‘എനിക്ക് ദാമ്പത്യം വരെ നഷ്ടപ്പെട്ടതായി തോന്നുന്നു, ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു’

പ്രസവാനന്തരമുള്ള തന്റെ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് നടി ദുർഗ കൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. 2025-ൽ കുഞ്ഞ് പിറന്നതിന് ശേഷം ഭർത്താവും നിർമ്മാതാവുമായ അർജുൻ രവീന്ദ്രന്റെ ശ്രദ്ധ മുഴുവൻ കുഞ്ഞിലായെന്നും തനിക്ക് അദ്ദേഹം പണ്ട് നൽകിയിരുന്ന കരുതൽ ഇപ്പോൾ ലഭിക്കുന്നില്ലെന്നും താൻ 'അദൃശ്യയായി' മാറിയെന്നും ദുർഗ കുറിച്ചു. പ്രസവാനന്തര ബുദ്ധിമുട്ടുകളെക്കുറിച്ച് താരം നടത്തിയ ഈ തുറന്നുപറച്ചിലിനെ ആരാധകർ പ്രശംസിക്കുന്നുമുണ്ട്.
തന്റെ ഫേസ്ബുക്ക് സ്റ്റോറിയിൽ കുഞ്ഞിനെ എടുത്തുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ദുർഗ ഇങ്ങനെ ചോദിച്ചു: "നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു, പക്ഷേ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു?"
"എനിക്ക് ഇത് ഉറക്കെ പറയേണ്ടതുണ്ട്, എന്റെ കുഞ്ഞിനോട് എനിക്ക് അമിതമായ സ്നേഹമാണ്. പക്ഷേ പുറമേ നിന്ന് നോക്കുന്നവർക്ക് മനസ്സിലാകാത്ത ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഈ സ്നേഹക്കൂടുതലിനിടയിൽ ഞാൻ ശ്വാസം മുട്ടുകയാണ്. സത്യം പറഞ്ഞാൽ, എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടതായും പകരം ഒരു 'കോ-പാരന്റിനെ' (കുഞ്ഞിനെ വളർത്തുന്ന പങ്കാളി) മാത്രം ലഭിച്ചതായും തോന്നുന്നു. ഗർഭകാലത്ത് എന്നെ നോക്കിയിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞുപോയിരിക്കുന്നു; അദ്ദേഹത്തിന് ഇപ്പോൾ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഞാൻ അവിടെ അദൃശ്യയായി മാറി."
കരിയറും ശരീരവും ആരോഗ്യവും ഉറക്കവുമെല്ലാം കുഞ്ഞിനായി ത്യാഗം ചെയ്തത് താനാണെന്നും എന്നാൽ രാത്രിയിൽ താൻ ഉണർന്നിരിക്കുമ്പോൾ ഭർത്താവ് മറ്റൊരു മുറിയിൽ ഉറങ്ങുകയാണെന്നും ദുർഗ പറഞ്ഞു. "എന്റെ ശേഷിക്കുന്ന കരുത്ത് ഉപയോഗിച്ച് ഞാൻ കുഞ്ഞിനെ പിടിച്ചിരിക്കുകയാണ്, പക്ഷേ എന്നെ താങ്ങാൻ ആരുമില്ലാത്തതിനാൽ എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് എന്റെ വിവാഹജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു. ഞാൻ സൃഷ്ടിച്ച ഈ ജീവനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്, പക്ഷേ ഇപ്പോൾ ഞാൻ ജീവിക്കുന്ന ഈ ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു," ദുർഗ കുറിച്ചു.
റെഡിറ്റിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ദുർഗയുടെ ഈ കുറിപ്പ് വലിയ ചർച്ചയായി. "പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമാണിതെന്നും ഇത് സാധാരണമാണെന്നും" പലരും കുറിച്ചു. എന്നാൽ ഇത്തരം സ്വകാര്യ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ശരിയാണോ എന്ന് സംശയിക്കുന്നവരും ഉണ്ട്.
2021-ലായിരുന്നു ദുർഗയും അർജുനും വിവാഹിതരായത്. 2025-ലാണ് ഇവർക്ക് പെൺകുഞ്ഞ് പിറന്നത്. 2024-ൽ പുറത്തിറങ്ങിയ 'തങ്കമണി'യിലാണ് ദുർഗ അവസാനമായി അഭിനയിച്ചത്. മോഹൻലാൽ നായകനാകുന്ന 'റാം' ആണ് ദുർഗയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Durga Krishna shares her struggles with postpartum depression and feeling unseen by her husband after the birth of their child. Read her candid confession.