'അമ്മ ദേവിയെ പോലെ, അച്ഛൻ വീട്ടിലേക്ക് ഇടയ്ക്കിടെ വരുന്ന അതിഥി മാത്രമായിരുന്നു'

കാതൽ മന്നൻ ജെമിനി ഗണേശന്റെയും നടി പുഷ്പവല്ലിയുടെയും മകളായ നടി രേഖ. തമിഴ് സിനിമാലോകം കീഴടക്കിയ താരത്തിന്റെ മകളായിരുന്നിട്ടും, അച്ഛൻ എന്നത് രേഖയെ സംബന്ധിച്ചിടത്തോളം ഒരു മായക്കാഴ്ച മാത്രമായിരുന്നു. അമ്മയാണ് വളർത്തിയതെല്ലാം.
തന്റെ ജീവിതത്തിലെ അമ്മയുടെ സ്വാധീനത്തെക്കുറിച്ച് രേഖ എപ്പോഴും എടുത്തുപറഞ്ഞിട്ടുണ്ട്. അമ്മ തനിക്ക് ദേവിയെ പോലെയാണെന്നാണ് രേഖ പറയാറുള്ളത്. സ്വന്തം വ്യക്തിത്വത്തിൽനിന്ന് തിളക്കവും സന്തോഷവും നഷ്ടപ്പെടുത്തരുതെന്നായിരുന്നു അമ്മ എപ്പോഴും ഉപദേശിച്ചിരുന്നതെന്നും അവർ ഓർക്കുന്നു. ''അമ്മ എന്റെ ഉപദേശക കൂടിയായിരുന്നു. ഒരു ദേവതയെ പോലെയാണ് അവരെ പലപ്പോഴും തോന്നിയിരുന്നത്. സ്നേഹത്തോടുകൂടി ജീവിക്കാൻ അവരെന്നെ പ്രേരിപ്പിച്ചു. കണ്ണുകളിലെ തിളക്കം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് അവരെപ്പോഴും പറയുമായിരുന്നു''.
സന്തോഷകരമായ ജീവിതത്തെക്കുറിച്ചും അമ്മയ്ക്ക് ധാരണയുണ്ടായിരുന്നുവെന്ന് രേഖ പറയുന്നു. ''ഞാൻ പ്രസംഗിക്കുന്നതല്ല, എനിക്ക് ഇഷ്ടമുള്ളത് പരിശീലിക്കണമെന്ന് അവരെന്നെ പലപ്പോഴും ഉപദേശിച്ചു. അമ്മ അങ്ങനെയായിരുന്നു ജീവിച്ചത്''.
അമ്മയുടെ ആ ഉപദേശങ്ങളാണ് തന്നെ മുന്നോട്ടുനടത്തിയതെന്ന് അവർ ഓർക്കുന്നു. ''സൂഫി സംഗീതം, ഉറുദു കവിതകൾ എന്നിവ അമ്മയ്ക്കേറെ ഇഷ്ടമായിരുന്നു. ആ ഇഷ്ടം എന്നിലേക്കും പകർന്നു. സിന്തറ്റിക്കും പ്ലാസ്റ്റിക്കുമില്ലാതെയാണ് അമ്മ ജീവിച്ചത്. ശുദ്ധമായ ഓർഗാനിക് തുണിത്തരങ്ങൾ മാത്രം അവരുപയോഗിച്ചു. അമ്മയെ സംബന്ധിച്ചിടത്തോളം അവർ തൊടുന്നതെല്ലാം അത്രത്തോളം പവിത്രമായിരുന്നു''.
അഭിഭാഷകനായ ഐ.വി.രംഗാചാരിയെയാണ് പുഷ്പവല്ലി ആദ്യം വിവാഹം കഴിച്ചത്. അതിൽ രണ്ടുകുട്ടികളുമുണ്ടായി. എന്നാൽ ആറുവർഷത്തെ ദാമ്പത്യത്തിനുശേഷം അവർ പിരിഞ്ഞു താമസിക്കാൻ തുടങ്ങി. 'മിസ് മാലിനി' എന്ന സിനിമയാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നത്. ജെമിനി ഗണേശന്റെ ആദ്യസിനിമയായിരുന്നുവത്. അതിൽ പുഷ്പവല്ലിയായിരുന്നു നായിക. ജെമിനി തീരെ ചെറിയ റോളിലും. അടുത്ത സിനിമയായ 'ചക്രധാരി'യിലും പുഷ്പവല്ലിയായിരുന്നു നായിക. അതിലും ജെമിനി ചെറിയ വേഷത്തിലായിരുന്നു അഭിനയിച്ചത്.
ആദ്യമൊക്കെ നായികാവേഷങ്ങളാണ് പുഷ്പവല്ലിയെ തേടിയെത്തിയത്. ജെമിനിയാണെങ്കിൽ ഉയർന്നുവരുന്ന താരവും. കാലക്രമേണ അത് തിരിഞ്ഞുവന്നു. പുഷ്പവല്ലിയുടെ സിനിമകളെല്ലാം പരാജയപ്പെട്ടു. ജെമിനി വലിയ താരമാവുകയും ചെയ്തു. അതിനുശേഷവും ചില സിനിമകളിൽ അവരൊരുമിച്ചു. ഓൺസ്ക്രീനിലെ അടുപ്പം പതുക്കെ റിയൽ ലൈഫിലേക്കും വന്നു. ജെമിനി നേരത്തെ വിവാഹിതനായിരുന്നു. പുഷ്പവല്ലി ആദ്യ വിവാഹബന്ധം നിയമപരമായി വേർപിരിഞ്ഞിട്ടുമില്ല. അതുകൊണ്ട് വിവാഹം കഴിക്കാൻ കഴിഞ്ഞില്ല. പകരം ഒരുമിച്ച് താമസിക്കാൻ തുടങ്ങി.
അധികം വൈകാതെ അവർക്ക് രേഖ എന്ന മകളുണ്ടായി. അപ്പോഴും ജെമിനി ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. രേഖയുടെ പിതൃത്വവും താരം ഏറ്റെടുത്തില്ല. അതിഥിയെ പോലെ ആ വീട്ടിൽ വന്നിരുന്ന ജെമിനി ഗണേശൻ എന്ന താരത്തെ മാത്രമേ രേഖയ്ക്ക് പരിചയമുണ്ടായിരുന്നുള്ളൂ. അമ്മ പക്ഷേ എപ്പോഴും ജെമിനി ഗണേശനെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നെന്ന് രേഖ പിന്നീട് പലപ്പോഴും ഓർത്തു.
രേഖയുടെ അനിയത്തിയായ രാധ ജനിക്കുന്നതിനു കുറച്ചുനാൾ മുമ്പ്, ഗണേശൻ നടി സാവിത്രിയെ വിവാഹം കഴിച്ചു. ജെമിനി പുഷ്പവല്ലിയിൽനിന്ന് അകലുകയും ചെയ്തു. കുട്ടികളെ വളർത്താനായി പുഷ്പവല്ലി കിട്ടുന്ന റോളുകളിലെല്ലാം അഭിനയിച്ചു. അധികവും തീരെ ചെറിയ റോളുകളായിരുന്നു. അമ്മ തിരക്കുകളിലായിരുന്നതിനാൽ മുത്തശ്ശിക്കൊപ്പമാണ് രേഖ കഴിഞ്ഞിരുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover actress Rekha`s reflections on her mother`s profound influence, her spiritual guidance and her father Gemini Ganesan`s distant presence