തുടര്‍ച്ചയായ നഗ്നതാപ്രദര്‍ശനം, ഒടുവില്‍ ബിയാന്‍കയും കാന്യേ വെസ്റ്റും പിരിയുമ്പോള്‍

കാന്യേ വെസ്റ്റ്, ബിയാന്‍ക സെന്‍സറി | Getty Images
കാന്യേ വെസ്റ്റ്, ബിയാന്‍ക സെന്‍സറി | Getty Images

ഗ്രാമി പുരസ്‌കാരവേദിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന വിവാദം കെട്ടടങ്ങുംമുമ്പേ മോഡല്‍ ബിയാന്‍ക സെന്‍സറി അമേരിക്കന്‍ റാപ്പര്‍ കാന്യേ വെസ്റ്റുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നു. ഗ്രാമി വേദിയിലെ നഗ്നതാപ്രദര്‍ശനം ബിയാന്‍കയ്ക്കുനേരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ വരാന്‍ കാരണമായിരുന്നു.

സുതാര്യമായ വസ്ത്രമിട്ട് അതിനു മുകളില്‍ രോമക്കുപ്പായവും ധരിച്ചാണ് കാന്യെ വെസ്റ്റിനൊപ്പം ബിയാന്‍ക ഗ്രാമിയിലെത്തിയത്. ശേഷം ഭര്‍ത്താവിന്റെ ആവശ്യപ്രകാരം രോമക്കുപ്പായം അഴിച്ചുമാറ്റി. പൂര്‍ണനഗ്നയായതുപോലെയായിരുന്നു പിന്നീടുള്ള പോസുകള്‍. പിന്നാലെ വിവാദമാവുകയും ചെയ്തു.  

ഗ്രാമിയുടെ ചുവന്ന പരവതാനിയില്‍ ആളുകളാല്‍ ശ്രദ്ധിക്കപ്പെടാനായി ഒരു രംഗമുണ്ടാക്കുകയായിരുന്നു കാന്യേ വെസ്റ്റിന്റെ ഉദ്ദേശ്യം. രോമക്കുപ്പായം അഴിക്കാന്‍ വെസ്റ്റ് പറഞ്ഞപ്പോള്‍ മോഡല്‍ അസ്വസ്ഥയായിരുന്നുവെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും അവര്‍ വെസ്റ്റിനെ അനുസരിക്കുകയായിരുന്നു. 

സെന്‍സേഷണലായതോടെ ഭാര്യയെ പുകഴ്ത്തി വെസ്റ്റ് രംഗത്തെത്തി. 'എന്റെ ഭാര്യയുടെ ആദ്യത്തെ ചുവന്ന പരവതാനി ഒരു പുതിയ ലോകം തുറന്നു. കൊള്ളാം, വളരെ മിടുക്കിയായ, ധീരയായ ഒരു ഭാര്യയെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്, ആ രാത്രിയില്‍ ഞാന്‍ ആരാധനയോടെ നോക്കിയതുപോലെ ഈ ചിത്രത്തിലേക്ക് ഞാന്‍ ഉറ്റുനോക്കുന്നു.'- എന്നായിരുന്നു കാന്യേ വെസ്റ്റിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ്. 

അതേസമയം, അഞ്ചു മില്യണ്‍ ഡോളറാണ് (ഏകദേശം 43 കോടി രൂപ) വിവാഹമോചനത്തിനുശേഷം കാന്യേ വെസ്റ്റില്‍ നിന്ന് ബിയാന്‍കയ്ക്ക് ലഭിക്കുക. 2022 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. സൂപ്പര്‍ മോഡല്‍ കിം കര്‍ദാഷിയാനായിരുന്നു കാന്യേ വെസ്റ്റിന്റെ മുന്‍ഭാര്യ. എട്ടുവര്‍ഷത്തോളം ഒന്നിച്ചുജീവിച്ച ദമ്പതിമാര്‍ക്ക് നാലു കുട്ടികളുണ്ട്. 

ഓസ്‌ട്രേലിയന്‍ ആര്‍ക്കിടെക്റ്റും മോഡലുമായ ബിയാന്‍ക ഫാഷന്‍ ഡിസൈനര്‍ കൂടിയായ കാന്യേ വെസ്റ്റുമായുള്ള ബന്ധത്തിന്റെ പേരിലാണ് പ്രശസ്തയായത്. 

ഇതാദ്യമായല്ല ഇരുവരും വിവാദത്തില്‍ അകപ്പെടുന്നത്. 2023 സെപ്റ്റംബറില്‍, വാട്ടര്‍ ടാക്സിയില്‍ യാത്രചെയ്യുന്നതിനിടെയുള്ള ദമ്പതികളുടെ ലൈംഗികച്ചുവയുള്ള ദൃശ്യം ചിത്രം വിവാദത്തിന് തിരികൊളുത്തിയിരുന്നു. തുടര്‍ന്ന് വെനീസ് പോലീസ് 'പൊതു മര്യാദയ്ക്ക് വിരുദ്ധമായ പ്രവൃത്തികള്‍' ആരോപിച്ച് ഇരുവര്‍ക്കുമെതിരേ കേസെടുത്തു. നഗ്നതാപ്രദര്‍ശനവുമായി ബന്ധപ്പെട്ട വേറെയും വിവാദങ്ങള്‍ ദമ്പതികള്‍ക്കെതിരേയുണ്ട്.

Content Highlights: kanye west, bianca censori reportedly heading for divorce