രണ്ടുപേരോട് ഒരേസമയം പ്രണയം, അവരറിയാതിരിക്കാൻ ശ്രദ്ധിച്ചു- നിക് ജൊനാസ്

നിക് ജൊനാസ് | AFP
നിക് ജൊനാസ് | AFP

ഒന്നിലധികം പ്രണയബന്ധങ്ങൾ ഒരേസമയം കൊണ്ടുനടക്കുന്ന ഒട്ടേറെയാളുകളുണ്ട്. പ്രിയങ്കാ ചോപ്രയുടെ ഭർത്താവ് നിക് ജൊനാസിനുമുണ്ടായിരുന്നു അങ്ങനെയൊരു പ്രണയം. ത്രികോണപ്രണയത്തിൽ താൻ അകപ്പെട്ടതിനെപ്പറ്റി പെൻ ബാഡ്‌ഗ്ലിയുടെ പോഡ്‌കാസ്റ്റിൽ തുറന്നുപറഞ്ഞിരിക്കുകയാണ് നിക് ഇപ്പോൾ. കുട്ടിക്കാലത്തെ പ്രണയങ്ങളെക്കുറിച്ചും ആദ്യത്തെ ഹാർട്ട്ബ്രേക്കിനെപ്പറ്റിയുമുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അൽപം മടിയോടെയുള്ള നിക്കിന്റെ വെളിപ്പെടുത്തൽ. എട്ടുവയസ്സിലാണ് നിക്കിന് രണ്ട് പേരോട് ഒന്നിച്ച് പ്രണയം തോന്നിയത്.

'എ ക്രിസ്മസ് കരോൾ' എന്ന നാടകത്തിൽ അഭിനയിക്കുന്ന സമയമായിരുന്നു അത്. നിക്കിൽ ആദ്യ പ്രണയം മൊട്ടിട്ട സമയം. പാട്ടുപാടാനും നൃത്തം ചെയ്യാനും കഥകൾ പറയാനും ഇഷ്ടപ്പെടുന്ന ആളുകൾക്കിടയിൽ ആദ്യമായി എത്തിയതായിരുന്നു താനെന്നും ആ സമൂഹത്തിൽപ്പെട്ടയാളാണെന്ന് സ്വയം തോന്നിയെന്നും നിക് പറഞ്ഞു. ലില്ലി എന്ന് പേരുള്ള സഹപ്രവർത്തകയോടുണ്ടായിരുന്ന ഇഷ്ടം വെളിപ്പെടുത്തിയ നിക് പക്ഷേ ചൈൽഡ് റാംഗ്ലറോടും ഒരു ക്രഷ് തോന്നിയെന്ന് തുറന്നുപറഞ്ഞു.

ചൈൽഡ് റാംഗ്ലർ എന്താണെന്നും നിക് വിശദീകരിച്ചു. "മാതാപിതാക്കൾ അടുത്തില്ലാത്തപ്പോൾ സെറ്റിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നവരെയാണ് അങ്ങനെ വിളിക്കുന്നത്. കുട്ടികളെ പഠനകാര്യങ്ങളിൽ സഹായിക്കുകയും അവർക്ക് സെറ്റിൽ അപകടമൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് അവരാണ്."

എട്ടുവയസ്സേ ഉള്ളൂവെങ്കിലും ലില്ലിയും ചൈൽഡ് റാംഗ്ലറും തന്റെ ഉള്ളിലെ പ്രണയം കണ്ടുപിടിക്കുമോയെന്ന് നിക് ഭയപ്പെട്ടുവത്രേ. അതോർത്ത് സമ്മർദ്ദവുമുണ്ടായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറാൻ നിക് ശ്രമിക്കുകയും ചെയ്തു. ഇപ്പോൾ കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും, താനൊരു വിചിത്രജീവിയായി മറ്റുള്ളവർക്ക് തോന്നുമോ എന്ന് അന്നുതന്നെ ആശങ്കയുണ്ടായിരുന്നുവെന്ന് നിക് സമ്മതിച്ചു. 11-12 വയസ്സുള്ളപ്പോഴാണ് ആദ്യത്തെ ഹാർട്ട്ബ്രേക്ക് ഉണ്ടാകുന്നത്, വികാരങ്ങളെ കൈകാര്യം ചെയ്യാൻ സംഗീതത്തിലേക്ക് കടന്നു, ആ മാർഗ്ഗത്തിലെത്തിയത് നല്ല കാര്യമായിരുന്നുവെന്നും നിക് പറഞ്ഞു.

ടൈപ്പ് 1 പ്രമേഹബാധിതനാണ് നിക്. രോഗവുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും അദ്ദേഹം പോഡ്കാസ്റ്റിൽ മനസ്സുതുറന്നു. 13 വയസ്സിലാണ് പ്രമേഹം കണ്ടുപിടിച്ചത്. ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ രോഗം വളരെ സാധാരണമായി മാറിയിരിക്കുന്നു. അമിതമായി ഭാരം കുറയാൻ തുടങ്ങിയതും, നിരന്തരം വെള്ളം കുടിക്കുകയും ടോയ്‌ലറ്റിലേക്ക് ഓടുകയും ചെയ്തിരുന്നത് നിക്ക് ഓർത്തെടുത്തു. ഈ ലക്ഷണങ്ങളെല്ലാം ടൈപ്പ് 1 പ്രമേഹത്തിന്റെതായിരുന്നു. പക്ഷേ, അന്ന് എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിനോ മാതാപിതാക്കൾക്കോ വേണ്ടത്ര ധാരണയില്ലായിരുന്നെന്നും നിക് പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Nick Jonas reveals his childhood crushes, including a castmate and a child wrangler, on Penn Badgley`s podcast. He also discusses his first heartbreak and how it led him to music.