'ഭാര്യ ഉൾപ്പെടെ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു; പ്രണയങ്ങളൊന്നും സത്യമല്ല'

ഗോവിന്ദ, ഭാര്യ സുനിത അഹുജ / ഫോട്ടോ: PTI
ഗോവിന്ദ, ഭാര്യ സുനിത അഹുജ / ഫോട്ടോ: PTI

എന്നും ചർച്ചകളിലിടം പിടിച്ച ദാമ്പത്യമാണ് ബോളിവുഡ് താരം ഗോവിന്ദയുടെതും ഭാര്യ സുനിത അഹുജയുടെതും. ഗോവിന്ദയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ച് സുനിത രംഗത്തെത്തിയപ്പോഴാണ് അവരുടെ ബന്ധം കൂടുതൽ ചർച്ചയായത്. ഇക്കഴിഞ്ഞ ദിവസം അതേപോലുള്ളൊരു ആരോപണവുമായി സുനിത വീണ്ടും വന്നിരുന്നു. സിനിമയിലുള്ള ഒരു യുവതിയുമായി ഗോവിന്ദ പ്രണയത്തിലാണെന്നാണ് അവർ വെളിപ്പെടുത്തിയത്.

പേരിനെക്കുറിച്ചൊരു സൂചനയും അവർ നൽകിയിരുന്നു. ഇത് പൂർണമായും സത്യമാണെന്ന് തെളിഞ്ഞാൽ താനൊരിക്കലും ഭർത്താവിനോട് ക്ഷമിക്കില്ലെന്നും സുനിത പറഞ്ഞു.

ഇപ്പോൾ ഇത്തരം ആരോപണങ്ങൾക്കെതിരെയുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോവിന്ദ. തന്റെ കരിയറിലും വ്യക്തിജീവിതത്തിലും കാര്യമായ സമ്മർദ്ദം ചെലുത്താവുന്ന ഒരു വലിയ ഗൂഢാലോചന തനിക്കെതിരെ നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ''ഈ സമ്പത്തും പ്രശസ്തിയും ആരെയും വെറുതെ വിടുന്നില്ല. ഇതുപോലുള്ള ഗൂഢാലോചനകൾ എല്ലാവർക്കും സംഭവിക്കുന്നുമില്ല. വളരെ പ്രശസ്തനായ ഒരു നടനെ എനിക്കറിയാം. അദ്ദേഹം ഇതിന് ഇരയായിരുന്നു. ഇപ്പോൾ അത് ഞാനാണ്, ഞാൻ അത്ര വലിയ നടനല്ലെങ്കിൽ പോലും. ഈ പ്രശ്നത്തിൽ നിന്ന് എന്നെ രക്ഷിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, എന്റെ കുട്ടികളുടെ ക്ഷേമത്തിനായും ഞാൻ പ്രാർത്ഥിക്കുന്നു. ഒരുപാട് പോരാട്ടങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു''.

ആരോപണങ്ങൾ ഉയർന്നിട്ടും അതിനെക്കുറിച്ച് സംസാരിക്കേണ്ടെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും ഇപ്പോൾ ചില പ്രത്യേകസാഹചര്യങ്ങളിൽ തീരുമാനം മാറ്റാൻ നിർബന്ധിതനായെന്നും അദ്ദേഹം പറയുന്നു. ''മിണ്ടാതിരുന്നപ്പോൾ എന്നെ ദുർബലനായി ചിത്രീകരിച്ചു. ആളുകൾ എന്നെക്കുറിച്ച് പ്രശ്‌നക്കാരൻ എന്നൊരു ഇമേജും ഉണ്ടാക്കിയെടുത്തു. സമീപകാലത്ത് ഞാൻ നിരീക്ഷിച്ച ചില കാര്യങ്ങളുണ്ട്. നമ്മൾ സംസാരിക്കാത്തപ്പോൾ ചിലപ്പോൾ നമ്മൾ ദുർബലരായി കണക്കാക്കപ്പെടുന്നു. അല്ലെങ്കിൽ നമ്മൾ മാത്രമാണ് പ്രശ്‌നക്കാരെന്ന തോന്നലുമുണ്ടായേക്കാം. അതിനാൽ, ഇന്ന് ഞാൻ പ്രതികരിക്കുന്നു. ഇതൊക്കെ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ കുടുംബത്തിലെ ആളുകൾ ചിലപ്പോൾ ഇതിൽ അറിയാതെ ഉൾപ്പെട്ടിരിക്കാം. സുനിതയും അവളറിയാതെ അതിന്റെ ഭാഗമായതാണ്. ഒരു ഗൂഢാലോചനയുടെ പ്രാരംഭഘട്ടത്തിൽ തങ്ങളെ ഉപയോഗിക്കുകയാണെന്ന് അവർക്ക് മനസ്സിലാവാത്തതായിരിക്കാം'', ഗോവിന്ദ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood actor Govinda responds to his wife Sunita`s allegations of an affair, calling it a conspiracy. Find out what he revealed.