'നിങ്ങൾ അവർക്കാ അധികാരം നൽകരുത്, സന്തോഷത്തിന് മറ്റൊരാളും ഉത്തരവാദികളല്ല'-കത്രീന കൈഫ്

കത്രീന കൈഫ് | UNI
കത്രീന കൈഫ് | UNI

വൈകാരികമായി ആശ്രയിക്കൽ ബന്ധങ്ങളുടെ പൊതുസ്വഭാവമാണ്. അതേസമയം, പങ്കാളികൾക്കുമേൽ ഉത്തരവാദിത്തങ്ങൾ വെച്ചുകൊടുക്കുന്നതും വൈകാരികമായി പൂർണമായും ആശ്രയിക്കുന്നതും കൂടിയാൽ കാര്യങ്ങൾ അത്ര നന്നാവണമെന്നില്ല. വൈകാരിക ആശ്രിതത്വം അമിതമാകുമ്പോൾ അത് ബന്ധത്തിന്റെ ഊർജ്ജം ഇടിച്ചുതാഴ്ത്തുമെന്ന് ഒരിക്കൽ ബോളിവുഡ് നടി കത്രീന കൈഫ് പറഞ്ഞിരുന്നു.

ബന്ധങ്ങളിൽ ആളുകൾ വൈകാരികമായി സ്വതന്ത്രരാകേണ്ടതിന്റെ ആവശ്യകതയാണ് കോഫി വിത്ത് കരണിലെ ഒരു എപ്പിസോഡിൽ അവർ വിശദീകരിച്ചത്. പ്രണയങ്ങളുടെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുള്ള കത്രീന  സ്നേഹത്തെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായമാണ് പങ്കുവെച്ചത്.

“എന്റെ ജീവിതത്തിലെ ബന്ധങ്ങളിൽ നിന്നും സമവാക്യങ്ങളിൽ നിന്നും ഞാൻ നേടിയ ഏറ്റവും വലിയ പാഠം നിങ്ങളുടെ സന്തോഷത്തിന് മറ്റൊരാളും ഉത്തരവാദിയല്ല എന്നതാണ്. നിങ്ങൾ അവർക്ക് ആ അധികാരം നൽകരുത്, അങ്ങനെ ചെയ്യുമ്പോൾ അത് നിങ്ങളുടെ അധികാരം ഉപേക്ഷിക്കലാണ് എന്നതുകൊണ്ടല്ല, മറിച്ച് നിങ്ങൾ ആ വ്യക്തിയെ ഉത്തരവാദിത്തം കൊണ്ട് ഭാരപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരാൾക്കും ഇത്രയും വലിയ ഉത്തരവാദിത്തം ദീർഘകാലം വഹിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു. ഏതെങ്കിലും ഘട്ടത്തിൽ, അവർ നിങ്ങളെ നിരാശപ്പെടുത്തും, അല്ലെങ്കിൽ നിങ്ങൾ അവരെ നിരാശപ്പെടുത്തും, അപ്പോൾ നിങ്ങൾ സമ്മർദ്ദം ചെലുത്തുന്നതുകൊണ്ടാണ് ബന്ധം ദുർബലമാകാൻ തുടങ്ങുന്നത്. എനിക്കത് സുഖമായി തോന്നുന്നില്ല”-കത്രീന പറഞ്ഞു.

വൈകാരികമായ ആശ്രിതത്വത്തിൽ പ്രതീക്ഷകൾ വേരൂന്നിയാൽ (മറ്റൊരാളെ സന്തോഷിപ്പിക്കൽ പോലെ), അവ നിറവേറ്റപ്പെടാതെ പോകുമ്പോൾ സംഘർഷങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയാറുണ്ട്. ആത്യന്തികമായി ഇത് സ്നേഹത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള തെറ്റായ ധാരണയാണ്, ഒരാളുടെ ഏകാന്തത, അരക്ഷിതാവസ്ഥ അല്ലെങ്കിൽ സന്തോഷമില്ലായ്മ പരിഹരിക്കേണ്ടത് മറ്റൊരാളുടെ ജോലിയല്ല. അത് ഓരോ വ്യക്തിയുടെയും ജോലിയാണ്, പങ്കാളികളുടെ മേൽ അത് കെട്ടിവെക്കാനാവില്ല. 

"ഏറ്റവും മനോഹരമായ സ്നേഹം, എൻ്റെ വ്യാഖ്യാനത്തിൽ, പരസ്പരം ആവശ്യമില്ലാത്ത അവസ്ഥയായിരിക്കും, മറ്റൊരാളിൽ വലിയ ആശ്രിതത്വം ഇല്ലാത്ത അവസ്ഥ. അവിടെ ആരാധന, ബഹുമാനം, സൗഹൃദം, നിങ്ങൾക്ക് ഇടയിൽ ഒരു സമാധാനപരമായ ഇടം എന്നിവ മാത്രമേ ഉണ്ടാകൂ."-കത്രീന വിശദീകരിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Emotional dependency places unfair pressure on partners., True companionship is built on mutual respect, not the need to 'complete' each other., Happiness is an internal responsibility, not a partner's obligation., Resentment grows when expectations of fixing each other go unfulfilled.