അങ്ങനെയൊരു അവസ്ഥ വന്നാൽ പോരാട്ടത്തിനിറങ്ങുമെന്ന് രശ്മിക മന്ദാന, വ്യക്തിത്വത്തേക്കാൾ അതാണ് പ്രശ്നം

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും/Instagram
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും/Instagram

കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' എന്ന ടോക്ക് ഷോയിൽ പങ്കെടുത്തശേഷം വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും കടുത്ത വിമർശനങ്ങളും ട്രോളുകളും നേരിടുകയാണ്. ഓൺലൈനിൽ ഇരുവരുടെയും കുടുംബത്തെയും ലക്ഷ്യമിട്ട് ചില പോസ്റ്റുകൾ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ സൈബർ പരാതി നൽകിയിരിക്കുകയാണ് ദമ്പതികൾ. ഒരു അഭിമുഖത്തിൽ കുടുംബത്തിന്റെ കാര്യം വന്നാൽ താനൊരു യോദ്ധാവായി മാറുമെന്ന് വ്യക്തമാക്കുകയാണ് രശ്മിക. 

ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കവെ, ഓൺലൈൻ ട്രോളുകൾ തന്നെയെങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റി ചിന്തിക്കാറില്ലെന്നും പുഞ്ചിരിയോടെയാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നതെന്നും രശ്മിക പറഞ്ഞു. പഞ്ചിംഗ് ബാഗ് ഉപയോഗിക്കുന്ന കടുപ്പമുള്ള കൈത്തണ്ടയോടാണ് അവർ സ്വയം ഉപമിച്ചത്. 'എത്രയധികം അടിയേറ്റുവാങ്ങുന്നുവോ, അത്രയധികം കരുത്തുറ്റവരായി നിങ്ങൾ മാറുന്നു' എന്നും തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആത്മവിശ്വാസം അനുഭവപ്പെടുന്ന സമയമാണിതെന്നും അവർ പറഞ്ഞു.

തന്റെ വ്യക്തിത്വത്തെയോ ജോലിയെയോ കുറിച്ചുള്ള വിമർശനങ്ങൾ ഏൽക്കാൻ തയ്യാറാണ്. എന്നാൽ കുടുംബത്തെ ലക്ഷ്യം വെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. "എന്റെ വ്യക്തിത്വത്തെക്കുറിച്ചോ ജോലിയെക്കുറിച്ചോ ആരെങ്കിലും സംസാരിച്ചാൽ ആ അടിയൊക്കെ താങ്ങാനുള്ള കഴിവ് എനിക്കുണ്ട്. അതൊക്കെ ഈ തൊഴിലിന്റെ ഭാഗമാണ്. ആളുകൾ അഭിപ്രായങ്ങൾ പറയുന്നു, അത് അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാൽ ആരെങ്കിലും എന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചാൽ എനിക്കതിഷ്ടമല്ല. അപ്പോൾ ഞാൻ പൂർണ്ണ യോദ്ധാവിന്റെ മോഡിലേക്ക് മാറും. എനിക്കത് ഇഷ്ടപ്പെടാത്തതിന് കാരണം എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ തൊഴിൽ തിരഞ്ഞെടുത്തവരല്ല, അവർ പൊതുവിടങ്ങളിൽ ഉള്ളവരല്ല. ഞങ്ങൾ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കാൻ പരിശീലനം നേടിയിട്ടുണ്ട്. എന്നാൽ അവർക്കതില്ല"-രശ്മിക പറഞ്ഞു. 

ഒരു വർഷത്തിനിടെ നൂറുതവണ താൻ വിജയ് ദേവരക്കൊണ്ടയോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും അതിനുശേഷമാണ് അദ്ദേഹം വിവാഹത്തിന് സമ്മതിച്ചതെന്നും രശ്മിക കോഫി വിത്ത് കരണിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവർക്കും നേരെ ട്രോളുകളുണ്ടായത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rashmika Mandanna stated she goes into 'full warrior mode' when her family is targeted by online trolls., The actor accepts criticism regarding her personality and work as an occupational hazard.