'വിവാഹമോചനം ഏറെ ബാധിച്ചു; മറ്റൊരാളെ ഹൃദയത്തോട് ചേർത്തുനിർത്താൻ കഴിയില്ലെന്ന് മനസ്സിലായി'

രാജ് നിദിമൊരു, സാമന്ത റൂത്ത് പ്രഭു / GettyImages
രാജ് നിദിമൊരു, സാമന്ത റൂത്ത് പ്രഭു / GettyImages

കഴിഞ്ഞ വർഷം ഡിസംബറിൽ, സംവിധായകൻ രാജ് നിദിമൊരുവിനെ വിവാഹം കഴിച്ചതോടെ സാമന്ത റൂത്ത് പ്രഭു ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു. 2021-ൽ നാഗ ചൈതന്യയുമായുള്ള വേർപിരിയലിനുശേഷം അവർ ഏറെ പ്രയാസകരമായ വൈകാരിക ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.

ഒരു വേർപിരിയലിനെ മറികടക്കുന്നത് സ്‌നേഹത്തെയും വിശ്വാസത്തെയും കുറിച്ചുള്ള തന്റെ വീക്ഷണത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും താരം വെളിപ്പെടുത്തുന്നു. അതിനുശേഷം തന്നെ ഒരു മികച്ച വ്യക്തിയാക്കി മാറ്റിയത് രാജ് ആണെന്ന് പറയുകയാണ് സാമന്ത. വോഗുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. വിവാഹമോചനത്തിനുശേഷം താൻ എങ്ങനെ ഒറ്റപ്പെട്ടുവെന്നും അവർ പറയുന്നു.

ഇനിയൊരിക്കലും മറ്റൊരാളെ ആശ്രയിക്കാൻ കഴിയില്ലെന്ന് താൻ സ്വയം ഉറപ്പിച്ചിരുന്നു. അത് മനസ്സിൽ മുറുകെ പിടിക്കുകയും ചെയ്തു. ആ അനുഭവത്തോടെ ഇനി എന്നെങ്കിലും ഒരാളെ തന്റെ ഹൃദയത്തോട് ചേർത്തുനിർത്താൻ കഴിയുമോയെന്ന കാര്യത്തിലും ഉറപ്പുണ്ടായിരുന്നില്ലെന്ന് അവർ വ്യക്തമാക്കുന്നു.

''ഒരു വിവാഹമോചനത്തിലൂടെ കടന്നുപോയപ്പോൾ, ഞാൻ പൂർണമായും സ്വയം അടച്ചുപൂട്ടി. മറ്റൊരാളെ ആശ്രയിക്കാൻ ഒരിക്കലും കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഭാഗ്യവശാൽ, ആ തരത്തിലുള്ള സ്‌നേഹവും സൗഹൃദവും സ്വീകരിക്കാൻ ഞാൻ തയ്യാറായിരുന്നു. ഞാനിപ്പോൾ വളരെ മികച്ചൊരു വ്യക്തിയാവാൻ കാരണം, ഞാനുൾപ്പെട്ടിരിക്കുന്ന ബന്ധമാണ്. രാജ് എന്ന വ്യക്തിയാണ് അതിനുകാരണം''.

തന്റെ പെരുമാറ്റത്തിൽ കുറേ നല്ല മാറ്റങ്ങൾ വന്നത് അടുത്ത സുഹൃത്തുക്കൾ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സാമന്ത. ''കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടി. ഞങ്ങൾ കുറേനേരം ഒരുമിച്ചുണ്ടായിരുന്നു. അതുകഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും അവൾ എനിക്കൊരു വോയ്സ് നോട്ട് അയച്ചു, 'വളരെക്കാലത്തിനുശേഷം ഇതാദ്യമായാണ് നീ ബുദ്ധിമുട്ടില്ലാതെ ശ്വസിക്കുന്നതായി എനിക്ക് തോന്നിയത്'. ഇപ്പോൾ ജീവിതത്തിൽ അഭിനയിക്കുന്നതേയില്ല ഞാൻ. ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയുമില്ല''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Samantha Ruth Prabhu opens up about her divorce`s emotional toll and how director Raj Nidimoru helped her heal and find love again.