‘ദിവസവും സാമ്പാർ കഴിച്ച് നീ മരിച്ചുപോകുമോ?’; 12 വയസ്സിന് മൂത്ത പ്രകാശ് രാജുമായുള്ള വിവാഹം കുടുംബം എതിർത്തിരുന്നെന്ന് പോണി വർമ

ഭർത്താവ് പ്രകാശ് രാജിനും മകൻ വേദാന്തിനുമൊപ്പം പോണി വർമ/Instagram
ഭർത്താവ് പ്രകാശ് രാജിനും മകൻ വേദാന്തിനുമൊപ്പം പോണി വർമ/Instagram

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ നടൻ പ്രകാശ് രാജിന്റെയും കൊറിയോഗ്രാഫർ പോണി വർമയുടെയും ദാമ്പത്യജീവിതം 16 വർഷം പിന്നിടുകയണ്. പ്രകാശ് രാജിനൊപ്പമുള്ള ജീവിതം തന്നെ എങ്ങനെ മാറ്റിയെന്നും വിവാഹത്തെക്കുറിച്ച് കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ടായിരുന്ന ആശങ്കകൾ എന്തൊക്കെയായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് പോണി വർമ്മ. തന്നേക്കാൾ 12 വയസ്സ് മുതിർന്ന പ്രകാശ് രാജിനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെ പലരും സംശയത്തോടെയാണ് കണ്ടതെന്നും ദക്ഷിണേന്ത്യൻ ഭക്ഷണരീതികളെക്കുറിച്ചുള്ള കുടുംബത്തിന്റെ ആശങ്കകൾ മുതൽ പ്രായവ്യത്യാസത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ചോദ്യങ്ങൾ വരെ അന്ന് നേരിടേണ്ടിവന്നുവെന്നും പോണിവർമ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2003ൽ പുറത്തിറങ്ങിയ 'അമ്മ നന്ന ഓ തമിള അമ്മയി' എന്ന തെലുങ്ക് സിനിമയുടെ സെറ്റിൽവെച്ചാണ് പോണി വർമയും പ്രകാശ് രാജും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് പല സിനിമകളിലായി അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചപ്പോൾ, അവരുടെ സൗഹൃദം പതുക്കെ പ്രണയത്തിലേക്കും ഒടുവിൽ വിവാഹത്തിലേക്കും വഴിമാറിയെന്ന് അവർ ഓർക്കുന്നു. എന്നാൽ, പഞ്ചാബി പശ്ചാത്തലമുള്ള പോണി വർമ ദക്ഷിണേന്ത്യക്കാരനായ പ്രകാശ് രാജിനെ വിവാഹം കഴിക്കുന്നതിനോട് അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വലിയ താൽപ്പര്യമുണ്ടായിരുന്നില്ല.

“എന്റെ അമ്മ മരിച്ച സമയത്താണ് പ്രകാശിനെ കണ്ടുമുട്ടുന്നത്. അക്കാലത്ത്, ആദ്യഭാര്യ ലളിത കുമാരിയുമായുള്ള വിവാഹമോചന നടപടികളിലൂടെ കടന്നുപോവുകയായിരുന്നു അദ്ദേഹം. ഞാൻ ഈ നടനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്ക് ദക്ഷിണേന്ത്യക്കാരെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. 'എല്ലാ ദിവസവും സാമ്പാർ കഴിച്ചാൽ നീ ചത്തുപോകും' എന്നൊക്കെയാണ് അവർ എന്നോട് പറഞ്ഞത്. ഞങ്ങൾ ഇടയ്ക്കിടെ ഹോട്ടലിൽ പോയി ഇഡ്ഡലിയും സാമ്പാറും കഴിക്കാറുണ്ട്, അത് നല്ലതാണ് താനും. ഞാൻ അവരോട് പറഞ്ഞു, 'അങ്ങനെയൊന്നുമില്ല, എനിക്ക് സാമ്പാർ ഇഷ്ടമാണ്' എന്ന്. 'നിന്നെക്കാൾ 12 വയസ്സ് മുതിർന്ന ഒരാളെ എന്തിനാണ് വിവാഹം കഴിക്കുന്നത്?' എന്ന് സുഹൃത്തുക്കളും ചോദിച്ചു. വലിയ ബഹളവും എതിർപ്പുകളുമാണ് അന്ന് ഉണ്ടായത്.”

എന്നാൽ, തങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസത്തിൽ തനിക്ക് സന്തോഷമേയുള്ളൂ എന്നാണ് പോണി പറഞ്ഞത്. “പ്രകാശിനെപ്പോലെയുള്ള ഒരാൾക്ക് മാത്രമേ എന്നെയും എന്റെ ജീവിതത്തിന്റെ ആഴങ്ങളെയും - ഞാൻ എവിടെ നിന്ന് വരുന്നു, എങ്ങനെ ചിന്തിക്കുന്നു, എന്റെ ജീവിതത്തിലെ പോരാട്ടങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ എന്ന് എനിക്ക് തോന്നുന്നു. ഞാൻ ഒരു തിരമാല പോലെയായിരുന്നു... പ്രകാശ് ഒരു തീരം പോലെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ശാന്തമായി ഒരിടത്തിരുന്ന് ഭക്ഷണം കഴിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല. 'സ്പൂൺ മാറ്റിവെച്ച് കൈകൊണ്ട് കഴിക്കൂ, സുഖമായിരിക്കൂ, ഒന്നിനെക്കുറിച്ചും ആലോചിക്കേണ്ടതില്ല' എന്ന് പ്രകാശ് പറഞ്ഞുതന്നു. അങ്ങനെ, എന്റെ ജീവിതത്തിലേക്ക് പ്രകാശ് ഒരു ശാന്തത കൊണ്ടുവന്നു. ശാന്തമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിൽ തെറ്റൊന്നുമില്ല; ഒന്നും നഷ്ടപ്പെടാനില്ല, ജീവിതത്തിൽ ഒന്നിനും പിന്നിലാകാനുമില്ല. പ്രകാശിനെപ്പോലെ അനുഭവസമ്പത്തുള്ള ഒരാൾക്ക് മാത്രമേ ഇതെല്ലാം ഇത്ര നന്നായി കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.”

1994-ലാണ് പ്രകാശ് രാജ് നടി ലളിത കുമാരിയെ വിവാഹം കഴിച്ചത്. ഇവർക്ക് മേഘന, പൂജ എന്നിങ്ങനെ രണ്ട് പെൺമക്കളും സിദ്ധാർഥ് എന്ന മകനുമുണ്ടായിരുന്നു. 2004-ൽ പട്ടം പറത്തുന്നതിനിടെ വീണുണ്ടായ പരിക്കുകളെത്തുടർന്നാണ് സിദ്ധാർഥ് മരിച്ചത്. 2009-ൽ പ്രകാശ് രാജും ലളിത കുമാരിയും വിവാഹമോചിതരായി. തുടർന്ന് 2010-ൽ പ്രകാശ് രാജ് കൊറിയോഗ്രാഫർ പോണി വർമയെ വിവാഹം കഴിച്ചു. ഇവർക്ക് 2015-ൽ വേദാന്ത് എന്ന മകൻ ജനിച്ചു. പ്രായവ്യത്യാസത്തേക്കാൾ പരസ്പരമുള്ള മനസ്സിലാക്കലിനും കരുതലിനുമാണ് പ്രധാന്യമെന്ന് അവരുടെ വാക്കുകൾ ഓർമിപ്പിക്കുന്നു. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi