സാറയും ഇബ്രാഹിമുമായുള്ള തന്റെ ബന്ധം സുഖകരമാക്കുന്നത് കരീനയാണെന്ന് സെയ്ഫ്

സെയിഫ് അലി ഖാൻ, കരീന കപൂർ/PTI
സെയിഫ് അലി ഖാൻ, കരീന കപൂർ/PTI

'കോഫി വിത്ത് കരൺ'-ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ കരീന കപൂറും സെയ്ഫ് അലി ഖാനുമായിരുന്നു അതിഥികൾ. തങ്ങളുടെ വ്യക്തിപരമായ പല കാര്യങ്ങളും പരിപാടിയിൽ സെയ്ഫും കരീനയും തുറന്നുപറഞ്ഞിട്ടുണ്ട്. ആദ്യ ഭാര്യ അമൃത സിങ്ങിലെ മക്കളായ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നിവരുമായി ഊഷ്മളമായ ഒരു ബന്ധം നിലനിർത്തുന്നതിൽ കരീനയെ സെയ്ഫ് അഭിനന്ദിച്ചു. വർഷങ്ങളായി കുടുംബം പരസ്പരം പൊരുത്തപ്പെട്ടുപോയതിനെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു.

കുടുംബ ഒത്തുചേരലുകളെക്കുറിച്ചും കുടുംബത്തിലെ എല്ലാവരും പരസ്പരം ഇണങ്ങിക്കഴിഞ്ഞതിൽ എന്തുതോന്നുന്നുവെന്നും കരൺ ജോഹർ സെയ്ഫിനോട് ചോദിച്ചു. സാറയുമായും ഇബ്രാഹിമുമായും ഒരു ബന്ധം സ്ഥാപിക്കുന്നതിനും അവരെ സുഖകരമായി തോന്നിപ്പിക്കുന്നതിനും കരീനയ്ക്കാണ് സെയ്ഫ് ക്രെഡിറ്റ് നൽകിയത്. "എല്ലാവരും മികച്ചവരും മനസ്സിലാക്കുന്നവരുമാണ്. തീർച്ചയായും, ഞാൻ കരീനയ്ക്കും എല്ലാവർക്കും ക്രെഡിറ്റ് കൊടുക്കും. കാരണം ഇത്തരം കാര്യങ്ങൾ ഇരുവശത്തുനിന്നും പ്രവർത്തിക്കുന്നതാണ്. കരീന കാര്യങ്ങൾ എളുപ്പമാക്കുന്നു, സാറയോടും ഇബ്രാഹിമിനോടും നന്നായി പെരുമാറുന്നു, ഒപ്പം അവരും അതിനായി പരിശ്രമിക്കുന്നു, സ്നേഹം തിരിച്ചുനൽകുന്നു."-സെയ്ഫ് പറഞ്ഞു.

മൂത്ത സഹോദരൻ ഇബ്രാഹിമിനെ ഇളയ മക്കളായ തൈമൂർ അലി ഖാനും ജഹാംഗീർ അലി ഖാനും മാതൃകയാക്കാറുണ്ടെന്നും അവർ തമ്മിൽ വലിയ സ്നേഹമാണെന്നും കരീനയും വെളിപ്പെടുത്തി. ഇബ്രാഹിമിന് അവർക്കൊപ്പം കളിക്കാനിഷ്ടമാണെന്ന് സെയ്ഫും പറഞ്ഞു. ചിലപ്പോൾ അവൻ വന്ന് അവരുടെ മുറികളിൽ കയറും. പല പല ചോദ്യങ്ങൾ ചോദിക്കും. അവരുടേതായ രീതിയിൽ സൗഹൃദം സ്ഥാപിക്കുകയും ചെയ്യും. അങ്ങനെയൊരു ബന്ധം സൂക്ഷിക്കുന്ന അവൻ വളരെ നല്ല കുട്ടിയാണെന്നും സെയ്ഫ് പറഞ്ഞു.

സൽമാൻ ഖാനെയും കുടുംബത്തെയും കുറിച്ചും സംഭാഷണത്തിനിടയിൽ സെയ്ഫ് സംസാരിച്ചു. മുതിർന്നവരും കുട്ടികളും എല്ലാവരും ഒന്നിച്ച് മേശയ്ക്കു ചുറ്റുമിരുന്ന് സമയം ചെലവഴിക്കുന്നതാണ് സൽമാന്റെ വീട്ടിലെ ശീലം. താൻ കണ്ട ആ ഊഷ്മളമായ കുടുംബാന്തരീക്ഷം പുനഃസൃഷ്ടിക്കാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Saif Ali Khan credited Kareena Kapoor for maintaining a warm relationship with Sara and Ibrahim., Kareena mentioned that Taimur and Jeh look up to their elder brother Ibrahim.