മകൾ പാപ്പരാസികളോട് മോശം ആംഗ്യം കാണിച്ചതിൽ പ്രതികരിച്ച് സഞ്ജയ് ഗുപ്തയുടെ ഭാര്യ, 'അവരെ ദുഃഖിക്കാൻ അനുവദിക്കൂ'

സഞ്ജയ് ഗുപ്ത, അനുരാധ ഗുപ്ത
സഞ്ജയ് ഗുപ്ത, അനുരാധ ഗുപ്ത

സംവിധായകൻ സഞ്ജയ് ഗുപ്തയുടെ സംസ്കാരച്ചടങ്ങിനിടെ, പാപ്പരാസികൾക്ക് നേരെ അദ്ദേഹത്തിന്റെ മകൾ മോശം ആംഗ്യം കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ, സഞ്ജയ് ഗുപ്തയുടെ ഭാര്യ അനുരാധ ലേഖി ഗുപ്ത പ്രതികരിച്ചിരിക്കുകയാണ്.

സ‍ഞ്ജയുടെ വിയോഗത്തിൽ ദുഃഖിച്ചിരിക്കുന്ന കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് കുറിപ്പിൽ അവർ അഭ്യർഥിച്ചു. 'ഒരു വിനീതമായ അഭ്യർത്ഥന' എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിൽ, വൈകാരികമായി ഏറെ ബുദ്ധിമുട്ടേറിയ ഈ വേളയിൽ സ്വകാര്യതയിലേക്കുണ്ടായ കടന്നുകയറ്റം കുടുംബത്തെ വല്ലാതെ ബാധിച്ചുവെന്നും, മാധ്യമപ്രവർത്തകരോട് കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായ ചില പ്രതികരണങ്ങൾ അനുചിതമായിട്ടുണ്ടാവാമെന്നും അവർ പറയുന്നു. 

"ലൈംലൈറ്റിൽ നിന്നും പാപ്പരാസി സംസ്കാരത്തിൽ നിന്നും മാറി വളർന്നതിനാൽ, ഇത്രയും ദുഷ്കരമായ ഒരു സമയത്ത് തങ്ങളുടെ സ്വകാര്യതയിലേക്ക് ഉണ്ടായ പെട്ടെന്നുള്ള കടന്നുകയറ്റം അവരെ വല്ലാതെ വിഷമിപ്പിച്ചു. ദുഃഖത്തിന്റെയും മനോവേദനയുടെയും ഇടയിൽ, അവരുടെ ചില പ്രതികരണങ്ങൾ ചില മാധ്യമപ്രവർത്തകർക്കു നേരെ ഉണ്ടായിട്ടുണ്ടാവാം. ഇതുമൂലം ഏതെങ്കിലും തരത്തിൽ വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു."

"ഇതൊരു യഥാർഥ അവസ്ഥയായി എല്ലാവരും മനസ്സിലാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു - നികത്താനാവാത്ത നഷ്ടവുമായി പൊരുത്തപ്പെടാൻ പാടുപെടുന്ന ദുഃഖിതരായ കുട്ടികളുടെ വികാരപ്രകടനങ്ങളാണത്. അവർക്ക് മാപ്പ് നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഒപ്പം, ആ കുഞ്ഞുങ്ങളുടെ മനസ്സിൽ മായാത്ത വൈകാരിക മുറിവുകൾ അവശേഷിപ്പിച്ചേക്കാവുന്ന ഉള്ളടക്കം ഡിലീറ്റ് ചെയ്യണമെന്നും. അവരുടെ പിതാവിന്റെ വിയോഗത്തിൽ ദുഃഖിക്കാനുള്ള സ്വകാര്യതയും അനുകമ്പയും ഇടവും അവർക്ക് നൽകുക. നന്ദിയോടെ, അനുരാധ" -അനുരാധയുടെ കുറിപ്പ് സംവിധായകൻ മിലാപ് സവേരിയാണ് പങ്കുവെച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sanjay Gupta's wife Anuradha Lekhi Gupta released a statement addressing the viral video of their kids., The statement explained that the children were grieving and struggling to cope with their father's loss., Anuradha appealed to the media and public to delete the videos and respect their privacy.