വിജയ് ഇനിയും അദ്ഭുതപ്പെടുത്തും: തമിഴ്നാട് മുഖ്യമന്ത്രിയെ പ്രശംസിച്ച് സാമന്ത

ചില കൂടിക്കാഴ്ചകൾ ഒരു ചിത്രത്തിൽ ഒതുങ്ങില്ല. അവ ബന്ധങ്ങളുടെ ആഴവും പരസ്പര ബഹുമാനവും തുറന്നുകാട്ടുന്ന, വാക്കുകളേക്കാൾ കൂടുതൽ വികാരങ്ങൾ പങ്കുവെക്കുന്ന നിമിഷങ്ങളാകും. അത്തരമൊരു കൂടിക്കാഴ്ചയായിരുന്നു നടി സാമന്ത റൂത്ത് പ്രഭുവും തമിഴ്‌നാട് മുഖ്യമന്ത്രി വിജയും തമ്മിലുണ്ടായത്. ആ കൂടിക്കാഴ്ചയ്ക്കുശേഷം സാമന്ത പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. തന്റെ പുതിയ ചിത്രം 'മാ ഇന്റി ബംഗാരം' റിലീസ് അടുത്തിരിക്കെ ചെന്നൈ സന്ദർശനത്തിനിടെയായിരുന്നു ഈ കൂടിക്കാഴ്ച. വിജയ്ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ സാമന്ത പങ്കുവെച്ചത്.
“ഇന്ന് ചെന്നൈയിൽ വിമാനമിറങ്ങിയ നിമിഷം തന്നെ മനസ്സിൽ വലിയൊരു സന്തോഷമുണ്ടായിരുന്നു. കാരണം, നമ്മുടെ മുഖ്യമന്ത്രിയെ കാണാനാണ് പോകുന്നത്. വിജയ് സാർ വെള്ളിത്തിരയിലെ ഒരു നായകനായി മാത്രം ഒതുങ്ങേണ്ട ആളല്ലെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊർജവും വ്യക്തിത്വവും ജനങ്ങൾ അദ്ദേഹത്തോട് പ്രതികരിക്കുന്ന രീതിയുമൊക്കെ കാണുമ്പോൾ, അതിലും വലിയൊരു ലക്ഷ്യത്തിനായാണ് അദ്ദേഹം ജനിച്ചതെന്ന് തോന്നിയിരുന്നു,” സാമന്ത കുറിച്ചു.
രാഷ്ട്രീയം പോലൊരു പുതിയ മേഖലയിലേക്ക് കടക്കാൻ വേണ്ട ധൈര്യമാണ് തന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചതെന്നും താരം പറഞ്ഞു.
“നിങ്ങൾ പൂർണമായി കീഴടക്കിയ ഒരു മേഖലയെ വിട്ട്, കൂടുതൽ ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും നിറഞ്ഞ മറ്റൊരു വഴിയിലേക്ക് ഇറങ്ങിച്ചെല്ലാൻ വലിയ ധൈര്യം വേണം. അത് എളുപ്പമായതുകൊണ്ടല്ല, സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന വിശ്വാസം കൊണ്ടാണ്. നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും സമൂഹത്തിനുവേണ്ടിയും എന്തെങ്കിലുമൊക്കെ ചെയ്യണം. എന്നാൽ വളരെ കുറച്ചുപേർ മാത്രമാണ് ആ വിളി സ്വീകരിക്കുന്നത്. അദ്ദേഹത്തെ വിശ്വസിക്കുന്നവരെ വിജയ് സാർ ഇനിയും അദ്ഭുതപ്പെടുത്തുമെന്ന് എനിക്ക് തോന്നുന്നു. അത് അദ്ദേഹം വഹിക്കുന്ന പദവി കൊണ്ടല്ല, ആ പദവിയെ സമീപിക്കുന്ന ആത്മാർഥത കൊണ്ടാണ്. അദ്ദേഹത്തിന് ശക്തിയും വിവേകവും ഈ വഴിയിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും നേരുന്നു. നിങ്ങൾ തുടക്കത്തിൽ കണ്ട സ്വപ്നത്തേക്കാൾ ജീവിതം എത്രയോ വലുതാകാമെന്ന് ഓരോ യുവാവിനും ഈ യാത്ര ഓർമ്മിപ്പിക്കട്ടെ,” സാമന്ത കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്യുടെ ഓരോ ചുവടുവെപ്പും ശ്രദ്ധയോടെയാണ് തമിഴ്‌നാട് നോക്കിക്കാണുന്നത്. അദ്ദേഹത്തിന്റെ പുതിയ യാത്രയ്ക്ക് ആശംസകളുമായി സിനിമാലോകവും ഒപ്പമുണ്ട്. സിമ്രാനും വിശാലും ഉൾപ്പെടെ നിരവധി താരങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചതിന് പിന്നാലെയാണ് സാമന്തയും നേരിൽ കണ്ട് ആശംസകൾ അറിയിച്ചത്.
അതേസമയം, സാമന്തയുടെ 'മാ ഇന്റി ബംഗാരം' നാളെ തിയേറ്ററുകളിലെത്തും. 'ശാകുന്തളം', 'ഖുഷി' എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള സാമന്തയുടെ ആദ്യ തിയേറ്റർ റിലീസാണിത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: samantha-ruth-prabhu-meets-tamil-nadu-cm-vijay