ശ്രീദേവിയുമായി മിഥുൻ പ്രണയത്തിലാണെന്ന് വാർത്തകൾ പരന്നു; ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇന്ത്യൻ സിനിമയിലെ ഡിസ്‌കോ-ഡാൻസറാണ് മിഥുൻ ചക്രവർത്തി. ബോളിവുഡിന് പുതിയ സ്‌റ്റൈലും, നൃത്തവും പരിചയപ്പെടുത്തിയ നടൻ. 'ഡിസ്‌കോ ഡാൻസറി'ലൂടെ താരപദവിയിലേക്കുയർന്ന, മിഥുന്റെ ജീവിതവും ഏറെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. കഷ്ടപ്പാടുകളിലും അദ്ദേഹത്തിനൊപ്പം തന്നെ നിന്ന പങ്കാളിയാണ് യോഗിത ബാലി. കൊൽക്കത്തയിൽനിന്നെത്തി ബോളിവുഡിൽ കാലുറപ്പിച്ച മിഥുൻ, പാകിസ്താനിൽ ജനിച്ച് ഹിന്ദിസിനിമയിൽ സ്ഥാനമുറപ്പിച്ച യോഗിത ബാലിയും.
മിഥുനെ വിവാഹം കഴിക്കുന്നതിനുമുമ്പ് ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ ഭാര്യയായിരുന്നു യോഗിത. കിഷോർ കുമാറിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു അവർ. 1976-ൽ ഒരുമിച്ച് ജീവിച്ചുതുടങ്ങിയ ഇരുവരും, രണ്ടുവർഷത്തിനുള്ളിൽ വിവാഹമോചിതരായി.
ഇന്തോ-അമേരിക്കൻ നടി ഹെലേന ലൂക്ക് ആയിരുന്നു മിഥുൻ ചക്രവർത്തിയുടെ ആദ്യഭാര്യ. 1979-ലായിരുന്നു അവർ വിവാഹിതരാവുന്നത്. അവരെ ലോകാദ്ഭുതം പോലെ നോക്കാമെന്ന് മിഥുൻ വാക്കുകൊടുത്തിരുന്നുവത്രേ. എന്നാൽ, നാലുമാസത്തിനുള്ളിൽ എല്ലാം തകർന്നു, വിവാഹമോചിതരാവുകയും ചെയ്തു. യോഗിത ബാലിയുമായുള്ള മിഥുന്റെ പ്രണയമാണ് തങ്ങളുടെ ബന്ധം തകർത്തതെന്ന് പിന്നീട് ഹെലേന തുറന്നടിച്ചു. മിഥുൻ വളരെ സംശയാലുവായ ഭർത്താവിയിരുന്നുവെന്നും അവരന്ന് പറഞ്ഞു. അതാണ് വിവാഹമോചനത്തിനുള്ള പ്രധാനകാരണമെന്നായിരുന്നു ഹെലേന പറഞ്ഞത്.
മിഥുന്റെ കരിയറിലെ തുടക്കകാലമായിരുന്നുവത്. യോഗിത ഏറെക്കുറെ ഒരു താരവും. അതേ വർഷം തന്നെ യോഗിതയും മിഥുനും വിവാഹിതരായി. യോഗിത സിനിമയിൽനിന്ന് അകന്ന്, പൂർണമായി കുടുംബജീവിതത്തിലേക്ക് ഒതുങ്ങുകയും ചെയ്തു. മിഥുൻ ആണെങ്കിൽ പ്രശസ്തിയിലേക്കുള്ള കുതിപ്പിലായിരുന്നു. മാതൃകാദമ്പതികളെന്ന് ആരാധകർ ഒന്നടങ്കം അവരെ വിശേഷിപ്പിച്ചു.
അതിനിടയ്ക്കാണ് 'ജാഗ് ഉഠാ ഇൻസാൻ' എന്ന സിനിമയുടെ സെറ്റിൽവെച്ച് ശ്രീദേവിയും മിഥുനും കണ്ടുമുട്ടുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് വൈകാതെ വാർത്ത പരന്നു. ശ്രീദേവിയും മിഥുനും വിവാഹം കഴിക്കാൻ പോവുകയാണെന്ന് വരെ ഗോസിപ്പുകളുണ്ടായി.
ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യോഗിത, ആസ്പത്രിയിലാണെന്നും അക്കാലത്ത് വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്ന് റിപ്പോർട്ടുകൾ വന്നു. ശ്രീദേവിയും മിഥുനും തമ്മിലുള്ള ബന്ധമായിരുന്നു അതിനു കാരണം. ശ്രീദേവിയുമായി പ്രണയത്തിലായിരുന്നുവെങ്കിലും, യോഗിതയെ ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് മിഥുൻ പറഞ്ഞു. അതോടെ ശ്രീദേവി ആ ബന്ധത്തിൽനിന്ന് പുറത്തുകടന്നു.
Content Highlights: love life of bollywood star mithun chakraborty, his marriages and relationships with yogeeta bali, helena luke, and sridevi