ഒട്ടും ഇഷ്ടമില്ലാതെ ആ ബന്ധത്തിൽ കുടുങ്ങിപ്പോയി; വേദനകൾ സുഖപ്പെടുത്തിയത് പുതിയ പങ്കാളി

'ദ ഗേൾഫ്രണ്ട്' എന്ന സിനിമയിൽ ഭൂമ എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. തന്റെ സഹപാഠിയുമായി ഒരു ടോക്‌സിക് പ്രണയത്തിൽ അകപ്പെടുന്ന പെൺകുട്ടിയാണത്. തുടക്കത്തിൽ അതിൽ കുടുങ്ങിപ്പോകുന്ന ഭൂമ, പതുക്കെ അതിൽനിന്ന് സ്വന്തം ശബ്ദം കണ്ടെത്തുന്നതും സ്വതന്ത്രയാകുന്നതുമാണ് സിനിമ. പുരുഷാധിപത്യവും വൈകാരിക പീഡനവും സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്.
അതിലെ കഥാപാത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന്, താനും ഒരിക്കൽ അങ്ങനെയുള്ള ബന്ധത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് രശ്മിക പറഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തെപ്പോലെ തന്റെ സമ്മതമില്ലാതെ ഒരു ബന്ധത്തിലാണെന്ന് തനിക്ക് ഒരിക്കൽ തോന്നിയിട്ടുണ്ടെന്നും രശ്മിക പറയുന്നു. ഭൂമയെപ്പോലെ വേറൊരു നിവർത്തിയുമില്ലാഞ്ഞിട്ടാണ് ആ ബന്ധത്തിൽ തുടർന്നതെന്നും അവർ തുറന്നുപറഞ്ഞു.
''ആരോടൊപ്പം ആയിരിക്കണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. നിങ്ങൾക്ക് മറ്റ് മാർഗമൊന്നുമില്ലാതെ, മറ്റൊരു നിവർത്തിയുമില്ലാതെ ഒരു പങ്കാളിയോടൊപ്പം നിൽക്കേണ്ട അവസ്ഥയുണ്ടാവരുത്. എനിക്കങ്ങനെ ഒരവസ്ഥയുണ്ടായിട്ടുണ്ട്. ഇന്ന് ഞാനൊരാളെ തിരഞ്ഞെടുക്കുമ്പോൾ, ഞാൻ സന്തോഷവതിയാണ്, ആ വ്യക്തി സന്തോഷവാനാണ്, ചുറ്റുമുള്ള എല്ലാവരും സന്തുഷ്ടരാണ്''.
തന്റെ ഇപ്പോഴത്തെ പങ്കാളിയെക്കുറിച്ചും അവർ വികാരഭരിതയായി സംസാരിച്ചു. ''ഭാഗ്യവശാൽ ആ വേദനയിൽനിന്നെല്ലാം എന്നെ സുഖപ്പെടുത്തിയ ഒരു പങ്കാളി എനിക്കുണ്ട്. അദ്ദേഹമല്ല ആ വേദനകളൊന്നും ഉണ്ടാക്കിയത്. എന്നെ സുഖപ്പെടുത്തുന്നതിൽ അദ്ദേഹമൊരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞാനത് അംഗീകരിക്കുന്നു''.
ഓൺലൈൻ ട്രോളിങ്ങുണ്ടാവുമ്പോൾ അത് തന്നെ തളർത്തുമെന്നും അപ്പോഴെല്ലാം സഹായിക്കുന്നത് ആ പങ്കാളിയാണെന്നും രശ്മിക വെളിപ്പെടുത്തുന്നു. ''ഞാൻ ട്രോളിങ് നേരിടുന്നുണ്ടെന്ന് പറയുമ്പോൾ, അങ്ങനെയൊന്നുമില്ലെന്ന് അദ്ദേഹം പറയും. എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കുന്നതെന്ന് ചോദിക്കും. അദ്ദേഹം അത് ശ്രദ്ധിക്കാറില്ലെന്നും പറയും. പക്ഷേ എനിക്കത് കാണാതിരിക്കാൻ കഴിയില്ല. അത്തരം ട്രോളിങ് ഞാൻ കാണുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആളുകൾ എന്നെ ടാഗ് ചെയ്യും''.
പങ്കാളിയുടെ പേര് രശ്മിക തുറന്നുപറഞ്ഞില്ലെങ്കിലും അത് വിജയ് ദേവരകൊണ്ടയാണെന്നാണ് ആരാധകർ പറയുന്നത്. ആദ്യത്തെ ബന്ധം രക്ഷിത് ഷെട്ടിയുമായിട്ടുള്ളതാണന്നും അവർ ഉറപ്പിക്കുന്നു. വിവാഹനിശ്ചയം കഴിഞ്ഞ് ഒന്നരവർഷത്തിനുശേഷം പരസ്പരം യോജിച്ചുപോവാൻ കഴിയില്ലെന്ന കാരണത്താൽ, രക്ഷിത്തും രശ്മികയും പിരിയുകയായിരുന്നു.
നേരത്തെ സിനിമയുടെ വിജയാഘോഷച്ചടങ്ങിൽ വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു. അതിനിടയിൽ സ്‌നേഹത്തോടെ രശ്മികയെ ചുംബിക്കുകയും ചെയ്തു വിജയ്. സംസാരിക്കുന്നതിനിടെ പരസ്പരം പുകഴ്ത്തുകയും ചെയ്തു ഇരുവരും. പ്രണയവും വിവാഹവാർത്തകളും സത്യമാണെന്ന് അതോടെ ആരാധകർ ഉറപ്പിക്കുകയും ചെയ്തു. അടുത്തവർഷം ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: rashmika mandanna credits vijay devarakonda for healing her pain and recalls a relationship with no choice