ഇജാസ് ഖാനുമായി പിരിഞ്ഞിട്ട് ഒരുവർഷം, വിവാഹം പ്രഖ്യാപിച്ച് പവിത്ര

പവിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം
പവിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം

ലവ് യു സിന്ദഗി, നാഗിൻ 3, യേ ഹേ മൊഹബത്തേൻ തുടങ്ങിയ ഷോകളിലൂടെ പ്രശസ്തയായ ടെലിവിഷൻ താരമാണ് പവിത്ര പുനിയ. ഹിന്ദി ബിഗ് ബോസിൽ സഹമത്സരാർഥിയായ നടൻ ഇജാസ് ഖാനുമായി പവിത്ര പ്രണയത്തിലായിരുന്നു. ഇജാസുമായി വേർപിരിഞ്ഞ് ഒരു വർഷത്തിന് ശേഷം തൻ്റെ വിവാഹനിശ്ചയം പ്രഖ്യാപിച്ചിരിക്കുകയാണ് പവിത്രയിപ്പോൾ. പ്രതിശ്രുത വരൻ്റെ മുഖമോ പേരോ വെളിപ്പെടുത്താതെ, വിവാഹാഭ്യർഥന നടത്തുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയായിരുന്നു താരം. കാമുകൻ അമേരിക്കയിൽ നിന്നുള്ള ഒരു ബിസിനസുകാരനാണെന്ന് അവർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇത്തവണ കാമുകനൊപ്പമാണ് നടി ദീപാവലി ആഘോഷിച്ചതും.

ഇതിനിടെ, ഇജാസുമായുള്ള പവിത്രയുടെ വർഷങ്ങൾ നീണ്ട പ്രണയം വീണ്ടും ചർച്ചയാവുകയാണ്. ബിഗ് ബോസ് 14-ലാണ് ഇരുവരും കണ്ടുമുട്ടിയത്. വിവാഹിതരാവാൻ തീരുമാനിച്ച കാര്യം ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇരുവരും മാധ്യമങ്ങളോടും ആരാധകരോടും തുറന്നുപറഞ്ഞു. തുടർന്ന് 2020-ൽ വിവാഹനിശ്ചയം. പവിത്രയോട് വിവാഹാഭ്യർഥന നടത്തുന്ന ചിത്രങ്ങൾ ഇജാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ജനപ്രിയജോടികളായി തുടരുന്നതിനിടെയാണ് 2024-ൽ അവർ വേർപിരിയൽ പ്രഖ്യാപിക്കുന്നത്. നാലുവർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇത്. 

പിരിയാനുള്ള കാരണത്തെപ്പറ്റി അന്ന് ചില ഊഹാപോഹങ്ങളുണ്ടായി. പവിത്രയെ ഇസ്ലാം മതത്തിലേക്ക് മാറ്റണമെന്ന് ഇജാസ് ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് അവർ വേർപിരിഞ്ഞതെന്ന് ചിലർ പറഞ്ഞു. എന്നാൽ, മതംമാറ്റം ഒരിക്കലും ഒരു കാരണമായിരുന്നില്ലെന്ന് പവിത്ര തന്നെ വിശദീകരിച്ചു. സ്വന്തം ധർമം പിന്തുടരാനുള്ള ആഗ്രഹം നേരത്തെ തന്നെ അറിയിച്ചതാണെന്നും അദ്ദേഹത്തിന്റെ കുടുംബം അത് അംഗീകരിച്ചതാണെന്നും പവിത്ര തുറന്നുപറഞ്ഞു. തങ്ങൾക്കിടയിലെ പ്രശ്നം പൊരുത്തക്കേടുകളാണെന്നും. “ഞങ്ങളുടെ ചിന്തകൾ ചേരുന്നില്ല. ഒരുപാട് ശ്രമിച്ചു നോക്കാറുണ്ട്... പക്ഷെ മൂന്ന് വർഷം കഴിഞ്ഞപ്പോഴാണ് ചിന്തകൾ യോജിക്കുന്നില്ലെന്ന് മനസ്സിലായത്. മൂന്ന് വർഷത്തോളം ഞങ്ങൾ ശ്രമിച്ചു... പക്ഷെ അത് ശരിയായില്ല.”

പവിത്ര അവൾ അർഹിക്കുന്ന സ്നേഹവും വിജയവും കണ്ടെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും എപ്പോഴും തൻ്റെ പ്രാർഥനകളിലുണ്ടാകുമെന്നും ഇജാസും പ്രതികരിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Television actress Pavitra Punia, known for Naagin 3 & Yeh Hai Mohabbatein, announces her engagement with a beachside proposal. Her fiancé is a US-based businessman.