അഭിഷേക് ബച്ചനെ മരുമകനാക്കാൻ ആഗ്രഹിച്ച ഹേമമാലിനി; അതിഷ്ടമല്ലെന്ന് മകൾ ഇഷ

ഹേമമാലിനി, അഭിഷേക് ബച്ചൻ, ഇഷ ഡിയോൾ / ANI, AFP
ഹേമമാലിനി, അഭിഷേക് ബച്ചൻ, ഇഷ ഡിയോൾ / ANI, AFP

ഹേമമാലിനിയുടെയും ധർമേന്ദ്രയുടെയും മകളായ ഇഷ ഡിയോൾ, കുറച്ചുനാൾ മുമ്പാണ് വിവാഹമോചിതയായത്. 2012-ൽ വിവാഹിതരായ ഇഷയ്ക്കും ഭരത്തിനും രണ്ടുമക്കളാണ്. 2024-ൽ ഇരുവരും വിവാഹമോചിതരാവുകയാണെന്ന് തുറന്നുപറയുകയും ചെയ്തു.  വിവാഹമോചനശേഷംം കുട്ടികളായ രാധ്യയ്ക്കും മിരായയ്ക്കും തങ്ങൾ നല്ല മാതാപിതാക്കളായി തുടരുമെന്ന് ഇഷയും ഭരത്തും അന്ന് പറഞ്ഞു.

അതുകഴിഞ്ഞ് ഈയിടെ മേഘ്‌ന ലഖനിയെന്ന വ്യവസായിയുമായി പ്രണയത്തിലാണെന്ന് ഭരത് വെളിപ്പെടുത്തിയിരുന്നു. സോഷ്യൽമീഡിയയിൽ മേഘ്‌നയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ഭരത് ഇക്കാര്യം പുറംലോകത്തിനുമുന്നിൽ അറിയിച്ചത്.

അതിനിടെ ഹേമമാലിനിയുടെ പഴയൊരു ഇന്റർവ്യൂ വൈറലാവുകയാണ്. വർഷങ്ങൾക്കുമുമ്പ് 'കോഫി വിത്ത് കരണി'ൽ അതിഥിയായെത്തിയതായിരുന്നു അവർ. സംസാരത്തിനിടയിൽ അഭിഷേക് ബച്ചനെക്കുറിച്ചും പരാമർശമുണ്ടായി. കരണിന്റെ ഒരു ചോദ്യത്തിനുള്ള ഉത്തരമായി ഹേമമാലിനി പറഞ്ഞതിങ്ങനെ, ''എനിക്ക് അഭിഷേകിനെ ഒരുപാടിഷ്ടമാണ്. അഭിഷേകിനെ മരുമകനായി പോലും ഞാൻ ആഗ്രഹിക്കുന്നു''.

അതുകഴിഞ്ഞുള്ള ഒരഭിമുഖത്തിൽ ഇതേ ചോദ്യം ഇഷയും നേരിടേണ്ടി വന്നു. ''മുമ്പൊരു അഭിമുഖത്തിൽ അഭിഷേകിനെ മരുമകനായി വേണമെന്ന് ഹേമമാലിനി പറഞ്ഞിട്ടുണ്ട്. ഇതിൽ എന്താണ് അഭിപ്രായം?'' എന്ന ചോദ്യത്തോട് ഇഷ പറഞ്ഞ മറുപടിയിങ്ങനെ,

''വളരെ നല്ല അമ്മയാണ് ഞങ്ങളുടേത്. ഞങ്ങൾ നല്ല പയ്യൻമാരെ വിവാഹം കഴിക്കണമെന്ന് അമ്മ ആഗ്രഹിച്ചിരിക്കാം. അക്കാലത്ത് അഭിഷേക് 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ' ആയിരുന്നു. അമ്മയുടെ കണ്ണുകളിൽ അഭിഷേക് ഏറ്റവും ബെസ്റ്റാണ്. അതുകൊണ്ടാവാം അങ്ങനെ പറഞ്ഞത്. പക്ഷേ എനിക്ക് അഭിഷേകിനെ വിവാഹം കഴിക്കേണ്ട. കാരണം, മൂത്തസഹോദരനായിട്ടാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്''. അതോടെ ആ ചർച്ചകൾ അവിടെ അവസാനിച്ചു.

ജയാ ബച്ചനുമായും അമിതാഭ് ബച്ചനുമായും നല്ല അടുപ്പമുള്ളയാളാണ് ഹേമമാലിനി. 'ഷോലെ'യിൽ അഭിനയിക്കുന്ന സമയത്തായിരുന്നു ധർമേന്ദ്രയോട് ഹേമ തന്റെ പ്രണയം തുറന്നുസമ്മതിക്കുന്നത്. അക്കാര്യങ്ങളൊക്കെ അറിയുന്നവരാണ് ജയയും അമിതാഭും. അതിനുശേഷം അവർക്കിടയിൽ നല്ല സൗഹൃദവുമുണ്ടായി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Hema Malini expressed her desire for Abhishek Bachchan to be her son-in-law, but Esha Deol saw him as an older brother