‘വിജയ്യോടുള്ള എന്റെ ഇഷ്ടം രഹസ്യമല്ല, അദ്ദേഹം എന്റെ ‘ലക്കി ചാം’ ആണ്’; മനസ്സുതുറന്ന് സാമന്ത

സാമന്ത റൂത്ത് പ്രഭു, സി. ജോസഫ് വിജയ്/ Instagram
സാമന്ത റൂത്ത് പ്രഭു, സി. ജോസഫ് വിജയ്/ Instagram

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ‘ലക്കി ചാം’ ആണെന്ന് നടി സാമന്ത റൂത്ത് പ്രഭു. വിജയ്ക്കൊപ്പം അഭിനയിച്ച മൂന്ന് ചിത്രങ്ങളും സൂപ്പർഹിറ്റുകളായതോടെയാണ് അദ്ദേഹത്തെ ഭാഗ്യം കൊണ്ടുവരുന്ന താരമായി വിശേഷിപ്പിച്ചത്. തെന്നിന്ത്യൻ സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്കുള്ള വിജയ്യുടെ ചുവടുമാറ്റത്തെയും സാമന്ത പ്രശംസിച്ചു. 'സെലിബ്രിറ്റി മാസ്റ്റർഷെഫ് തമിഴ്' പരിപാടിയുടെ അവതാരകയായ സാമന്ത, വരാനിരിക്കുന്ന എപ്പിസോഡിലാണ് വിജയ്യെക്കുറിച്ച്‌ മനസുതുറന്നത്. 'ഹീറോ v/s വില്ലൻ' എന്ന ചലഞ്ചിനിടെ ആർജെ വിജയ്, സാമന്തയോട് ഏറ്റവും ഇഷ്ടമുള്ള താരത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു.
“വിജയ്യോടുള്ള എന്റെ ഇഷ്ടം രഹസ്യമല്ല. അദ്ദേഹം എന്റെ ലക്കി ചാം ആണ്. ഞങ്ങൾ ഒരുമിച്ച് മൂന്ന് സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്”, സാമന്ത പറഞ്ഞു. 

വിജയ്ക്കൊപ്പം സാമന്ത അഭിനയിച്ച 'കത്തി' (2014), 'തെരി' (2016), 'മെർസൽ' (2017) എന്നീ ചിത്രങ്ങളെക്കുറിച്ചായിരുന്നു പരാമർശം. മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. വിജയ്യുടെ കരിയറിലെ ശ്രദ്ധേയമായ ഹിറ്റുകളാണ് ഈ സിനിമകൾ.

സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്കുള്ള വിജയ്യുടെ യാത്രയെയും സാമന്ത പ്രശംസിച്ചു.

“ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം പ്രചോദനമാണ്. കോടിക്കണക്കിന് ആരാധകരുണ്ട്. എന്നിട്ടും ഒരു നേതാവാകാനും ഭരണം നടത്താനും അദ്ദേഹം തീരുമാനിച്ചു. നിശ്ശബ്ദമായും ശ്രദ്ധയോടെയും പിന്നണിയിൽ കഠിനാധ്വാനം ചെയ്യുകയാണ് അദ്ദേഹം. കരിയറിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ സിനിമയിൽനിന്ന് മാറി രാഷ്ട്രീയത്തിലേക്ക് കടക്കുക എളുപ്പമുള്ള തീരുമാനമല്ല. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ അദ്ദേഹം തിരഞ്ഞെടുത്ത സമയം കൃത്യമായിരുന്നു”, സാമന്ത കൂട്ടിച്ചേർത്തു. 

അതേസമയം 'മാ ഇന്റി ബംഗാരം' ആണ് സാമന്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സംവിധായകൻ രാജ് നിഡിമോരുവുമായുള്ള വിവാഹജീവിതത്തിനിടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: samantha-ruth-prabhu-calls-vijay-lucky-charm-politics