വാടക ഗർഭപാത്രത്തിൽ പിറന്ന ഇരട്ടകളുടെ അച്ഛൻ, ഒസെംപിക്കിലൂടെ മെലിഞ്ഞെന്ന് വാർത്തകൾ;കരൺ ജോഹർ

കരൺ ജോഹറും മക്കളും | (ഫോട്ടോ: instagram, karan johar)
കരൺ ജോഹറും മക്കളും | (ഫോട്ടോ: instagram, karan johar)

ഹിന്ദി ടെലിവിഷന്‍ പേഴ്‌സണാലിറ്റിയും സംവിധായകനുമായ കരണ്‍ ജോഹറിന് ഇരട്ടക്കുട്ടികളാണ്. യഷും റൂഹിയും. സിംഗിള്‍ പാരന്റായ കരണിന് വാടകഗര്‍ഭധാരണത്തിലൂടെ 2017-ലാണ് കുഞ്ഞുങ്ങള്‍ പിറന്നത്. 82-കാരിയായ സ്വന്തം അമ്മയ്‌ക്കൊപ്പമാണ് കരണ്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. വൈകാരികതലത്തിലടക്കം സിംഗിള്‍ പാരന്റിങ്ങിന്റെ ബുദ്ധിമുട്ടുകളെപ്പറ്റി അദ്ദേഹം തുറന്നുപറയാറുണ്ട്. ഒരഭിമുഖത്തിൽ തങ്ങളുടെ ജനനത്തെപ്പറ്റി മക്കള്‍ ചോദിച്ചുതുടങ്ങിയെന്ന് കരൺ പറഞ്ഞിരുന്നു.  

'ഒരു ആധുനിക കുടുംബമാണിത്. അസാധാരണമായ സാഹചര്യവും. 'ആരുടെ വയറ്റിലാണ് ജനിച്ചത്?' എന്ന അവരുടെ ചോദ്യം ഞാനിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. 'ഇപ്പോഴത്തെ അമ്മ ശരിക്കും അമ്മയല്ല, അവര്‍ മുത്തശ്ശിയാണ്' എന്നൊക്കെ അവര്‍ പറയുന്നു. എങ്ങനെ ഈ സാഹചര്യം കൈകാര്യം ചെയ്യണമെന്ന് ചോദിക്കാന്‍ ഞാന്‍ കൗണ്‍സിലറുടെ അടുത്തേക്ക് പോകുന്നു. ഇതെളുപ്പമല്ല, മാതാപിതാക്കളാകുന്നത് ഒരിക്കലും എളുപ്പമല്ല'-അദ്ദേഹം പറഞ്ഞു.

പലപ്പോഴും തന്റെ അരക്ഷിതാവസ്ഥ മകന്‍ യഷിനോട് പ്രകടിപ്പിക്കുന്നതിനെപ്പറ്റിയും കരണ്‍ പറഞ്ഞു. 'വിവേകശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ പാടുപെടാറുണ്ട്. മകന്‍ പഞ്ചസാര കഴിക്കുന്നത് കാണുമ്പോള്‍, അവന്റെ തടികൂടുമ്പോള്‍ എനിക്കൊരു പരിഭ്രാന്തിയാണ്. പക്ഷേ, അവനോട് അത് പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. കാരണം അവന്‍ സന്തോഷത്തോടെ ആയിരിക്കണമെന്നാണെനിക്ക്' 

'ശരീരം ആക്ടീവാക്കിവെക്കാന്‍ മകനെ പ്രോത്സാഹിപ്പിക്കാറുണ്ട്. മകനോട് ക്രിക്കറ്റോ ഫുട്‌ബോളോ കളിക്കാന്‍ പോകാനും ഞാന്‍ ചെയ്യാത്ത എല്ലാ കാര്യങ്ങളും ചെയ്യാനും ഞാന്‍ പറയുന്നു. പക്ഷെ ഇങ്ങനെയാവാന്‍ പാടില്ല. എന്റെ മക്കള്‍, മകളും മകനും അവരുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള വ്യക്തികളാകണം.' യാഷിനെ വേദനിപ്പിക്കുന്ന രീതിയില്‍ അവന്‍ തടിവെച്ചുവെന്ന് പറഞ്ഞുപോയ സാഹചര്യവും തിരികെച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ക്ഷമാപണം നടത്തിയതിനെപ്പറ്റിയും കരണ്‍ സംസാരിച്ചു. 

ഈയടുത്തിടെ കരൺ ഭാരം കുറച്ചത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞവര്‍ഷം അവസാനം ട്രെന്‍ഡിങ് ആയ ഒസെംപിക് എന്ന മരുന്നുപയോഗിച്ചാവാം അദ്ദേഹത്തിൻറെ മെലിച്ചിലിന് കാരണം എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമിതവണ്ണം നിയന്ത്രിക്കാന്‍ കഴിയുന്ന അത്ഭുതമരുന്നെന്ന രീതിയിലാണ് ഒസെംപിക് പ്രചാരം നേടുന്നത്.  ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്കായും ശരീരഭാരം കുറയ്ക്കുന്നതിനുമുള്‍പ്പടെ ഉപയോഗിക്കുന്ന മരുന്നാണ് ഒസെംപിക് അഥവാ സെമാഗ്ലാറ്റൈഡ്. ഹോളിവുഡ് താരങ്ങളും പേരെടുത്ത വ്യക്തിത്വങ്ങളും ഒസെംപിക് ഉപയോഗിച്ച അനുഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 

കുച്ച് കുച്ച് ഹോത്താ ഹേ, കഭീ ഖുശി കഭി ഖം, മൈ നെയിം ഈസ് ഖാൻ, കഭി അൽവിദ നാ കെഹ്ന... തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് കരൺ. നിരവധി റിയാലിറ്റി ഷോകളിൽ വിധി കർത്താവാണ്. മുഖ്യ അവാർഡ് ചടങ്ങുകൾക്ക് അവതാരകനായും കരൺ എത്താറുണ്ട്. അദ്ദേഹത്തിൻറെ ടോക്ക്‌ഷോയായ കോഫീ വിത്ത് കരണിന്റെ എല്ലാ സീസണും വൻ വിജയമാണ്.

Content Highlights: karan johar reveals his kids yash and roohi ask him about their other