'വിവാഹം കഴിക്കാമെന്ന് വിജയ്‌യോട് നിരന്തരം ഞാൻ ചോദിച്ചുകൊണ്ടിരുന്നു'

കോഫി വിത്ത് കരണിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
കോഫി വിത്ത് കരണിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയദമ്പതികളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും കൗതുകമാണ്. പ്രണയകാലത്തും വിവാഹശേഷവും വാർത്തകളിൽ നിറഞ്ഞുനിന്ന ഇരുവർക്കുമിടയിലെ രസകരമായൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിവാഹ അഭ്യർഥനയുമായി വിജയ് തന്റെ മുന്നിലേക്ക് എത്താൻ രശ്മിക കാത്തുനിന്നില്ല. മറിച്ച്, വിവാഹം കഴിക്കാമെന്ന കാര്യം വിജയ്‌യോട് നിരന്തരം ആവശ്യപ്പെട്ടത് താനായിരുന്നുവെന്ന് രശ്മിക തന്നെ വ്യക്തമാക്കുന്നു. 'കോഫി വിത്ത് കരൺ 9' പുതിയ എപ്പിസോഡിന്റെ ട്രെയിലറിലാണ് നടി ഈ കാര്യം പങ്കുവെച്ചത്.

കരൺ ജോഹർ അവതാരകനായെത്തുന്ന ടോക്ക് ഷോയിൽ വിജയ്‌യോടൊപ്പം അതിഥിയായി എത്തിയതായിരുന്നു രശ്മിക. വിജയ് ആണോ രശ്മികയോട് ആദ്യം പ്രൊപ്പോസ് ചെയ്തത് എന്ന കരണിന്റെ ചോദ്യത്തോടെയാണ് സംഭാഷണം ചൂടുപിടിക്കുന്നത്. ചിരിയോടെ രശ്മിക 'അല്ല' എന്ന് തലയാട്ടുമ്പോൾ, അവളാണ് എന്നോട് 'നമുക്ക് കല്യാണം കഴിക്കാം' എന്ന് പറഞ്ഞതെന്നും, നൂറിലധികം തവണ അവളെന്നോട് അത് ചോദിച്ചിട്ടുണ്ടാകുമെന്നും വിജയ് തമാശയായി വെളിപ്പെടുത്തി. വിജയ് പറഞ്ഞത് സത്യമാണോ എന്ന് കരൺ വീണ്ടും രശ്മികയോട് ചോദിച്ചപ്പോൾ, ഒരു വർഷത്തോളം താൻ അത് ചോദിച്ചുകൊണ്ടിരുന്നു എന്ന് രശ്മികയും തുറന്നുപറഞ്ഞു.

വിവാഹത്തെക്കുറിച്ച് മാത്രമല്ല, സിനിമയെയും വ്യക്തിജീവിതത്തെയും കുറിച്ചുള്ള മറ്റ് രസകരമായ കാര്യങ്ങളും എപ്പിസോഡിലുണ്ട്. റാപ്പിഡ് ഫയർ റൗണ്ടിൽ അല്ലു അർജുൻ, രൺബീർ കപൂർ എന്നിവരിൽ ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് ഒട്ടും മടിക്കാതെ രശ്മിക 'അല്ലു അർജുൻ' എന്ന് ഉത്തരം നൽകി.

രശ്മികയെയല്ലാതെ മറ്റ് ഏത് നടിയോടൊപ്പമാണ് ഏറ്റവും നല്ല ഓൺ-സ്ക്രീൻ കെമിസ്ട്രി ഉള്ളതെന്ന കരണിന്റെ ചോദ്യത്തിന്, വിജയ്‌യെ ഉത്തരം പറയാൻ അനുവദിക്കാതെ രശ്മിക തന്നെ "മറ്റാരുമായും ഇല്ല!" എന്ന് മറുപടി നൽകി. ഭാര്യയുടെ മറുപടിക്ക് മുന്നിൽ ചിരിച്ചുകൊണ്ട്, "ദാമ്പത്യ ജീവിതത്തിലെ ഒന്നാം നിയമം; ഭാര്യ പറയുന്നത് എപ്പോഴും അംഗീകരിക്കുക" എന്നായിരുന്നു വിജയ്‌യുടെ മറുപടി.

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് വിജയ്‌യും രശ്മികയും ആദ്യമായി ഒന്നിക്കുന്നത്. തുടർന്ന് 2019-ൽ പുറത്തിറങ്ങിയ 'ഡിയർ കൊമ്രേഡ്' എന്ന ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.

വർഷങ്ങളായി ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ തുടങ്ങിയിട്ട്. ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. തെലുങ്ക്, കൊടവ ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. രാഹുൽ സാംകൃത്യൻ സംവിധാനം ചെയ്ത പീരിയഡ് ആക്ഷൻ ചിത്രമായ 'രണബാലി'യിലൂടെ ഇരുവരും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിച്ചിരിക്കുകയാണ്. ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rashmika Mandanna revealed she asked Vijay Deverakonda to marry her for nearly a year., The couple appeared together on Koffee with Karan Season 9., Vijay Deverakonda joked that his first rule of marriage is always agreeing with his wife., The duo recently starred in the October 16 theatrical release 'Ranabali'.