ശതകോടീശ്വരനെ ജൂഹി ചൗള വിവാഹം ചെയ്തത് രഹസ്യമായി, അയച്ച ക്ഷണക്കത്തുകൾ ഭർതൃമാതാവ് റദ്ദാക്കി

ജൂഹി ചൗള, ജയ് മേത്ത | PTI
ജൂഹി ചൗള, ജയ് മേത്ത | PTI

90-കളുടെ മധ്യത്തിലാണ് നടി ജൂഹി ചൗള ബിസിനസുകാരനായ ജയ് മേത്തയെ വിവാഹം കഴിക്കുന്നത്. തുടക്കത്തിൽ വിവാഹക്കാര്യം അവർ രഹസ്യമാക്കി വെക്കുകയായിരുന്നു. അവിവാഹിതയല്ലെങ്കിൽ ആരാധകർക്കിടയിലും സിനിമാ മേഖലയിലും സ്വീകാര്യത കുറയുന്ന കാലമായിരുന്നു അത്. വിവാഹം മറച്ചുവെക്കുന്നത് അക്കാലത്ത് സാധാരണമായിരുന്നെന്ന് ജൂഹി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

“അക്കാലത്ത് എല്ലാവരും അങ്ങനെയാണ് ചെയ്തിരുന്നത്. അന്ന് ഇൻ്റർനെറ്റോ ഫോൺ ക്യാമറകളോ ഇല്ല. അതിനാൽ കാര്യങ്ങൾ മറച്ചുവെക്കാൻ കഴിയുമായിരുന്നു. ഞാൻ സിനിമയിൽ കാലുറപ്പിച്ചുവരുന്ന സമയമായിരുന്നു, അപ്പോഴാണ് ജയ് എൻ്റെ പിന്നാലെ വന്നത്. എൻ്റെ കരിയർ ഉയർച്ചയിലെത്തി നിൽക്കുമ്പോൾ അത് നഷ്ടപ്പെടുമോയെന്ന് പേടിയായി. എനിക്ക് ജോലി തുടരണമായിരുന്നു, പിന്നീടെന്റെ അമ്മ മരിച്ചു, എനിക്കുള്ളതെല്ലാം നഷ്ടപ്പെടുമെന്ന് തോന്നി.” വിവാഹിതയാണെന്ന് ലോകമറിഞ്ഞാൽ ജോലി നിർത്തേണ്ടി വരുമെന്നും ജൂഹിക്കുറപ്പായിരുന്നു.

സിനിമയിൽ വരുന്നതിന് മുമ്പേ ജൂഹിയും ജയ് മേത്തയും പരിചയക്കാരാണ്. സുഹൃത്തുക്കൾക്കൊപ്പം ഇരുവരും പരസ്പരം കണ്ടിട്ടുണ്ട്. പക്ഷേ, ജൂഹി ജോലി ചെയ്തു തുടങ്ങിയപ്പോൾ അദ്ദേഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. “ഞാൻ അന്ധേരിയിൽ എൻ്റെ തിരക്കുകളിലായിരുന്നു. ഒരു സുഹൃത്തിൻ്റെ ഡിന്നർ പാർട്ടിയിലാണ് ഞാനദ്ദേഹത്തെ വീണ്ടും കണ്ടത്, ഞങ്ങൾ വീണ്ടും സംസാരിച്ചുതുടങ്ങി. അന്നുമുതൽ, ഞാനെവിടെത്തിരിഞ്ഞാലും അദ്ദേഹം അവിടെയെത്തും. എവിടെ നോക്കിയാലും പൂക്കളും കുറിപ്പുകളുമായി അദ്ദേഹം അവിടെയുണ്ടാകും. എല്ലാ ദിവസവും. എൻ്റെ ജന്മദിനത്തിൽ ഒരു ട്രക്ക് നിറയെ ചുവന്ന റോസാപ്പൂക്കൾ കൊണ്ടുവന്നത് ഞാനോർക്കുന്നു. ഒരു ട്രക്ക് നിറയെ പൂക്കൾ കൊണ്ട് എന്തു ചെയ്യാനാണ്? പക്ഷെ അതവിടെയുണ്ടായിരുന്നു. ഒരു വർഷത്തിനു ശേഷം അദ്ദേഹം വിവാഹാഭ്യർഥന നടത്തി.”-ജൂഹി ഒരു അഭിമുഖത്തിൽ പറഞ്ഞു.

മാനസികമായി തളർന്ന സമയങ്ങളിൽ ഭർത്താവിന്റെ അമ്മ ജൂഹിയെ ചേർത്തുനിർത്തുമായിരുന്നു. ‘നീ എൻ്റെ മകളെപ്പോലെയാണ്, മരുമകളാണെന്ന് കരുതരുത്, സന്തോഷം നൽകുന്നത് ചെയ്യൂ’ എന്നവർ എപ്പോഴും പറയും. പുറത്തുപോയി ജോലി ചെയ്യാനും ജൂഹിയെ അവരനുവദിച്ചു. വലിയൊരു വിവാഹത്തിന് തനിക്ക് താൽപര്യമില്ലെന്ന് ജൂഹി അവരോട് പറഞ്ഞിരുന്നു.

“കരിയറിലെ ചില വലിയ സിനിമകളിൽ അഭിനയിക്കുന്നതിനിടയിലാണ് എന്റെ വിവാഹം. അമ്മ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളൂ. സന്തോഷിക്കാനാവില്ലായിരുന്നു. ഭർതൃമാതാവിനോട് കാര്യങ്ങൾ പറഞ്ഞു, 'അതൊന്നും സാരമില്ലെ'ന്ന് പറഞ്ഞ അവർ, വലിയ വിവാഹം വേണ്ടെന്ന് കുടുംബത്തെ പറഞ്ഞ് ബോധ്യപ്പെടുത്തി. വീട്ടിൽ വെച്ച് കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഏകദേശം 80-90 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയച്ചുകഴിഞ്ഞ ക്ഷണക്കത്തുകൾ നിങ്ങളുടെ ഭർതൃമാതാവ് റദ്ദാക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.”-അന്ന് ജൂഹി പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover why Juhi Chawla married Jay Mehta secretly in the 90s, fearing career loss. Her supportive mother-in-law played a key role.