതം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന അവബോധം അദ്ദേഹത്തിനുണ്ടായിരുന്നു. 'ആന്‍ ആക്ടേര്‍സ് ആക്ടര്‍: ദി ഓതറൈസ്ഡ് ബയോഗ്രഫി ഓഫ് സഞ്ജീവ് കുമാര്‍' എന്ന പേരില്‍ നടന്റെ ആത്മകഥ എഴുതിയ ആളാണ് ഹനീഫ്.

'നൂതനുമായുള്ള ബന്ധം തുടങ്ങുന്നത് ദേവി സിനിമയുടെ സമയത്താണ്. അവര്‍ വളരെ ഗൗരവമുള്ളവരായിരുന്നു. നൂതനും സഞ്ജീവിനും ഇടയില്‍ ഒരു പൊതു സുഹൃത്തായിരുന്ന സംവിധായകന്‍ ഗോവിന്ദ് സരയ്യ, അവര്‍ കണ്ടുമുട്ടുന്നതിനുള്ള പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്യാറുണ്ടായിരുന്നു' ഹനീഫ് പറഞ്ഞു.

'സീത ഔര്‍ ഗീത' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഹേമമാലിനിയുമായുള്ള പ്രണയകഥ പൂത്തുലഞ്ഞത്. വിവാഹത്തെക്കുറിച്ച് മദ്രാസില്‍ വെച്ച് ഔപചാരികമായി ചര്‍ച്ച ചെയ്തിരുന്നു. മദ്രാസിലുള്ള അവളുടെ അമ്മയുമായി വിവാഹകാര്യത്തിൽ ചർച്ച നടത്തി. മകള്‍ വിവാഹശേഷം ജോലി ചെയ്യണമെന്ന് അവര്‍ വ്യവസ്ഥ വെച്ചു. പക്ഷേ ഭാര്യ വീട്ടില്‍ തന്നെ തുടരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഹേമ ആ സമയത്ത് അവരുടെ കരിയറിന്റെ ഉന്നതിയിലായിരുന്നു. ഒന്നാം സ്ഥാനത്തുള്ള ആരും അവരുടെ കരിയര്‍ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കില്ല.

ഹേമമാലിനി അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് കരുതി, പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. അത് അവരുടെ വേര്‍പിരിയലിലേക്ക് നയിച്ചു. ബന്ധം വേര്‍പെടുത്തിയ ശേഷം, സഞ്ജീവ് കുമാറിന് അവളെ പ്രൊഫഷണലായി നേരിടാന്‍ പോലും ബുദ്ധിമുട്ടായി. വേര്‍പിരിയല്‍ അവരുടെ വ്യക്തിജീവിതത്തിനപ്പുറത്തേക്കെത്തി. 'സഞ്ജീവ് കുമാറും ഹേമമാലിനിയും വേര്‍പിരിഞ്ഞപ്പോള്‍, അവര്‍ ഒരുമിച്ച് അഭിനയിച്ചിരുന്ന ധൂപ് ചാവ് എന്ന ചിത്രത്തെ അത് ബാധിച്ചു'' ഹനീഫ് ഓര്‍മ്മിച്ചു.

'വളരെ ചെറുപ്പത്തില്‍ ഒരിക്കല്‍ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു, അതിനുശേഷം അദ്ദേഹം അധികകാലം ജീവിച്ചിരിക്കില്ല എന്ന ചിന്താഗതിയിലായിരുന്നു, പിന്നെ എന്തിനാണ് വിവാഹം കഴിച്ച് മറ്റൊരാളുടെ ജീവിതം നശിപ്പിക്കുന്നത്. താന്‍ നേരത്തെ മരിക്കുമെന്ന് അദ്ദേഹത്തിന് ഒരു അവബോധം ഉണ്ടായിരുന്നു.' അദ്ദേഹത്തിന്റെ അനന്തരവള്‍ ജിഗ്‌ന ഷായും വെളിപ്പെടുത്തി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: veteran journalist hanif saveri reveals truths about sanjeev kumar`s relationships with hema malini and nutan, and his decision not to marry.