ഹൻസികയുടെ വിവാഹസമയത്ത് വിവാദങ്ങളുണ്ടായി; കൂട്ടുകാരിയുടെ വിവാഹജീവിതം തകർത്തെന്ന് വാർത്തകൾ

ഹൻസിക മോട്‌വാനിയും ഭർത്താവ് സൊഹൈൽ കതൂരിയയും പിരിഞ്ഞുവെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. അതിനോട് ഹൻസിക ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ, ഇക്കഴിഞ്ഞദിവസം വിവാഹവീഡിയോ ഉൾപ്പെടെയുള്ള പോസ്റ്റുകൾ ഹൻസിക തന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കംചെയ്തു. സൊഹൈലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കിയതോടെ, വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് ശക്തിയേറുന്നു.
ഹിന്ദുസ്ഥാൻ ടൈംസ് ആണ് വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള വാർത്ത ആദ്യം പുറത്തുവിട്ടത്. ഹൻസിക ഭർത്താവിൽനിന്ന് പിരിഞ്ഞ് സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്ന് ഹൻസികയുമായി അടുപ്പമുള്ളൊരു വ്യക്തി പ്രതികരിക്കുകയും ചെയ്തു. കുറച്ചുനാളായി പ്രശ്‌നങ്ങളിലൂടെയാണ് അവർ കടന്നുപോവുന്നതെന്നും ആ വ്യക്തി പറഞ്ഞു. അപ്പോഴൊക്കെ ഹൻസിക മൗനം പാലിക്കുകയായിരുന്നു. 'ഇതൊന്നും സത്യമല്ല' എന്നാണ് സൊഹൈൽ പ്രതികരിച്ചത്.
2022 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ജയ്പൂർ പാലസിൽ നടന്ന വിവാഹാഘോഷങ്ങളിൽ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരിൽ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ഇത് പ്രേക്ഷകരിലേക്കെത്തുകയും ചെയ്തു. 2023-ൽ ആറുഭാഗങ്ങളായിട്ടാണ് വിവാഹവീഡിയോ പുറത്തിറങ്ങിയത്. സംഗീത്, മെഹന്ദി എന്നിവയുൾപ്പെടെയുള്ള എല്ലാം ആ വീഡിയോയിലൂടെയാണ് പുറംലോകം കണ്ടത്.
വിവാഹത്തിനൊപ്പം തന്നെ വിവാദങ്ങളും പുറത്തുവന്നു. ഹൻസികയുടെ കൂട്ടുകാരി റിങ്കി ബജാജിന്റെ ഭർത്താവായിരുന്നു സൊഹൈൽ. ഹൻസികയുമായുള്ള ബന്ധത്തിന്റെ പേരിലാണ് റിങ്കിയുമായി സൊഹൈൽ പിരിഞ്ഞതെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. പിന്നാലെ പ്രതികരണവുമായി ഹൻസിക രംഗത്തെത്തി. റിങ്കിയുമായുള്ള വിവാഹമോചനത്തിന് കാരണം താനല്ലെന്നും, തന്റെ സഹോദരന്റെ അടുത്ത കൂട്ടുകാരനാണ് സൊഹൈലെന്നുമെന്ന് ഹൻസിക വിശദീകരിച്ചു. ''എനിക്ക് അദ്ദേഹത്തെ നേരത്തെ അറിയാമെന്നതുകൊണ്ട് മാത്രം ഞാനെങ്ങനെ കുറ്റക്കാരിയാകും. ഞാനൊരു പബ്ലിക് ഫിഗറായതിനാൽ എന്നെ വില്ലത്തിയാക്കുന്നത് ആളുകൾക്ക് എളുപ്പമായിരിക്കും'', ഹൻസിക പറഞ്ഞു. സഹോദരന്റെ സുഹൃത്ത് പതുക്കെ ഹൻസികയുടെ സുഹൃത്തായി. അത് പിന്നീട് പ്രണയത്തിലുമെത്തുകയായിരുന്നു. ഈഫൽ ടവറിനുമുന്നിൽവെച്ചാണ് സൊഹൈൽ, ഹൻസികയോട് വിവാഹാഭ്യർഥന നടത്തിയത്.
മുംബൈയിൽ ജനിച്ചുവളർന്ന ഹൻസിക, സീരിയലിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 'ഷക്ക ലക്ക ബൂം ബൂം' എന്ന സീരിയലിൽ ബാലതാരമായിട്ടാണെത്തുന്നത്. ഹൃത്വിക് റോഷന്റെ 'കോയി മിൽ ഗയാ' എന്ന സിനിമയിലെ ബാലതാരങ്ങളിലൊരാളായി അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള ചുവടുവെപ്പ്. 15-ാം വയസ്സിൽ തെലുഗുസിനിമയായ 'ദേശമുദുരു'വിലൂടെ നായികയായി. മാപ്പിളൈ, ബില്ല, വേലായുധം, സിംഗം 2, സിംഗം 3 തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. സൂപ്പർതാരമായിരുന്നപ്പോൾ രണ്ടുകോടി വരെയായിരുന്നുവത്രേ അവരുടെ പ്രതിഫലം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: rumors of hansika motwani and sohael khaturiyas separation gain traction as she removes wedding photos from Instagram